17 April 2025, 02:00 PM IST

വിജയ് | ഫോട്ടോ: PTI
ലഖ്നൗ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് കൂടുതൽ വിവാദങ്ങളിലേക്ക്. വിജയ്‌ക്കെതിരെ യുപി ബറേലിയിലെ സുന്നി മുസ്ലീം സംഘടന ഫത്‌വ പുറപ്പെടുവിച്ചു. വിജയ് മുസ്ലീം വിരുദ്ധ ചിന്താഗതിയുള്ളയാളാണെന്ന് അവർ ആരോപിച്ചു. ഇഫ്താറിലേക്ക് മദ്യപാനികളേയും ചൂതാട്ടക്കാരെയും വിജയ് ക്ഷണിച്ചെന്നും സംഘടന കുറ്റപ്പെടുത്തി.
ഓൾ ഇന്ത്യാ ജമാഅത്ത് ദേശീയ അധ്യക്ഷനും ചഷ്മേ ദാറുൽ ഇഫ്താ നേതാവുമായ മൗലാന ഷഹാബുദ്ദീൻ റസ്‌വിയാണ് വിജയ്‌ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചത്. വിജയ് മുസ്ലീം വിരുദ്ധനാണെന്നും അദ്ദേഹത്തിന്റെ പശ്ചാത്തലവും മുൻകാല പ്രവർത്തനങ്ങളും ഇത് സാധൂകരിക്കുന്നെന്ന് ഫത്‌വയിൽ പറയുന്നു. മദ്യപാനികളെയും ചൂതാട്ടക്കാരെയും ഇഫ്താറിന് ക്ഷണിക്കുന്നത് നിയമവിരുദ്ധവും പാപവുമാണെന്നും പ്രഖ്യാപിക്കുന്ന ഫത്‌വ, തമിഴ്‌നാട്ടിലെ മുസ്ലീങ്ങളോട് അത്തരം വ്യക്തികളെ വിശ്വസിക്കരുതെന്നും അവരുടെ മതപരമായ പരിപാടികളിൽ ഉൾപ്പെടുത്തരുതെന്നും ആവശ്യപ്പെടുന്നു.
വിജയ്‌യുടെ ചരിത്രം മുസ്ലിം വിരുദ്ധ വികാരങ്ങളാൽ നിറഞ്ഞതാണെന്നിരിക്കേ, സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് കടക്കാൻ അദ്ദേഹം മുസ്ലിം വികാരങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് മൗലാന ഷഹാബുദ്ദീൻ റസ്‌വി പറഞ്ഞു. അദ്ദേഹത്തിന്റെ ബീസ്റ്റ് എന്ന ചിത്രത്തിൽ, അദ്ദേഹം മുസ്ലിങ്ങളെയും മുഴുവൻ മുസ്ലിം സമൂഹത്തെയും തീവ്രവാദവും ഭീകരവാദവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും വോട്ടുകൾ ആഗ്രഹിക്കുകയും ചെയ്യുന്നതിനാൽ, അദ്ദേഹം മുസ്ലിം പ്രീണനം നടത്തുകയാണെന്നും ഷഹാബുദ്ദീൻ റസ്‌വി ആരോപിച്ചു.
റംസാൻ മാസത്തിന്റെ പവിത്രത വിജയ് നശിപ്പിച്ചെന്നും റസ്‌വി വിമർശിച്ചു. ഇഫ്താറിലേക്ക് വിജയ് ക്ഷണിച്ച മദ്യപാനികളും പ്രശ്നക്കാരുമായവർ നോമ്പെടുക്കുകയോ ഇസ്ലാമിക ആചാരങ്ങൾ പാലിക്കുകയും ചെയ്തില്ല. തമിഴ്നാട്ടിലെ സുന്നി മുസ്ലീങ്ങൾ ഈ വിഷയത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയ്‌യിൽ നിന്ന് അകലം പാലിക്കണമെന്നും വിജയ്‌യുടെ പരിപാടികളിൽ പങ്കെടുക്കാതിരിക്കണമെന്നും അദ്ദേഹത്തെ അവരുടെ മതപരമായ പരിപാടികളിലേക്ക് ക്ഷണിക്കരുതെന്നും മൗലാന റസ്‌വി ആവശ്യപ്പെട്ടു.
Content Highlights: Vijay`s Iftar Controversy: Fatwa Issued
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·