
സജി ചെറിയാൻ, സാന്ദ്രാ തോമസ് | Photo: Facebook/ Saji Cherian, Sandra Thomas
സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെ നിര്‍മാതാവ് സാന്ദ്രാ തോമസ്. ഹേമാ കമ്മിറ്റിക്കു മുന്നിലെത്തിയ പരാതികള്‍ സമ്മര്‍ദത്തെത്തുടര്‍ന്ന് നല്‍കിയതാണെന്ന മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്ന് സാന്ദ്രാ തോമസ് ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പ്രസ്താവന സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നും സാന്ദ്ര കുറ്റപ്പെടുത്തി.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഹേമ കമ്മിറ്റിക്ക് മുന്നിലെ വെളിപ്പെടുത്തലുകളെ തള്ളി രംഗത്തെത്തിയത്. 'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പലതും തിരക്കഥകള്‍, പരാതികള്‍ സമ്മര്‍ദം മൂലം', എന്നീ തലക്കെട്ടുകളുള്ള സ്വകാര്യ ചാനലിന്റെ കാര്‍ഡുകള്‍ പങ്കുവച്ചാണ് സാന്ദ്രയുടെ പ്രതികരണം. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയത് സാംസ്‌കാരിക മന്ത്രി എന്നാരംഭിക്കുന്ന കുറിപ്പിലാണ് മന്ത്രിക്കെതിരെ നിര്‍മാതാവ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
'ഹേമ കമ്മിറ്റിയെ സംബന്ധിച്ച് സാംസ്‌കാരിക മന്ത്രി ഇന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രസ്താവന സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ്. ഇരകളാക്കപ്പെട്ട സ്ത്രീകള്‍ സമ്മര്‍ദം മൂലം പരാതി നല്‍കി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ്. ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയും ഒറ്റപ്പെടലുകളെയും മുന്നില്‍ കണ്ടുകൊണ്ടാണ് ഇരകള്‍ പരാതിയുമായി മുന്നോട്ട് വരുന്നത്. അങ്ങനെ പരാതി പറയുന്ന സ്ത്രീകളുടെ പരാതികളുടെ ഗൗരവം കുറയ്ക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഒരു മന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ്', സാന്ദ്രാ തോമസ് ചൂണ്ടിക്കാട്ടി.
'ഇരകളാക്കപ്പെട്ട സ്ത്രീകള്‍ ഒരു ത്യാഗമാണ് പരാതി പറയുന്നതിലൂടെ ചെയ്യുന്നത്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഒരു ഗാനരചയിതാവിനു നേരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ചപ്പോള്‍ തന്നെ ഏഴു വര്‍ഷത്തോളം ഒറ്റപ്പെടുത്തി എന്നാണ് ഒരു ഗായിക തന്നെ പറയുന്നത്. അതിനേക്കാള്‍ ഭീകരമായ ഒറ്റപ്പെടുത്തലുകളാണ് മലയാള സിനിമയില്‍ നടക്കുന്നതെന്ന് ഈ മേഖലയിലുള്ള ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും', സാന്ദ്ര കുറിച്ചു.
'സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ 'എനിക്ക് മൂന്ന് പെണ്മക്കളാണെന്നും ഭാര്യയുണ്ടെന്നും അമ്മയുണ്ടെന്നും', എന്നൊക്കെയുള്ള മറുപടി പറഞ്ഞു ഞങ്ങളെ കളിയാക്കരുതെന്ന് കൂടി അപേക്ഷിക്കുന്നു', അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Sandra Thomas criticizes Saji Cherian`s connection connected Hema Committee complaints
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·