08 September 2025, 12:57 PM IST

ഇളയരാജ, പ്രതീകാത്മക ചിത്രം | ഫോട്ടോ: രമേഷ് വി/ മാതൃഭൂമി
ഒടിടി അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ അജിത് കുമാര്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ പ്രദര്‍ശനം വിലക്കി മദ്രാസ് ഹൈക്കോടതി. സംഗീതസംവിധായകന്‍ ഇളയരാജയുടെ ഹര്‍ജിയിലാണ് നടപടി. ഇളയരാജ സംഗീതസംവിധാനം നിര്‍വഹിച്ച പാട്ടുകളുള്ള ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നാണ് കോടതി ഉത്തരവ്.
അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനംചെയ്ത 'ഗുഡ് ബാഡ് അഗ്ലി' നിര്‍മിച്ചിരിക്കുന്നത് തെലങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൈത്രി മൂവി മേക്കേഴ്‌സ് ആണ്. താന്‍ സംഗീതസംവിധാനം നിര്‍വഹിച്ച മൂന്നുപാട്ടുകള്‍ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചുവെന്നായിരുന്നു ഇളയരാജയുടെ ഹര്‍ജി. എന്നാല്‍, പകര്‍പ്പവകാശം കൈവശം വെച്ചിരിക്കുന്നവരില്‍നിന്ന് അനുമതി തേടിയിട്ടുണ്ടെന്നായിരുന്നു നിര്‍മാണക്കമ്പനിയുടെ വാദം.
എന്നാല്‍, ഇതിന്റെ രേഖകള്‍ ഹാജരാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് ഇളയരാജയ്ക്ക് അനുകൂലമായി കോടതി ഉത്തരവിറക്കിയത്. ഇളയരാജയുടെ പാട്ടുകളോടുകൂടിയ ചിത്രം ഒടിടിയില്‍പ്പോലും പ്രദര്‍ശിപ്പിക്കരുതെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. നിര്‍മാണക്കമ്പനിയുടെ വിശദീകരണം അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാദിക്ക് അനുകൂലായി ഇടക്കാല ഉത്തരവ് അനുവദിക്കുന്നതെന്ന് ജസ്റ്റിസ് എന്‍. സെന്തില്‍ കുമാര്‍ വ്യക്തമാക്കി.
Content Highlights: Madras High Court restrains ‘Good Bad Ugly’ from exhibiting movie with Ilaiyaraaja songs
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·