
മോഹൻലാൽ, കോസ്മോ ജാർവിസ് | ഫോട്ടോ: എൻ.എം. പ്രദീപ്|മാതൃഭൂമി, www.instagram.com/cosmo.jarvis/
പീക്കി ബ്ലൈൻഡേഴ്സ്, ഷോഗൺ തുടങ്ങിയ വെബ്സീരീസുകളിലൂടെയും ഒരുപിടി ഹോളിവുഡ് ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ നടനാണ് കോസ്മോ ജാർവിസ്. അടുത്തിടെ തന്റെ കരിയറിനെക്കുറിച്ച് ആർട്ടിക്കിൾ മാഗസിന് ജാർവിസ് നൽകിയ അഭിമുഖം ഇങ്ങിവിടെ മലയാളി സിനിമാ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. അതിനുകാരണം തന്റെ ഇഷ്ടനടന്മാർ ആരെല്ലാമാണെന്ന് ജാർവിസ് പറഞ്ഞപ്പോൾ ആ പട്ടികയിൽ മലയാളികളുടെ പ്രിയതാരംകൂടി ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ്.
കോസ്മോ ജാർവിസ് പരാമർശിച്ച ആ മലയാളതാരം മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആണ്. ഇഷ്ടനടന്മാർ ആരെല്ലാമാണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് വലിയ ഒരു ലിസ്റ്റ് തന്നെയാണ് ജാർവിസ് വെളിപ്പെടുത്തിയത്. ജാർവിസിന്റെ ഇഷ്ടനടന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ചാർളി ചാപ്ലിൻ ആണ്. ബ്രൂണോ ഗാൻസ്, ആന്തണി ഹോപ്കിൻസ്, മൈക്കൽ ഷാനൻ, ഗാരി ഓൾഡ്മാൻ, കാത്തി ബേറ്റ്സ്, വാക്വിൻ ഫീനിക്സ് തുടങ്ങി നാല്പതോളം താരങ്ങളുടെ പേരാണ് ജാർവിസ് പറഞ്ഞത്. ഇക്കൂട്ടത്തിലാണ് അദ്ദേഹം മോഹൻലാലിനേയും ഉൾപ്പെടുത്തിയത്.
ഇന്ത്യയിൽനിന്ന് മറ്റൊരു താരത്തേക്കുറിച്ചും അദ്ദേഹം പരാമർശിച്ചിട്ടില്ല. മോഹൻലാലിന്റെ പഴയ സൂപ്പർഹിറ്റ് ചിത്രമായ താളവട്ടത്തിന് പ്രചോദനമായ വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ് ആണ് ജാർവിസിന് ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒരെണ്ണം എന്നതും ശ്രദ്ധേയമാണ്. കോസ്മോ ജാർവിസിന്റെ അഭിമുഖം മോഹൻലാൽ ഫാൻ പേജുകളിൽ ഇതിനോടകം ഇടംപിടിച്ചിരിക്കുകയാണ്.
2009-ൽ ദി അലി വേ എന്ന ഹ്രസ്വചിത്രത്തിൽ ശബ്ദം നൽകിയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 2012-ൽ ദി നോട്ടി റൂം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറി. 2016-ൽ ലേഡി മാക്ബത് എന്ന ചിത്രത്തിലൂടെയാണ് കോസ്മോ ജാർവിസ് പ്രശസ്തിയിലേക്കുയർന്നു. ഈ ചിത്രത്തിൽ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പിന്നീട് അനിഹിലേഷൻ, പെർസുവേഷൻ, ഇൻസൈഡ്, വാർഫെയർ തുടങ്ങി ഇരുപതിലേറെ ചിത്രങ്ങളിൽ വേഷമിട്ടു.
പീക്കി ബ്ലൈൻഡേഴ്സ് വെബ് സീരീസിലെ ബാർണി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2024-ൽ പുറത്തിറങ്ങി ഏറെ പ്രശംസ പിടിച്ചുപറ്റിയ ഷോഗൺ എന്ന വെബ്സീരീസിലെ നായകനായ ജോൺ ബ്ലാക്ക്തോണിനെ അവതരിപ്പിച്ചത് കോസ്മോ ജാർവിസ് ആണ്.
Content Highlights: Peaky Blinders histrion Cosmo Jarvis reveals Mohanlal is among his favourite actors, alongside Charlie C
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·