Authored by: ഋതു നായർ|Samayam Malayalam•15 Nov 2025, 8:06 am
കഥാപാത്രങ്ങളുടെ വൈകാരിക രംഗങ്ങളും പ്രേക്ഷകർക്ക് കണക്ട് ആവുന്ന രീതിയിൽ ഒരുക്കിയിട്ടുണ്ട്. 7 എപ്പിസോഡുകൾ നീണ്ട വെബ് സീരീസ് ആണെങ്കിലും ഒറ്റയിരിപ്പിന് ശ്വാസം വിടാതെ പ്രേക്ഷകർക്ക് കണ്ടു തീർക്കുവാൻ ആവും
(ഫോട്ടോസ്- Samayam Malayalam)ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്ന വെബ് സീരീസ് പുറത്തിറക്കിയിരിക്കുന്നത് ഇന്ത്യയിലെ തന്നെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ 5വിൽ നിന്നുമാണ്.
മലയാളികളുടെ പ്രിയതാരം ശബരീഷ് വർമ്മ മുഖ്യ വേഷത്തിൽ എത്തുന്ന സീരീസ് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുനീഷ് വാരനാടിൻ്റെ രചനയിൽ, സംവിധായകൻ സൈജു എസ് എസ് ആണ് ഒരുക്കിയിരിക്കുന്നത്. ഉണ്ണിമുകുന്ദൻ നായകനായ 'ഇര' എന്ന ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധേയനായ വ്യക്തിയാണ് സൈജു.ശബരീഷിന് പുറമേ ആധിയ പ്രസാദ്, ഷാജു ശ്രീധർ, സെന്തിൽ കൃഷ്ണ രാജാമണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി സീരീസിൽ എത്തുന്നുണ്ട്. അഭിനയത്രി കൂടിയായ വീണ നായർ ആണ് ചിത്രം വീണ നായർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്നത്.ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സീരീസിൽ, ഏറെ ദുരൂഹതകൾ നിറഞ്ഞ പ്രേതബാധയുണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്ന ഒരു കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷൻ മാറ്റുകയും, അല്പം പേടിയുള്ള ദൈവത്തിലും പ്രേതങ്ങളിലും വിശ്വാസമുള്ള ഒരു സർക്കിൾ ഇൻസ്പെക്ടർ ചാർജെടുക്കുകയും ശേഷം സ്റ്റേഷനിൽ നടക്കുന്ന അതിമാനുഷിക സംഭവങ്ങളുമാണ് പരമ്പരയിൽ. 7 എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന സീരീസ് വളരെ ചടുലമായാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ശബരീഷ് വർമ്മ-ഷാജു ശ്രീധർ കോമ്പിനേഷനാണ് എടുത്തുപറയേണ്ടത്. മലയാള സിനിമ പ്രേമികൾക്ക് പ്രിയപ്പെട്ട കൂട്ടുകെട്ടുകളുടെ ലിസ്റ്റിൽ ഇനി ഈ കോംബോയും കാണും എന്ന് ഉറപ്പാണ്.
ഗംഭീരമായ ഹൊറർ സീനുകളുടെ മേക്കിങ് തന്നെയാണ് സീരീസിന്റെ മുഖ്യ ആകർഷണം, ഏച്ചുകട്ടലുകൾ ഇല്ലാത്ത വളരെ സ്വാഭാവികമായ ഹൊറർ സീനുകൾക്ക് അണിയറ പ്രവർത്തകർ പ്രത്യേക കയ്യടി അർഹിക്കുന്നു.
അതോടെ മലയാളത്തിലെ എണ്ണം പറഞ്ഞ വെബ് സീരീസുകളുടെ ലിസ്റ്റിലേക്ക് ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്ന പേര് കൂടി ചേർക്കപെടുന്നു.





English (US) ·