ഈ ഇമോജികള്‍ പോലും മനസിലാവാതെ നമുക്ക് എങ്ങനെ ഇവരെ മനസിലാവും; Adolescence പറയുന്നത്

9 months ago 7

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകരെ ആകര്‍ഷിച്ചിരിക്കുകയാണ് അഡോളസെന്‍സ് എന്ന അസ്വസ്ഥതപ്പെടുത്തുന്ന പരമ്പര. മനോഹരമായ പ്രകടനങ്ങളും അതിഗംഭീരമായ ചിത്രീകരണവുമുള്ള നെറ്റ്ഫ്ളിക്സ് പരമ്പര നമ്മുടെ കുഞ്ഞുങ്ങളോട് നമ്മളും നമ്മുടെ ലോകവും എന്താണ് ചെയ്യുന്നതെന്ന് സത്യസന്ധമായി തിരിഞ്ഞുനോക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ്. അവര്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഇമോജികള്‍ പോലും തിരിച്ചറിയാനാവാത്ത നമുക്ക് അവരുടെ ചിന്തകള്‍ എങ്ങനെ മനസ്സിലാക്കാനാവും?

മൊബൈലും പിടിച്ച് മുറിയടച്ചു വെളുക്കുവോളം ഉറക്കമിളയ്ക്കുന്ന നമ്മുടെ കുട്ടികളുടെ മനസ്സുകളില്‍ എന്താണ് നടക്കുന്നതെന്നും മുറിക്കു പുറത്തെ ലോകത്ത് അവരനുഭവിക്കുന്നതെന്താണെന്നും കാണിച്ചു തരുന്ന പരമ്പര ഇന്നത്തെ യുവാക്കളുടെ, പ്രത്യേകിച്ച് കൗമാരക്കാരുടെ മാനസികസംസ്‌കാരത്തെ പച്ചയായി ആവിഷ്‌കരിക്കുകയാണ്. സഹപാഠി കെയ്റ്റിയെ കൊന്നുവെന്നാരോപിച്ച് 13-കാരനായ ജെയ്മി മില്ലറെ സ്വന്തം മുറിക്കുള്ളില്‍ നിന്നും അറസ്റ്റ് ചെയ്യുന്നിടത്താണ് കഥ ആരംഭിക്കുന്നത്. പിന്നെ, മുതിര്‍ന്നവരില്‍ ബഹുഭൂരിപക്ഷത്തിനും അറിയാത്ത ഒരു ലോകത്തേക്ക് നമ്മെ കൊണ്ടുപോവുകയാണ് പരമ്പര.

മക്കളെപ്പോലെ തന്നെ പലതരം തിരക്കുകളിലും സാമൂഹിക മാധ്യമങ്ങളിലും കുടുങ്ങിക്കിടക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കളില്‍ വലിയൊരു ശതമാനം. അതിനിടയില്‍ മക്കളുടെ രീതികള്‍ മാറുന്നതും ശീലങ്ങള്‍ക്കു മാറ്റം വരുന്നതുമൊന്നും അറിയാതെ പോവുന്നവരും ഉണ്ടാവാം. കഴിയുന്നത്ര കുറ്റമറ്റ രീതിയില്‍ മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചവരുമുണ്ടാവാം. ഈ പരമ്പര മക്കളോടു ഇതുവരെ ചെയ്തത് ശരിയായിരുന്നോ, അവരെ വേണ്ടരീതിയില്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും നമുക്കായോ എന്ന ഉല്‍ക്കണ്ഠ മാതാപിതാക്കളില്‍ ഉണ്ടാക്കാതിരിക്കില്ല. ആ തിരിഞ്ഞുനോട്ടവും വേണ്ടിവന്നാല്‍ തിരുത്തലും പുതിയ കാലം ആവശ്യപ്പെടുന്നുണ്ട്.

Adolescence

അഡോളസെൻസ് പരമ്പരയിൽ നിന്ന്. Photo Courtesy: netflix

നാലു ഭാഗങ്ങളുള്ള പരമ്പരയുടെ ഓരോ എപ്പിസോഡും ഓരോ ഷോട്ടുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്, ഇടയ്ക്ക് ആക്ഷന്‍ രംഗങ്ങളും ഡ്രോണ്‍ ഷോട്ടുകളുമടക്കം! (എല്ലാം ചിത്രീകരിച്ചിരിക്കുന്നത് ഒരേ ക്യാമറ കൊണ്ടുതന്നെ, ക്യാമറ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ പേരുണ്ടായിരുന്നു.) അത്രയ്ക്ക് സൂക്ഷ്മതയുള്ള, കൃത്യതയുള്ള ചിത്രീകരണം. എന്നുവെച്ച് വിശദാംശങ്ങളില്‍ പാളിച്ചകളോ, ആഖ്യാനത്തില്‍ മുഷിപ്പോ കടന്നു വരുന്നുമില്ല. സ്റ്റീഫന്‍ ഗ്രഹാം, ജാക്ക് തോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ഒറ്റഷോട്ട് സീക്വന്‍സുകള്‍ക്ക് പ്രശസ്തനായ ഫിലിപ്പ് ബാരന്റിനിയാണ് സംവിധായകന്‍.

നമുക്ക് സ്മൈലി, അവര്‍ക്ക് മാരകായുധം!

ഒറ്റനോട്ടത്തില്‍ കാര്യമില്ലാത്തതെന്ന് തോന്നിക്കുന്ന ഇമോജികള്‍ വഴി യുവതലമുറ വിവരകൈമാറ്റം നടത്തുന്നതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ മുതിര്‍ന്നവര്‍ക്ക് ബുദ്ധിമുട്ടാണ്. കേസന്വേഷിക്കുന്ന ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ലൂക്ക് ബാസ്‌കോം, കൊല്ലപ്പെട്ട കെയ്റ്റി പല നിറത്തിലുള്ള ഹൃദയങ്ങളുടെ ഇമോജികള്‍ ജെയ്മിയുടെ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് കാണുന്നു. അവള്‍ക്ക് അവനോടു പ്രണയമുണ്ടായിരുന്നിരിക്കാമെന്നും പ്രണയം പിണക്കമായതാകാമെന്നും അദ്ദേഹം സംശയിക്കുന്നു. പിതാവിന്റെ അറിവില്ലായ്മയില്‍ ദേഷ്യപ്പെടുന്ന ആഡം (ജെയ്മിയും കെയ്റ്റിയും പഠിച്ച അതേ സ്‌കൂളിലാണ് അവനും പഠിക്കുന്നത്). ഓരോ നിറത്തിനും ഓരോ അര്‍ത്ഥമുണ്ടെന്നു വിശദീകരിച്ചു കൊടുക്കുന്നു.

emoji

അഡോളസെൻസ് വെബ് സീരീസിൽ പരാമർശിക്കുന്ന ഇമോജികളിൽ ചിലത്

ഉദാഹരണത്തിന്, പര്‍പ്പിള്‍ ഹാര്‍ട്ടിനര്‍ത്ഥം കാമാവേശിതനാണെന്നാണ്. മഞ്ഞയ്ക്കര്‍ത്ഥം താല്‍പ്പര്യമുണ്ട്, പക്ഷേ, കാര്യമായിട്ടല്ല എന്നും പിങ്ക് ഹൃദയത്തിനര്‍ത്ഥം അലൈംഗിക താല്‍പ്പര്യമാണെന്നുമാണ് (ഇഷ്ടമാണെന്നു ഭാവിച്ച് അപമാനിക്കുകയാണ്)! കഥയിലെ വലിയൊരു വഴിത്തിരിവാണ് ഈ പിതൃ-പുത്ര സംവാദം. അജ്ഞത തിരിച്ചറിയുന്നതിലെ വിഷണ്ണത ലൂക്കിന്റെ മുഖത്തു മാത്രമല്ല, പരമ്പര കാണുന്ന മുതിര്‍ന്നവരുടെ മുഖത്തും പടരാതിരിക്കില്ല.

ജെന്‍ സീയുടെ ഇമോജി കളിയിലെ പ്രധാനപ്പെട്ട ഒന്ന് ചുവന്ന ഗുളിക (റെഡ്പില്‍) ആണ്. 1999-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ 'ദി മെട്രിക്സി'ല്‍ നിന്നാണ് ഈ പ്രയോഗത്തിന്റെ ഉദ്ഭവം. പരുക്കന്‍ യാഥാര്‍ത്ഥ്യത്തിലേക്കുള്ള ഉണര്‍ച്ചയെന്നര്‍ത്ഥം. ഉദാഹരണത്തിന്, പ്രണയത്തകര്‍ച്ചയെക്കുറിച്ചുള്ള പോസ്റ്റില്‍ റെഡ്പില്‍ മറുപടിയിട്ടാല്‍ അര്‍ത്ഥം 'സത്യം മനസ്സിലാക്ക്, പെണ്ണുങ്ങള്‍ക്ക് ഛാഡുകളെ (ഏറ്റവും ആകര്‍ഷകത്വമുള്ള 20 ശതമാനം പുരുഷന്‍മാര്‍-മാനോസ്ഫിയര്‍ പ്രയോഗം) മതി' എന്നാണ്. കറുത്ത ഗുളിക വളരെ നിഷേധാത്മകമായ കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്. ഡേറ്റിംഗ്, മുന്‍കൂട്ടി വിജയിയെ നിശ്ചയിച്ച കളിയാണെന്നും ജനിതകഘടനയും സാമൂഹിക പക്ഷപാതങ്ങളും ഒക്കെ ചേര്‍ന്ന് പുരുഷന്മാരെ സ്ഥിരമായ തിരസ്‌കാരത്തിലേക്ക് തള്ളിവിടുകയാണെന്നും പറയുന്നു ബ്ലാക്ക്പില്‍. ജെയ്മി തുടങ്ങുന്നത് റെഡ്പില്ലിലാണ്-ബുദ്ധിമുട്ടാണ്, എങ്കിലും ശ്രമിച്ചു നോക്കാം എന്ന രീതിയില്‍. പക്ഷേ, അവസാനിച്ചത് ബ്ലാക്ക്പില്ലിലാണ്-പ്രതീക്ഷകളെല്ലാമടഞ്ഞ്, പ്രതികാരം മാത്രം ബാക്കിയാകുന്നിടത്ത്.

ഇന്‍സെലുകള്‍-നിന്ദിതരും പീഡിതരും പ്രതികാരം കൊതിക്കുന്നവരും

ജെയ്മിയിലൂടെ ഇന്‍സെലുകളുടെ ലോകത്തേക്ക്. ഇന്‍സല്‍ (Incel) എന്നാല്‍ ഇന്‍വോളന്ററി സെലിബേറ്റ്-സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ബ്രഹ്‌മചര്യം പാലിക്കേണ്ടിവരുന്നയാള്‍ എന്ന് നിഘണ്ടുവിലെ അര്‍ത്ഥം. താല്പര്യമുണ്ടെങ്കിലും പ്രണയബന്ധങ്ങളിലോ, ലൈംഗികബന്ധങ്ങളിലോ ഏര്‍പ്പെടാനുള്ള കഴിവില്ലായ്മയില്‍ നിരാശയുള്ള പുരുഷന്മാരെ വിശേഷിപ്പിക്കുന്ന ജെന്‍ സീ പ്രയോഗമാണിത്. പുരുഷത്വം, ജെന്‍ഡര്‍ ഡൈനമിക്സ് തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധയൂന്നുന്ന കൂട്ടായ്മകളുടെ ഓണ്‍ലൈന്‍ ശൃംഖല ആയ മാനോസ്ഫിയറുമായി അത് ബന്ധപ്പെട്ടിരിക്കുന്നു.

ഡേറ്റിംഗിലെ തിരസ്‌കാരം, സമൂഹത്തിന്റെ തിരസ്‌കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യക്തിപരമായ പോരാട്ടങ്ങളെ കുറിച്ച് പുരുഷന്‍മാര്‍ക്ക് സംസാരിക്കാനുള്ള മാര്‍ഗ്ഗമായി തുടങ്ങിയതാണെങ്കിലും മാനോസ്ഫിയര്‍ പിന്നീട് സ്ത്രീവിരുദ്ധത, പക, ചിലപ്പോഴൊക്കെ അക്രമം എന്നിവയുമായി ബന്ധപ്പെട്ട വിവാദപ്രസ്ഥാനമായിത്തീര്‍ന്നു. അവരുടെ ലോകവീക്ഷണത്തെ രൂപപ്പെടുത്തിയിരിക്കുന്നത് നിരാശയും വിധിവിശ്വാസവുമാണ്. അതിന്റെ പ്രധാന ആശയങ്ങള്‍ നോക്കുക: തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാല്‍-തങ്ങളുടെ രൂപം, ഉയരം, സാമൂഹിക പദവി അല്ലെങ്കില്‍ വ്യക്തിപരമായ ദൂഷ്യങ്ങള്‍- തങ്ങള്‍ക്ക് പ്രണയം നിഷേധിക്കപ്പെടും, 80 ശതമാനം സ്ത്രീകള്‍ക്കും താല്‍പര്യം ഏറ്റവും മികച്ച 20 ശതമാനം പുരുഷന്മാരെയാണ, സ്ത്രീകള്‍ മെച്ചപ്പെട്ട പങ്കാളികളെ, ഉദാഹരണത്തിന് കൂടുതല്‍ സമ്പത്തും ആകര്‍ഷത്വവുമുള്ളവരെ തേടുന്നു, ശരാശരിക്കാരെയും മൂല്യം കുറഞ്ഞവരെയും തഴയുന്നു എന്നിങ്ങനെ. പലപ്പോഴും ഈ ചിന്തകള്‍ ഇന്‍സെലുകളെ കടുത്ത സ്ത്രീവിദ്വേഷത്തിലേക്കു നയിക്കുന്നു.

ജെയ്മി ഇന്‍സെല്‍ ആകുന്നതിന്റെ പിന്നില്‍ തിരസ്‌കാരം തന്നെയാണ്. ആഗ്രഹിച്ച പെണ്‍കുട്ടി പ്രണയം നിഷേധിക്കുക മാത്രമല്ല, സാമൂഹിക മാധ്യമത്തിലൂടെ അപമാനിക്കുകയും ചെയ്യുന്നു. ആ തിരസ്‌കാരം അവന്റെ അപകര്‍ഷതയെ ഉറപ്പിക്കുന്നു. സ്വന്തം മുറിയില്‍ ഇന്റര്‍നെറ്റിന്റെ സൗഹൃദത്തില്‍ ഒറ്റപ്പെടുമ്പോള്‍ അവന്‍ സമാനമനസ്‌കരെ കണ്ടെത്തുന്നു, ദുര്‍ബലര്‍ക്ക് പൊതുവെ സംഭവിക്കാറുള്ളതു പോലെ, വിദ്വേഷ പ്രത്യയശാസ്ത്രത്തില്‍ അഭയം കണ്ടെത്തുന്നു. തന്റെ പരാജയങ്ങള്‍ക്കെല്ലാം കാരണക്കാരെ 'കണ്ടെത്തുന്നു'. കുട്ടികള്‍ക്ക് മുതിര്‍ന്നവരെക്കാള്‍ ക്രൂരത കാട്ടാന്‍ കഴിയുമെന്ന് എവിടെയോ വായിച്ചതോര്‍മ വരുന്നു. ജെയ്മി മാത്രമല്ല, അവന്റെ ചില കൂട്ടുകാരും പതിവായി ബുള്ളിയിംഗിന് ഇരയാവുന്നുണ്ട്. തിരസ്‌കാരത്തിന്റെ വേദന, സഹപാഠികളില്‍ നിന്നുള്ള ക്രൂരമായ അപമാനം, അവരോടുള്ള വിദ്വേഷം, ഡിജിറ്റലായ അന്തരീക്ഷം- നിഷേധാത്മകമായ മാനസികാവസ്ഥയ്ക്ക് ഏറ്റവും യോജിച്ച അന്തരീക്ഷമാണത്. നിരാശയെ പ്രത്യയശാസ്ത്രമാക്കുന്ന ഒരു കൂട്ടായ്മയിലാണ് അവന്‍ ആശ്വാസം കണ്ടെത്തിയത്.

2017-ല്‍ സാമൂഹികമാധ്യമമായ റെഡിറ്റ്, വിദ്വേഷപ്രചാരണത്തിന്റെ പേരില്‍ ഇന്‍സെലുകളെ വിലക്കിയപ്പോള്‍ കൂട്ടായ്മകള്‍ ഇന്‍സെല്‍സ്. ഐ.എസ് പോലുള്ള സൈറ്റുകളിലേക്ക് പോയി. 2014-ല്‍ കലിഫോര്‍ണിയയില്‍ ആറു പേരെ വെടിവെച്ചു കൊന്ന എലിയെറ്റ് റോജര്‍ തന്റെ അവസ്ഥയ്ക്കു കാരണം സ്ത്രീകളും ഛാഡുകളും ആണ് എന്നു കുറ്റപ്പെടുത്തിയിരുന്നു. 2018-ല്‍ കനഡയിലെ ടോറന്റോയില്‍ ജനക്കൂട്ടത്തിന്റെ മേല്‍ വാന്‍ ഓടിച്ചുകയറ്റി 10 പേരുടെ മരണത്തിന് കാരണക്കാരനായ അലെക് മിനാസിയന് പ്രേരണയായത് റോജറും ഇന്‍സെല്‍ പ്രത്യയശാസ്ത്രവുമാണ്. സമാനമായ സംഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്. അതിനാല്‍ നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഇന്‍സെല്‍ പ്രത്യയശാസ്ത്രം.

netflix

അഡോളസെൻസ് വെബ് സീരീസിൽ നിന്ന്. Photo Courtesy: netflix

പിതാക്കളും പുത്രന്‍മാരും

ജെയ്മിയുടെ അച്ഛന്‍ എഡ്ഡി കുട്ടിക്കാലത്ത് മകനു സമാനമായ അവസ്ഥകളിലൂടെ കടന്നു പോയതാണെന്ന സൂചനകള്‍ പരമ്പരയില്‍ ചിതറിക്കിടപ്പുണ്ട്. നിസ്സാര തെറ്റുകള്‍ക്കു പോലും ശിക്ഷിച്ചിരുന്ന പിതാവിനെ കുറിച്ചു പറയുന്ന എഡ്ഡി സ്വന്തം മകനെ ശിക്ഷിക്കുന്നില്ലെ, പക്ഷേ, മത്സരങ്ങളിലും മറ്റും ശോഭിക്കാനാവാത്ത മകന്റെ പിടിപ്പുകേടില്‍ കടുത്ത അപമാനം പേറുന്നു. അയാളുടെ ദു:ഖം പലപ്പോഴും മകന്‍ കാണാനും ഇടവരുന്നുണ്ട്. അതു പോട്ടെ, ഇന്ന് മകന്റെ സ്ഥാനത്തായിരുന്നു താനെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് ആലോചിച്ചാല്‍ എഡ്ഡി പരിഭ്രാന്തനാവുമെന്നുറപ്പാണ്.

എഡ്ഡിയുടെയും കുടുംബത്തിന്റെയും ദുരന്തം ഒറ്റപ്പെട്ടതല്ല. അതുണ്ടാകാതിരിക്കാന്‍ ജെന്‍ സീയുടെ ഇമോജികളില്‍ ഒളിച്ചിരിക്കുന്ന നിഗൂഢഭാഷ മുതിര്‍ന്നവര്‍ മനസ്സിലാക്കണം. അതൊരു ഡിജിറ്റല്‍ ഷോര്‍ട്ട് ഹാന്‍ഡാണ്, പ്രത്യയശാസ്ത്രമാണ്. ഓരോ ഇമോജിയും എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് കുട്ടികളോടു തന്നെ ചോദിച്ചു മനസ്സിലാക്കണം. കുട്ടികളാണ്, അവര്‍ക്കൊന്നുമറിയില്ല എന്ന കാഴ്ചപ്പാട് കടലിലെറിയണം! കുട്ടികളില്‍ വരുന്ന സ്വഭാവ വ്യതിയാനങ്ങള്‍ ശ്രദ്ധിക്കുകയും ആവശ്യമുള്ളപ്പോള്‍ ഇടപെടുകയും വേണം. ഒന്നും ചോദ്യം ചെയ്യാതെ അംഗീകരിക്കാതിരിക്കാനും സമൂഹമാധ്യമങ്ങളിലെ അല്‍ഗോരിതം മുമ്പ് സെര്‍ച്ച് ചെയ്തതുമായി ബന്ധപ്പെട്ട ഉള്ളടക്കം തന്നു കൊണ്ടേയിരിക്കുമെന്നും അത് പക്ഷപാതങ്ങളെ ശക്തിപ്പെടുത്തുമെന്നും കുട്ടികളെ മനസ്സിലാക്കണം. എല്ലാറ്റിനുമുപരിയായി, കുട്ടികള്‍ക്ക് വൈകാരികമായ കരുത്ത് ഉണ്ടാക്കിക്കൊടുക്കണം, ഒരു തിരസ്‌കാരവും ലോകത്തിന്റെ അവസാനമല്ലെന്നു ബോധ്യപ്പെടുത്തണം.

owen cooper

ഓവൻ കൂപ്പർ

ഓവന്‍ കൂപ്പറുടെ പരകായപ്രവേശം

സാങ്കേതികമായ നൂതനത്വത്തെ പച്ചയായ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുമായി കൂട്ടിയിണക്കുന്ന പരമ്പര ഒരു കലാസൃഷ്ടി എന്ന നിലയിലും ആധുനികകാലത്തെ വെല്ലുവിളികള്‍ക്ക് നേര്‍ക്കുപിടിച്ച ഒരു കണ്ണാടി എന്ന നിലയിലും നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. മുഖ്യകഥാപാത്രമായ ജെയ്മിയുടെ വേഷമഭിനയിച്ച ഓവന്‍ കൂപ്പറിന്റെ പ്രകടനം പരിചയസമ്പന്നരായ നടന്‍മാരെപ്പോലും അത്ഭുതപ്പെടുത്തും. ജയിലില്‍ കൗണ്‍സെലര്‍ ബ്രിയോണിയുമായി സംസാരിക്കുന്ന എപ്പിസോഡ് മനസ്സില്‍ നിന്നും മായില്ല. ആരാണ്, എന്താണ് ജെയ്മി എന്നു ബോധ്യപ്പെടുത്തുന്ന, അവന്റെ ഉള്ള് വെളിവാക്കുന്ന എപ്പിസോഡ്. ഒറ്റടേക്കില്‍ ചെറിയൊരു പിഴവുപോലും വരുത്താതെ ഒരുമണിക്കൂര്‍ നേരം ഓവന്‍ ജെയ്മിയായി ജീവിക്കുകയാണ് ഇതില്‍. അഭിനയത്തില്‍ അവനൊപ്പം നിന്നു കൗണ്‍സെലറുടെ വേഷമണിഞ്ഞ എറിന്‍ ഡോഹെര്‍ട്ടി. വികാരതീവ്രമായ ഈ എപ്പിസോഡാണത്രെ ആദ്യം ചിത്രീകരിച്ചത്! ഓവന്റെ ആദ്യവേഷമാണിതെന്നും കേള്‍ക്കുമ്പോള്‍ വിസ്മയിക്കാതെ വയ്യ. അച്ഛന്‍ എഡ്ഡിയുടെ വേഷത്തില്‍ പരമ്പരയുടെ സ്രഷ്ടാക്കളിലൊരാളായ സ്റ്റീഫന്‍ ഗ്രഹാം ജീവിക്കുകയാണ്.

ഡിജിറ്റല്‍ ലോകം കൗമാരത്തെ മാറ്റിയെഴുതിയിരിക്കുന്നു. കുഞ്ഞുങ്ങളുടെ കൈയിലെ സ്‌ക്രീനുകള്‍ യുദ്ധക്കളങ്ങളാണ്. മാറിനില്‍ക്കരുത്, കൂടെപ്പിടിക്കുക എന്ന് വിളിച്ചു പറയുകയാണ് അഡോളസെന്‍സ്. പരമ്പരയില്‍ ഒരിടത്ത് എഡ്ഡി പറയുന്നുണ്ട്. നാമെല്ലാം ഉത്തരവാദികളാണെന്ന്. ആ നമ്മളില്‍ രക്ഷകര്‍ത്താക്കളും ടെക് ഭീമന്‍മാരും വിദ്യാലയങ്ങളും സര്‍ക്കാരും സമൂഹവും പെടും. നമ്മുടെ യുവാക്കള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യം ലോകത്തിനു മുന്നില്‍ ചര്‍ച്ചയ്ക്കു വെക്കുകയാണ് പരമ്പര. ലക്ഷ്യം നേടി എന്ന് സ്രഷ്ടാക്കള്‍ക്ക് അഭിമാനിക്കാം.

Content Highlights: Adolescence Netflix Gen Z Incel Online Behavior Parental Understanding Teen Mental Health

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article