ഈ നേട്ടം കാണാൻ അമ്മയ്ക്ക് ഭാ​ഗ്യം ഉണ്ടായി, അമ്മയെ കാണാൻ എനിക്കും- മോഹൻലാൽ

4 months ago 4

ശ്രീലക്ഷ്മി മേനോൻ

21 September 2025, 02:14 PM IST


പുരസ്കാരം ലഭിച്ച വിവരം അറിഞ്ഞ ശേഷം കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെ കാണാനാണ്

mohanlal

അമ്മ ശാന്തകുമാരിക്കൊപ്പം മോഹൻലാൽ

കൊച്ചി: ദാദാ സാഹേബ് ഫാൽക്കേ പുരസ്കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവയ്ക്കാൻ സാധിച്ചതാണ് വലിയ ഭാ​ഗ്യമെന്ന് നടൻ മോഹൻലാൽ. പുരസ്കാരം ലഭിച്ച വിവരം അറിഞ്ഞ ശേഷം കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയാണ്.

"അമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്. അതങ്ങനെ തന്നെയല്ലേ വേണ്ടത്. ഈ നേട്ടം കാണാൻ അമ്മയ്ക്ക് ഭാ​ഗ്യം ഉണ്ടായി, അമ്മയ്ക്കൊപ്പം ഈ നേട്ടം പങ്കുവയ്ക്കാൻ എനിക്കും ഭാ​ഗ്യം ഉണ്ടായി. അമ്മ സുഖമില്ലാതിരിക്കുന്ന സമയമാണ്, പക്ഷേ അമ്മയ്ക്ക് എല്ലാം മനസിലാവും, സംസാരിക്കാൻ കുറച്ച് പ്രയാസമുണ്ട്. എങ്കിലും എനിക്ക് കേട്ടാൽ മനസിലാവും. എന്നെ അനു​ഗ്രഹിച്ചു, ആ അനു​ഗ്രഹം എനിക്കൊപ്പമുണ്ട്", മോഹൻലാൽ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രണ്ട് വർഷങ്ങൾക്ക് മുമ്പുള്ള ഓണക്കാലത്ത് മാതൃഭൂമിക്ക് വേണ്ടിയെഴുതിയ കുറിപ്പിൽ മോഹൻലാൽ അമ്മയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: എന്റെ അമ്മ കുറച്ച് വര്‍ഷങ്ങളായി കിടപ്പിലാണ്. ധാരാളം സംസാരിക്കുമായിരുന്ന അമ്മയ്ക്ക് ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കില്ല. കണ്ണുകളിലൂടെയാണ് ഞാനും അമ്മയും ഇപ്പോള്‍ കൂടുതല്‍ മിണ്ടാറുള്ളത്. കണ്ണില്‍ക്കണ്ണില്‍ നോക്കിയിരുന്നാണ് ഞാനാ സ്‌നേഹവും വാത്സല്യവും അറിയുന്നത്. ചിലപ്പോള്‍ അമ്മ എന്നെ ഒന്ന് തൊടും, തല ഒന്നിളക്കും. അതിലൊക്കെ ഇപ്പോള്‍ ഒരു ഭാഷ തിരിച്ചറിയാന്‍ എനിക്ക് സാധിക്കുന്നു. പണ്ട് അമ്മ എനിക്ക് ഉരുള ഉരുട്ടിത്തന്നതുപോലെ ഞാന്‍ അമ്മയ്ക്ക് ഉരുള നല്‍കും. ഞാനും ഭാര്യ സുചിത്രയും കഴിക്കുന്നത് നോക്കി അമ്മ കിടക്കും. തൊട്ടിരിക്കുക എന്ന് പറയാറില്ലേ. ആ തൊടലിലൂടെ ഒരുപാടുകാര്യങ്ങള്‍ അമ്മ പറയാതെ പറയുന്നുണ്ടാവണം. അങ്ങനെ അമ്മയുടെ അടുത്തിരിക്കുമ്പോള്‍ ജീവിതത്തിന്റെ ഒരു ചക്രം പൂര്‍ത്തിയാവുന്നത് ഞാന്‍ അറിയുന്നു, അനുഭവിക്കുന്നു. ഞാനതില്‍ എന്നെക്കാണുന്നു; മനുഷ്യജീവിതം കാണുന്നു...

Content Highlights: mohanlal astir his parent dada saheb phalke awards

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article