'ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്'; വൈറലായി തരുൺ മൂർത്തിയുടെ പോസ്റ്റ് 

10 months ago 7

22 March 2025, 12:20 PM IST

empuraan thudarum movie   poster

എമ്പുരാൻ,തുടരും സിനിമകളുടെ പോസ്റ്റർ

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറും ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ ടിക്കറ്റുകള്‍ അതിവേഗം വിറ്റഴിയുന്നുമുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. എമ്പുരാനുശേഷം പുറത്തിറങ്ങാനുള്ള തുടരും എന്ന മോഹൻലാൽ ചിത്രത്തിന്റെ സംവിധായകനാണ് തരുൺ.

'ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്.' - തരുൺ മൂർത്തി ഫേസ്ബുക്കിൽ കുറിച്ചു. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളും തരുൺ മൂർത്തി പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധിപേർ കമന്റുകളുമായെത്തി. എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും പോസ്റ്റിന് താഴെ പ്രതികരണവുമായെത്തി. 'സ്പ്ലെൻഡർ ചതിക്കില്ല ആശാനെ, ഇതു ആ ചോപ്പറിന് ഒപ്പം എത്തും.'- എന്നാണ് രാഹുൽ കമന്റ് ചെയ്തത്. 'നമ്മൾ മലയാളികൾ ഈ സ്പ്ലണ്ടർ ഒക്കെ അല്ലെ ആദ്യം കണ്ടത്', 'സ്പ്ലണ്ടർ ആയാലും ബിഎംഡബ്ല്യു ആയാലും അതിലുള്ളത് ഒരാളല്ലേ' എന്നിങ്ങനെ കമന്റുകളുടെ പ്രവാഹമാണ് പോസ്റ്റിൽ.

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. മോഹന്‍ലാലിന്റെ 360-ാം ചിത്രമെന്ന പ്രത്യേകതയ്ക്കു പുറമേ ശോഭനയും മോഹന്‍ലാലും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും സിനിമയ്ക്കുണ്ട്. 2009-ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 2004-ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് മോഹന്‍ലാലും ശോഭനയും അവസാനമായി ജോഡികളായത്.

അതേസമയം മാർച്ച് 27 ന് ആഗോള റിലീസായാണ് എമ്പുരാൻ എത്തുന്നത്. ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ആഗോള പ്രദർശനം ആരംഭിക്കും. ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. 2019 ൽ റീലീസ് ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ചിത്രത്തിൻ്റെ വിദേശ ബുക്കിംഗ് ദിവസങ്ങൾക്ക് മുമ്പേ ആരംഭിക്കുകയും ഇതിനോടകം 17 കോടി രൂപക്ക് മുകളിൽ പ്രീ സെയിൽസ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അതും മലയാള സിനിമയിലെ പുതിയ റെക്കോർഡ് ആണ്.

Content Highlights: Tharun Moorthy viral station empuraan thudarum movie release

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article