15 April 2025, 07:12 AM IST

മാസ് ജാത്തറ എന്ന ചിത്രത്തിൽനിന്ന് | ഫോട്ടോ: X
സിനിമയുടെ പല മേഖലകളിലും നിർമിതബുദ്ധി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സംഗീതത്തിൽ. വേട്ടയൻ എന്ന ചിത്രത്തിലെ മനസിലായോ എന്ന ഗാനത്തിനുപിന്നാലെ ഇതേ പാതയിൽ മറ്റൊരു ഗാനം എത്തിയിരിക്കുകയാണ്. രവി തേജ നായകനാവുന്ന തെലുങ്ക് ചിത്രം മാസ് ജാത്തറയിലെ ഗാനം പുറത്തിറങ്ങിയിരിക്കുന്നത് അന്തരിച്ച സംഗീത സംവിധായകൻ ചക്രിയുടെ ശബ്ദത്തിലാണ്.
വിഷുദിനത്തിലാണ് മാസ് ജാത്തറയിലെ തൂ മേരാ ലവർ എന്ന ഗാനം ലിറിക്കൽ വീഡിയോ ആയി പുറത്തിറങ്ങിയത്. 11 വർഷം മുൻപ് അന്തരിച്ച സംഗീത സംവിധായകൻ ചക്രിയുടെ ശബ്ദം എഐ സഹായത്തോടെ പുനഃസൃഷ്ടിക്കുകയായിരുന്നു. ഭീംസ് സെസിറോലിയോ ആണ് മാസ് ജാത്തറയുടെ സംഗീതസംവിധായകൻ. ഭീംസ് തന്നെ ഗാനം ആലപിച്ച് ഇത് ചക്രിയുടെ ശബ്ദത്തിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഭാസ്കര ഭട്ട്ല രവി കുമാറാണ് ഗാനരചന.
രവി തേജയുടെ ഹിറ്റ് ചിത്രമായ ഇഡിയറ്റിലെ ചൂപ്പുൽതോ ഗുച്ചി ഗുച്ചി എന്ന ഗാനത്തിനെ അനുസ്മരിപ്പിക്കുന്ന ഗാനമാണ് തൂ മേരാ ലവർ. ചക്രിയാണ് ഈ ഗാനത്തിന് ഈണമിട്ടത്. ഈ ഗാനത്തിന്റെ പശ്ചാത്തലസംഗീതവും നൃത്തച്ചുവടുകളുമാണ് പുതിയ ഗാനത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ചക്രിക്ക് നൽകുന്ന ആദരം എന്ന നിലയ്ക്കാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
അന്തരിച്ച ഗായകൻ മലേഷ്യാ വാസുദേവന്റെ ശബ്ദമാണ് വേട്ടയനിലെ ഹിറ്റ് ഗാനത്തിനുവേണ്ടി നിർമിതബുദ്ധിയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ചത്. അനിരുദ്ധ് ആയിരുന്നു ഈ ഗാനത്തിന് ഈണമിട്ടത്. ഗോട്ട് എന്ന ചിത്രത്തിലെ ചിന്ന ചിന്ന കൺകൾ എന്ന ഗാനം യുവൻ ശങ്കർ രാജ ഒരുക്കിയത് അന്തരിച്ച ഗായികയും സഹോദരിയുമായ ഭവതരിണിയുടെ എഐ ശബ്ദം ഉപയോഗിച്ചായിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ തെലുങ്കിലും ഈ ട്രെൻഡ് എത്തിയിരിക്കുന്നത്.
Content Highlights: A caller Telugu opus uses AI to recreate the dependable of precocious composer Chakri





English (US) ·