സത്യനും പ്രേംനസീറിനും മധുവിനുമൊക്കെ ഡ്യൂപ്പായി വരുന്ന സാഹസികനോട് സിനിമയിലെ ചില നായികമാര്‍ക്ക് അനുരാഗം തോന്നിയാല്‍ അതില്‍ അദ്ഭുതമില്ല. പലപ്പോഴും നായികമാര്‍ക്കുവേണ്ടിയും ത്യാഗരാജന് ഡ്യൂപ്പായി പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുണ്ട്. വിവാഹാഭ്യര്‍ത്ഥനയോളമെത്തിയ താത്പര്യങ്ങളെയെല്ലാം സ്നേഹപൂര്‍വ്വം നിരസിക്കാന്‍ ത്യാഗരാജന് ഒരു കാരണമുണ്ടായിരുന്നു. വിവാഹം കഴിക്കുന്നെങ്കില്‍ അത് സിനിമയുമായി ബന്ധപ്പെട്ട ഒരു സ്ത്രീയെ ആയിരിക്കില്ല എന്ന സത്യപ്രതിജ്ഞ. താരദാമ്പത്യങ്ങളില്‍ മാത്രമല്ല ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വിവാഹജീവിതത്തില്‍പ്പോലും കനത്ത വിള്ളലുകള്‍ വീഴുന്നത് ത്യാഗരാജന്‍ പലവട്ടം കണ്ടിട്ടുണ്ട്. കാരണങ്ങള്‍ പലതായിരുന്നു, ചിലതെല്ലാം നേരിട്ടറിയുന്നതും. ജീവിതത്തില്‍ കൂടെക്കൂട്ടുന്ന പെണ്ണ് സിനിമയുടെ പരിസരങ്ങളില്‍പ്പോലുമുള്ള ഒരാളായിരിക്കില്ലെന്ന് അതുകൊണ്ടുതന്നെ മനസ്സിലുറപ്പിച്ചു. പതിനേഴാമത്തെ വയസ്സില്‍ നാടുവിട്ട് ഇരുപത്തിയെട്ടിലെത്തുമ്പോഴേക്കും ജീവിതം ത്യാഗരാജനെ പലതും പഠിപ്പിച്ചു. പേമാരിക്കും കൊടുങ്കാറ്റിനും പോലും ഇളക്കാനാവാത്ത വിധം ആ ജീവിതം ചിട്ടയുള്ളതായിത്തീര്‍ന്നിരുന്നു. സഹോദരങ്ങളുടെയെല്ലാം വിവാഹം ഇതിനിടയില്‍ കഴിഞ്ഞു. നാട് ഉത്സവമാക്കിയ തങ്ങളുടെ മംഗല്യം പോലെ ഒന്നായിരിക്കണം ഇളയ മകന്റേതുമെന്ന് ബാലകൃഷ്ണന്‍ മുതലിയാരും യമുനാഭായിയും ആഗ്രഹിച്ചു.
വെള്ളിവെളിച്ചത്തിലാണ്ടുപോയതില്‍ പിന്നെ വല്ലപ്പോഴും അതിഥിയെപ്പോലെ വീട്ടിലെത്തുന്ന മകനെ പെണ്ണന്വേഷണം തുടങ്ങുംമുമ്പ് ബാലകൃഷ്ണന്‍ മുതലിയാര്‍ നിര്‍ബ്ബന്ധമായി വിളിപ്പിച്ചു. സിനിമയ്ക്കു വേണ്ടിയുള്ള തല്ലുകൂടല്‍ കഴിഞ്ഞ് മദിരാശിയില്‍നിന്ന് വരുന്ന മകനെ കാത്ത് അച്ഛനും അമ്മയും ആ അര്‍ദ്ധരാത്രിയില്‍ നാലുകെട്ടിന്റെ പൂമുഖത്തുതന്നെയുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയില്‍ അച്ഛനാണ് വിവാഹക്കാര്യം പറഞ്ഞത്. അച്ഛനും അമ്മയും കണ്ടെത്തുന്ന പെണ്‍കുട്ടിയെ കെട്ടിക്കോളാം എന്നു മാത്രമായിരുന്നു ത്യാഗരാജന്റെ മറുപടി.
സമ്പത്തും കുടുംബമഹിമയും നാട്ടുകാര്‍ക്കെല്ലാം അറിയാമായിരുന്നിട്ടും ത്യാഗരാജന് താലിചാര്‍ത്താനൊരു പെണ്ണ് കിട്ടാന്‍ അന്വേഷണങ്ങള്‍ ഏറെ വേണ്ടിവന്നു. മാതാപിതാക്കളും സഹോദരങ്ങളും ഏറെ അലഞ്ഞു. ചെറുക്കന് എന്താ ജോലി എന്നുചോദിക്കുമ്പോള്‍, 'സിനിമയിലാണ്' എന്ന് മറുപടി പറയും.
'സിനിമയില്‍ എന്തു ജോലിയാണ്?' എന്ന രണ്ടാമത്തെ ചോദ്യത്തിന് മറുപടി 'ഡ്യൂപ്പ് ആര്‍ട്ടിസ്റ്റാണെ'ന്നും.
അപ്പോള്‍ അടുത്ത ചോദ്യം: 'ഡ്യൂപ്പെന്നു പറഞ്ഞാല്‍?'
'സ്റ്റണ്ട് ചെയ്യുന്ന ആള്‍' എന്ന ഉത്തരം കേള്‍ക്കുന്നതോടെ പെണ്‍വീട്ടുകാരുടെ നെറ്റി ചുളിയും.
സ്റ്റണ്ടുകാരന് ആരും പെണ്ണ് കൊടുക്കില്ല. അറിഞ്ഞുകൊണ്ട് മകളെ വിധവയാക്കാന്‍ ഒരച്ഛനും അമ്മയും ആഗ്രഹിക്കില്ലല്ലോ. യഥാര്‍ത്ഥത്തില്‍ മകന്‍ ചെയ്യുന്ന ജോലി ഇത്രയേറെ അപകടംപിടിച്ചതാണെന്ന് ബാലകൃഷ്ണന്‍ മുതലിയാരും ഭാര്യയും ശരിക്കും അറിഞ്ഞുതുടങ്ങുന്നത് വിവാഹാന്വേഷണത്തെ തുടര്‍ന്നാണ്. ഏറെക്കാലത്തെ അന്വേഷണത്തിനൊടുവില്‍ അവര്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി. തുലാസിലാടുന്ന ജീവിതമാണ് വരന്റേതെന്ന സത്യം അറിഞ്ഞുകൊണ്ടുതന്നെ വെല്ലൂരിലെ വലിയൊരു കുടുംബം സമ്മതം മൂളി. പേരും പെരുമയും സമ്പത്തുമുള്ള ബാലകൃഷ്ണന്‍ മുതലിയാരുടെ മകനായതുകൊണ്ടു മാത്രമുള്ള സമ്മതം. പെണ്ണ് സുന്ദരിയാണ്. പേര് ശെല്‍വി. ഇന്റര്‍മീഡിയറ്റ് വരെ പഠിച്ചിട്ടുണ്ട്. ടൈപ്പ് റൈറ്റിങ്ങും അറിയാം. രണ്ടു സഹോദരന്മാരില്‍ ഒരാള്‍ റായിപ്പേട്ട ഹോസ്പിറ്റലിലെ സര്‍ജനും മറ്റേയാള്‍ എന്‍ജിനീയറും. വിവാഹത്തിനായി മാസങ്ങളുടെ ഒരുക്കം. നാല്‍പ്പതു വിഭവങ്ങളുള്ള കുത്തരിച്ചോറിന്റെ സദ്യ. പാവപ്പെട്ട കര്‍ഷകര്‍ക്കെല്ലാം പുത്തന്‍ വസ്ത്രങ്ങളും ദക്ഷിണയായി രണ്ടു രൂപയും. കല്യാണക്കുറി ആ നാടും കടന്ന് പല ദേശങ്ങളിലേക്ക് പോയി. ബാലകൃഷ്ണന്‍ മുതലിയാരുടെ മകന്റെ വിവാഹം ആമ്പൂര്‍ വില്ലേജിന്റെ ഉത്സവമായി മാറുമെന്ന് കാരണവന്മാര്‍ ഉറപ്പിച്ചു.
ക്യാമറയ്ക്കു മുന്നിലെ രാപകല്‍ പോരാട്ടം കഴിഞ്ഞ് ജാവാ ബൈക്കുമായി വിവാഹത്തലേന്നാണ് ത്യാഗരാജന്‍ നാട്ടിലേക്ക് പുറപ്പെടുന്നത്. വിവാഹിതനാകുന്ന കാര്യം സിനിമയില്‍ ആരോടും പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കില്‍ സത്യനും പ്രേംനസീറും എം.ജി.ആറും ശിവാജിയും തുടങ്ങി ഒരു വന്‍ താരനിര തന്നെ എത്തുമായിരുന്നു. അവരെ സംരക്ഷിക്കാന്‍ സ്റ്റണ്ടുകാരുടെ വലിയൊരു സൈന്യത്തെതന്നെ ആമ്പൂരിലെത്തിക്കേണ്ടിയും വരുമായിരുന്നു. അതൊന്നുമില്ലാതെ, സ്വന്തം ദേശം മാത്രം അറിഞ്ഞുള്ള വിവാഹം മതിയെന്നായിരുന്നു ത്യാഗരാജന്. മദിരാശിയില്‍നിന്ന് റെഡ്ഡിമാങ്കുപ്പത്തേക്ക് കുതിച്ചുപാഞ്ഞ ബൈക്കിലിരുന്ന് ജീവിതത്തെക്കുറിച്ച് പുതിയ പുതിയ സ്വപ്നങ്ങള്‍ നെയ്യുകയായിരുന്നു ത്യാഗരാജന്‍. ഒരിക്കലും സിനിമയില്‍ കാണാനാവാത്ത ജീവിതത്തിന്റെ പച്ചയായ സത്യങ്ങളും സ്വപ്നങ്ങളും അഭ്രപാളിയിലെന്നപോലെ മനസ്സിലൂടെ കടന്നുപോയി. ആമ്പൂരിലെ തിയേറ്ററുകളെ ഇളക്കിമറിച്ചുകൊണ്ട് സംഘട്ടനം ത്യാഗരാജന്‍ എന്ന ടൈറ്റില്‍ കാര്‍ഡ് ആയിരംവട്ടം വെള്ളിത്തിരയിലൂടെ കടന്നുപോയിക്കഴിഞ്ഞിരുന്നു. പാടത്തും പറമ്പത്തും പണിയെടുക്കുന്നവര്‍ മുതല്‍ പണക്കാര്‍ വരെ ആ പേര് തെളിയുമ്പോഴേക്കും എഴുന്നേറ്റുനിന്ന് കൈയടിക്കാന്‍ തുടങ്ങിയിരുന്നു. സന്ധ്യയോടെ നാലുകെട്ടിന്റെ മുന്നിലേക്ക് ജാവയിലെത്തിയ നാടിന്റെ നായകനെ സ്വീകരിക്കാന്‍ മുന്നില്‍ നിന്നതും കര്‍ഷകര്‍ തന്നെയായിരുന്നു. മകന്റെ വിവാഹച്ചെലവുകളെല്ലാം വഹിക്കുന്നത് താന്‍ തന്നെയായിരിക്കണമെന്ന് ബാലകൃഷ്ണന്‍ മുതലിയാര്‍ക്ക് നിര്‍ബ്ബന്ധമായിരുന്നു. അതുകൊണ്ടുതന്നെ കല്യാണത്തിനായി ഒന്നും ത്യാഗരാജന്‍ കൊണ്ടുവന്നിരുന്നില്ല. ഒരു രൂപപോലും.
ആമ്പൂരിലെ വെങ്കിടാചലപതി ആലയത്തില്‍ രാവിലെ ആറിനും ഏഴിനുമിടയിലായിരുന്നു വിവാഹമുഹൂര്‍ത്തം. നാദസ്വരവാദ്യങ്ങളുടെ അകമ്പടിയോടെ സ്വര്‍ണാഭരണവിഭൂഷിതയായ ശെല്‍വി വന്നു. ആലയത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് അവര്‍ ഉച്ചത്തില്‍ വിളിച്ചുചോദിച്ചു: 'എവിടെ എന്നെ കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍? എന്റെ മുമ്പില്‍ അയാളെ കൊണ്ടുവരൂ.'
കൊട്ടാരത്തിലെ രാജ്ഞിയുടെ ആജ്ഞപോലെയായിരുന്നു ആ വാക്കുകള്‍. എല്ലാവരും പരിഭ്രമിച്ചു. മാനസികനില തെറ്റിയ ഒരാളെപ്പോലെ ശെല്‍വി വീണ്ടും വീണ്ടും വിളിച്ചുപറഞ്ഞു: 'എവിടെ അയാള്‍..?' 'അന്തസ്സും ആഭിജാത്യവുമുള്ള ഒരു കുടുംബത്തിലേക്കാണോ അഹങ്കാരിയായ ഈ പെണ്ണിനെ കൊണ്ടുപോകുന്നത്?' വിവാഹത്തില്‍ പങ്കുകൊള്ളാനെത്തിയ തലമുതിര്‍ന്നവര്‍ ഒരേസ്വരത്തില്‍ ചോദിച്ചു. പ്രായത്തില്‍ ഏറ്റവും മുതിര്‍ന്നത് ത്യാഗരാജന്റെ ചിന്നമ്മയുടെ അമ്മ പട്ടമ്മയാണ്. അവര്‍ ഉറക്കെപ്പറഞ്ഞു: 'ഈ പെണ്ണിനെ എന്റെ കുട്ടിക്ക് വേണ്ട. ഇവള്‍ വീടും നാടും മുടിക്കും.'
എല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചു. ത്യാഗരാജന്റെ സഹോദരന്‍ ശിക്കാരി രാമചന്ദ്രന്‍ തോക്കുമായി വന്നു. എത്രയും പെട്ടെന്ന് ശെല്‍വിയെ കൊണ്ടുപോയില്ലെങ്കില്‍ അവളെ വെടിവെച്ചുകൊല്ലുമെന്ന് ദേഷ്യത്തോടെ പറഞ്ഞു. അതോടെ എല്ലാവരും അകന്നുമാറി. ശെല്‍വി അപ്പോഴും ഭ്രാന്തിയെപ്പോലെ ആക്രോശിക്കുന്നുണ്ടായിരുന്നു. ശെല്‍വിയുടെ സഹോദരന്മാര്‍ രണ്ടുപേരും ബാലകൃഷ്ണന്‍ മുതലിയാരോട് മാപ്പപേക്ഷിച്ചു. വരന്റെയും വധുവിന്റെയും ആളുകള്‍ തമ്മിലുണ്ടായ സംസാരം ഒടുവില്‍ കയ്യാങ്കളിയുടെ വക്കോളമെത്തി. ബാലകൃഷ്ണന്‍ മുതലിയാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍കൊണ്ട് ആര്‍ക്കും പരിക്കുകളൊന്നുമുണ്ടായില്ല. നാടിന്റെ ഉത്സവമായി മാറുമെന്നു കരുതിയ വിവാഹമുഹൂര്‍ത്തത്തില്‍ പെണ്‍വീട്ടുകാര്‍ വെങ്കിടാചലപതി ആലയത്തിന്റെ പടികളിറങ്ങി. ഹൃദയം ഒരു നിമിഷം നിലച്ചുപോയ അനുഭവമായിരുന്നു ത്യാഗരാജനെ സംബന്ധിച്ച് ആ പടിയിറക്കം. അപ്പോഴും 'എന്നെ കല്യാണം കഴിക്കാന്‍ പോകുന്ന ആളെവിടെ..?' എന്ന ശെല്‍വിയുടെ ശബ്ദം അകലെ നിന്നും കേട്ടുകൊണ്ടിരുന്നു.

മകന്റെ കല്യാണം നടക്കാതെപോയതിലുള്ള വിഷമവും നാണക്കേടും കാരണം ബാലകൃഷ്ണന്‍ മുതലിയാര്‍ പൊട്ടിക്കരഞ്ഞു. ആരൊക്കെയോ ചേര്‍ന്ന് അദ്ദേഹത്തെയും ഭാര്യയെയും വീട്ടിലേക്ക് കൊണ്ടുപോയി. ദിവസവും ഇരുപതു മണിക്കൂറിലേറെ ഷൂട്ടിങ്ങിന്റെ ബഹളങ്ങളില്‍ കഴിയുന്ന ത്യാഗരാജന് വെങ്കിടാചലപതി ആലയത്തില്‍ നടന്നതൊന്നും ഉള്‍ക്കൊള്ളാനായില്ല. സംഭവിച്ചത് സിനിമയോ ജീവിതമോ എന്ന് തിരിച്ചറിയാനാവാതെ പ്രിയപ്പെട്ടവരോടൊപ്പം ത്യാഗരാജന്‍ വീട്ടിലേക്ക് മടങ്ങി. അതിലേറെ അഗ്‌നിപരീക്ഷണങ്ങള്‍ താണ്ടിയ അനുഭവമുള്ളതുകൊണ്ട് ആ വിഷമം മനസ്സില്‍ ഏറെനേരം നീണ്ടുനിന്നില്ല. പക്ഷേ, അച്ഛന്റെ സങ്കടം ത്യാഗരാജനെ വല്ലാതെ ഉലച്ചു. രാത്രി ഷൂട്ടിങ് ഉള്ളതുകൊണ്ട് മദിരാശിയിലേക്ക് പുറപ്പെടേണ്ടത് അനിവാര്യമായിരുന്നു. വരന്റെ വേഷം മാറി മുറിയില്‍നിന്ന് ത്യാഗരാജന്‍ പുറത്തിറങ്ങി. പൂമുഖത്ത് തകര്‍ന്ന മനസ്സുമായി ഇരിക്കുന്ന അച്ഛന്റെ അരികില്‍ ചെന്ന് ഇരുന്നു. 'അച്ഛന്‍ വിഷമിക്കരുത്. ഒരു കല്യാണം മുടങ്ങിയെന്നു കരുതി ജീവിതമില്ലാതാകില്ലല്ലോ. അച്ഛന്‍ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തിക്കോളൂ. കണ്ണോ കൈയോ കാലോ നഷ്ടപ്പെട്ടവളായാലും അച്ഛന്‍ കണ്ടെത്തുന്ന പെണ്ണിനെ ഞാന്‍ കല്യാണം കഴിച്ചോളാം. പക്ഷേ, പണമുള്ള വീട്ടില്‍നിന്നു വേണ്ട. പാവപ്പെട്ട വീട്ടിലെ ഒരു പെണ്ണുമതി.'
ത്യാഗരാജന്റെ വാക്കുകള്‍ അച്ഛന് വലിയ ആശ്വാസമാണ് നല്‍കിയത്. ഒപ്പം ചെറിയൊരു വാശിയും ആ മനസ്സില്‍ മുളപൊട്ടി. ആള്‍ക്കൂട്ടവും ആഘോഷങ്ങളുമൊന്നുമില്ലാതെ മകന്റെ കല്യാണം ഉടനെ നടത്തണം. അന്ന് നട്ടുച്ചയോടെ, നാലുകെട്ടിന്റെ മുന്നില്‍ കെട്ടിയ കൂറ്റന്‍ പന്തല്‍ നാട്ടുകാര്‍ ചേര്‍ന്ന് അഴിക്കുമ്പോള്‍ ബാലകൃഷ്ണന്‍ മുതലിയാരുടെ നിര്‍ദ്ദേശപ്രകാരം നാട്ടിലെ മുഴുവന്‍ വീടുകളിലേക്കും വിവാഹസദ്യ എത്തിക്കൊണ്ടിരിക്കുകയായിരുന്നു. മുറിവേറ്റ മനസ്സുമായി പരുക്കന്‍ പാതകളിലൂടെ തന്റെ ജാവാ ബൈക്കില്‍ മദിരാശിയിലേക്ക് നീങ്ങുകയായിരുന്നു അപ്പോള്‍ ത്യാഗരാജന്‍.
വീട്ടുകാര്‍ക്ക് നല്ല ഭയമുണ്ടായിരുന്നു. മകനെ ഇങ്ങനെ വിട്ടാല്‍ ഒരുപക്ഷേ, അവന്‍ ഇനി കല്യാണമേ കഴിച്ചില്ലെങ്കിലോ? ഒരാഴ്ച കഴിഞ്ഞ് അരുണാചലം സ്റ്റുഡിയോയില്‍ ഷൂട്ടിങ്ങിന്റെ തിരക്കുകളിലായിരുന്ന ത്യാഗരാജനെത്തേടി സഹോദരന്‍ രാമചന്ദ്രനെത്തി. വലിയൊരു സന്തോഷം അറിയിക്കാന്‍ മാത്രമായിരുന്നു ആ വരവ്. 'അച്ഛനും അമ്മയും രാജനുവേണ്ടി ആമ്പൂരില്‍ ഒരു പെണ്‍കുട്ടിയെ കണ്ടുവെച്ചിട്ടുണ്ട്. പാവപ്പെട്ട കുടുംബമാണ്. നിനക്കിഷ്ടപ്പെട്ടാല്‍ നമുക്കത് നടത്താമായിരുന്നു.'
രാമചന്ദ്രന്റെ വാക്കുകള്‍ക്ക് ത്യാഗരാജന്‍ ഇങ്ങനെ മറുപടി നല്‍കി: 'പെണ്ണു കാണാനൊന്നും ഇനിയില്ല. നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഞാന്‍ താലികെട്ടിക്കോളാം.'
കല്യാണക്കുറിയില്ല, വലിയ പന്തലും നാല്‍പ്പതു വിഭവങ്ങളുള്ള സദ്യയുമില്ല. വളരെ വേണ്ടപ്പെട്ട വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രം. ആദ്യവിവാഹദുരന്തത്തിന്റെ പതിനൊന്നാം നാള്‍, കൃത്യമായി പറഞ്ഞാല്‍ 1970 ഏപ്രില്‍ 30. വെങ്കിടാചലപതി ആലയത്തില്‍ വെച്ച് ത്യാഗരാജന്‍ ആ പെണ്‍കുട്ടിയെ ആദ്യമായി കണ്ടു. ആമ്പൂരിലെ കൃഷ്ണസ്വാമിയുടെയും അമരാവതിയുടെയും ഏകമകള്‍ ശാന്തിയെന്ന സരസ്വതിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് ശാന്തി ത്യാഗരാജന്റെ ഭാര്യയാകാന്‍ തയ്യാറാവുകയായിരുന്നു. ശാന്തിയുടെ അച്ഛന്‍ കമ്പൗണ്ടര്‍ കൃഷ്ണസ്വാമി നേരത്തേ മരിച്ചതാണ്. അമ്മയും സഹോദരനുമായിരുന്നു ശാന്തിയുടെ കുടുംബം. അടിമുടി കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം. ആ പ്രാരബ്ധങ്ങളാണ് ഒരു സ്റ്റണ്ടുകാരന് മുന്നിലേക്ക് വധുവായി സുന്ദരിയായ ശാന്തിയെ എത്തിച്ചത്. പക്ഷേ, അവര്‍ക്ക് അതിലൊട്ടും സങ്കടമില്ലായിരുന്നു. ജീവന്‍ പണയപ്പെടുത്തിയാണെങ്കിലും അദ്ധ്വാനിച്ചാണല്ലോ ഭര്‍ത്താവ് ജീവിക്കുന്നതെന്ന ഭയംകലര്‍ന്ന സന്തോഷം ശാന്തിക്കുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ ദിവസവും ജോലിത്തിരക്കുകാരണം ത്യാഗരാജന് വീട്ടില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. ഉച്ചയോടെ ഭക്ഷണം കഴിച്ച് സാഹസികതയുടെ ലോകത്തേക്ക് അയാള്‍ യാത്രതിരിച്ചു. തിരിച്ച് വീട്ടിലെത്തുന്നത് മൂന്നുദിവസം കഴിഞ്ഞാണ്.
ശാന്തിയോടൊപ്പം ഒന്നിച്ചുകഴിയുമ്പോഴും താന്‍ ചെയ്യുന്ന ജോലിയിലെ അപകടത്തെക്കുറിച്ച് ത്യാഗരാജന്‍ ഒരക്ഷരം പറഞ്ഞില്ല. ദേഹം നിറയെയുള്ള വടുക്കള്‍ കണ്ട് ശാന്തി ചോദിച്ചു: 'ഇതെല്ലാം എങ്ങനെ പറ്റിയതാണ്?'
സ്റ്റണ്ടുകാരന്റെ ജീവിതം ഇങ്ങനെയൊക്കെയാണെന്ന് ത്യാഗരാജന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ, എന്തുകൊണ്ടോ അയാള്‍ നിശ്ശബ്ദനായി. എന്നാല്‍ ആ നിശ്ശബ്ദതയില്‍നിന്ന് ശാന്തി എല്ലാം മനസ്സിലാക്കി.
'ആരുടെയെങ്കിലും വീട്ടില്‍ വേല ചെയ്ത് ഞാന്‍ കഞ്ഞിയുണ്ടാക്കിത്തരാം. നിങ്ങളീ അപകടംപിടിച്ച പണിക്ക് ഇനി പോവണ്ട.' പിന്നീടുള്ള പല രാത്രികളിലും ശാന്തി ഇത് പറഞ്ഞുകൊണ്ടിരുന്നു. ഭയപ്പെടേണ്ടെന്ന് ത്യാഗരാജന്‍ അവരെ ആശ്വസിപ്പിച്ചുകൊണ്ടുമിരുന്നു. അതിനപ്പുറം ഒരുപാട് പ്രതീക്ഷകള്‍ ശാന്തിക്ക് നല്‍കിയതുമില്ല. ഷൂട്ടിങ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുമ്പോഴെല്ലാം ത്യാഗരാജന്റെ കൈയിലോ കാലിലോ തലയിലോ എവിടെയെങ്കിലും ഒരു മുറിവുണ്ടായിരിക്കും. സംഘട്ടനത്തിനിടയില്‍ പറ്റിയ പരിക്ക് വീട്ടുകാരെ കാണിക്കാതിരിക്കാന്‍ ശ്രമിക്കും. എന്നാല്‍ ശാന്തി എപ്പോഴും അത് കണ്ടെത്തും. സൈക്കിളില്‍നിന്നു വീണതാണെന്നുള്ള തരത്തില്‍ പല കളവുകളും പറയേണ്ടിവന്നിട്ടുണ്ട്. ശാന്തിക്ക് അതെല്ലാം മനസ്സിലാവും. ഒടുവില്‍ കണ്ണീരോടെ പറയും: 'ഞാന്‍ പറഞ്ഞതല്ലേ, പോവണ്ടായെന്ന്.' ശാന്തിയുടെ അപേക്ഷ കേള്‍ക്കാന്‍ ത്യാഗരാജന് കഴിയുമായിരുന്നില്ല.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമാണ് ശാന്തിയെ മദിരാശിയിലേക്ക് കൊണ്ടുപോകുന്നത്. രാം ലോഡ്ജിലെ ജീവിതം അവസാനിപ്പിക്കാനും വടപളനിയില്‍ വാടകയ്ക്ക് ഒരു വീട് കണ്ടെത്താനുമുള്ള ശ്രമത്തിനൊടുവില്‍ സിനിമയിലൂടെ പരിചയപ്പെട്ട സുഹൃത്ത് ബാലുവിന്റെ വീട് ചെറിയ വാടകയ്ക്ക് ലഭിച്ചത് വലിയൊരനുഗ്രഹമായി. പ്രിയതമയ്ക്ക് ലഭിച്ച പ്രതിഫലംകൊണ്ട് അറ്റ്ലസ് സൈക്കിള്‍ വാങ്ങിയ കാലം മുതല്‍ തുടങ്ങിയതാണ് വടപളനിയില്‍ ത്തന്നെയുള്ള എല്‍സിഡബ്ല്യൂ സൈക്കിള്‍ ഷോപ്പുടമ തഞ്ചാന്‍പിള്ളയുമായുള്ള ബന്ധം. നാട്ടില്‍നിന്ന് ഭാര്യയെ കൂട്ടിക്കൊണ്ടുവരുന്നതും വീട് വാടകയ്ക്കെടുത്തതുമൊക്കെ അദ്ദേഹത്തോട് പറഞ്ഞു. കട്ടിലും കിടക്കയും പാത്രങ്ങളുമൊക്കെ തഞ്ചാന്‍പിള്ള അപ്പോള്‍ത്തന്നെ ത്യാഗരാജന് വാങ്ങിക്കൊടുത്തു. അടുത്ത ദിവസം ശാന്തിയെ കൂട്ടിക്കൊണ്ടുവരാന്‍ ത്യാഗരാജന്‍ നാട്ടിലേക്ക് പോയി.
'സ്റ്റണ്ടെന്നും പറഞ്ഞ് നീ പോയിക്കഴിഞ്ഞാല്‍ പിന്നെ എപ്പോഴാണ് കയറിവരുന്നതെന്ന് പറയാനാവില്ല. അതുവരെ ഈ പെണ്ണ് വീട്ടില്‍ എങ്ങനെ തനിച്ചിരിക്കും?' എന്നായിരുന്നു അമ്മയുടെ ചോദ്യം. ശാന്തിയുമായി മദിരാശിയിലേക്ക് പുറപ്പെടുമ്പോള്‍ ഒപ്പം അമ്മയുമുണ്ടായിരുന്നു.
(തുടരും)
Content Highlights: stunt maestro thyagarajan beingness communicative bhanuprakash memories, tamil movie, enactment choreography
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·