ഈ മാലയിട്ടാൽ ശക്തി കിട്ടുമെന്നൊക്കെയാണ് പലരും പറയുന്നത്, പക്ഷേ സത്യം അതല്ല -ധനുഷ്

4 months ago 5

Dhanush

ഇഡ്ലി കടൈ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ നടനും സംവിധായകനുമായ ധനുഷ് | ഫോട്ടോ: x.com/wunderbarfilms

ടൻ എന്നതിലുപരി ​ഗായകനും ​ഗാനരചയിതാവും നിർമാതാവും സംവിധായകനുമൊക്കെയാണ് ധനുഷ്. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്ലി കടൈയുടെ ഓഡിയോ ലോഞ്ച് ഏതാനും ദിവസങ്ങൾക്കുമുൻപ് നടന്നു. ചടങ്ങിനിടെ ധനുഷ് ധരിച്ച കരുങ്കാളി മാലയേക്കുറിച്ചുള്ള അവതാരകയുടെ ചോദ്യവും അതിന് താരം നൽകിയ മറുപടിയും ശ്രദ്ധയാകർഷിക്കുകയാണ്.

താങ്കൾ ധരിച്ചിരിക്കുന്ന കരുങ്കാളി മാലയേക്കുറിച്ച് പറയാമോ എന്നായിരുന്നു ഓഡിയോ ലോഞ്ചിന്റെ അവതാരകയുടെ ചോദ്യങ്ങളിലൊന്ന്. ഏതുതരം മാലയാണിതെന്ന് അറിയില്ലെന്നായിരുന്നു ധനുഷിന്റെ മറുപടി. പോസിറ്റീവ് എനർജി നൽകുന്നവയാണ് ഇത്തരം മാലകളെന്നാണ് പൊതുവേയുള്ള സംസാരം. യഥാർത്ഥത്തിൽ ഇത് തന്റെ മുത്തച്ഛന്റെ മാലയാണ്. മുത്തശ്ശിയാണിത് തന്നത്. മാല ധരിക്കുമ്പോൾ മുത്തച്ഛന്റെ അനു​ഗ്രഹമുള്ളതുപോലെ തോന്നാറുണ്ടെന്നും ധനുഷ് പറഞ്ഞു.

'സത്യം പറഞ്ഞാൽ ഇത് ഏത് മാലയാണെന്ന് എനിക്കറിയില്ല. ഇത് എന്റെ മുത്തച്ഛന്റെ ഫോട്ടോയിൽ തൂക്കിയിട്ടിരുന്നതാണ്. മുത്തച്ഛൻ ജപിച്ചു കൊണ്ടിരുന്ന മാലയാണിത്. അദ്ദേഹം മരിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ ഫോട്ടോയിൽ തൂക്കിയിട്ടു. ഒരുദിവസം ആ മാല എനിക്ക് തരുമോ എന്ന് ഞാൻ മുത്തശ്ശിയോട് ചോദിച്ചു.

അവർ ഉടനെ ആ ഫോട്ടോയ്ക്ക് മുൻപിൽ പോയി നിന്നുകൊണ്ട് പറഞ്ഞു, നിങ്ങൾക്ക് എത്ര മക്കളുണ്ട്, എന്നാൽ ഇവനാണ് ആ മാല വേണമെന്ന് പറഞ്ഞത് എന്ന്. അങ്ങനെ പറഞ്ഞുകൊണ്ട് മുത്തശ്ശി ആ മാലയെടുത്ത് പ്രാർത്ഥിച്ച് എന്റെ കഴുത്തിലിട്ട് തന്നു. അന്ന് മുതൽ അദ്ദേഹത്തിന്റെ ആശീർവാദം എന്റെ കൂടെയുള്ളതു പോലെ, എനിക്കൊരു രക്ഷാകവചമായി അദ്ദേഹം എന്റെ കൂടെ തന്നെ ഉള്ളതു പോലെ എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാനിത് ധരിക്കുന്നത്.

കുറേ ആളുകൾ പറയും ഈ മാല ധരിച്ചാൽ അത് കിട്ടും ഇത് കിട്ടും പവർ വരുമെന്നൊക്കെ. അങ്ങനെയൊന്നുമില്ല, ഇതെന്റെ മുത്തച്ഛന്റെ മാലയാണ്. അല്ലാതെ മറ്റൊന്നുമില്ല', ധനുഷ് വിശദീകരിച്ചു.

ധനുഷ്, നിത്യാ മേനോൻ, സത്യരാജ്, അരുൺ വിജയ്, സമുദ്രക്കനി, ശാലിനി പാണ്ഡെ, പാർത്ഥിപൻ എന്നിവരാണ് 'ഇഡ്ലി കടൈ'യിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. വണ്ടർബാർ ഫിലിംസും ഡോൺ പിക്‌ചേഴ്‌സും സംയുക്തമായി നിർമ്മിച്ച് റെഡ് ജയന്റ് മൂവീസ് വിതരണം ചെയ്യും. ചിത്രം ഒക്ടോബർ 1-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Content Highlights: Dhanush's Cherished Heirloom: Actor Reveals Sentimental Value of Grandfather's Necklace

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article