നാളെ എം.ബി. ശ്രീനിവാസൻ ജന്മശതാബ്ദി (1925 - 1988)
ശ്രീലങ്കാ പ്രക്ഷേപണ നിലയത്തിൽ നിന്ന് ഒരു വൈകുന്നേരം മനസ്സിൽ കയറിവന്നതാണ് സുന്ദരിയായ ആ യക്ഷി; ചുണ്ടിലൊരു മനം മയക്കുന്ന പാട്ടുമായി: "കൗമാരസ്വപ്നങ്ങൾ പീലിവിടർത്തിയ മാനസതീരങ്ങളിൽ നിറമാർന്ന ചിറകുമായ് മോഹങ്ങളണയും സ്വർഗീയനിമിഷങ്ങളിൽ...."
അതുവരെ കേട്ട സിനിമാ പ്രേതഗാനങ്ങളിൽ നിന്ന് എല്ലാം കൊണ്ടും വേറിട്ടുനിന്ന ഒന്ന്. കേൾവിയിലെ പ്രതിധ്വനിയുടെ എഫക്റ്റാണ് ആദ്യം മനസ്സിൽ തടഞ്ഞത്. ഒന്നല്ല, രണ്ടോ മൂന്നോ എസ് ജാനകിമാർ ചേർന്നാണ് പാടുന്നതെന്ന് തോന്നും. നിഗൂഢതയുടെ പരിവേഷമുള്ള ആലാപനം. റെക്കോർഡിംഗ് സാങ്കേതിക വിദ്യ അധികമൊന്നും പുരോഗമിച്ചിട്ടില്ലാത്ത ആ കാലത്ത് എങ്ങനെ ഇതുപോലൊരു എഫക്ട് പാട്ടിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നോർത്ത് അത്ഭുതപ്പെട്ടിട്ടുണ്ട് .
എം ബി ശ്രീനിവാസൻ എന്ന സംഗീത സംവിധായകന്റെ മാന്ത്രികവിദ്യയായിരുന്നു അതെന്നറിഞ്ഞത് വർഷങ്ങൾക്ക് ശേഷമാണ്. എം ബി എസ്സിലെ ജീനിയസ്സിന്റെ പ്രതിഭാവിലാസത്തിലേക്ക് വെളിച്ചം വീശിയ അറിവ്. "പാട്ടിന്റെ വ്യത്യസ്തതക്ക് വേണ്ടി എം ബി എസ് നടത്തിയ പരീക്ഷണമായിരുന്നു അത്." -- ആരതി എന്ന സിനിമക്ക് വേണ്ടി ആ പാട്ടെഴുതിയ സത്യൻ അന്തിക്കാടിന്റെ ഓർമ്മ. "ജാനകിയമ്മയെക്കൊണ്ട് മൂന്ന് സ്ഥായിയിൽ, മൂന്ന് താളത്തിൽ, മൂന്ന് തവണ പാട്ട് പാടിച്ചു റെക്കോർഡ് ചെയ്തു അദ്ദേഹം. മേമ്പൊടിക്ക് ഒരു ഹമ്മിംഗും. ചെറിയൊരു ഡിലേ കൊടുത്ത് മൂന്ന് വേർഷനും ഒരുമിച്ചു പ്ലേ ചെയ്തപ്പോൾ അത്ഭുതകരമായ എഫക്റ്റ് ആണ് പാട്ടിന് ലഭിച്ചത്. ആ ബുദ്ധിവൈഭവത്തിനു മുന്നിൽ നമിച്ചു പോയി.."
പി ചന്ദ്രകുമാറായിരുന്നു "ആരതി"യുടെ സംവിധായകൻ. പതിവ് ശൈലിയിൽ നിന്ന് വേറിട്ടു നിന്ന സംരംഭമായിരുന്നതു കൊണ്ടാണ് എം ബി എസ്സിനെ പോലൊരാളെ സംഗീതത്തിന്റെ ചുമതല ഏൽപ്പിക്കാൻ ചന്ദ്രകുമാർ തീരുമാനിച്ചത്. വന്നയുടൻ എം ബി എസ് പറഞ്ഞു: "വരികൾ എഴുതിത്തന്നാൽ മതി. ട്യൂണിട്ടുകൊള്ളാം. അതാണെന്റെ രീതി.'' ആദ്യം സത്യൻ എഴുതിക്കൊടുത്തത് "നിറമാർന്ന ചിറകുമായ് മോഹങ്ങളണയും" എന്ന് തുടങ്ങുന്ന വരികൾ. പക്ഷെ പാട്ട് വായിച്ചു കേട്ടപ്പോൾ എം ബി എസ് പറഞ്ഞു: "ഇതിൽ ചരണത്തിന്റെ തുടക്കത്തിലെ രണ്ടു വരികൾ എനിക്ക് പല്ലവിയായി വേണം-- കൗമാര സ്വപ്‌നങ്ങൾ പീലി വിടർത്തിയ മാനസ തീരങ്ങളിൽ... '' സംഗീത സംവിധായകന്റെ നിർദ്ദേശത്തിന് അനുസരിച്ച് പാട്ടിന്റെ വരികളിൽ മാറ്റം വരുത്തേണ്ടി വന്നു സത്യന്.
എന്തുകൊണ്ടാണ് ആ മാറ്റം എന്നതിന് എം ബി എസ് നൽകിയ വിശദീകരണമായിരുന്നു രസകരം: "പല്ലവിയിൽ ധാരാളം ദീർഘങ്ങൾ വേണം എനിക്ക്. എന്റെ ശൈലിക്ക് ഇണങ്ങുന്ന ട്യൂൺ ഉണ്ടാക്കാൻ അത് സഹായിക്കും.'' പിന്നീട് കൗമാരസ്വപ്നങ്ങൾ ഈണമിട്ടു കേട്ടപ്പോഴാണ് ദീർഘങ്ങളോടുള്ള എം ബി എസ്സിന്റെ ആഭിമുഖ്യത്തിന്റെ പൊരുൾ സത്യന് മനസ്സിലായത്. "കൗമാര''ത്തിലെ "കൗമാ"യിൽ നിന്ന് "ര"യിലേക്കുള്ള സഞ്ചാരപഥത്തിൽ എസ് ജാനകിയുടെ ശബ്ദം എത്ര മധുരതരമായാണ് ലയിച്ചുചേരുന്നതെന്ന് ഓർക്കുക.
അങ്ങനെ എത്രയെത്ര പരീക്ഷണങ്ങൾ. ഈ പരീക്ഷണങ്ങൾക്കിടയിലും കവിതയുടെ ആത്മാവിനെ തെല്ലും നോവിച്ചില്ല എം ബി എസ്. ഉള്ളിലൊരു സ്വപ്നജീവിയായ കവി കൂടി ഉണ്ടായിരുന്നതുകൊണ്ടാണതെന്ന് എം ബി എസ്സിനൊപ്പം നിരവധി ക്ലാസ്സിക് ഗാനങ്ങളുടെ സൃഷ്ടിയിൽ പങ്കാളിയായിട്ടുള്ള ഒ എൻ വി പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു വട്ടം കൂടിയെൻ, ചൈത്രം ചായം ചാലിച്ചു, പോക്കുവെയിൽ പൊന്നുരുകി (ചില്ല്), ശരദിന്ദു മലർദീപ നാളം നീട്ടി, നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ, കൃഷ്ണതുളസിക്കതിരുകൾ, എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ (ഉൾക്കടൽ), ചമ്പകപുഷ്പ സുവാസിതയാമം, മിഴികളിൽ നിറകതിരായി (യവനിക), നിറങ്ങൾ തൻ നൃത്തം (പരസ്പരം), പൊന്നരളിപ്പൂവൊന്ന് (കത്തി), നെറ്റിയിൽ പൂവുള്ള (മണിവത്തൂരിലെ ആയിരം ശിവരാത്രികൾ).... ഒ എൻ വി -- എം ബി എസ് സംഗമത്തിന്റെ മാജിക് എന്തെന്നറിയാൻ മറ്റുദാഹരണങ്ങൾ വേണോ?
ചെന്നൈ പാംഗ്രൂ ഹോട്ടലിൽ വെച്ചായിരുന്നു "ഒരു വട്ടം കൂടി" എന്ന പ്രശസ്ത ഗാനത്തിന്റെ കമ്പോസിംഗ്. കവിതയുടെ വരികൾ വായിച്ചുകേട്ട് അർത്ഥം മനസ്സിലാക്കിയപ്പോൾ സംഗീതസംവിധായകൻ ആവേശഭരിതനായി. "ഇത് ഇവിടെ ഈ കുടുസ്സു മുറിക്കുള്ളിൽ വെച്ച് സ്വരപ്പെടുത്തേണ്ട പാട്ടല്ല.''- അദ്ദേഹം പറഞ്ഞു. "വിശാലമായ ആകാശത്തിനു കീഴെ, പ്രകൃതിയുടെ പരിലാളനമേറ്റു വിടരേണ്ട പാട്ടാണ്. നമുക്ക് മറീനാ ബീച്ചിൽ പോകാം.''
എം ബിഎസ്സിന് ഏറ്റവും പ്രിയപ്പെട്ട മേച്ചിൽപ്പുറമാണ് മറീന. അൽപ്പം ലഹരി കൂടി അകത്തുണ്ടെങ്കിൽ പറയുകയും വേണ്ട. പാട്ടിന്റെ വരികൾ വായിച്ചു ഉന്മാദിയെപ്പോലെ നൃത്തം ചെയ്ത എം ബി എസ്സിനെ ഒ എൻ വിയുടെ ഓർമ്മച്ചിത്രങ്ങളിൽ കാണാം. "വെറുതേ മോഹിക്കുവാൻ മോഹം എന്ന ഭാഗമെത്തിയപ്പോൾ എഴുന്നേറ്റു നിന്ന് ബാവുൽ ഗായകൻ പാട്ടിന്റെ അന്ത്യത്തിലെന്ന പോലെ ആനന്ദലഹരി പൂണ്ടൊരു വട്ടം ചുറ്റൽ...ഈ വരികൾ നാളെ തന്നെ ഞാൻ ഈണമിട്ടു കേൾപ്പിക്കും-- തിരിച്ചുപോകും വഴി എന്റെ കൈകൾ കൂട്ടിപ്പിടിച്ച് എം ബി എസ് പറഞ്ഞു.''
ഒ എൻ വി മാത്രമല്ല വയലാറും (ആരെ കാണാൻ അലയുന്നു കണ്ണുകൾ, ചന്ദ്രപ്പളുങ്കു മണിമാല, നളന്ദ തക്ഷശില,), പി ഭാസ്കരനും ( താമരത്തുമ്പീ വാവാ, ചന്ദ്രന്റെ പ്രഭയിൽ, പൊട്ടിക്കാൻ ചെന്നപ്പോൾ) കാവാലവും (കാന്തമൃദുല സ്മേരമധുമയ, തുഷാരമണികൾ ) യൂസഫലി കേച്ചേരിയും ( വിശ്വമഹാക്ഷേത്ര സന്നിധിയിൽ), ശ്രീകുമാരൻ തമ്പിയും (ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ), മുല്ലനേഴിയും (മനസ്സൊരു മാന്ത്രികക്കുതിരയായ്) എം ടി വാസുദേവൻ നായരുമെല്ലാം (ശുഭരാത്രി) എം ബി എസ്സിന് വേണ്ടി മനോഹരമായ ഗാനകവിതകളെഴുതി. ഹൃദയം കൊണ്ട് ആ രചനകളിൽ ഈണം നിറച്ചു എം ബി എസ്. പതിറ്റാണ്ടുകൾക്കിപ്പുറവും ആ ഈണങ്ങൾ മഴയായ് പെയ്തുകൊണ്ടിരിക്കുന്നു മലയാളിയുടെ സംഗീതമനസ്സിൽ.
Content Highlights: M.B. Srinivasan: A Centenary Tribute to the Maestro's Musical Genius





English (US) ·