01 April 2025, 05:30 PM IST

എമ്പുരാൻ പോസ്റ്റർ, സന്ദീപ് വാര്യർ | ഫോട്ടോ: Facebook, അരുൺ കൃഷ്ണൻകുട്ടി | മാതൃഭൂമി
എമ്പുരാൻ സിനിമയ്ക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കേരളത്തിൽനിന്നുണ്ടായ വലിയ സിനിമയെ തകർക്കാൻ ആഗ്രഹിക്കുന്ന ഉത്തരേന്ത്യൻ ലോബിക്ക് ചൂട്ടുപിടിക്കുകയാണ് കേരളത്തിലെ ബിജെപിയെന്ന് അദ്ദേഹം ആരോപിച്ചു. സംഘപരിവാർ അസഹിഷ്ണുതക്കെതിരായി മലയാളികളുടെ പൊതുമനസാക്ഷി ഉണരണം. ജാതിമത രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി മലയാളികൾ ഒത്തൊരുമിച്ച് ബിജെപിയുടെ മലയാള വിരുദ്ധ രാഷ്ട്രീയത്തിനെതിരായി ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എമ്പുരാൻ സിനിമ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി തന്നെ ഹൈക്കോടതിയിൽ പോയിരിക്കുന്നു. ഒരു വശത്ത് സിനിമയ്ക്കെതിരായി തങ്ങൾ യാതൊന്നും ചെയ്യുന്നില്ല എന്നു പറയുകയും മറുവശത്ത് ആ സിനിമയെ ഇല്ലാതാക്കാൻ വേണ്ടി ഏതറ്റം വരെയും പോവുകയും ചെയ്യുന്ന നെറികെട്ട രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നത്. കേരളത്തിൽ നിന്ന് ഒരു വലിയ സിനിമ ഉണ്ടായപ്പോൾ അതിനെ തകർക്കാനും നശിപ്പിക്കാനും ഉത്തരേന്ത്യൻ ലോബിക്ക് ആഗ്രഹമുണ്ടായിരിക്കാം. അതിനു ചൂട്ടുപിടിക്കുകയാണ് കേരളത്തിലെ ബിജെപി.
ഇത് കേരളത്തിനെതിരായ, മലയാളികൾക്കെതിരായ വിദ്വേഷരാഷ്ട്രീയക്കാരുടെ യുദ്ധപ്രഖ്യാപനമാണ്. മലയാളത്തിൻ്റെ മഹാനടൻ ഖേദപ്രകടനം നടത്തിയിട്ടും വിടാതെ പിന്തുടർന്നു വേട്ടയാടുന്ന സംഘപരിവാർ അസഹിഷ്ണുതക്കെതിരായി മലയാളികളുടെ പൊതു:മനസാക്ഷി ഉണരണം. നമുക്കൊരുമിച്ച് സംഘപരിവാർ വിതയ്ക്കുന്ന ഈ വിദ്വേഷരാഷ്ട്രീയത്തെ എതിർത്തേ മതിയാകൂ. ഇന്ന് മോഹൻലാൽ ആണെങ്കിൽ , പൃഥ്വിരാജ് ആണെങ്കിൽ നാളെ നമ്മൾ മലയാളികൾ ഓരോരുത്തരും ഇവരുടെ അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ ഇരകളായി മാറും.
ജാതിമത രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി നാം മലയാളികൾ ഒത്തൊരുമിച്ച് ബിജെപിയുടെ മലയാള വിരുദ്ധ രാഷ്ട്രീയത്തിനെതിരായി ഒരുമിച്ച് നിൽക്കണം.. എതിർത്ത് തോൽപ്പിക്കണം. കേരളത്തിൻ്റെ സെക്യുലർ ഫാബ്രിക്കിനെ എഡിറ്റ് ചെയ്യാൻ സംഘപരിവാറിനെ അനുവദിക്കരുത്. Kerala vs Sanghparivar, നമുക്ക് ജയിക്കേണ്ടതുണ്ട്.
Content Highlights: Congress person Sandeep Varier criticizes BJP`s run against the Malayalam movie `Empuraan`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·