മലയാളത്തിലിറങ്ങി പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടിയ 'മാര്‍ക്കോ'യ്ക്ക് രണ്ടാംഭാഗമുണ്ടാവില്ലെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. 'മാര്‍ക്കോ'യ്ക്ക് ചുറ്റം വലിയ നെഗറ്റിവിറ്റിയാണെന്നും അതിനേക്കാള്‍ മികച്ചതും വലുതുമായ സിനിമയുമായി തിരിച്ചെത്താന്‍ ശ്രമിക്കാമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. എന്നാല്‍, 'മാര്‍ക്കോ' സീരീസ് പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് പറയുകയാണ് നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. സാമൂഹികമാധ്യമത്തില്‍ ആരാധകന്റെ കമന്റിന് മറുപടിയായാണ് കമ്പനിയുടെ പ്രതികരണം.
'മാര്‍ക്കോ 2 ഇറക്കി വിട് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. പറ്റൂല്ലെങ്കി റൈറ്റ്‌സ് വാങ്ങിച്ച് വേറെ പ്രൊഡക്ഷന്‍ ടീമിനെ വെച്ചുചെയ്യൂ. നല്ല പടമാണ് മാര്‍ക്കോ. അതിന്റെ രണ്ടാംഭാഗം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാവും', എന്നായിരുന്നു ആരാധകന്റെ കമന്റ്.
'മാര്‍ക്കോയ്ക്ക് നിങ്ങള്‍ നല്‍കിയ അളവറ്റ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. മാര്‍ക്കോ സീരീസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിനാണ് മാര്‍ക്കോയുടെ പൂര്‍ണ്ണ അവകാശം. മാര്‍ക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ഈ ഫ്രാഞ്ചൈസിയുടെ അവകാശങ്ങള്‍ കൈമാറ്റംചെയ്യാനോ പങ്കുവെക്കാനോ ഞങ്ങള്‍ തയ്യാറല്ല', എന്നായിരുന്നു ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ മറുപടി.
നേരത്തെ, ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ഹിന്ദി ആരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് മാര്‍ക്കോയ്ക്ക് രണ്ടാംഭാഗമുണ്ടാവില്ലെന്ന് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയത്. മാര്‍ക്കോ 2 എന്നുവരും എന്ന ചോദ്യത്തിന്, മാര്‍ക്കോ സീരീസുമായി മുന്നോട്ടുപോകാനുള്ള പദ്ധതി ഉപേക്ഷിച്ചിരിക്കുന്നുവെന്നാണ് ഉണ്ണി മറുപടി നല്‍കിയത്.
'പ്രൊജക്റ്റിനെ ചുറ്റി വളരെയധികം നെഗറ്റിവിറ്റി ഉണ്ട്. മാര്‍ക്കോയെക്കാള്‍ വലുതും മികച്ചതുമായ എന്തെങ്കിലും കൊണ്ടുവരാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. എല്ലാ സ്നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി', എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ കമന്റ്.
Content Highlights: Unni Mukundan denied Marco 2, but Cubes Entertainment confirms discussions are ongoing
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·