'ഉമിത്തീപോലെ അതു മനസ്സില്‍ കിടന്നു നീറി', മുഹമ്മദ്കുട്ടിയിൽ നിന്ന് മമ്മൂട്ടിയിലേക്കുള്ള ദൂരം

4 months ago 6

'When you privation thing each the beingness conspires successful helping you to execute it'. പൗലോ കൊയ്‌ലോ തന്റെ ആല്‍ക്കെമിസ്റ്റ് എന്ന നോവലിലൂടെ ലോകത്തിനു മുന്നിലേക്ക് ഇട്ടുകൊടുത്ത ഈ ആശയം, വലിയൊരു സന്ദേശമാണ് മാലോകരോട് പങ്കുവെക്കുന്നത്. അതായത്, നാം ഒരു കാര്യം ആത്മാര്‍ഥമായി ആഗ്രഹിച്ച് അതിനുവേണ്ടി മുന്നിട്ടിറങ്ങിയാൽ പിന്നീട് ലോകമൊന്നാകെ നമ്മുടെ കൂടെ അതിനായി ഒപ്പം വരും.

പാണപറമ്പിൽ മുഹമ്മദ് കുട്ടി എന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിക്ക് ഒരു പോപ്പുലർ താരരാജാവ് എന്നതിനപ്പുറം മലയാളിയുടെ സാമൂഹ്യ ജീവിതത്തിൽ ഏറെ പ്രസക്തി കൈവരുന്നതും പൗലോ കൊയ്ലോയെ പോലെ പല മഹാന്മാരും പറഞ്ഞ ഈ തത്വം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കാണിച്ചുകൊടുത്തുവെന്നുള്ളതുകൊണ്ടു കൂടിയാണ്.

ഏഴര പതിറ്റാണ്ടിലേക്കെത്തുന്ന മമ്മൂട്ടിയുടെ ജീവിതയാത്രയില്‍ അരനൂറ്റാണ്ട് കാലവും അദ്ദേഹത്തിൻ്റെ പ്രവർത്തനം, തന്റെ Passion ആയ സിനിമയിൽ തന്റേതായ ഒരു ലോകം സൃഷ്ടിക്കുകയെന്നുള്ളതു തന്നെയായിരുന്നു. സ്‌കൂള്‍ പഠനകാലത്തുതന്നെ, വരുംകാലത്തെ മമ്മൂട്ടി എന്ന താരത്തെ സ്വപ്നം കണ്ട പാണപറമ്പില്‍ മുഹമ്മദ്കുട്ടി തന്റെ സ്വപ്നത്തെ ഇന്നൊരു യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ട്. പക്ഷേ അതോടൊപ്പം അത് വര്‍ത്തമാനത്തിലും ഭാവിയിലും കടന്നു വരാനുള്ള പുതുതലമുറക്കും പ്രചോദനമായിട്ടുള്ള ഒരു പാഠപുസ്തകം കൂടിയായി മാറിയെന്നുള്ളതാണ് അദ്ദേഹം ലോകത്തിനുനല്കുന്ന സംഭാവന.

ചെമ്പ് സെന്റ്‌തോമസ് എല്‍.പി. സ്‌കൂളില്‍ പഠനം തുടങ്ങിയ കാലത്തുതന്നെ സിനിമ തന്റെ വഴിയാണെന്ന് മമ്മൂട്ടി തിരിച്ചറിയുകയും അതിലേക്കുള്ള പ്രയാണം തുടങ്ങിയിട്ടുമുണ്ട്. മമ്മൂട്ടിയുടെ ആത്മകഥയായ ചമയങ്ങളില്‍ മമ്മൂട്ടി തന്നെ ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: എന്നാണ് സിനിമയിലഭിനയിക്കാനുള്ള മോഹം എന്റെ മനസ്സിലേക്ക് ഓടിക്കയറിയതെന്ന് എനിക്കോര്‍മയില്ല. ആദ്യമായി സിനിമ കണ്ട നിമിഷത്തില്‍ തന്നെയായിരിക്കണം ആ മോഹം മനസ്സിലെത്തിയത്. വെറും മോഹമല്ല. ഭാവിയിലൊരു വലിയ സിനിമാനടനാകുമെന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു സിനിമാനടനാകണമെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു.
അതെ, ഡോ. എ.പി.ജെ അബ്ദുള്‍ കലാം പറഞ്ഞതുപോലെ പരിധികളില്ലാതെ സ്വപ്നം കണ്ട ഒരു ബാല്യത്തില്‍ നിന്ന് തുടങ്ങിയ കഠിനാദ്ധ്വാനം തന്നെയാണ്, ഇന്ന് ലോകമെങ്ങുമുള്ള മലയാളികള്‍ തങ്ങളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായി കരുതുന്ന മമ്മൂട്ടിയുടെ ഈ ഉയര്‍ച്ചയുടെ പിന്നിലെയും പ്രധാന ചാലക ശക്തി.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, മുന്‍പേ അതിയായ ആഗ്രഹമുണ്ടെങ്കിലും ആദ്യമായി മമ്മൂട്ടി സ്റ്റേജില്‍ കയറുന്നത്. സ്‌കൂള്‍ ആനിവേഴ്‌സറിക്കായിരുന്നു അത്. ഒന്ന് ഒരു ടാബ്‌ളോ, മറ്റൊന്ന് ഒരു നിഴല്‍ നാടകമായിരുന്നു. ഇന്ത്യാ-ചൈനാ യുദ്ധം നടക്കുന്ന സമയമായതിനാല്‍ മൂന്ന് പട്ടാളക്കാര്‍ യുദ്ധത്തിലുള്ള രംഗമായിരുന്നു ടാബ്‌ളോയില്‍. എന്നാല്‍ പരിപാടിയില്‍ ഇടേണ്ട പട്ടാളക്കാരുടെ വസ്ത്രങ്ങള്‍ മമ്മൂട്ടിക്ക് മാത്രം കിട്ടിയില്ല. അങ്ങനെ താന്‍ കണ്ട സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചവിട്ടുപടി തന്നെ കയറാന്‍ കഴിയില്ലെന്നു മമ്മൂട്ടി തീരുമാനിച്ചു. എങ്കിലും മനസ്സുനിറയെ പ്രാര്‍ഥനയായിരുന്നു. ഒരു കുട്ടിക്ക് അതല്ലേ പറ്റൂ. പരിപാടിയുടെ ദിവസം ഉച്ചക്ക് രണ്ടരമണി കഴിഞ്ഞപ്പോള്‍, അതാ ഒരു പൊതിയുമായി ബാപ്പ വരുന്നു. പട്ടാളക്കാരുടെ കാക്കി വസ്ത്രങ്ങളായിരുന്നത്! സ്‌കൂള്‍ ആനിവേഴ്‌സറിയില്‍ തന്നെ, വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയെ അവലംബിച്ചുള്ള ഒരു നിഴല്‍ നാടകത്തിലും ആദ്യമായി മമ്മൂട്ടി വേഷം കെട്ടി, അതും ഒരു സ്ത്രീ വേഷം!

മനസ്സില്‍ അഭിനയം ഒരു വലിയ ലക്ഷ്യമായെങ്കിലും പിന്നീട് മമ്മൂട്ടിക്ക് ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുവാന്‍ അവസരം ലഭിക്കുന്നത്. സ്‌കൂള്‍ യൂത്ത് .ഫെസ്റ്റിവലിലെ നാടകത്തില്‍ അഭിനയിക്കുവാനാണ് സഹപാഠി അശോക് കുമാറിന്റെ അടുത്ത് പോയി അവസരം ചോദിച്ചത്. അശോക് കുമാര്‍ സമ്മതിച്ചു. പക്ഷേ ഒരു കണ്ടീഷനുണ്ടായിരുന്നു. മേക്കപ്പ് സാധനങ്ങള്‍ വാങ്ങുവാന്‍ അമ്പത് പൈസ കൊടുക്കണം. മമ്മൂട്ടി വീട്ടില്‍ ഉമ്മയോട് പറഞ്ഞു. ഉമ്മ ബാപ്പയോട് ചോദിക്കാന്‍ പറഞ്ഞു. ബാപ്പയോട് പൈസ ചോദിക്കാന്‍ മമ്മൂട്ടിക്ക് മടി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഉമ്മ പറഞ്ഞിട്ട് തന്നെ ബാപ്പ വിവരം അറിഞ്ഞു. അപ്പോള്‍ തന്നെ അമ്പതുപൈസ കൊടുത്തു. ഉടനെ മമ്മൂട്ടി വേഗം സ്‌കൂളിലേക്ക് പോയി. ഞാന്‍ ഒരു നാടകനടനാകുന്നുവെന്ന സന്തോഷമായിരുന്നു മമ്മൂട്ടിയുടെ മനസ്സ് നിറയെ. സ്‌കൂളിലെത്തി അശോക് കുമാറിനെ കണ്ടു. പക്ഷേ മമ്മൂട്ടിയുടെ എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്നതായിരുന്നു അശോക് കുമാറിന്റെ മറുപടി.

'ആളു തികഞ്ഞു. ഇനി രക്ഷയില്ല' മമ്മൂട്ടിയെ മാസങ്ങളോളം നിരാശനാക്കിയ ഒരു സംഭവമായിരുന്നു ഇത്. മമ്മൂട്ടി തന്നെ ഇതിനെക്കുറിച്ച് പറഞ്ഞത്: 'ഉമിത്തീപോലെ അതു മനസ്സില്‍ കിടന്നു നീറി' എന്നായിരുന്നു. എന്നാല്‍ ജീവിതത്തില്‍ വന്‍ വിജയങ്ങളെല്ലാം കീഴടക്കിയ മഹാരഥന്മാരെപോലെ, മമ്മൂട്ടിയും ഇതോടെ തന്റെ സ്വപ്നങ്ങളെല്ലാം അടക്കി കെട്ടി അടങ്ങിയിരിക്കുകയായിരുന്നില്ല. പക്ഷേ പിന്നീടും അഭിനയത്തിനും കലാപരിപാടികള്‍ അവതരിപ്പിക്കുവാനും അവസരങ്ങള്‍ ലഭിക്കാതായതോടെ, എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചു മമ്മൂട്ടി. ഒരുപാട് കഥകളെഴുതി. എന്നാല്‍ ആ കഥകളൊന്നും തന്നെ മമ്മൂട്ടിയല്ലാതെ മറ്റൊരാളും വായിച്ചിരുന്നില്ല! പിന്നീട് വലിയ നടനായി മാറിയപ്പോള്‍ കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യരചനാ ക്യാമ്പിൽ താന്‍ എഴുതിയ ഏഴോളം ചെറുകഥകളുമായി മമ്മൂട്ടി വന്നിട്ടുണ്ടത്രേ!. സ്കൂൾ പഠനം കഴിഞ്ഞപ്പോഴും മമ്മൂട്ടിയുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത് സിനിമയായിരുന്നു. മുന്നൂറ്റി രണ്ട് മാര്‍ക്കോടെ എസ്.എസ്.എല്‍.സി പാസായ മമ്മൂട്ടിക്ക് തേവര എസ്.എച്ച് കോളേജില്‍ പ്രീഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടി. അഭിനയം പഠിക്കണമെങ്കില്‍, സിനിമ കാണണം. അപ്പോള്‍ അതിന് വേണ്ടിയുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. എന്തും സഹിക്കുവാനും കഠിനാദ്ധ്വാനം ചെയ്യുവാനും തയ്യാറായി നിന്ന മമ്മൂട്ടി കണ്ടെത്തിയ മാര്‍ഗം ഇതായിരുന്നു, ദിവസവും കോളേജിലേക്കുള്ള വണ്ടിക്കൂലിക്കായി ബാപ്പ നല്‍കുന്ന മൂന്നുരൂപയില്‍ നിന്ന് മിച്ചം പിടിക്കുകയെന്നതായിരുന്നത്. ചിലവ് എണ്‍പത്തിരണ്ടു പൈസയിലൊതുക്കും. അതില്‍ നിന്ന് മിച്ചം പിടിച്ചുള്ള പൈസ കൊണ്ട് ഒന്നിടവിട്ട ദിവസങ്ങളില്‍ സിനിമ കാണുവാന്‍ പോകും!

കഠിനാദ്ധ്വാനത്തിന്റെയും ഇങ്ങനെ സ്ഥിരോത്സാഹത്തിന്റെയും അനേകം കടമ്പകള്‍ കടന്നിട്ടാണ് മുഹമ്മദ് കുട്ടി എന്ന ചെറുപ്പക്കാരന്‍ ഇന്ന് കാണുന്ന മമ്മൂട്ടി എന്ന ഇന്ത്യന്‍ സിനിമാലോകം ആദരവോടെ കാണുന്ന അഭിനയ പ്രതിഭയിലെത്തിയത് എന്നതാണ് എഴുപത്തിനാലിലേക്ക് അദ്ദേഹം നടന്നടുക്കുമ്പോൾ ചുറ്റുപാടിനും ഈ വ്യക്തിത്വം നല്കുന്ന സന്ദേശം.

കളിയൂഞ്ഞാൽ, അയ്യർ ദ ഗ്രേറ്റ് എന്നീ ചിത്രങ്ങളിൽ നിന്ന്| ഫോട്ടോ: mathrubhumi

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ അഭിനയത്തിന്റെ ലോകത്ത് തന്റേതായ അധ്യായം എഴുതിചേര്‍ത്ത മമ്മൂട്ടിയുടെ ജീവിതയാത്രയില്‍ അഭിനയിക്കാനൊരവസരം പോലും കിട്ടാതെ ഇദ്ദേഹം സങ്കടപ്പെട്ട കാലവുമുണ്ടായിരുന്നു. മമ്മൂട്ടി തന്നെ ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്- 'എന്റെ സഹപാഠിയായ ജയിംസ്, സി.കെ മറ്റം എന്നിവരൊക്കെയായിരുന്നു അന്ന് നാടകത്തിലെ പ്രധാന നടന്മാര്‍. അവരൊക്കെ അഭിനയിച്ചു കയ്യടി വാങ്ങുമ്പോള്‍ എനിക്കൊരവസരം കിട്ടിയില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ഏറെ സങ്കടപ്പെട്ടിട്ടുണ്ട്!

അതെ, ഈ സങ്കടം തന്നെയാണ് മമ്മൂട്ടി എന്ന നടനിലേക്കുള്ള പരിവര്‍ത്തനത്തില്‍ അദ്ദേഹത്തിന് തീക്കനലായി മാറിയതും. അഭിനയം, സിനിമ എന്നിവയുമായി ബന്ധപ്പെട്ട എന്തിനോടും അടങ്ങാത്ത ഒരഭിനിവേശം ആദ്യകാലം മുതല്‍ സിനിമാലോകത്തെ മെഗാസ്റ്റാറിനുണ്ടായിരുന്നു. അത് ഈ വര്‍ത്തമാനക്കാലത്തും അദ്ദേഹം സൂക്ഷിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെയാണ് സിനിമയെക്കുറിച്ച് ഇറങ്ങുന്ന എല്ലാ പ്രസിദ്ധീകരണങ്ങളുടെയും സ്ഥിരം വായനക്കാരനായി ചെറുപ്പത്തിലെ തന്നെ മമ്മൂട്ടി മാറിയതും. അത്തരമൊരു വായനയില്‍ നിന്നാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചലച്ചിത്രത്തില്‍ പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം മമ്മൂട്ടിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ കോട്ടയം ടി.ബിയില്‍ വെച്ച് പുതുമുഖങ്ങളെ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ടായിരുന്നു. കോട്ടയത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യുവാനാണെന്ന് പറഞ്ഞ്, ബാപ്പയില്‍ നിന്ന് പൈസയും വാങ്ങി സേതുമാധവനെ കാണുവാനായി കോട്ടയത്തേക്ക് പോയി. ആ യാത്രയിലും മമ്മൂട്ടി സ്വപ്നം കണ്ടത്, സിനിമയെക്കുറിച്ച് തന്നെയായിരുന്നു. തിരക്കുള്ള ഒരു സിനിമാനടനാകുക. ആര്‍ഭാടത്തിനും ആരാധനയ്ക്കും നടുവില്‍ രാജകുമാരനെപ്പോലെ ജീവിക്കുക എന്നതായിരുന്നു ആ സ്വപ്നം! സംവിധായകനെ കണ്ടു. ചേര്‍ത്തലയില്‍ വെച്ചാണ് ഷൂട്ടിങ്. അവിടെ വന്നാല്‍ എന്തെങ്കിലും അവസരം തരാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് വീട്ടില്‍ കള്ളം പറഞ്ഞിട്ട് ഷൂട്ടിംഗ് സ്ഥലത്തെത്തിയ മമ്മൂട്ടി ഇടവേളയില്‍ സംവിധായകനെ കണ്ടു. മമ്മൂട്ടി തന്നെ അതിങ്ങനെയാണ് പറയുന്നത്. 'സാര്‍... ഞാന്‍ കഴിഞ്ഞ ദിവസം കോട്ടയത്തു വന്നിരുന്നു...' എന്ന അദ്ദേഹം അടിമുടി നോക്കി.

'കൊള്ളാം... പക്ഷേ നിങ്ങള്‍ക്ക് ശരീരം പോര, നിരാശപ്പെടാനില്ല... പ്രായം ഇത്രയല്ലേ ആയുള്ളൂ. എന്തായാലും കുറെ നേരം വെയ്റ്റു ചെയ്യൂ...
അന്ന് സന്ധ്യ വരെ അവിടെ നിന്നെങ്കിലും അവസരം ലഭിച്ചില്ല. രാത്രി വയലാറിലെ ബന്ധുവീട്ടില്‍ പോയി കിടന്നു. പിറ്റേന്ന് പുലര്‍ച്ചെ വീണ്ടും ലൊക്കേഷനിലെത്തി. രണ്ടാം ദിവസം ഉച്ചക്കുശേഷം സംവിധായകന്‍ വിളിച്ചു. രണ്ടു ചെറിയ ഷോട്ടുകളില്‍ അഭിനയിക്കണം. ഞാന്‍ മുണ്ട് അലക്ഷ്യമായി കുത്തി. ഷര്‍ട്ടിന്റെ കൈ മുകളിലേക്ക് തെറുത്തു. അഭിനയിക്കാന്‍ തയ്യാറായി. ആദ്യ റിഹേഴ്‌സല്‍. കണ്ണ് ഇറുകെപ്പൂട്ടി വായ് പൊളിച്ചുകൊണ്ടാണ് ഞാന്‍ ക്യാമറക്ക് മുന്നിലേക്ക് ഓടി വന്നത്. കാരണം റിഫ്‌ളക്ടറിന്റെ ചൂടും വെളിച്ചവും കാരണം എനിക്ക് കണ്ണു തുറക്കാനായില്ല.
അയ്യേ... നിങ്ങളെന്തിനാ വാ പൊളിക്കുകയും കണ്ണടക്കുകയും ചെയ്യുന്നത്. ശരിക്ക് ഓടി വരൂ സംവിധായകന്‍ നിര്‍ദ്ദേശിച്ചു. രണ്ടു റിഹേഴ്‌സലായി. പക്ഷേ എന്റെ

പ്രകടനം ശരിയാകുന്നില്ല. ഒരു കാര്യം ചെയ്യൂ... നിങ്ങളങ്ങോട്ട് മാറി നില്‍ക്കൂ... മറ്റാരെയെങ്കിലും നോക്കാം. സേതുമാധവന്‍ സാറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാ പ്രതീക്ഷകളും പൊലിഞ്ഞു. പൊട്ടിക്കരഞ്ഞു പോകും എന്ന നിലയില്‍ 'സര്‍... ഒരു പ്രാവശ്യം കൂടി ഞാന്‍ ശ്രമിക്കാം...' അങ്ങനെ ഒരുവിധത്തില്‍ ആ ഷോട്ടെടുത്തു. സെറ്റില്‍ പോലും ആരോടും മിണ്ടാതെ ഉടനെ അവിടെ നിന്നു മുങ്ങി. ആദ്യ ഷോട്ട് ശരിയാകാത്ത ആ നടന്‍ തന്നെയാണ് താന്‍ പറയുന്ന രീതിയിലേക്ക് ഷോട്ട് മാറ്റിപ്പിക്കുവാന്‍ പോലും സെറ്റില്‍ അധികാരമുള്ള ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ഒരു താര നക്ഷത്രമായി മാറിയത്.
പൊതുസമൂഹത്തിന് പഠിക്കുവാനുള്ള വലിയ സന്ദേശമാണിതിലുള്ളത്. ചെറിയ ചെറിയ വീഴ്ചകള്‍ക്ക് മുന്നില്‍ പതറി നമ്മുടെ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നിന്ന് പിന്‍വലിയാതിരിക്കുകയെന്ന വലിയ സന്ദേശമാണത്.

ജീവിതത്തിലുടനീളം മമ്മൂട്ടി സ്വന്തം ലക്ഷ്യമായി കണ്ടിരുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നതിങ്ങനെയാണ്; അഭിനയത്തോടുള്ള ആവേശം ഒരിക്കലും എനിക്ക് കുറഞ്ഞിട്ടില്ല. അത് ഓരോ വർഷം കഴിയുമ്പോഴും കൂടുതല്‍ രൂക്ഷമാകുന്നതേയുള്ളൂ. അഭിനയിക്കുകയും അറിയപ്പെടുകയുമാണ് ജീവിതത്തിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ ഇതിനായി മമ്മൂട്ടി നടത്തിയ ശ്രമങ്ങളെല്ലാം പല കാരണങ്ങളാലും ലക്ഷ്യത്തിലെത്താതെ പോകുകയായിരുന്നു. പി.എന്‍ മേനോനടക്കമുള്ള സംവിധായകര്‍ക്ക് തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെച്ച് അഭിനയിക്കുവാന്‍ അവസരം ചോദിച്ച് കത്തയച്ചിട്ട്, അതിന്റെ മറുപടിയും പ്രതീക്ഷിച്ച് മാസങ്ങളോളം കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന വ്യക്തിയായിരുന്നു ഇന്നത്തെ ഈ മെഗാസ്റ്റാര്‍ എന്നതാണ് നമ്മുടെ പുതുതലമുറക്ക് പാഠമാകേണ്ട മമ്മൂട്ടിയുടെ ജീവിതത്തില്‍ നിന്നുള്ള വലിയ സന്ദേശങ്ങളിലൊന്ന്.

പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്റര്‍വ്യൂ കാര്‍ഡടക്കം വന്നെങ്കിലും ബാപ്പയെയും ഉമ്മയെയും വിട്ട് മൂന്നുവര്‍ഷത്തോളം അനേകം കിലോമീറ്ററുകള്‍ വിട്ടു നില്‍ക്കുന്നതാലോചിച്ചപ്പോള്‍ പൂനെയിലെ പഠനമെന്ന മോഹം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് മദ്രാസ് അഡയാർ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുവാന്‍ നോക്കിയെങ്കിലും അതിനും കഴിഞ്ഞില്ല. ഇങ്ങനെ ഔപചാരികമായി അഭിനയം പഠിക്കുവാന്‍ കഴിയാതെ, തന്റെ വലിയ നടനാകുകയെന്ന ലക്ഷ്യം, ഒരു സ്വപ്നം മാത്രമായി ഒതുങ്ങരുതെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തന നിരതനായ മമ്മൂട്ടിയെക്കുറിച്ച് ഇപ്പോള്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെല്ലാം ഇദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് പാഠ്യപദ്ധതിയുടെ ഭാഗമായി ചര്‍ച്ച ചെയ്യുന്ന ഒരവസ്ഥയിലേക്ക് തനിക്ക് ചുറ്റുമുള്ള ലോകത്തെ എത്തിക്കുന്നതിലാണ് ഇദ്ദേഹം വിജയം കൈവരിച്ചത്.

യൂട്യൂബിലും വ്‌ളോഗര്‍മാരും പറയുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആഢംബര കാറുകളും വാച്ചും ഷൂവിനെക്കുറിച്ചുമെല്ലാം കഥകള്‍ക്കപ്പുറം, പണത്തിന്റെ, വിശപ്പിന്റെ വിലയറിഞ്ഞ ഒരു മമ്മൂട്ടിയുണ്ടായിരുന്നു. പത്ത് നാല്‍പതു കൊല്ലം മുന്‍പ്, ജീവിതമൊരു പോരാട്ടമാണെന്ന് തിരിച്ചറിഞ്ഞ് അന്ന് മമ്മൂട്ടി നടത്തിയ പ്രയത്‌നങ്ങളുടെ അത്യന്തിക ഫലമാണ് ഇന്നത്തെ ഈ മെഗാസ്റ്റാര്‍ പി.എ മുഹമ്മദ് കുട്ടി അല്ലാത്ത മമ്മൂട്ടി. വക്കീലായി മഞ്ചേരിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ആ കാലത്തെക്കുറിച്ച് മമ്മൂട്ടി തന്നെ പറയുന്നതിലൂടെ സഞ്ചരിക്കുമ്പോഴായിരിക്കും ഈ വ്യക്തിത്വത്തിന്റെ മറ്റൊരു മുഖം നമുക്ക് കൂടുതല്‍ തിരിച്ചറിയുവാന്‍ സാധിക്കുക. മമ്മൂട്ടി തന്നെ ആ കഷ്ടപ്പെടലിന്റെ കാലത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: 'ദിവസവും വണ്ടിക്കൂലിക്ക് തന്നെ ഒരു രൂപ നാല്‍പതു പൈസ വേണം. പിന്നെ ഭക്ഷണം, സിഗരറ്റുവലി, ഇടയ്ക്ക് സിനിമ കാണണം. ആകെ ബുദ്ധിമുട്ടായി. ആയിടക്ക് ഞങ്ങള്‍ മുറിയില്‍ കഞ്ഞിവെച്ചു കുടിക്കാന്‍ തീരുമാനിച്ചു. നാലുനേരവും ഹോട്ടലില്‍ നിന്ന് കഴിക്കുവാന്‍ പാങ്ങില്ല. ചിലവ് ചുരുക്കാന്‍ തീരുമാനിച്ചു. രാവിലെയും വൈകുന്നേരവും മുറിയില്‍ തന്നെ കഞ്ഞിവെച്ചു കുടിക്കാനായിരുന്നു പ്ലാന്‍. അങ്ങനെ ഒരു സ്റ്റൗ വാങ്ങി. മണ്ണെണ്ണയും പാത്രങ്ങളും മറ്റും വാങ്ങി. രാവിലെ എഴുന്നേറ്റ് പാചകം തുടങ്ങി. കഞ്ഞിയും പയറും അതു കഴിച്ചിട്ടാണ് മഞ്ചേരി കോടതിയില്‍ പോകുന്നത്. ഉച്ചക്ക് മഞ്ചേരിയില്‍ ഏതെങ്കിലും ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കും. വൈകുന്നേരം മുറിയിലെത്തി വീണ്ടും കഞ്ഞിവെക്കും. ഇടയ്ക്ക് ഏതെങ്കിലും ഹോട്ടലില്‍ നിന്നും മീന്‍ വറുത്തതോ മറ്റോ വാങ്ങും. ആ മുറിയിലെ രണ്ട് കട്ടിലില്‍ അത്താഴത്തിനു ശേഷം ഞങ്ങള്‍ മൂന്നുപേരും കൂടി കിടന്നുറങ്ങും.

മമ്മൂട്ടിയുടെ അഭിനയം പോലെ തന്നെയാണ്, മമ്മൂട്ടിയുടെ ശബ്ദവും മലയാളിക്ക് ഏറെ ഇഷ്ടമായ ഈ ശബ്ദവും കൊള്ളില്ല എന്നുപറഞ്ഞ് ഡബ്ബ് ചെയ്യുവാന്‍ അനുവദിക്കാതെ മദിരാശിയില്‍ നിന്നും ഈ നടനെ തിരിച്ചയച്ച കാലവും ഇദ്ദേഹത്തിന്റെ ജീവിതയാത്രയിലുണ്ടായിട്ടുണ്ട്. എന്നാല്‍ അതേ ആളുകളെക്കൊണ്ട് തന്നെ പിന്നീട് ഡബ്ബിംഗിന് മമ്മൂട്ടി തന്നെ വരണമെന്ന് പറയിപ്പിക്കുവാനും തന്റെ പരിശ്രമത്തിലൂടെ സാധിച്ചുവെന്നതാണ് മമ്മൂട്ടിയുടെ വേറിട്ട കഴിവ്.

അതെ, താന്‍ കണ്ട സ്വപ്നം, തന്റെ ജീവിതത്തില്‍ സ്വന്തം അദ്ധ്വാനം കൊണ്ട് യഥാര്‍ത്ഥ്യമാക്കി, മലയാളികളുടെയെല്ലാം ഇഷ്ട കഥാപാത്രമായി. മാറിയെന്നതിന്റെ കഥകള്‍ മമ്മൂട്ടിയുടെ ജീവിതയാത്രയിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് ഇതേ പോലെ അനേകമനേകം കാണാം. എന്നാല്‍ അതിനപ്പുറം അത് നമ്മുടെ ജീവിതത്തില്‍ എങ്ങനെ മാര്‍ഗദര്‍ശനമാക്കുവാന്‍ കഴിയുന്നുവെന്നിടത്താണ് ഓരോ മലയാളിയുടെയും വിജയം, അങ്ങനെയാണ് നമ്മുടെ ജീവിതത്തിനത് ഗുണകരമായി മാറുന്നതും.

അതിന് ഒരിക്കൽ കൂടി ഈ മഹാനടൻ്റെ ജന്മദിനം കാരണമാകുന്നുവെന്നുള്ളതുകൊണ്ടു കൂടിയാണ് ഈ ദിവസത്തിനും തീർത്തും വ്യക്തിപരം എന്നതിനപ്പുറം ഒരു സാമൂഹ്യ പ്രാധാന്യം കൈവരുന്നതും.

74-ാം പിറന്നാൾ ദിവസം മമ്മൂട്ടി പങ്കുവെച്ച ചിത്രം| ഫോട്ടോ: Instagram/@mammootty

Content Highlights: From humble beginnings to megastar, Mammootty`s travel is simply a testament to hard work

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article