04 September 2025, 05:44 PM IST

ഉദയനിധി സ്റ്റാലിനും ഇമ്പൻ ഉദയനിധിയും, 'ഇഡ്ഡലി കടൈ' പോസ്റ്റർ | Photo: Instagram/ Inban Udhayanidhi, X/ Dhanush
ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ കുടുംബത്തില്‍നിന്ന് മറ്റൊരംഗംകൂടി സിനിമാമേഖലയിലേക്ക്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കൊച്ചുമകനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകനുമായ ഇമ്പന്‍ ഉദയനിധി സിനിമാ നിര്‍മാണ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്നു. പിതാവ് ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവിസിന്റെ നേതൃത്വം ഏറ്റെടുത്താണ് ഇമ്പനും കുടുംബത്തിന്റെ സിനിമാ പാരമ്പര്യത്തിന് തുടര്‍ച്ച നല്‍കുന്നത്.
ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞദിവസം നടന്നു. ധനുഷും നിത്യാ മേനോനും നായികാനായകന്മാരായെത്തുന്ന 'ഇഡ്ഡലി കടൈ'യുടെ വിതരണം റെഡ് ജയന്റ് മൂവീസിനാണ്. ഇതിന്റെ പ്രഖ്യാപനത്തിനൊപ്പമാണ് കമ്പനിയുടെ നേതൃത്വത്തിലേക്ക് ഇമ്പന്‍ എത്തിയതായും അറിയിച്ചത്. ഇമ്പന്‍ ഉദയനിധിക്ക് ധനുഷ് ആശംകള്‍ നേര്‍ന്നു. കമ്പനിയില്‍ ഇമ്പന്റെ റോള്‍ എന്താണെന്നതില്‍ ഔദ്യോഗിക പ്രഖ്യാപനത്തില്‍ സൂചനകള്‍ ഒന്നുമില്ല. റെഡ് ജയന്റ് മൂവീസിന്റെ സിഇഒ സ്ഥാനത്തേക്കാണ് ഇമ്പന്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
2008-ല്‍ പുറത്തിറങ്ങിയ വിജയ് നായകനായ 'കുരുവി'യാണ് റെഡ് ജയന്റ് മൂവീസ് നിര്‍മിച്ച ആദ്യചിത്രം. 2010-ല്‍ ഗൗതം വാസുദേവമേനോന്‍ സംവിധാനംചെയ്ത 'വിണ്ണൈത്താണ്ടി വരുവായ'യിലൂടെ വിതരണരംഗത്തും സജീവമായി. 'ഇന്ത്യന്‍ 2' ആണ് ഏറ്റവും ഒടുവില്‍ നിര്‍മിച്ച ചിത്രം. 'വിടാമുയര്‍ച്ചി', 'തഗ്ഗ് ലൈഫ്' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിച്ചത് റെഡ് ജയന്റ് മൂവീസ് ആയിരുന്നു.
ഉദയനിധി സ്റ്റാലിന്റേയും കൃതിക ഉദയനിധിയുടേയും മകനാണ് 20-കാരനായ ഇമ്പന്‍ ഉദയനിധി. ഐ ലീഗ് 2 ക്ലബ്ബായ നെരോക്ക എഫ്‌സിയില്‍ ഡിഫന്‍ഡറായി കരാര്‍ ഒപ്പുവെച്ചതോടെയാണ് ഇമ്പന്‍ ശ്രദ്ധേയനായത്. താന്‍ കടുത്ത ക്രിസ്റ്റാനോ റൊണാള്‍ഡോ ആരാധകനാണെന്ന് അന്ന് ഇമ്പന്‍ വെളിപ്പെടുത്തിയിരുന്നു. റൊണാള്‍ഡോയോടും റയല്‍ മാഡ്രിഡിനോടുമുള്ള ആരാധനയാണ് തന്നെ ഫുട്‌ബോളില്‍ എത്തിച്ചതെന്നും ഇമ്പന്‍ അവകാശപ്പെട്ടിരുന്നു.
ധനുഷ് തന്നെയാണ് 'ഇഡ്ഡലി കടൈ' സംവിധാനംചെയ്യുന്നത്. ധനുഷിന്റെ നാലാം സംവിധാനസംരംഭമാണിത്. ഒക്ടോബര്‍ ഒന്നിന് ചിത്രം തീയേറ്ററിലെത്തും. 'തിരുച്ചിത്രമ്പലത്തി'ന് ശേഷം നിത്യ മേനോന്‍ ധനുഷിനൊപ്പം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും 'ഇഡ്ഡലി കടൈ'യ്ക്കുണ്ട്.
Content Highlights: Inban Udhayanidhi takes implicit Red Giant Movies; to merchandise Dhanush’s ‘Idli Kadai’ successful Tamil Nadu
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·