'ഹൃദയപൂര്‍വ്വ'ത്തിലെ ജ്യോതിഷക്കാരനായ ചിറ്റപ്പനെ കണ്ടപ്പോള്‍ സന്തോഷം തോന്നി. ചെറിയൊരിടവേളക്ക് ശേഷം കാണുകയായിരുന്നല്ലോ ജനാര്‍ദനനെ വെള്ളിത്തിരയില്‍. ഹ്രസ്വമെങ്കിലും പ്രസാദാത്മകമായ കാഴ്ച്ച.
ഓര്‍മ്മയിലെ ജനാര്‍ദനന് 'ചെന്നായ വളര്‍ത്തിയ കുട്ടി'യിലെ വനം കൊള്ളക്കാരന്‍ മുത്തുവിന്റെ മുഖവും ശബ്ദവുമാണ്. കൊടുംകാട്ടിലൂടെയുള്ള രാത്രിയാത്രക്കിടയില്‍ പ്രേംനസീറിന്റെ കാറിനു മുന്നില്‍ ചാടിവീഴുകയും ഒടുവില്‍ നസീറിന്റെ സ്‌റ്റൈലന്‍ അടി വാങ്ങി ഓടി രക്ഷപ്പെടുകയും ചെയ്യുന്ന കൊള്ളസംഘത്തിന്റെ തലവന്‍.
രൂപമല്ല, മുഴങ്ങുന്ന ആ ശബ്ദമാണ് അന്ന് കോട്ടക്കല്‍ രാധാകൃഷ്ണ ടോക്കീസില്‍ നിന്ന് കൂടെപ്പോന്നത്. എന്തൊരു അഗാധഗാംഭീര്യമാര്‍ന്ന ശബ്ദം. മലയാളത്തില്‍ അതിനു പകരം വെക്കാനൊരു ശബ്ദമില്ല; അന്നും ഇന്നും. അവസരം തേടി നടന്ന കാലത്ത് 'ഈ ശബ്ദം സിനിമക്ക് കൊള്ളില്ല'' എന്ന് പറഞ്ഞു യാത്രയാക്കിയ ഒരു പ്രമുഖ സംവിധായകനെ കുറിച്ച് ജനാര്‍ദനന്‍ ചേട്ടന്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. വോയ്‌സ് മോഡുലേഷന്‍ പഠിക്കാന്‍ അനുഗൃഹീത നടന്‍ മധുവിന്റെ സവിധത്തിലേക്കാണ് അദേഹം അഭിനയാര്‍ത്ഥിയെ പറഞ്ഞുവിട്ടത്. കാര്യമറിഞ്ഞപ്പോള്‍ മധു സാര്‍ പറഞ്ഞു: 'ഓരോരുത്തര്‍ക്കും അവരവരുടേതായ ശബ്ദമുണ്ട്. അതാരു വിചാരിച്ചാലും മാറ്റാന്‍ പറ്റില്ല. അതൊന്നും ഓര്‍ത്തു വിഷമിക്കേണ്ട. നിങ്ങള്‍ക്കും വരും ഒരു സമയം.''
അധികം വൈകാതെ ആ സമയമെത്തി. മലയാളികളുടെ സുകൃതം.
1970 കളുടെ തുടക്കം മുതലേ സിനിമയിലുണ്ട് ജനാര്‍ദനന്‍. ആദ്യം മുഖം കാണിച്ചത് അടൂര്‍ ഗോപാലകൃഷ്ണന്റെ 'പ്രതിസന്ധി' എന്ന കുടുംബാസൂത്രണ ഡോക്യൂമെന്ററിയില്‍. 'അകത്ത് വന്നോട്ടെ' എന്ന ചോദ്യവുമായിട്ടായിരുന്നു ക്യാമറക്ക് മുന്നിലേക്കുള്ള ആ വരവ്. പിന്നെ 'ചെമ്പരത്തി''യുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയി. അതു കഴിഞ്ഞു കുറച്ചുകാലം മലയാളനാട് വാരികയുടെ എഡിറ്റോറിയല്‍ വിഭാഗത്തില്‍. ആദ്യത്തെ ശ്രദ്ധേയമായ റോള്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ആദ്യത്തെ കഥ (1972) യിലായിരുന്നു. നായകനായ പ്രേംനസീറിന്റെ ലോഡ്ജ് മേറ്റ്.

'നസീര്‍ സാറിന്റെ കല്യാണം മുടക്കാനെത്തുന്ന ഗോവിന്ദന്‍ കുട്ടിയേയും കൂട്ടരെയും സുഹൃത്തുക്കളായ ഞങ്ങള്‍ തടയുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. അന്നത്തെ ഏറ്റവും ഭീകര വില്ലനായ ഗോവിന്ദന്‍ കുട്ടിയുടെ മുഖത്തു നോക്കി കല്യാണം മുടക്കാന്‍ ധൈര്യമുള്ളവരുണ്ടെങ്കില്‍ കാണട്ടെ എന്ന് ആക്രോശിക്കണം ഞാന്‍. അഭിനയത്തിന്റെ ഉത്തുംഗപഥങ്ങളില്‍ വിഹരിക്കുന്ന അദേഹത്തോട് തുടക്കക്കാരനായ ഞാന്‍ എങ്ങനെ ആ ഡയലോഗ് പറയും? ഓര്‍ത്തപ്പോഴേ വിറയല്‍ വന്നു എന്നു മാത്രമല്ല അല്പം മൂത്രശങ്ക കൂടിയുണ്ടായി. സകല ധൈര്യവും സംഭരിച്ചാണ് ഒടുവില്‍ ആ വാചകം പറഞ്ഞുതീര്‍ത്തത്. ആദ്യ ടേക്കില്‍ തന്നെ ഡയലോഗ് ഓക്കേ ആയപ്പോള്‍ സമാധാനം..' - പ്രഥമ ഷോട്ടിനെ കുറിച്ച് ജനാര്‍ദനന്റെ ഓര്‍മ്മ.
പിന്നീടങ്ങോട്ട് നിരവധി വില്ലന്‍ വേഷങ്ങള്‍. ഗുണ്ടായിസം, നായകന്റെ അടി വാങ്ങി ഓടല്‍, ബാങ്ക് കൊള്ളയടി, ബലാല്‍സംഗം.... അങ്ങനെയങ്ങനെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി തിരക്കായിരുന്നു കുറേക്കാലം. അതു കഴിഞ്ഞാണ് അനുഗ്രഹം പോലെ സി ബിഐ ഡയറിക്കുറിപ്പിലെ ഔസേപ്പച്ചന്റെ വരവ്. ഹാസ്യ കഥാപാത്രങ്ങളിലേക്കുള്ള കൂടുമാറ്റമായിരുന്നു അടുത്ത വഴിത്തിരിവ്. മിഥുനം, മേലേപ്പറമ്പില്‍ ആണ്‍വീട്, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിയ എണ്ണമറ്റ ചിത്രങ്ങളിലൂടെ ജനാര്‍ദനനിലെ നിഷ്‌കളങ്കനായ തമാശക്കാരന്‍ മലയാളികളുടെ ഹൃദയം കവര്‍ന്നു.
ആ കഥാപാത്രങ്ങള്‍ ഇന്നും ഏറെ പ്രിയങ്കരം. ഡയലോഗുകള്‍ മനഃപാഠം:
'നീ പൊന്നപ്പനല്ലെടാ തങ്കപ്പന്‍' (മാന്നാര്‍ മത്തായി സ്പീക്കിംഗ്),
'വെളവ് ഇച്ചിരി കൂടുതലാ' (മിഥുനം),
'വിശാലമാണെന്ന് വിചാരിച്ച് ഞാനും ഒരുപാട് പെണ്ണുങ്ങടെ പിറകെ പോയതല്ലേ' (മേലേപ്പറമ്പില്‍ ആണ്‍വീട്),
'ആശാന്റെ ഒരു രണ്ടുവരി കവിത തെറ്റു കൂടാതെ ചൊല്ലാന്‍ നിന്നെക്കൊണ്ടൊക്കെ സാധിക്കുമോ' (പഞ്ചാബി ഹൗസ്),
'ഇത്രയൂം കാലത്തിനിടക്ക് ഞാന്‍ ഒരാളെയേ പേടിച്ചിട്ടുള്ളൂ; ഈ എന്നെ' (അനിയന്‍ ബാവ ചേട്ടന്‍ ബാവ),
'നീ താന്‍ നമ്മ ഫ്രണ്ട്, അരുമയാന തമ്പി' (നാടോടിക്കാറ്റ്).....
എഴുതിയ കുറിപ്പുകള്‍ വായിച്ച് ഇടക്കൊക്കെ വിളിക്കും ജനാര്‍ദനന്‍ ചേട്ടന്‍. കണ്ണില്‍ച്ചോരയില്ലാത്ത പഴയ വില്ലന്റെ ഉള്ളിലെ സംഗീതപ്രേമിയെ, മെലഡിയുടെ നിത്യകാമുകനെ, പരിചയപ്പെട്ടത് ആ ഫോണ്‍ സംഭാഷണങ്ങളിലൂടെയാണ്. മലയാളത്തിലെ മനോഹരമായ ചില ഗാനങ്ങള്‍ക്കൊത്ത് ചുണ്ടനക്കാന്‍ ഭാഗ്യമുണ്ടായ കഥ അദേഹം വിവരിച്ചു കേട്ടതും അങ്ങനെത്തന്നെ.
നായകന്റെ അടി വാങ്ങാനും നായികയെ പതിയിരുന്ന് മാനഭംഗപ്പെടുത്താനും തമാശക്കാരനായി വന്ന് ചിരിയുടെ പൂരത്തിന് തിരികൊളുത്താനും മാത്രമല്ല, നന്നായി പാടി അഭിനയിക്കാനും കഴിയുമെന്ന് ജനാര്‍ദനന്‍ തെളിയിച്ച പടമായിരുന്നു കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത 'വ്യാമോഹം' (1978). ഇശൈജ്ഞാനി ഇളയരാജ മലയാളത്തില്‍ സൃഷ്ടിച്ച ആദ്യ മൗലികഗാനമെന്ന ചരിത്ര പ്രാധാന്യം കൂടിയുണ്ട് ജനാര്‍ദനന്‍ വെള്ളിത്തിരയില്‍ അഭിനയിച്ചു പാടിയ പാട്ടിന്: 'പൂവാടികളില്‍ അലയും തേനിളം കാറ്റേ, പനിനീര്‍മഴയില്‍ കുളിര്‍ കോരി നില്‍പ്പൂ ഞാന്‍.....' ഡോ പവിത്രന്‍ എഴുതി യേശുദാസും എസ് ജാനകിയും ശബ്ദം പകര്‍ന്ന മനോഹരമായ മെലഡി..
'സിനിമാ ജീവിതത്തിലെ മഹാഭാഗ്യങ്ങളില്‍ ഒന്നാണ് രാജാ സാറിന്റെ ആദ്യ ഗാനത്തിനൊത്ത് ചുണ്ടനക്കാന്‍ കഴിഞ്ഞത്. ആ പടത്തിന്റെ പ്രിന്റ് ഇപ്പോള്‍ ലഭ്യമല്ല എന്നറിയുമ്പോള്‍ ദുഃഖം..' - ജനാര്‍ദനന്‍ പറയുന്നു. സിനിമയിലെ ഗാനരംഗത്ത് ജനാര്‍ദനനോടൊപ്പം പ്രത്യക്ഷപ്പെട്ടത് ലക്ഷ്മി. പോലീസുകാരന്‍ മകന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റീമേക്കായിരുന്നു 'വ്യാമോഹം.' തമിഴ് ചിത്രത്തിലെ മുത്തുരാമന്റെ വേഷമാണ് ജനാര്‍ദനന്‍ മലയാളം പതിപ്പില്‍ കൈകാര്യം ചെയ്തത്.
'വ്യാമോഹ'ത്തിലെ യുഗ്മഗാനം തിരുവനന്തപുരത്താണ് ചിത്രീകരിച്ചത് എന്നോര്‍ക്കുന്നു ജനാര്‍ദനന്‍. 'ഇളയരാജയുടെ ആദ്യ മലയാളഗാനം അവതരിപ്പിക്കാന്‍ മാത്രമല്ല രാജ ആദ്യമായി നിര്‍മ്മിച്ച പടത്തില്‍ അഭിനയിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു. ആനന്ദക്കുമ്മി (1983) ആയിരുന്നു ചിത്രം.''
വില്ലനായി വന്ന് ഹാസ്യനടനും സ്വഭാവനടനുമൊക്കെയായി പ്രതിഭ തെളിയിച്ച ജനാര്‍ദനന്‍ പ്രത്യക്ഷപ്പെട്ട വേറെയും ഗാനരംഗങ്ങളുണ്ട് . 'ചലനം' എന്ന സിനിമയില്‍ ജയചന്ദ്രനും മാധുരിയും പാടിയ അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്‌തോത്രം, 'അനാവരണ''ത്തിലെ പച്ചക്കര്‍പ്പൂരമലയില്‍ (സുശീല) എന്നിവ ഉദാഹരണം. രണ്ടും വയലാര്‍ - ദേവരാജന്മാരുടെ ഗാനങ്ങള്‍. 'അക്ഷരങ്ങളി''ലെ പ്രശസ്തമായ കറുത്ത തോണിക്കാരാ എന്ന ഗാനം സീമയുടെ കഥാപാത്രത്തെ ഹാര്‍മോണിയം വായിച്ചു പാടിപ്പഠിപ്പിക്കുന്ന സംഗീതഗുരുവും ജനാര്‍ദനന്‍ തന്നെ. 'പാട്ടിനോട് പണ്ടേ ഇഷ്ടമുണ്ട്. അതുകൊണ്ടുതന്നെ ഗാനരംഗങ്ങള്‍ എല്ലാം ആസ്വദിച്ചാണ് അഭിനയിച്ചത്.''- ജനാര്‍ദനന്‍. 'നിര്‍ഭാഗ്യവശാല്‍ അത്തരം രംഗങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാന്‍ യോഗമുണ്ടായില്ല..''
ഹൃദയപൂര്‍വ്വത്തിലെ ചിറ്റപ്പന്‍ പുതിയൊരു തുടക്കമാവട്ടെ. സിനിമാജീവിതത്തിലെ അവിസ്മരണീയ വേഷങ്ങളിലൊന്നായ 'നാടോടിക്കാറ്റി'ലെ കോവൈ വെങ്കിടേശനെ സമ്മാനിച്ച അതേ സത്യന്‍ അന്തിക്കാടിന്റെ പടത്തിലൂടെയാണ് ഈ തിരിച്ചുവരവ് എന്നത് ഇരട്ടിമധുരം പകരുന്ന കാര്യം. ഇനിയും വരട്ടെ നല്ല നല്ല കഥാപാത്രങ്ങള്‍.
Content Highlights: A look astatine the vocation of Malayalam histrion Janardhanan, from villain roles to comedic performances
ABOUT THE AUTHOR
ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·