എങ്ങും 'എമ്പുരാൻ' വൈബ്; ആവേശകൊടുമുടിയിൽ ആരാധകർ, ആദ്യ ഷോയ്ക്ക് മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ

9 months ago 7

തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കി ബ്രഹ്‌മാണ്ഡ മലയാള ചിത്രം 'എമ്പുരാന്‍' റിലീസ്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് മോഹന്‍ലാല്‍ നായകനായ, പൃഥ്വിരാജ് സംവിധാനംചെയ്ത 'എമ്പുരാന്‍റെ' ആദ്യ പ്രദര്‍ശനം ആരംഭിച്ചത്. കേരളത്തില്‍ മാത്രം 750-ഓളം സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.

മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വന്‍താര നിരയും ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് എത്തിയിരുന്നു. കൊച്ചിയിലെ കവിതാ തീയേറ്ററിലാണ് മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങള്‍ ആദ്യഷോ കാണാനെത്തിയത്.

'എമ്പുരാന്‍' റിലീസിനോട് അനുബന്ധിച്ച് ബുധനാഴ്ച രാത്രി മുതല്‍തന്നെ പല തീയേറ്ററുകളിലും ആരാധകരുടെ ആഘോഷപരിപാടികള്‍ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ആറുമണിവരെ പലയിടത്തും ആഘോഷങ്ങള്‍ തുടര്‍ന്നു. പല സ്‌ക്രീനുകളിലും ഒരുദിവസം മാത്രം ഒട്ടേറെ ഷോകളാണ് എമ്പുരാന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

റിലീസിന് മുമ്പേ മലയാളസിനിമയിലെ പല റെക്കോഡുകളും 'എമ്പുരാന്‍' ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്. മാത്രമല്ല, 58 കോടിയിലേറെ രൂപയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങും സിനിമയ്ക്ക് ലഭിച്ചിരുന്നു.

ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

2019 ല്‍ റീലീസ് ചെയ്ത ബ്ലോക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റര്‍- അഖിലേഷ് മോഹന്‍, കലാസംവിധാനം- മോഹന്‍ദാസ്, ആക്ഷന്‍- സ്റ്റണ്ട് സില്‍വ, ക്രിയേറ്റിവ് ഡയറക്ടര്‍ - നിര്‍മല്‍ സഹദേവ്

Content Highlights: empuraan worldwide merchandise kerala theatre report

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article