'എജ്ജാതി'; ചിദംബരവും ഡൗൺ ട്രോഡൻസും ഒന്നിക്കുന്ന മലയാളത്തിലെ ആദ്യ ത്രാഷ് മെറ്റൽ ഗാനം തരംഗമാവുന്നു 

9 months ago 9

Ejjathi Song Team

'എജ്ജാതി'യുടെ അണിയറപ്രവർത്തകർ | ഫോട്ടോ: അറേഞ്ച്ഡ്

ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന "എജ്ജാതി" എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളത്തിലെ ആദ്യ ത്രാഷ് മെറ്റൽ ഗാനം എന്ന ലേബലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ സോങ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്, ജാനേമൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളൊരുക്കി പ്രശസ്തനായ ചിദംബരമാണ്. ത്രികയുടെ ബാനറിൽ നിർമ്മിച്ച ഈ മ്യൂസിക് വീഡിയോ, വിനോദം എന്നതിലുപരി, പച്ചയായ വികാരങ്ങളുടെയും സാമൂഹിക വിമർശനത്തിന്റെയും ആഖ്യാനത്തിലേക്ക് കടക്കുന്ന ഒന്ന് കൂടിയാണ്.

സുഷിൻ ശ്യാമിൻ്റെ മെറ്റൽ ബാൻഡായ ദ ഡൗൺ ട്രോഡൻസ് രചിച്ചു സംഗീതം പകർന്ന ഗാനം, അതിന്റെ ഹൃദയസ്പർശിയായ വരികളും തീവ്രമായ രചനയും കൊണ്ട് ഏറെ ശ്രദ്ധ നേടുന്നുണ്ട്. "എജ്ജാതി" ഒരു ഗാനം മാത്രമല്ല, നിശബ്ദതയ്ക്കെതിരായ ഒരു മാനിഫെസ്റ്റോയാണ് എന്ന് ഗാനത്തിലെ വരികളും രംഗങ്ങളും സൂചിപ്പിക്കുന്നു. ഏപ്രിൽ രണ്ടിന് റിലീസ് ചെയ്ത ഈ ഗാനം ഇപ്പോൾ മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലും സോഷ്യൽ മീഡിയയിലും ട്രെൻഡിങ് ആണ്. സ്ത്രീധന പീഡനം, വർണ്ണവിവേചനം, വ്യാപകമായ ജാതി മുൻവിധികൾ എന്നിവയുടെ ക്രൂരമായ സത്യങ്ങൾ തുറന്നുകാട്ടുന്ന രീതിയിലാണ് ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്.

ദ ഡൌൺ ട്രോഡൻസ് ടീമിന്റെ വരാനിരിക്കുന്ന ആൽബത്തിൽ നിന്നുള്ള രണ്ടാമത്തെ സിംഗിൾ ആണ് "എജ്ജാതി". "ആസ് യു ഓൾ നോ, ദിസ് ഈസ് ഹൗ ഇറ്റ് ഈസ്" എന്നാണ് ആൽബത്തിന്റെ പേര്. പത്ത് ശക്തമായ ഗാനങ്ങളുമായി ആണ് ഈ ആൽബം എത്തുന്നത്. മഹാറാണി എന്ന ഗാനമാണ് ഇതിൽ നിന്ന് ആദ്യം റിലീസ് ചെയ്തത്

ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിച്ച "എജ്ജാതി"യുടെ, എഡിറ്റിംഗ്- വിവേക് ഹർഷൻ, മിക്സഡ് ആൻഡ് മാസ്റ്റേർഡ്- കേശവ് ധർ, കലാസംവിധായകൻ- മാനവ് സുരേഷ്, വസ്ത്രധാരണം- സെസ്റ്റി, മേക്കപ്പ്- ആർ.ജി. വയനാടൻ, വിഎഫ്എക്സ്- എഗ് വൈറ്റ് വിഎഫ്എക്സ്, ആനിമേഷൻ- അന്ന റാഫി. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Ejjathi: Malayalam Trash Metal Anthem Against Casteism

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article