.jpg?%24p=d7b22e5&f=16x10&w=852&q=0.8)
ദേവ, ലിയോയിലെ പാട്ടിൽനിന്ന് | Photo: X/ Lahari Music, YouTube/ Think Tapes
പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി അജിത് കുമാര്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ നിര്‍മാതാക്കള്‍ക്ക് സംഗീതസംവിധായകന്‍ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തന്റെ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ച മൂന്നുപാട്ടുകള്‍ നീക്കംചെയ്യാനും മാപ്പുപറയാനും അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കാനും ആവശ്യപ്പെട്ടായിരുന്നു നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് നോട്ടീസ് അയച്ചത്. ആവശ്യം ഏഴ് ദിവസത്തിനുള്ളില്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് ഇളയരാജയുടെ മുന്നറിയിപ്പ്. ഇളയരാജ സംഗീതസംവിധാനം ചെയ്ത മൂന്നുപാട്ടുകളാണ് 'ഗുഡ് ബാഡ് അഗ്ലി'യില്‍ ഉപയോഗിച്ചതായി നോട്ടീസില്‍ പറയുന്നത്.
ഇളയരാജയുടെ വക്കീല്‍ നോട്ടീസ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നേരത്തെ, മലയാളച്ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സി'നെതിരേയും ഇളയരാജ രംഗത്തെത്തിയിരുന്നു. 'ഗുണ' എന്ന കമല്‍ഹാസന്‍ ചിത്രത്തിലെ 'കണ്‍മണി അന്‍പോട്' എന്ന ഗാനം ചിത്രത്തിലെ നിര്‍ണായകരംഗത്തില്‍ ഉപയോഗിച്ചിരുന്നു. നിര്‍മാതാക്കളില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. പിന്നാലെ, 60 ലക്ഷം രൂപയോളം 'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മാതാക്കള്‍ ഇളയരാജയ്ക്ക് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേരത്തെ, രജനീകാന്ത് ചിത്രം 'കൂലി'യുടെ നിര്‍മാതാക്കളില്‍നിന്നും ഇളയരാജ റോയല്‍റ്റി തേടിയിരുന്നു.
ഇതിനിടെ, പകര്‍പ്പവകാശത്തെക്കുറിച്ച് സംഗീതസംവിധായകന്‍ ദേവയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. തമിഴിലെ ഹിറ്റ് ചിത്രങ്ങള്‍ക്ക് പാട്ടൊരുക്കിയ ദേവ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. ബാഷയിലൂടെ ശ്രദ്ധേയനായ ദേവ, 1996-ല്‍ ഒറ്റവര്‍ഷം 36 ചിത്രങ്ങള്‍ക്കായിരുന്നു പാട്ടൊരുക്കിയത്. പ്രഭുദേവ നായകനായ 'ഏഴയിന്‍ സിരിപ്പില്‍' എന്ന ചിത്രത്തിലെ കറുകറുകറുപ്പായി എന്ന ദേവയുടെ പാട്ട് വിജയ്‌യുടെ 'ലിയോ' എന്ന ചിത്രത്തില്‍ പുനരുപയോഗിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ റോയല്‍റ്റിയുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോള്‍ പ്രചരിക്കപ്പെടുന്നത്.
'കോപ്പിറൈറ്റ് അവകാശപ്പെട്ടാല്‍ പണംവരും. ആളുകള്‍ എന്നെ അറിയില്ല. ഞാന്‍ ഇപ്പോള്‍ തിരിച്ചുവരുന്നു, 2K കിഡ്‌സിനുപോലും എന്നെ അറിയാം. അതാണ് പ്രധാനം എന്ന് ഞാന്‍ വിചാരിക്കുന്നു. 'കറുകറു കറുപ്പായി' കേട്ട് ഇവരാണ് സംഗീതം ചെയ്തത് എന്ന് പറയുമ്പോള്‍ എന്നെ ഒരു കുട്ടിക്കുപോലും തിരിച്ചറിയാന്‍ പറ്റും. അത് എത്ര കോടി രൂപ നല്‍കിയാലും കിട്ടാത്ത അംഗീകാരമാണ്. വരുന്ന തലമുറകളും എന്നെ തിരിച്ചറിയണം, സംഗീതസംവിധായകനായി അടയാളപ്പെടുത്തപ്പെടണം. അത്രയേയുള്ളൂ', എന്നായിരുന്നു ദേവയുടെ വാക്കുകള്‍. ഇളയരാജ വീണ്ടും പകര്‍പ്പവകാശം അവകാശപ്പെട്ട് രംഗത്തെത്തിയതോടെ സാമൂഹികമാധ്യമങ്ങളില്‍ ദേവയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
Content Highlights: Deva says helium doesn’t attraction astir copyright wealth but values designation more
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·