'എത്ര ഡിസൈനർമാർ വന്നാലും പ്രിയൻസാർ ഇപ്പോഴും പറയുന്നത് 'എനിക്ക് സായി മതി’ എന്നാണ്'

4 months ago 4

ആന്ധ്രയിലെ കാക്കിനട ജില്ലയിലെ പിടാപുരം ഗ്രാമത്തിൽനിന്ന് അറുപത് വർഷങ്ങൾക്കുമുൻപ് സർക്കാരുദ്യോഗസ്ഥൻ ലക്ഷ്മൺ റാവുവും കുടുംബവും തമിഴ്‌നാട്ടിലേക്കുജീവിതം പറിച്ചുനടുമ്പോൾ നാനാഭാഷകളിലുള്ള ചലച്ചിത്രങ്ങളുടെ നിർമാണപ്രവർത്തനങ്ങളിൽ വ്യാപൃതമായിരുന്നു മദിരാശിനഗരം. ലക്ഷ്മൺ റാവുവിന്റെ ആറുമക്കളിൽ മൂത്തവനായ വെങ്കിട്ടറാവു സിനിമയുടെ വർണങ്ങളിൽ സ്വന്തം ജീവിതം കണ്ടെത്തിയപ്പോൾ നാലാമത്തെമകൻ സായിബാബുവും സഹോദരന്റെ കൈപിടിച്ച് ആ നിറങ്ങളുടെ നടുവിലേക്കൊഴുകിയെത്തി. തെന്നിന്ത്യൻ സിനിമയിലെ മഹാനടി സാവിത്രിയുടെ വസ്ത്രാലങ്കാരകനായിരുന്ന ജ്യേഷ്ഠൻ വെങ്കിട്ടറാവു, ഏഴാംക്ലാസിൽ പഠനം അവസാനിപ്പിച്ച് പതിന്നാലാമത്തെ വയസ്സിൽ സിനിമയിലെത്തിയ സായിക്ക് ഗുരുവും വഴികാട്ടിയുമായി.

തിരശ്ശീലയിൽ സാവിത്രി നിറഞ്ഞാടിയ ആ നാളുകളിലാണ് സിനിമയിലെ വസ്ത്രാലങ്കാരത്തിന്റെ ആദ്യപാഠങ്ങൾ സായി സ്വരൂപിക്കുന്നത്. പിന്നീട്, സിനിമയുടെ വളർച്ചയ്ക്കൊപ്പമായിരുന്നു സായിയുടെ സഞ്ചാരം. എൻടിആറിലൂടെയും നാഗേശ്വരറാവുവിലൂടെയും കടന്ന് രജനീകാന്തിലും കമൽഹാസനിലും നിറഞ്ഞ് മോഹൻലാലിലും മമ്മൂട്ടിയിലും വിജയിലും വിക്രമിലും അജിത്തിലും വരെ സായിയെത്തി. സായി നിർദേശിക്കുന്ന വർണവസ്ത്രങ്ങൾ അണിഞ്ഞെത്തുന്ന താരങ്ങൾ പ്രേക്ഷകർക്ക് നിറക്കാഴ്ചകളൊരുക്കി. രണ്ടായിരത്തിലേറെ ചലച്ചിത്രങ്ങൾക്ക് വർണക്കുപ്പായമണിയിച്ച സായി വസ്ത്രാലങ്കാരരംഗത്തെ മിന്നുംതാരമായിമാറിയ കഥയ്ക്കും കഠിനാധ്വാനത്തിന്റെ നിറച്ചാർത്തുകളുണ്ട്.

ചെന്നൈ വാല്മീകിസ്ട്രീറ്റിൽ തന്റെ സിനിമാജീവിതത്തോളം കാലംചെന്ന ഒരു വീട്ടിലാണ് ‘ബാലാജി ഡിസൈനേഴ്‌സ്’ എന്ന പേരിലുള്ള സായിയുടെ വസ്ത്രാലങ്കാരക്കൂടാരം. തമിഴും തെലുങ്കും കന്നഡയും മലയാളവും കടന്ന് ബോളിവുഡ് സിനിമകൾക്കുവരെ സായി വസ്ത്രങ്ങൾ മെനയുന്നത് ഇവിടെവെച്ചാണ്. അതുകൊണ്ടുതന്നെ ബാലാജി ഡിസൈനേഴ്‌സ് പല ദേശങ്ങളിലെയും വേഷവിധാനങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരിടംകൂടിയാണ്. വീടിന്റെ മുറികളിലോരോന്നിലും സായിയുടെ നിർദേശങ്ങൾക്കനുസരിച്ച് വസ്ത്രങ്ങളൊരുക്കുന്ന ജോലിക്കാർ. വർഷങ്ങളായി സഹോദരതുല്യനായി ഒപ്പമുള്ള ശിവയാണ് എല്ലാറ്റിനും മേൽനോട്ടം വഹിക്കുന്നത്. സായി സംസാരിക്കുന്നു...

മാധ്യമപ്രവർത്തകരോട് മനസ്സ് തുറക്കുന്നതിൽ പൊതുവേ വിമുഖനാണ് താങ്കളെന്ന് കേട്ടിട്ടുണ്ട്...

വിദ്യാഭ്യാസയോഗ്യത വളരെക്കുറഞ്ഞ ഒരാളാണ് ഞാൻ. പല ക്ലാസിലും തോറ്റാണ് ഏഴുവരെ പഠിച്ചത്. വായനയും കുറവാണ്. അതുകൊണ്ടാകാംമീഡിയയുടെ പല ചോദ്യങ്ങൾക്കും പൂർണമായ ഉത്തരം നൽകാൻ എനിക്കുകഴിയാറില്ല. നന്നേ ചെറുപ്പത്തിൽ സിനിമയിൽ വന്നതുകൊണ്ട് അനുഭവങ്ങൾ ധാരാളമുണ്ട്. അത് അടുക്കുംചിട്ടയുമായി പറയാനും എനിക്കറിയില്ല. ഇക്കാരണംകൊണ്ട് മിക്ക മാധ്യമപ്രവർത്തകരെയും നിരാശപ്പെടുത്തേണ്ടിവന്നിട്ടുണ്ട്.

വസ്ത്രാലങ്കാര സഹായിയായി ജോലിചെയ്ത ആദ്യകാല ഓർമ്മകൾ എന്തൊക്കെയാണ്

പഠിപ്പിൽ മോശമായ എന്റെ കാര്യത്തിൽ അച്ഛനും അമ്മയ്ക്കും വലിയ ആശങ്കയുണ്ടായിരുന്നു. ഏഴിൽ തോറ്റപ്പോൾ ഞാൻ അമ്മയോടു പറഞ്ഞു: ‘‘ഇനി എന്നെക്കൊണ്ടു പഠിക്കാനാവില്ല. വല്ല ജോലിക്കും പോകാം.’’ പതിന്നാല് വയസ്സിൽ എന്തു ജോലിക്കുപോകാനാണ്. ചേട്ടൻ അച്ഛനോടുപറഞ്ഞു:
‘‘സായി എന്റെകൂടെ പോന്നോട്ടെ’’ അന്നുമുതൽ സിനിമയെ അറിഞ്ഞു തുടങ്ങുകയായിരുന്നു. അക്കാലത്തെ വലിയനടിയാണ് സാവിത്രി. അവരുടെ കോസ്റ്റ്യൂംഡിസൈനറായതുകൊണ്ട് ചേട്ടന് സിനിമാപ്രവർത്തകരിൽനിന്നു വലിയ പരിഗണനയാണു ലഭിച്ചിരുന്നത്. ആ സ്നേഹം എനിക്കും കിട്ടിത്തുടങ്ങി. ചേട്ടന്റെ പെ​െട്ടന്നുണ്ടായ മരണത്തെത്തുടർന്ന് വിറ്റ്‌ലാചാര്യരുടെ കമ്പനിയിൽ ഞാൻ ജോലിചെയ്യാൻ തുടങ്ങി. നിർമാതാവും സംവിധായകനുമായിരുന്നു അദ്ദേഹം. എന്റെ അമ്മാവൻ കാമേശ്വരറാവു വിറ്റ്‌ലാമൂവീസിന്റെ കോസ്റ്റ്യൂംഡിസൈനർ ആയിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റായാണ് ഞാനവിടെ എത്തിപ്പെട്ടത്. വസ്ത്രാലങ്കാരകലയെ അറിഞ്ഞതും പഠിച്ചതും ചേട്ടനിൽനിന്നും അമ്മാവനിൽനിന്നുമാണ്. അവർ പകർന്നുതന്ന അറിവുകളാണ് എന്നെ ഇവിടെവരെയെത്തിച്ചത്.

കോസ്റ്റ്യൂംഡിസൈനറെന്ന നിലയിൽ അറിയപ്പെട്ടുതുടങ്ങിയത് എപ്പോഴാണ്

തല്ലി തൻട്രലു എന്ന തെലുങ്ക് പടമായിരുന്നു ഞാൻ സ്വതന്ത്രമായി ആദ്യംചെയ്തത്. അന്നെനിക്ക് പത്തൊൻപത് വയസ്സാണ്. എഴുപതുകളുടെ തുടക്കത്തിലാണ് ഈ ചിത്രം പുറത്തുവന്നത്. ശോഭൻബാബുവും സാവിത്രിയും വേഷമിട്ട സിനിമ ബോക്സ് ഓഫീസ് ഹിറ്റായി. പിന്നീട് കുറച്ചുകാലം ശോഭൻബാബുസാറിന്റെ പേഴ്‌സണൽ കോസ്റ്റ്യൂം ഡിസൈനറായി ജോലിചെയ്തു. മിക്ക ഭാഷാചിത്രങ്ങളും അന്ന് മദ്രാസിലാണ് ഷൂട്ട് ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഒട്ടേറെ ആളുകളുമായി പരിചയത്തിലായി. തല്ലി തൻട്രലുവിന്റെ വിജയം എനിക്ക് തമിഴ് സിനിമയിലേക്കുള്ള വാതിൽ തുറന്നുതന്നു.

എൻ.ടി. രാമറാവുവിനും നാഗേശ്വര റാവുവിനും ഉൾപ്പെടെ കോസ്റ്റ്യൂം ഡിസൈൻ ചെയ്ത താങ്കൾക്ക് എന്തുകൊണ്ടാണ് എംജിആറിനും ശിവാജി ഗണേശനും ഒപ്പം പ്രവർത്തിക്കാൻ കഴിയാതെപോയത്.

രണ്ടുപേർക്കും പേഴ്‌സണൽ കോസ്റ്റ്യൂമർ ഉണ്ടായിരുന്നു. തിളങ്ങുന്ന നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു സിനിമയിൽ എംജിആർ കൂടുതലും ഉപയോഗിച്ചത്. അതുവരെയുണ്ടായിരുന്ന കോസ്റ്റ്യൂം രീതികളിൽ വലിയമാറ്റം അദ്ദേഹം കൊണ്ടുവന്നു. എംജിആറിന്റെ ആ സ്റ്റൈൽ പലരും പിന്തുടർന്നു. അദ്ദേഹത്തിനു കോസ്റ്റ്യൂംഡിസൈൻ ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും അത് നടന്നില്ല. പക്ഷേ, എന്റെ വർക്കിനെക്കുറിച്ച് പലരോടും എംജിആർ നല്ല അഭിപ്രായം പറഞ്ഞതായി കേട്ടിട്ടുണ്ട്. ശിവാജി സാറിന്റെ കാര്യത്തിലും ഏതാണ്ട് ഇതുതന്നെയായിരുന്നു സ്ഥിതി. വ്യക്തിപരമായി അദ്ദേഹത്തിന് എന്നോട് വലിയ ഇഷ്ടമായിരുന്നു.

മലയാളസിനിമയിലേക്കുള്ള വരവ് എപ്പോഴായിരുന്നു

ഒരു കന്നഡചിത്രത്തിന്റെ ഷൂട്ടിങ് വേളയിലാണ് ക്യാമാറാമാനും സംവിധായകനുമായ ജെ. വില്യംസിനെ പരിചയപ്പെട്ടത്. അന്നുമുതൽക്കേ അദ്ദേഹം പറയുമായിരുന്നു: ‘‘സായി..., നമുക്ക് മലയാളത്തിലൊരു പടംചെയ്യണം’’ എന്ന്‌. വില്യംസ് എനിക്ക്‌ ഏറെ പ്രിയപ്പെട്ടവനായതുകൊണ്ട് അത് എന്റെയും മോഹമായി. വർഷങ്ങൾ കഴിഞ്ഞപ്പോൾ മിസ്റ്റർ മൈക്കിൾ എന്ന സിനിമയിലൂടെ അത് യാഥാർഥ്യമായി. പ്രേംനസീറായിരുന്നു നായകൻ. നസീർസാറിനുവേണ്ടി ഞാൻ ചെയ്ത ആദ്യചിത്രംകൂടിയായിരുന്നു അത്‌. ചിത്രം സാമ്പത്തികമായി വലിയ വിജയം നേടിയില്ലെങ്കിലും മലയാളത്തിൽ പിന്നീടെനിക്ക് ധാരാളം അവസരങ്ങൾ ലഭിക്കാൻ അത് കാരണമായി.

സിനിമയിൽ കോസ്റ്റ്യൂംഡിസൈനറുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണ്

സിനിമകൾ പലതും പല സ്വഭാവത്തിലുള്ളതാണല്ലോ. കഥയുടെ കാലഘട്ടം, കഥാപാത്രത്തിന്റെ പ്രത്യേകത തുടങ്ങിയ കാര്യങ്ങളെല്ലാം വ്യക്തമായി മനസ്സിലാക്കിയശേഷം വേണം കോസ്റ്റ്യൂം തയ്യാറാക്കാൻ. അതുപോലെ പ്രാധാന്യമുള്ള കാര്യമാണ് സമയബന്ധിതമായി ജോലിചെയ്തു തീർക്കുക എന്നതും. തയ്യാറാക്കിയ കോസ്റ്റ്യൂം ശരിയായില്ല എന്നുപറഞ്ഞ് തിരസ്കരിക്കാതിരിക്കാൻ ആദ്യമേ ഡയറക്ടറുമായും ആർട്ട് ഡയറക്ടറുമായും ചർച്ചചെയ്യണം. സ്ത്രീ കഥാപാത്രമാണെങ്കിൽ പാവാടയും ബ്ലൗസുമാണ് വേണ്ടതെന്ന് ചിലർ പറയും. എന്നാൽ, കഥാപാത്രം നഗരത്തിലാണോ ഗ്രാമത്തിലാണോ ജീവിക്കുന്നത് എന്നുനോക്കിയാണ് കോസ്റ്റ്യൂം തിരഞ്ഞെടുക്കേണ്ടത്. പാന്റുംഷർട്ടുമാണ് വേഷം എന്നാണ് പറയുന്നതെങ്കിൽ ആ കഥാപാത്രത്തിന്റെ പ്രായവും സ്വഭാവവും നോക്കിയാണ് കോസ്റ്റ്യൂംമെറ്റീരിയൽ എടുക്കേണ്ടത്. സ്‌ക്രിപ്റ്റ് ഓരോ സീനും നോക്കി അതിലോരോന്നിലും എത്രപേർ ഉണ്ടെന്നും ഓരോ കഥാപാത്രത്തിനും എത്ര സീൻ വരുന്നുണ്ടെന്നും മാറ്റങ്ങൾ എത്രയുണ്ടെന്നും കണക്കാക്കണം. പണക്കാരനാണെങ്കിൽ അടിക്കടി ഓരോ സീനിനും വസ്ത്രംമാറണം. ആ സമയം പാവപ്പെട്ട ഒരു കഥാപാത്രമാണെങ്കിൽ രണ്ടോ മൂന്നോ കോസ്റ്റ്യൂമുകൾ എടുത്ത് അത് ആവർത്തിക്കാം. കഥയും കഥാപാത്രവും മനസ്സിലാക്കി കോസ്റ്റ്യൂം ചെയ്യുകയാണ് എന്റെ പതിവ്. അക്കാദമിക് പശ്ചാത്തലമൊന്നുമില്ലാതെയാണ് ഇതെല്ലാം ചെയ്യുന്നത്. അനുഭവങ്ങളാണ് എന്റെ സർവകലാശാല.

പ്രിയദർശനൊപ്പം സായി

ബ്ലാക്ക് ആൻഡ്‌ വൈറ്റിൽനിന്ന് കളറിലേക്കുള്ള സിനിമയുടെ പ്രയാണത്തിൽ കോസ്റ്റ്യൂം ഡിസൈനിങ്ങിൽ എന്തെല്ലാം മാറ്റങ്ങളാണുണ്ടായത്

പഴയകാലത്ത് കഥ കേട്ടശേഷം സംവിധായകനുമായി ചർച്ചചെയ്ത് ആർട്ട് ഡയറക്ടറാണ് കോസ്റ്റ്യൂം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്. കഥയും കഥാപാത്രവും മനസ്സിലാക്കിയശേഷം സ്കെച്ച് ഇടും. ഇതൊക്കെ കലാസംവിധായകൻ ചെയ്യുമെങ്കിലും പൂർണതയിലെത്തിക്കുന്നത് കോസ്റ്റ്യൂംഡിസൈനറാണ്. വളരെയധികം ചിന്തിച്ച് ചെയ്യേണ്ട ജോലിയാണിത്. ബ്ലാക്ക് ആൻഡ്‌ വൈറ്റ് സിനിമകളിൽ ജോലിചെയ്യുമ്പോഴാണ് കോസ്റ്റ്യൂംഡിസൈനർ ഏറെ പ്രയാസപ്പെട്ടു പോകുന്നത്. ഏത് നിറത്തിലുള്ള വസ്ത്രം തെരഞ്ഞെടുത്താലും സിനിമയിൽ അത് എങ്ങനെ വരുമെന്നതിനെക്കുറിച്ച് നല്ല ധാരണയില്ലെങ്കിൽ പ്രതികൂല ഫലമാണുണ്ടാവുക. കളർ ടോൺ വളരെ പ്രധാനപ്പെട്ടതാണ്. ലൈറ്റ് പിങ്ക്, ലൈറ്റ് ബ്ലൂ, ലൈറ്റ് ലെമൺ ഇതൊക്കെ ബ്ലാക്ക് ആൻഡ്‌ വൈറ്റ് മൂവിയിൽ വരുമ്പോൾ വൈറ്റ് ആയിത്തീരും. മെറൂൺ ബ്ലാക്കായി കാണും. മുൻപൊക്കെ ഇത് വർക്ക് എക്‌സ്പീരിയൻസിലൂടെയാണ് കോസ്റ്റ്യൂംഡിസൈനർ മനസ്സിലാക്കിയിരുന്നത്. ഇപ്പോൾ കംപ്യൂട്ടർഡിസൈനിങ് വ്യാപകമായി ഉള്ളതുകൊണ്ട് പഴയപോലെ റിസ്‌ക്കില്ല. ഏത് കളറിലുള്ള ഡിസൈനും കംപ്യൂട്ടറിൽനിന്ന് നമുക്ക് എളുപ്പത്തിൽ തിരഞ്ഞെടുക്കാം. പുതിയ കാലത്ത് കോസ്റ്റ്യൂംഡിസൈൻ പഠിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തുന്നുണ്ട്. ജനറേഷനിൽ ഉണ്ടായ മാറ്റം ഞാനടക്കമുള്ള പഴയ തലമുറയിലെ കോസ്റ്റ്യൂംഡിസൈനർമാരും ഉൾക്കൊള്ളണം. അല്ലാതെ മുന്നോട്ടുപോകാനാകില്ല.

ഇരുവർമുതൽ മണിരത്നത്തിന്റെ ചിത്രങ്ങളിൽ ഒപ്പമുണ്ടായിരുന്നല്ലോ...

മണിസാറിന്റെ സിനിമകളിൽ പ്രവർത്തിക്കാൻ കഴിയുന്നതുതന്നെ ഒരു മഹാഭാഗ്യമല്ലേ. മറ്റൊരു താരതമ്യമില്ലാത്ത ജീനിയസ്സാണദ്ദേഹം. യഥാർഥത്തിൽ സുഹാസിനിയാണ് എന്നെ മണിരത്നത്തിലേക്കെത്തിച്ചത്. ഇരുവർ ആണ്‌ അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത ആദ്യചിത്രം. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽനിന്നു പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഭയങ്കര പെർഫെക്‌ഷനിസ്റ്റാണ്. അധികം സംസാരമോ ചിരിയോ ഇല്ല. എല്ലാം വളരെ കൂൾ ആയി പറയുന്നതാണ് അദ്ദേഹത്തിന്റെ രീതി. ‘‘സായി... ഇവർക്ക് പ്ലീറ്റ് പാന്റാണ്, അയാൾക്ക് പിങ്ക് ഷർട്ട് വേണം. ഒന്ന് ശ്രദ്ധിച്ചോളൂ...’’ -ഇങ്ങനെയൊക്കെ. വിശദീകരണമില്ല. എന്താണ് മണി സാർ ഉദ്ദേശിച്ചതെന്ന് നമ്മൾ മനസ്സിലാക്കിക്കോണം. ആയുധ എഴുത്ത്, അലൈപായുതേ, തിരുടാ തിരുടാ, രാവണ, കടൽ തുടങ്ങി പത്തിലേറെ പടങ്ങളിൽ മണിസാറിനൊപ്പം വർക്ക് ചെയ്തു. ഓരോസിനിമയും ഓരോ അനുഭവമാണ്.

രജനീകാന്തുമായുള്ള അടുപ്പത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. വ്യക്തിപരമായ സ്നേഹബന്ധത്തിലേക്ക് നിങ്ങളെ എത്തിച്ച ഘടകങ്ങൾ...

സിനിമതന്നെ. ഏറക്കുറെ പതിനഞ്ചോളം സിനിമകളിൽ രജനി സാറിനു കോസ്റ്റ്യൂം തയ്യാറാക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. സുരേഷ് കൃഷ്ണ സാറിന്റെയും കെ.എസ്. രവികുമാർ സാറിന്റെയും പടങ്ങളായിരുന്നു മിക്കതും. പടയപ്പ സിനിമയിൽ രജനിസാർ ഉപയോഗിച്ച കുർത്ത ഞാനാണ് ഡിസൈൻ ചെയ്തത്. അദ്ദേഹത്തിനത് വളരെ ഇഷ്ടപ്പെട്ടു. അതിനുശേഷം യഥാർഥ ജീവിതത്തിലും കുർത്ത ധരിക്കാൻ തുടങ്ങി അദ്ദേഹം. ഇപ്പോഴും എന്തെങ്കിലും പ്രത്യേക ഫങ്ഷനൊക്കെ വരുമ്പോൾ ഞാനാണ് രജനിസാറിന് കോസ്റ്റ്യൂം ചെയ്തുകൊടുക്കുന്നത്. ബാഷ സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഒരു സ്പെഷ്യൽ കണ്ണടവേണമെന്ന് പറഞ്ഞു. അത് ഞാൻ പ്ലാൻചെയ്യാമെന്നേറ്റു. കണ്ണടയുടെ കാൽ ഇല്ലാതെ, മൂക്കിന്റെ അടുത്ത് ഒരു ക്ലിപ്പ്‌വെച്ചാണ് അതു ഫിറ്റ് ചെയ്തത്. അത് ആ സിനിമയിലെ ഒരു സ്റ്റൈൽ ആയി. ഇങ്ങനെ പല അനുഭവങ്ങളുമുണ്ട്. രജനിസാറിന്റെ മുന്നിൽ ഒരു ഡ്രസ് കൊണ്ടുപോയി ക്കാണിച്ചാൽ അദ്ദേഹം പൊട്ടിച്ചിരിക്കും. ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് നമ്മളിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്ന ചിരിയാണത്. പിന്നെ വളരെ സൗമ്യമായി പറയും: ‘‘സായി.. ഇത് വേണ്ടാ; കഴിഞ്ഞദിവസം കാണിച്ച ഡ്രസ് ഇല്ലേ. അതുമതി.’’ അതല്ലാതെ ഒരിക്കലും ദേഷ്യപ്പെടുകയോ ചീത്തപറയുകയോ ഇല്ല. എന്നോടു മാത്രമല്ല, എല്ലാവരോടും അങ്ങനെയാണ്. ഇത്രയും കാലത്തെ അനുഭവത്തിൽനിന്ന് വേദനിപ്പിക്കുന്ന ഒരു വാക്കും രജനിസാറിൽനിന്ന് എനിക്കു കേൾക്കേണ്ടിവന്നിട്ടില്ല.

രജനീകാന്തിനൊപ്പം സായി

കമൽഹാസനുവേണ്ടിയും താങ്കൾ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിട്ടുണ്ടല്ലോ. രജനീകാന്തിൽനിന്ന് കമലിനെ വ്യത്യസ്തനാക്കുന്നതെന്താണ്

താരതമ്യപ്പെടുത്താൻ പറ്റാത്ത വ്യക്തിത്വമാണ് രണ്ടുപേരുടേതും. കമൽഹാസൻ സാർ ഭയങ്കര പെർഫെക്‌ഷനിസ്റ്റാണ്. അദ്ദേഹത്തെ തൃപ്തിപ്പെടുത്തുക വളരെ വിഷമകരമാണ്. സിനിമയെ അടിമുടി അറിയുന്ന ആൾ. വിരുമാണ്ടിയും അൻപേ ശിവവും ഇന്ത്യനുമൊക്കെ അദ്ദേഹത്തിനൊപ്പം ചെയ്ത ചിത്രങ്ങളാണ്. വിരുമാണ്ടിയും മറ്റും കമൽസാറിന്റെ ഇഷ്ടത്തിന് ചെയ്തുകൊടുത്തതാണ്. മികച്ച കോസ്റ്റ്യൂംഡിസൈനിങ്ങിനുള്ള തമിഴ്‌നാട് സർക്കാരിന്റെ അവാർഡ് ആ ചിത്രത്തിലൂടെ എനിക്ക് ലഭിച്ചു. വ്യക്തിപരമായി രജനിസാറിനെപ്പോലെ അത്ര അടുപ്പം കമൽസാറുമായിട്ടില്ല. ആരോടും അത്ര അടുപ്പംകാണിക്കുന്ന സ്വഭാവം സാറിനില്ല; എന്നാൽ, അകൽച്ചയുമില്ല. സിനിമയുടെ കാര്യം വരുമ്പോൾ കോസ്റ്റ്യൂമിനെക്കുറിച്ച് മനസ്സിലുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞുതരും. നമ്മൾ അതനുസരിച്ച് ചെയ്താൽ മതി. കമൽഹാസൻ എന്ന പെർഫക്‌ഷനിസ്റ്റിനോട് എനിക്ക് എന്നും ആദരംമാത്രമേ തോന്നിയിട്ടുള്ളൂ.

സംവിധായകരിൽ, പ്രിയദർശന്റെ സിനിമകൾക്കുവേണ്ടിയാണ് താങ്കൾ ഏറ്റവും കൂടുതൽ പ്രവർത്തിച്ചതെന്ന് തോന്നുന്നു...

പ്രിയൻസാറിന്റെകൂടെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി നാൽപ്പത്തിയെട്ട് പടങ്ങൾചെയ്തു. ഹിന്ദിയിൽമാത്രം ഇരുപത്തിയഞ്ച്. ഇത് ഒരു ചെറിയ കാര്യമായി ഞാൻ കാണുന്നില്ല. അത്രയേറെ വിശ്വാസം അദ്ദേഹത്തിനുള്ളതുകൊണ്ടു മാത്രമാണ് അത്രയും പടങ്ങൾ ഏൽപ്പിക്കുന്നത്. പ്രിയൻസാർ എന്താണ് ഇഷ്ടപ്പെടുന്നതെന്ന് എനിക്ക്‌ നന്നായറിയാം. അതുകൊണ്ട് അദ്ദേഹത്തിന്റെ പടങ്ങളുടെ കോസ്റ്റ്യൂമിന് തുണിവാങ്ങാൻ ഞാൻതന്നെയാണ് പോകാറുള്ളത്. തുണികളുടെ പർച്ചേസ് ഒരു ഡിസൈനറുടെ മുഖ്യമായ ജോലിയാണ്. എന്തൊക്കെ വേണം, എങ്ങനെവേണം എന്നതൊക്കെ ഡിസൈൻ പ്രകാരമായിരിക്കണം. ക്യാമറാമാനുമായും ആർട്ട് ഡയറക്ടറുമായും ചർച്ചചെയ്തശേഷമാണ് കോസ്റ്റ്യൂമിന്റെ കളർ നിശ്ചയിക്കുന്നത്. മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം എന്ന സിനിമ ചെയ്യുമ്പോൾ പ്രിയൻസാർ പറഞ്ഞു: ‘‘സായി നിങ്ങൾ ഒപ്പമുണ്ടാവണം.’’ സാർ അങ്ങനെ പറയാൻ കാരണമുണ്ടായിരുന്നു. പത്തുദിവസം വർക്കുചെയ്തശേഷം പോയിവരുകയാണ് എന്റെ രീതി. മരയ്ക്കാറിന്റെ തുടക്കംമുതൽ ഒടുക്കംവരെ ഞാൻ സാറിനൊപ്പമുണ്ടായിരുന്നു. അത്രയേറെ വെല്ലുവിളിയുയർത്തിയ മറ്റൊരു സിനിമയും എന്റെ ജീവിതത്തിലില്ല. പ്രിയൻസാറിന്റെ നിർദേശങ്ങൾക്കനുസരിച്ച് വളരെ ശ്രദ്ധിച്ച് പ്രവർത്തിച്ചതുകൊണ്ടുതന്നെയാണ് ആ സിനിമയിലൂടെ മികച്ച കോസ്റ്റ്യൂംഡിസൈനർക്കുള്ള നാഷണൽ അവാർഡ് എനിക്കു ലഭിച്ചത്. എത്ര ഡിസൈനർമാർ വന്നാലും പ്രിയൻസാർ ഇപ്പോഴും പറയുന്നത് ‘‘എനിക്ക് സായി മതി’’ എന്നാണ്. ആ വിശ്വാസം ഞാൻ കാത്തുസൂക്ഷിക്കുന്നുണ്ട്.

ഗാനരംഗങ്ങൾക്ക് താങ്കളൊരുക്കിയ കോസ്റ്റ്യൂമുകൾ പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവമാണ് നൽകിയത്...

ചില പാട്ടുകളിലെ കോസ്റ്റ്യൂമുകൾ കാണുമ്പോൾത്തന്നെ ‘ഇത് സായി ചെയ്തതാണെ’ന്ന് പലരും പറഞ്ഞതായി കേട്ടിട്ടുണ്ട്. തമിഴിൽ വീര, മുത്തു, ബാഷ, പടയപ്പ, മലയാളത്തിൽ തേന്മാവിൻ കൊമ്പത്ത്, കാലാപാനി തുടങ്ങിയ സിനിമകളിലെ ഗാനരംഗങ്ങൾക്ക് ഉപയോഗിച്ച കോസ്റ്റ്യൂമുകൾ എനിക്ക്‌ വലിയ പേര് നേടിത്തന്നു. പാട്ടുകളിൽ ഞാൻ കൊണ്ടുവന്ന ഈ സ്റ്റൈൽ ഒട്ടേറെപ്പേർ പിന്തുടർന്നിട്ടുണ്ട്.

മോഹൻലാലിനൊപ്പം ഒട്ടേറെ സിനിമകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടല്ലോ. ആ അനുഭവം...

അതൊരു ഭാഗ്യമായിക്കാണുന്നു. ഏറെയും പ്രിയൻസാറിന്റെ ചിത്രങ്ങളായിരുന്നു. വർഷങ്ങൾക്കുമുൻപ് പ്രിയൻസാർ മലേഷ്യയിലേക്ക് ആർട്ടിസ്റ്റുകളുടെ ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു. അതിൽ കോസ്റ്റ്യൂംഡിസൈനർ ഞാൻ മാത്രമാണുണ്ടായിരുന്നത്. അക്കാലത്താണ് ലാൽസാറുമായി ഏറെ അടുത്തത്.

അൻപത്തിയെട്ട് വർഷത്തെ ചലച്ചിത്ര ജീവിതം എന്തു പാഠമാണ് നൽകിയത്

സിനിമയുടെ വളരെ സുപ്രധാനമായ ഒരു മേഖലയാണ് വസ്ത്രാലങ്കാരം അഥവാ കോസ്റ്റ്യൂം ഡിസൈൻ. എനിക്കറിയാവുന്ന ഒരേയൊരു തൊഴിലാണത്. പതിന്നാല് വയസ്സുമുതൽ ഞാൻ ജീവിച്ചത് ഈ തൊഴിലെടുത്താണ്. സിനിമ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. പച്ചയായ ഒട്ടേറെ മനുഷ്യരെ കാട്ടിത്തന്നു. എത്ര പഠിച്ചിട്ടും തലയിൽ ഒന്നും കയറാത്തതുകൊണ്ടാണ് ഞാൻ ഏഴാം ക്ലാസിൽ പഠിപ്പ് നിർത്തിയത്. പക്ഷേ, എന്റെ മൂന്നുമക്കളും പഠനത്തിൽ മിടുക്കരായിരുന്നു. മൂത്തമകൻ കമൽകുമാർ സിങ്കപ്പൂരിൽ മറൈൻ എൻജിനിയറാണ്. രണ്ടാമത്തെ മകൻ ശ്രീനിവാസൻ യുഎസിൽ സോഫ്റ്റ് വേർ എൻജിനിയർ. മൂന്നാമത്തെ ആൾ നരേഷ് കോസ്റ്റ്യൂംഡിസൈനറായി എനിക്കൊപ്പമുണ്ട്. ഭാര്യ രോഹിണി വളർച്ചയിലും തളർച്ചയിലും കൂട്ടായി ഒപ്പമുണ്ട്. സിനിമയിലെ സ്റ്റണ്ടുകളിലേക്കൊന്നും ഞാനില്ല. എന്നെ ആവശ്യമുള്ളവർ എന്റെ അടുത്തുതന്നെ വരും. അവർ ഏൽപ്പിക്കുന്ന ജോലി സത്യസന്ധമായി ഞാൻ ചെയ്തുകൊടുക്കുന്നുണ്ട്. ഇതിനപ്പുറം എന്റെ ജീവിതത്തെക്കുറിച്ച് എനിക്ക് പറയാനാവില്ല.

Content Highlights: Sai, a seasoned costume designer- Interview

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article