
സൽമാൻ ഖാൻ - ചിത്രം: എ.പി. | ലോറൻസ് ബിഷ്‌ണോയ്
ഗുണ്ടാനേതാവായ ലോറന്‍സ് ബിഷ്‌ണോയിയില്‍ നിന്നുള്ള വധഭീഷണിയേയും, ഇതേതുടര്‍ന്ന് തന്റെ സുരക്ഷ സന്നാഹം ശക്തിപ്പെടുത്തിയതിനെയും കുറിച്ച് മനസ് തുറന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സിക്കന്ദറിന്റെ റിലീസിന് മുന്നോടിയായി സംഘടിപ്പിച്ച പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ വിഷയത്തേക്കുറിച്ച് സംസാരിച്ചത്. മാര്‍ച്ച് 30-നാണ് സിക്കന്ദര്‍ തീയേറ്ററുകളില്‍ എത്തുന്നത്.
ഞാന്‍ എത്രകാലം ജീവിച്ചിരിക്കുമെന്നത് നേരത്തേ നിശ്ചയിക്കപ്പെട്ടതാണ്. എല്ലാം ദൈവഹിതത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ചില സാഹചര്യങ്ങളില്‍ എനിക്ക് നിരവധി സുരക്ഷ സന്നാഹത്തിന്റെ അകമ്പടിയോടെ യാത്ര ചെയ്യേണ്ടിവരാറുണ്ട്. അത് പലപ്പോഴും വലിയ പ്രശ്‌നമായാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കിയിട്ടുള്ള ലോറന്‍സ് ബിഷ്‌ണോയ് എന്ന ഗുണ്ടാനേതാവ് വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായി ഇപ്പോള്‍ സബര്‍മതി ജയിലിലാണ്. എന്നാല്‍, അയാളുടെ അനുയായികളില്‍ നിന്നും സല്‍മാന്‍ ഖാനെതിരേ നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം സല്‍മാന്റെ ബാന്ദ്രയിലെ വീടിന് നേരെ വെടിവെപ്പുണ്ടായതിന് പിന്നില്‍ ബിഷ്‌ണോയ് സംഘമാണെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു.
സല്‍മാന്‍ ഖാനെതിരേയുള്ള ഭീഷണികള്‍ ഇപ്പോള്‍ തുടര്‍ക്കഥയാണ്. രണ്ട് കോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെയും എന്‍സിപി നേതാവ് സീഷാന്‍ സിദ്ധിഖിയേയും വധിക്കുമെന്ന് ഒക്ടോബറില്‍ ട്രാഫിക് പോലീസിന്റെ വാട്‌സ്അപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് ഭീഷണി സന്ദേശം വന്നിരുന്നു. ഈ സന്ദേശം ഗൗരവമായി എടുത്തില്ലെങ്കില്‍ ബാബ സിദ്ധിഖിയുടെ വിധിയായിരിക്കും ഈ രണ്ടുപേര്‍ക്കും ഉണ്ടാകുകയെന്നായിരുന്നു സന്ദേശം.
നവംബറിലും ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണെന്ന് അവകാശപ്പെട്ട് ഒരാളുടെ ഭീഷണി സന്ദേശം സല്‍മാന്‍ ഖാന് ലഭിച്ചിരുന്നു. കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ സല്‍മാന്‍ ഖാന്‍ ക്ഷമാപണം നടത്തണമെന്നും അഞ്ചുകോടി രൂപ നല്‍കണമെന്നുമായിരുന്നു ആ ഭീഷണി. സല്‍മാന്‍ ഖാന് ജീവന്‍ വേണമെങ്കില്‍ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പ് പറയണമെന്നും ബിഷ്‌ണോയ് ഗ്യാങ് ഇപ്പോള്‍ പൂര്‍ണ സജ്ജരാണെന്നും ഭീഷണി സന്ദേശത്തിലുണ്ടായിരുന്നു.
Content Highlights: Bollywood prima Salman Khan reveals receiving decease threats from Lawrence Bishnoi.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·