'എനിക്കൊരു കൃഷ്ണനെയെങ്കിലും കാണണെടോ'..; കഴിഞ്ഞ വര്‍ഷത്തെ വിഷു 'റൈഫിള്‍ ക്ലബി'ലായിരുന്നു'

9 months ago 10

surabhi-lakshmi

സുരഭി ലക്ഷ്മി | ഫോട്ടോ: അരുൺ പയ്യടിമീത്തൽ/ഗൃഹലക്ഷ്മി

വിഷു ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് ചലച്ചിത്രതാരം സുരഭി ലക്ഷ്മി;

ഴിഞ്ഞ വര്‍ഷം റൈഫിള്‍ ക്ലബ്ബിലായിരുന്നു വിഷു ആഘോഷം. സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു. സെറ്റില്‍ ആഘോഷിച്ച എന്റെജീവിതത്തിലെ രസകരമായ ഒരു വിഷുവായിരുന്നു അത്. വാണിച്ചേച്ചി (വാണി വിശ്വനാഥ്) വലിയ ഭക്തിയുള്ള കൂട്ടത്തിലാണ്. വിഷു, വിഷുക്കണി അതൊക്കെ ചേച്ചിക്ക് പ്രധാനപ്പെട്ടതായിരുന്നു. അങ്ങനെ, വിഷുവിന്റെ തലേന്ന് എനിക്കൊരു കൃഷ്ണനെയെങ്കിലും കാണണെടോ....എന്ന് ചേച്ചി പറഞ്ഞു. വലിയ കൃഷ്ണവിഗ്രഹമില്ലായിരുന്നു. ഒരു മഞ്ചാടി കൃഷ്ണന്‍ ഉണ്ടായിരുന്നെങ്കിലും അത് കണിവെയ്ക്കാന്‍ മാത്രം ഇല്ലായിരുന്നു. ഷൂട്ട് കഴിഞ്ഞ് വരുന്ന വഴിക്ക് പ്ലാവിന്റെ മുകളില്‍ നല്ല ചക്ക കണ്ടു. എന്റെ സഹോദരനും ദര്‍ശനയും അപ്പോള്‍ ഒപ്പമുണ്ടായിരുന്നു. വാണിച്ചേച്ചിക്ക് കൃഷ്ണനൊപ്പം ഒരു ചക്കയും കൂടെവെച്ച് കണികാണിക്കാം എന്ന് വിചാരിച്ചു.

ചെറിയ ചക്ക കിട്ടി. മുണ്ടക്കയം ടൗണിലെത്തിയപ്പോള്‍ ഒരു കട കണ്ടു. അവിടെനിന്ന് ഒരു കൃഷ്ണനെ വാങ്ങി. പിന്നെ പൂക്കള്‍ക്കുവേണ്ടി അടുത്തകടയില്‍ പോയി. അവിടെ ഇല്ലായിരുന്നു. ഒരു തണ്ണിമത്തന്റെ വണ്ടി വന്നപ്പോള്‍ അവരോട് വെറുതേ കൊന്നപ്പൂവുണ്ടോന്ന് ചോദിച്ചു. എന്തോ ഭാഗ്യം. അയാള്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വെച്ചിരുന്ന കുറച്ച് കൊന്നപ്പൂവില്‍ നിന്ന് അഞ്ചാറ് കൊന്നപ്പൂക്കള്‍ ഞങ്ങള്‍ക്ക് എടുത്തുതന്നു. അത് കിട്ടിയപ്പോള്‍ വലിയ സന്തോഷമായി. മുല്ലപ്പൂ, കണിവെള്ളരി, തേങ്ങ, മാങ്ങ, മുന്തിരി അങ്ങനെ എല്ലാം വാങ്ങി. മറ്റൊരു കടയില്‍ നിന്ന് തിരി, ചന്ദനത്തിരി, വിളക്കെണ്ണ, കര്‍പ്പൂരം എന്നിവ കിട്ടി. ഉരുളിക്കായി അവിടത്തെ ഹോട്ടലിലെ പയ്യനോട് കണിവെയ്ക്കുന്ന കാര്യം പറഞ്ഞു. അടുക്കളയിലുണ്ട്. പക്ഷേ അത് ഉപയോഗിക്കാന്‍ പറ്റുമോന്ന് അറിയില്ലെന്നായിരുന്നു മറുപടി. അടുക്കളയില്‍ പോയി നോക്കിയപ്പോള്‍ നല്ലൊരു ഉരുളി കണ്ടു. അത് തേച്ച് വൃത്തിയാക്കി ഞങ്ങളെടുത്തു. കുറച്ച് അരിയും പറയുമൊക്കെ സെറ്റാക്കി. നിലവിളക്കും റെഡിയാക്കി. പുതിയ ഉടുപ്പൊന്നും ഇല്ലായിരുന്നു.

കുറച്ചുകഴിഞ്ഞപ്പോള്‍ വാണിച്ചേച്ചി വിളിച്ചു. ഞാന്‍ വിചാരിച്ചു കണിയൊരുക്കുന്ന കാര്യം ചേച്ചി അറിഞ്ഞൂന്ന്. പക്ഷേ, ചേച്ചി ഒരുക്കിയ കണി കാണിക്കാന്‍ വിളിച്ചതായിരുന്നു. എനിക്കത് നേരത്തേതന്നെ കാണിച്ചുതരാന്‍ വേണ്ടി വിളിച്ചതാണ്. കുറച്ച് കൊന്നപ്പൂവും കൃഷ്ണനും മഞ്ഞപ്പട്ടുമൊക്കെ വെച്ച് നല്ല ഭംഗിയില്‍ കണി ഒരുക്കിയിരുന്നു. എന്റെ ഉദ്ദേശം പുലര്‍ച്ചെ കണി കാണണമെന്നായിരുന്നു. എന്നാല്‍ ഞാന്‍ മുന്നേ കണിയൊക്കെ കണ്ടു. പിന്നെ ഞാന്‍ ഒരുക്കിയ കണി എല്ലാവരുടെയും മുറിയുടെ മുന്നില്‍ വെച്ചു. എല്ലാവര്‍ക്കും അതിശയമായിരുന്നു. എങ്ങനെ ഇതൊക്കെ ഒരുക്കി എന്നായി എല്ലാവരുടെയും ചോദ്യം. പിന്നെ വിഷു സദ്യയൊക്കെ കഴിച്ച് എല്ലാവരും ചേര്‍ന്ന് വിഷു ഗംഭീരമാക്കി.

കുട്ടിക്കാലം
എല്ലാവരുടെയും കുട്ടിക്കാലംപോലെ തന്നെയായിരുന്നു എന്റെയും വിഷു ആഘോഷം. വിഷുദിവസങ്ങളില്‍ ആണ്‍കുട്ടികളായിരിക്കും പടക്കം പൊട്ടിക്കാന്‍ ആവേശത്തോടെ, ധൈര്യത്തോടെ മുന്നില്‍ ഉണ്ടാവുക. പെണ്‍കുട്ടികള്‍ കണിവെയ്ക്കാനും കണി കാണാനും അമ്പലത്തില്‍ പോകാനുമൊക്കെ ഉത്സാഹിക്കും. മിക്കവാറും നരിക്കുനി പള്ളിയറക്കോട്ട ഭഗവതിക്ഷേത്രത്തില്‍പോയി കണി കാണാറുണ്ടായിരുന്നു. ക്ഷേത്രത്തില്‍ ചെല്ലുമ്പോള്‍ തിരുമേനിയുടെ വക ഒരുരൂപാ നാണയം വിഷുക്കൈനീട്ടമായി കിട്ടും.

പ്രിയം അവിയല്‍
വിഷു സദ്യയെന്നല്ല ഏത് സദ്യയിലും എനിക്ക് ഏറെപ്രിയം അവിയലിനോടാണ്. സാമ്പാറും പച്ചടിയും ഇഷ്ടമാണ്. ഏത് വിശേഷദിവസങ്ങളിലായാലും വീട്ടിലാകുമ്പോള്‍ നന്നായി പാചകം ചെയ്യാറുണ്ട്. കഴിക്കാറുമുണ്ട്. ആ സമയത്ത് ഡയറ്റിനെക്കുറിച്ചൊന്നും ചിന്തിക്കാറില്ല.

രണ്ടോ മൂന്നോ നേരം ചോറുകഴിക്കും. പായസം കുടിക്കും. പിന്നെ അത് ദഹിപ്പിക്കാന്‍ വൈകുന്നേരമായാല്‍ രസം, ഇഞ്ചി കുത്തിപ്പിഴിഞ്ഞ് കഴിക്കും. അത്രയും മതിമറന്ന് ഭക്ഷണം കഴിച്ചിരുന്നു.

Content Highlights: Surabhi Lakshmishares Vishu Memories

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article