'എനിക്ക് അപകടം പറ്റിയശേഷം അവളുടെ മനസ്സും ശരീരവും മറ്റൊരാളുടേതായി, കാണേണ്ടി വരുന്ന ഞാനെന്തു ചെയ്യും'

9 months ago 7

യാദൃച്ഛികമായാണ് നാഗര്‍കോവില്‍ സ്വദേശി എസ്.എസ്. നടരാജനെ മദിരാശി റെയില്‍വേ സ്‌റ്റേഷനില്‍ ത്യാഗരാജന്‍ പരിചയപ്പെടുന്നത്. ത്യാഗരാജനു മുന്നേ സിനിമയില്‍ രംഗപ്രവേശം ചെയ്ത നടരാജന്‍ മികച്ച ഫൈറ്ററും ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുമായിരുന്നു. അക്കാലത്ത് സ്റ്റണ്ട്മാസ്റ്റര്‍ ശ്യാംസുന്ദറിന്റെ കൂടെയായിരുന്നു നടരാജന്‍. എം.ജി.ആറിന്റെ നിരവധി സിനിമകള്‍ക്ക് ഫൈറ്റ് മാസ്റ്ററായിരുന്ന ശ്യാംസുന്ദറിന്റെ അസിസ്റ്റന്റ് എന്ന നിലയില്‍ ഏറെ അഭിമാനിച്ചിരുന്നു നടരാജന്‍. അതിസാഹസികമായ രംഗങ്ങള്‍ അസാമാന്യ വൈദഗ്ദ്ധ്യത്തോടെ പൂര്‍ത്തീകരിച്ച നടരാജന്‍ ബോളിവുഡിലെ താരങ്ങള്‍ക്കും പ്രിയങ്കരനായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ഒരുവിധത്തിലുള്ള ഈഗോയും നടരാജനുണ്ടായിരുന്നില്ല. ജോലിയില്‍ മാത്രമായിരുന്നു എപ്പോഴും ശ്രദ്ധ. വലിയ നടന്മാര്‍ക്കുവേണ്ടി ഡ്യൂപ്പാകേണ്ടിവന്ന അതിസാഹസിക രംഗങ്ങളില്‍ പലപ്പോഴും ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ അതൊന്നും ജോലിയോട് വെറുപ്പു തോന്നാന്‍ നടരാജന് ഒരു കാരണമായില്ല. നന്നായി പഠിച്ച് നല്ല മാര്‍ക്കോടെ പരീക്ഷ പാസാകുന്ന വിദ്യാര്‍ഥിയുടെ ആവേശമായിരുന്നു അയാളില്‍ എപ്പോഴുമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അപകടംനിറഞ്ഞ രംഗങ്ങള്‍ എപ്പോഴും നടരാജനെ തേടിവന്നു. ഇതിനിടയില്‍ ചെറിയവേഷങ്ങളിലും നടരാജന്‍ സ്‌ക്രീനില്‍ നിറഞ്ഞു.

ചിത്തരഞ്ജന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ് തമിഴ്നാട്-ആന്ധ്ര അതിര്‍ത്തിയില്‍ നടക്കുകയാണ്. ജീപ്പില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വില്ലനായ പ്രേം ചോപ്രയെ പോലീസ് പിന്തുടരുന്ന പ്രധാനപ്പെട്ട രംഗം റെയില്‍വേ ഗേറ്റിനോടു ചേര്‍ന്നാണ് ചിത്രീകരിച്ചത്. ചോപ്ര ജീപ്പുമായി വരുന്ന സമയത്താണ് ട്രെയിന്‍ കടന്നുപോകേണ്ടത്. അതിനു മുമ്പ് ഗേറ്റ് അടയ്ക്കണം. ഗേറ്റ്മാനായി ഡ്യൂപ്പ് ആര്‍ട്ടിസ്റ്റ് നടരാജനാണ് അഭിനയിക്കുന്നത്. പ്രേം ചോപ്ര ജീപ്പുമായി ഗേറ്റിനെ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ വന്നുനില്‍ക്കണം. അപ്പോഴേക്കും ഗേറ്റടയ്ക്കും. പോലീസ് ചോപ്രയെ പിടികൂടുകയും ചെയ്യും. നൂറുകണക്കിനാളുകളാണ് ഷൂട്ടിങ് കാണാന്‍ തടിച്ചുകൂടിയത്. മിനിറ്റുകള്‍ക്കുള്ളില്‍ വില്ലന്‍ ജീപ്പുമായി പാഞ്ഞുവന്നു. നടരാജന്‍ ഗേറ്റടയ്ക്കാന്‍ മുന്നോട്ടു കുതിച്ചു. സെക്കന്‍ഡുകളാണ് വൈകിപ്പോയത്. സംവിധായകന്‍ 'കട്ട്' പറയുമ്പോഴേക്കും ചോപ്ര പെട്ടെന്ന് ബ്രേക്കിട്ടതിന്റെ ശക്തിയില്‍ ജീപ്പ് ഗേറ്റില്‍ത്തട്ടി നടരാജന്‍ ട്രാക്കിലേക്ക് തെറിച്ചുവീണു. 'അയ്യോ...' എന്ന ആര്‍ത്തനാദം മാത്രം കേട്ടു. ആ നിലവിളിക്കു മുകളിലൂടെ നിമിഷങ്ങള്‍ക്കിടയില്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ട്രെയിന്‍ കുതിച്ചു. എല്ലാവരും നോക്കിനില്‍ക്കെ നടരാജന്റെ ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി. ട്രെയിനിന്റെ അവസാനത്തെ ബോഗിയും കടന്നുപോയപ്പോള്‍ ട്രാക്കിനടുത്തേക്ക് സെറ്റിലുണ്ടായിരുന്ന എല്ലാവരും ഓടിച്ചെന്നു. രക്തപങ്കിലമായ ആ കാഴ്ച കണ്ട് അവര്‍ ഒന്ന് പകച്ചു. നാലഞ്ചുപേര്‍ തലകറങ്ങി വീണു. ആര്‍ക്കും ആരെയും സമാധാനിപ്പിക്കാനായില്ല. പാഞ്ഞുപോയ തീവണ്ടിയുടെ കരിപടര്‍ന്ന അന്തരീക്ഷത്തില്‍ കൂട്ടക്കരച്ചിലുകള്‍ പ്രതിദ്ധ്വനിച്ചു നിന്നു. നടരാജന്റെ കൈയും കാലും തലയും ഉടലുമൊക്കെ ട്രാക്കിന്റെ പലഭാഗങ്ങളിലായിരുന്നു. ഇതൊന്നും കാണാനാവാതെ ഷൂട്ടിങ് കണ്ടുനിന്ന മിക്കവരും ഓടിപ്പോയി. റെയില്‍വേ അധികൃതര്‍ ഉടനെ പോലീസില്‍ വിവരമറിയിച്ചു.

ചിത്തരഞ്ജന്റെ ചിത്രീകരണം നടക്കുന്നതിനു തൊട്ടടുത്തായിരുന്നു എം.ജി.ആറിന്റെ കുടിയിരുന്ത കോയിലിന്റെ ചിത്രീകരണവും നടന്നത്. എം.ജി. ആറിന്റെ സ്റ്റണ്ടുകാരില്‍ ത്യാഗരാജനുമുണ്ട്. അപകടവിവരം അറിഞ്ഞ ഉടനെ അദ്ദേഹവും സംഘവും പുറപ്പെട്ടു. നടരാജനാണ് മരണപ്പെട്ടതെന്ന് അവിടെയെത്തുമ്പോള്‍ മാത്രമാണ് അറിയുന്നത്. അപ്പോഴേക്കും പോലീസെത്തിയിരുന്നു. വേനല്‍വെയിലില്‍ ചുട്ടുപൊള്ളിയ ട്രാക്കില്‍നിന്നും നടരാജന്റെ ശരീരാവയവങ്ങള്‍ പെറുക്കിയെടുക്കാന്‍ ത്യാഗരാജനെയാണ് പോലീസ് സഹായത്തിനു വിളിച്ചത്. മനസ്സ് മരവിച്ചുപോയ നിമിഷങ്ങള്‍. ചൂടേറ്റു തിളച്ച് ചോരയുടെ ഗന്ധംപോലും മാറിപ്പോയിരുന്നു. വിവരമറിഞ്ഞയുടന്‍ എം.ജി.ആര്‍. സ്ഥലത്തെത്തി. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പലരെയും അപ്പോഴേക്കും അറസ്റ്റ് ചെയ്തിരുന്നു. ശരീരം എട്ട് കഷണങ്ങളായിരുന്നു. എല്ലാം പ്ലാസ്റ്റിക് ചാക്കിലാക്കി പോസ്റ്റുമോര്‍ട്ടത്തിന് ജനറല്‍ ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി.

അപകടം സംഭവിച്ച അന്നുതന്നെ പോസ്റ്റുമോര്‍ട്ടം നടന്നു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വത്സരവാക്കത്തായിരുന്നു നടരാജന്‍ താമസിച്ചിരുന്നത്. വീട്ടുകാര്‍ക്ക് കാണാന്‍ ശരീരം ആള്‍രൂപത്തിലാക്കി കൊടുക്കണം. ഹോസ്പിറ്റലില്‍ നടരാജന്റെ ദേഹം തുന്നിച്ചേര്‍ക്കുന്നതും ത്യാഗരാജന് കാണേണ്ടിവന്നു. രാത്രിയോടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സ്റ്റണ്ട് യൂണിയനില്‍പ്പെട്ട ഭൂരിപക്ഷം പേരും മൃതദേഹത്തെ അനുഗമിച്ചു. നടരാജന്റെ കുടുംബത്തിന് എം.ജി.ആര്‍. വലിയൊരു തുക സഹായമായി നല്‍കി. സ്റ്റണ്ട് യൂണിയന്‍ അന്ന് അത്ര ശക്തമല്ലെങ്കില്‍പ്പോലും എല്ലാവരും തങ്ങളാല്‍ കഴിയുംവിധമുള്ള തുക യൂണിയനെ ഏല്‍പ്പിച്ചു. എം.ജി.ആറും ജെമിനി വാസനും തമ്മിലുള്ള ആത്മബന്ധം കൊണ്ടുമാത്രമാണ് നടരാജന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍നിന്ന് എല്ലാവര്‍ക്കും തലയൂരാനായത്. കേന്ദ്ര ഗവണ്‍മെന്റില്‍ എം.ജി.ആര്‍. ശക്തമായ ഇടപെടല്‍ നടത്തിയില്ലായിരുന്നുവെങ്കില്‍ പലരുടെയും ജീവിതം അതോടെ അവസാനിക്കുമായിരുന്നു.

നാടകമന്‍ട്രത്തില്‍ വെച്ചുള്ള സൗഹൃദമാണ് രാമകൃഷ്ണനും ത്യാഗരാജനുമായുള്ളത്. പുലികേശിയുടെ ശിഷ്യന്മാരില്‍ മികച്ച ഫൈറ്ററായിരുന്നു രാമകൃഷ്ണന്‍. ത്യാഗരാജന്റെ ജീവിതത്തിലെ ചതുപ്പുനിലങ്ങളിലെല്ലാം സഹായിയായി രാമകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. അയാളുടെ കണ്ണുകള്‍ക്ക് വല്ലാത്തൊരു തെളിച്ചമായിരുന്നു. തമിഴ്നാട്ടിലെ കുംഭകോണത്തിലാണ് പിറന്നതെങ്കിലും കോടമ്പാക്കത്തിന്റെ തെരുവുകളിലായിരുന്നു രാമകൃഷ്ണന്‍ വളര്‍ന്നത്. പിന്നീടെപ്പോഴോ അയാള്‍ നാടകമന്‍ട്രത്തിലെത്തിപ്പെട്ടു. ക്രമേണ പുലികേശിയുടെ സ്റ്റണ്ട്ഗ്രൂപ്പിലെ പ്രധാനിയുമായി. പ്രതിസന്ധിഘട്ടങ്ങളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഉറച്ചുനില്‍ക്കാനുള്ള വലിയ മനസ്സ് രാമകൃഷ്ണനുണ്ടായത് സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നായിരുന്നു. ത്യാഗരാജന് ഇടംവലമായി എപ്പോഴും രാമകൃഷ്ണനുണ്ടായിരുന്നു. ലൊക്കേഷനിലേക്കു പോകുന്നതും തിരിച്ചുവരുന്നതുമെല്ലാം ഒന്നിച്ച്. എം.ജി.ആര്‍. നഗറിലെ പുറമ്പോക്കില്‍ സ്റ്റണ്ട് യൂണിയനിലെ ആള്‍ക്കാര്‍ക്കു ലഭിച്ച സ്ഥലത്തില്‍ നാലു സെന്റ് ത്യാഗരാജനുമുണ്ടായിരുന്നു. വീടില്ലാത്ത രാമകൃഷ്ണന് വീടുവെക്കാന്‍ ആ സ്ഥലം അദ്ദേഹം സ്നേഹത്തോടെ നല്‍കുകയാണുണ്ടായത്.

thyagarajan

ത്യാഗരാജൻ. ഫോട്ടോ: വി.പി.പ്രവീൺ കുമാർ

സാഹസികതകള്‍ മാത്രം പരിചയിച്ച രാമകൃഷ്ണന് കുടുംബമെന്നാല്‍ സ്വര്‍ഗമായിരുന്നു. ഭാര്യയും മകനുമടങ്ങുന്ന അയാളുടെ ജീവിതം കത്തിക്കരിഞ്ഞത് ലക്ഷ്മണ്‍ ഗോറി സംവിധാനം ചെയ്ത, ജയശങ്കര്‍ നായകനായ ഒരു തമിഴ് പടത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ്. ശാരദ സ്റ്റുഡിയോയുടെ ഒരു ഫ്ളോറില്‍ പ്രതിനായകനുവേണ്ടി ഡ്യൂപ്പായതാണ് രാമകൃഷ്ണന്‍. കഥാന്ത്യത്തില്‍ വില്ലന്‍ കത്തിച്ചാമ്പലാകുന്ന രംഗമായിരുന്നു. ഇത്തരം സീനുകളില്‍ ശരീരത്തില്‍ തീ പിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേകതരം വസ്ത്രങ്ങളുണ്ട്. ശ്രദ്ധിച്ച് ധരിച്ചിട്ടില്ലെങ്കില്‍ ശരീരത്തില്‍ പൊള്ളലേല്‍ക്കാന്‍ സാദ്ധ്യതകളേറെയാണ്. ഷൂട്ടിങ് തുടങ്ങി രാമകൃഷ്ണന്റെ വസ്ത്രത്തില്‍ പെേ്രടാള്‍ സ്േ്രപ ചെയ്ത് തീ കൊടുത്തു. രംഗം ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ മരണവെപ്രാളത്തിലുള്ള നിലവിളി ഉയര്‍ന്നുകേട്ടു. പെട്ടെന്ന് സെറ്റിലുള്ളവരെല്ലാവരും ചേര്‍ന്ന് രാമകൃഷ്ണന്റെ ശരീരം മുഴുവന്‍ കത്തിപ്പടരുന്ന തീയണയ്ക്കാനുള്ള തത്രപ്പാടിലായി. അഞ്ചുനിമിഷത്തിനുള്ളില്‍ തീയണച്ചു. നിലത്ത് കമിഴ്ന്നുകിടന്ന രാമകൃഷ്ണനരികിലേക്ക് ത്യാഗരാജന്‍ ഓടിച്ചെന്നു. ആ ശരീരത്തില്‍നിന്ന് കരിഞ്ഞ പച്ചമാംസത്തിന്റെ രൂക്ഷഗന്ധം വമിക്കുന്നുണ്ടായിരുന്നു. കട്ടിയുള്ള ചാക്കുവിരിച്ച് അതിലേക്ക് ശരീരം മലര്‍ത്തിക്കിടത്തി. കഴുത്തും മുഖവും വെന്ത് വികൃതമായിരുന്നു.

വൈകാതെ എല്ലാവരും ചേര്‍ന്ന് രാമകൃഷ്ണനെ വിജയാ ഹോസ്പിറ്റലിലെത്തിച്ചു. അഡ്മിറ്റ് ചെയ്ത ഉടന്‍ കൈക്കുഞ്ഞുമായി ഭാര്യയെത്തി. ഭര്‍ത്താവിനെ കണ്ടപ്പോഴുണ്ടായ അവരുടെ നിര്‍ത്താതെയുള്ള രോദനം കൂടിനിന്നവരെ പിടിച്ചുലച്ചു. രാമകൃഷ്ണനെ സഹായിക്കാന്‍ സ്റ്റണ്ട് യൂണിയന്‍ മുന്നിലുണ്ടായിരുന്നു. നല്ലൊരു തുക യൂണിയന്‍ കുടുംബത്തിനു നല്‍കി. ഒന്നരമാസം പൊള്ളലേറ്റ ശരീരവുമായി രാമകൃഷ്ണന്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞു. പക്ഷേ, ശരീരത്തിലേറ്റ പൊള്ളലിനേക്കാള്‍ അയാളെ മാനസികമായി തകര്‍ത്തത് മറ്റൊന്നായിരുന്നു. ആശുപത്രിയിലേക്കുള്ള ഭാര്യയുടെ വരവ് ദിവസംതോറുമെന്നത് ആഴ്ചയിലൊരിക്കലായി. പിന്നെ രണ്ടാഴ്ച കൂടുമ്പോഴായി. പിന്നെ പിന്നെ ആശുപത്രിയിലേക്ക് അവരുടെ വരവേ ഇല്ലാതായി. മാസങ്ങളോളം വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ സംവിധായകന്‍ ലക്ഷ്മണ്‍ ഗോറി പറഞ്ഞു: 'രാമകൃഷ്ണന്‍ നമ്മുടെ കമ്പനിയുടെ ഗസ്റ്റ്ഹൗസില്‍ താമസിക്കട്ടെ.'

മരുന്നും ഭക്ഷണവുമടക്കം എല്ലാ സൗകര്യവും കമ്പനി രാമകൃഷ്ണനു ചെയ്തുകൊടുത്തു.
മൂന്നുമാസത്തെ ചികിത്സയ്ക്കുശേഷം രാമകൃഷ്ണന്‍ വീട്ടിലേക്കു തിരിച്ചു. ഭാര്യയെയും മകനെയും കാണാനുള്ള ആഗ്രഹത്തോടെ കടന്നുചെന്ന അയാള്‍ താന്‍ സ്വര്‍ഗ്ഗംപോലെ കരുതിയിരുന്ന ആ വീട്ടില്‍ അപരിചിതനെപ്പോലെയായി. കഴുത്തും മുഖവും ഒന്നാകെ വെന്തുരുകിപ്പോയ അയാളെ വീട്ടുകാരും നാട്ടുകാരും അറപ്പും വെറുപ്പും കലര്‍ന്ന കണ്ണോടെ നോക്കി. പകല്‍സമയം മുഴുവന്‍ അയാള്‍ മുറിയുടെ വാതിലടച്ചിട്ടിരിക്കും. സ്റ്റണ്ട് യൂണിയനിലെ സഹപ്രവര്‍ത്തകര്‍ സ്നേഹത്തോടെ അപ്പോഴും അയാളെ കാണാനെത്തി. ത്യാഗരാജനോടു മാത്രമായി രാമകൃഷ്ണന് ചിലതു പറയാനുണ്ടായിരുന്നു. 'ഒരിക്കല്‍ അത് പറയാം.'എന്നുമാത്രം അയാള്‍ സൂചിപ്പിച്ചു. രാമകൃഷ്ണന് പറ്റിയ അപകടം ത്യാഗരാജന് തന്റെ വലംകൈ നഷ്ടപ്പെട്ടതിന് തുല്യമായിരുന്നു. സിനിമയുടെ തിരക്കുകളില്‍ ആണ്ടുപോകുന്നതിനിടക്കും മാസത്തിലൊരു തവണയെങ്കിലും രാമകൃഷ്ണനെ കാണാന്‍ ത്യാഗരാജനെത്തി.

ശക്തമായ ഇടിയും മഴയുമുള്ള ഒരു പാതിരാത്രി ത്യാഗരാജനെ കാണാന്‍ രാമകൃഷ്ണന്‍ എത്തി. ശാന്തിയും മകളും റെഡ്ഡിമാങ്കുപ്പത്തായിരുന്നതിനാല്‍ വീട്ടില്‍ തനിച്ചായിരുന്നു ത്യാഗരാജന്‍. ഇടിമിന്നലില്‍ വൈദ്യുതവിളക്കുകള്‍ കെട്ടുപോയിരുന്നു. വാതിലില്‍ തുടരെയുള്ള മുട്ടുകേട്ട് ഉണര്‍ന്ന് വാതില്‍ തുറന്നപ്പോള്‍, കരിമ്പടംകൊണ്ട് മൂടിപ്പുതച്ചു നിന്നയാളെ തിരിച്ചറിഞ്ഞത് കണ്ണുകളിലെ തെളിച്ചം ഒന്നുകൊണ്ടുമാത്രമായിരുന്നു. ത്യാഗരാജന്‍ നല്‍കിയ ചൂടുകാപ്പിയും ബന്നും കഴിച്ച്, താന്‍ പറയാന്‍ ബാക്കിവെച്ച കാര്യങ്ങള്‍ രാമകൃഷ്ണന്‍ പറഞ്ഞുതുടങ്ങി. അമ്പരപ്പിക്കുന്ന ആ കഥകള്‍ നേരംപുലരുംവരെ ത്യാഗരാജന്‍ കേട്ടുകൊണ്ടിരുന്നു. അടുത്തദിവസം നാട്ടില്‍ പോയി ശാന്തിയെയും മകളെയും കൂട്ടിക്കൊണ്ടുവരേണ്ടതുകൊണ്ട് ത്യാഗരാജന്‍ ജോലിക്കു പോയില്ല. രാമകൃഷ്ണനോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചശേഷം വടപളനിയിലൂടെ നടന്നു. പഴയ നാടകമന്‍ട്രത്തിന്റെ ഓര്‍മ്മകള്‍പോലും അവശേഷിക്കാത്ത പുതിയ കെട്ടിടത്തിന്റെ മുന്നിലിരുന്നും കുറേ സങ്കടങ്ങള്‍ രാമകൃഷ്ണന്‍ പങ്കുവെച്ചു. ഇനിയൊരിക്കലും ഫൈറ്റുകാരനായി ജീവിക്കാന്‍ രാമകൃഷ്ണനാവില്ല. അയാളുടെ ഇരിപ്പും നടപ്പും നോട്ടവും വസ്ത്രധാരണരീതിയുമെല്ലാം ഭ്രാന്തന്റേതുപോലെയായി മാറിയിരിക്കുന്നു. 'രാമകൃഷ്ണന്‍ ഇങ്ങനെ നടന്നാല്‍ അതിന്റെ നാണക്കേട് എനിക്കാണ്' എന്ന് ത്യാഗരാജന്‍ പലവട്ടം ഓര്‍മ്മപ്പെടുത്തി.
'എനിക്ക് നീയൊരു ചെരിപ്പു വാങ്ങി താ, നാളെ എന്റെ പിറന്നാളാണ.്' രാമകൃഷ്ണന്‍ പറഞ്ഞു.
മുന്തിയ ഒരു ജോഡി ചെരിപ്പിനൊപ്പം മുണ്ടും ഷര്‍ട്ടും പാന്റും സ്വെറ്ററുമൊക്കെ വാങ്ങിക്കൊടുത്തശേഷം രാമകൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട ചാര്‍മിനാര്‍ സിഗരറ്റിന്റെ മൂന്നു പായ്ക്കറ്റും വെറ്റിലപാക്കും കൂടി വാങ്ങി. ഉച്ചയ്ക്ക് ചിക്കന്‍ ബിരിയാണി വേണമെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ഒന്നിച്ച് ഭക്ഷണം കഴിച്ച് പിരിയുമ്പോള്‍ ത്യാഗരാജന്‍ പറഞ്ഞു: 'രാമകൃഷ്ണന് എന്താവശ്യമുണ്ടെങ്കിലും എന്റെയടുത്ത് വരാം. മരണംവരെ നിന്റെ കൂടെ ഞാനുണ്ടാകും.' തിളക്കമുള്ള ആ കണ്ണുകള്‍ അതുകേട്ട് കലങ്ങി. ഒഴുകാന്‍ ഒരു തുള്ളി കണ്ണീര്‍പോലും ബാക്കിയില്ലാത്ത കണ്ണുകള്‍ താഴ്ത്തി രാമകൃഷ്ണന്‍ തിരിഞ്ഞുനടന്നു. സിനിമയിലെ നായകന്മാര്‍ക്കുവേണ്ടി സെല്ലുലോയ്ഡിനെ വിറപ്പിച്ച ഒരു പോരാളിയാണ് ആ നടന്നുപോകുന്നതെന്ന് ആരുടെയെങ്കിലും വിദൂരമായ ഓര്‍മകളില്‍പോലും അന്നേരമുണ്ടാകില്ല. കരിമ്പടം പുതച്ച ആ രൂപം കണ്ണില്‍നിന്നു മറയുംവരെ ത്യാഗരാജന്‍ നോക്കിനിന്നു.

റെഡ്ഡിമാങ്കുപ്പത്തുനിന്ന് അടുത്ത ദിവസം രാത്രിയോടെ ശാന്തിയെയും മകളെയും ത്യാഗരാജന്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. വെളുപ്പിന് ഷൂട്ടിങ്ങിന് പുറപ്പെടാനുള്ള ഒരുക്കത്തിനിടയിലാണ് പാപ്പി ഓടിക്കിതച്ചുവന്നത്. എത്ര ചോദിച്ചിട്ടും ഒന്നും പറയാന്‍ കഴിയാതെ പാപ്പി കിതച്ചുനിന്നു. അല്‍പ്പം ക്ഷോഭത്തോടെ കാര്യമെന്താണെന്നു പറയാന്‍ പറഞ്ഞപ്പോള്‍ പാപ്പി ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെട്ടു. ഒറ്റശ്വാസത്തില്‍ അതു കുടിച്ചശേഷം പാപ്പി പറഞ്ഞു: 'നമ്മുടെ രാമകൃഷ്ണന്‍ മരിച്ചു... ഇന്നലെ രാത്രി.'
പാപ്പിയോടൊപ്പം എം.ജി.ആര്‍. നഗറിലെ പുറമ്പോക്കിലുള്ള രാമകൃഷ്ണന്റെ വീട്ടിലേക്കു പുറപ്പെട്ടു. അശോക് പില്ലറിനടുത്തുള്ള ഇലകള്‍കൊഴിഞ്ഞ ഒരു വലിയ മരത്തിന്മേലായിരുന്നു രാമകൃഷ്ണന്‍ അഭയം തേടിയത്. അതും ത്യാഗരാജന്‍ വാങ്ങിക്കൊടുത്ത കോടിമുണ്ടില്‍ കെട്ടിത്തൂങ്ങി. ഹൃദയം പിളര്‍ക്കുന്ന വേദനയോടെ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ആ ദൃശ്യം കാണുമ്പോള്‍ മരണത്തിന്റെ തലേന്നാള്‍ പുലര്‍ച്ചെ കനത്ത മഴയിലേക്ക് നോക്കി രാമകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ ത്യാഗരാജന്റെ മനസ്സിലൂടെ മിന്നല്‍പ്പിണര്‍പോലെ കടന്നുപോയി. 'ശരീരം എനിക്ക് നഷ്ടമായി. എന്നാലും സ്നേഹിക്കാന്‍ മാത്രമറിയാവുന്ന മനസ്സ് എനിക്ക് നഷ്ടപ്പെട്ടിരുന്നില്ല. എന്റെ ഭാര്യ എന്റേതു മാത്രമായിരുന്നു. പക്ഷേ, എനിക്ക് അപകടം പറ്റിയതിനുശേഷം അവളുടെ മനസ്സും ശരീരവും മറ്റൊരാളുടേതായി മാറി. എന്റെ കണ്‍മുമ്പില്‍വെച്ച് അത് കാണേണ്ടി വരുന്ന ഞാന്‍ എന്തുചെയ്യും എന്റെ രാജാ...'

ജീവിതത്തില്‍ തോറ്റുപോയതിനാല്‍ ആത്മഹത്യയില്‍ അഭയം തേടിയ രാമകൃഷ്ണനെപ്പോലെ, എത്രയെത്ര സ്റ്റണ്ടുകാര്‍ ഈ മദിരാശിപ്പട്ടണത്തിന്റെ പുറമ്പോക്കുകളില്‍ ആരുമറിയാതെ ഒടുങ്ങിയിട്ടുണ്ട്!

(തുടരും)

Content Highlights: stuntmen Madras movie manufacture Natarajan Ramakrishnan calamity accidents movie manufacture Tamil cinema

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article