'എന്താ ഇർഷാദേ ഇത്' എന്നും ചോദിച്ച് സ്വന്തം ചെരുപ്പഴിച്ച് നൽകിയ മോഹൻലാൽ; കുറിപ്പുമായി നടൻ

8 months ago 7

25 April 2025, 08:01 AM IST

irshad ali mohanlal

ഇർഷാദ് മോഹൻലാലിനൊപ്പം | Photo: Facebook/ Irshad Ali

'തുടരും' റിലീസിന് മുമ്പായി മോഹന്‍ലാലുമായി ബന്ധപ്പെട്ട തന്റെ ഓര്‍മകള്‍ പങ്കുവെച്ച് നടന്‍ ഇര്‍ഷാദ് അലിയുടെ കുറിപ്പ്. 'ഇരുപതാം നൂറ്റാണ്ട്' ചിത്രം കാണാന്‍ പോയപ്പോള്‍ ആദ്യമായി മോഹന്‍ലാലിനെ കണ്ടത് ഓര്‍ത്തെടുത്ത് തുടങ്ങുന്ന കുറിപ്പില്‍, 'തുടരും' സിനിമ വരെ മോഹന്‍ലാലിനൊപ്പമുള്ള യാത്ര ഇര്‍ഷാദ് പങ്കുവെക്കുന്നു. 'നരസിംഹ'ത്തിലും 'പ്രജ'യിലും 'പരദേശി'യിലും 'ദൃശ്യ'ത്തിലും 'ബിഗ് ബ്രദറി'ലും ഒന്നിച്ച് അഭിനയിച്ചത് ഇര്‍ഷാദ് ഓര്‍ത്തെടുക്കുന്നു. 'തുടരും' ഷൂട്ടിങ്ങിനിടെ പരിക്കേറ്റ കാലുമായി ചെരുപ്പിടാതെ ചെന്ന തനിക്ക് മോഹന്‍ലാല്‍ സ്വന്തം ചെരുപ്പഴിച്ചുതന്നതിനേക്കുറിച്ചും ഇര്‍ഷാദ് വൈകാരികമായി പറഞ്ഞുവെക്കുന്നു. പ്രേക്ഷകരുടെ ചേര്‍ത്തുപിടിക്കല്‍ തുടര്‍ന്നാല്‍ തങ്ങളില്‍ ഇനിയും ഇവിടെ തുടരുകചെയ്യുമെന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇര്‍ഷാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

1987 മെയ് മാസത്തിലെ ചുട്ടു പൊള്ളുന്നൊരു പകല്‍.സൂര്യന്‍ ഉച്ചിയില്‍ തന്നെയുണ്ട്. വെയിലിനെ വകവെക്കാതെ തടിച്ചു കൂടി നില്‍ക്കുന്നവരുടെ കൂട്ടത്തിലെ ഒരാളായി എം ജി റോഡിന് അഭിമുഖമായ തൃശ്ശൂര്‍ രാംദാസ് തിയേറ്ററിന്റെ മെയിന്‍ ഗേറ്റില്‍ വിയര്‍ത്തു നനഞ്ഞൊട്ടിയ ഉടുപ്പമായി അക്ഷമനായി ഞാനും!
'ഇരുപതാം നൂറ്റാണ്ട്'എന്ന മോഹന്‍ലാല്‍ സിനിമ കാണാന്‍ തിക്കിത്തിരക്കി വന്നവരാണ്.ഗേറ്റ് തുറന്ന് ഓട്ടത്തിനിടയില്‍ വീണപ്പോള്‍ കിട്ടിയ മുട്ട് പൊട്ടിയ നീറ്റലോടെ ഞാന്‍ ടിക്കറ്റ് ഉറപ്പായൊരു പൊസിഷനില്‍ എത്തിയിരുന്നു.ചോര പൊടിഞ്ഞ പോറലും കൊണ്ട് ക്യൂ നിക്കുമ്പോള്‍ പെട്ടെന്ന് മോഹന്‍ലാല്‍ മോഹന്‍ലാല്‍ എന്നൊരു ആരവം.തീയേറ്ററിന്റെ എതിര്‍വശത്തെ തറവാട്ടുവീട്ടില്‍ തൂവാനത്തുമ്പികള്‍ ഷൂട്ട് നടക്കുന്നെന്നോ മോഹന്‍ലാല്‍ എത്തിയിട്ടുണ്ടെന്നോ ആരോ പറയുന്നത് അവ്യക്തമായ് കേട്ടു.ആള്‍ക്കൂട്ടത്തിനിടെ ഏന്തി വലിഞ്ഞും കൊണ്ട് നോക്കി.
ആ നട്ടുച്ച വെയിലിലാണ്,ഒരു ലോങ്ങ് ഷോട്ടില്‍ മിന്നായംപോലെ ഞാനാ രൂപം ആദ്യമായ് കാണുന്നത്.
പിന്നീട് കാണുന്നത് നരസിംഹത്തിന്റെ സെറ്റില്‍ വെച്ച്.. അപ്പോഴേക്കും സിനിമയാണെന്റെ അന്നം എന്ന് ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.ചെറിയ വേഷങ്ങളിലൂടെ എങ്ങനെയെങ്കിലും സിനിമയില്‍ കാലുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിനിടെ രഞ്ജിത്ത് എന്ന മനുഷ്യന്റെയും അഗസ്റ്റിന്റെയും
സ്‌നേഹ സമ്മാനമായിരുന്നു ആ വേഷം. കൂട്ടത്തിലൊരാളായ് ചെന്നു.ആദ്യത്തെ കൂടിക്കാഴ്ച്ച വെച്ച് ചെറിയൊരു വ്യത്യാസമുണ്ട്. ഇക്കുറി മോഹന്‍ലാല്‍ എന്നെയും കണ്ടു.അതു കഴിഞ്ഞും പ്രജയില്‍ സാക്കിര്‍ ഹുസൈനിന്റെ ഡ്രൈവറായി നിന്ന് ഒടുവില്‍ ഒറ്റിക്കൊടുത്തിട്ടുണ്ട്.
പരദേശിയില്‍ സ്‌നേഹ നിധിയായ അച്ഛനെ അതിര്‍ത്തി കടത്തേണ്ടി വന്നിട്ടുണ്ട്.
ദൃശ്യത്തില്‍ ജോര്‍ജ്ജ് കുട്ടിയുടെ നേരറിഞ്ഞ പോലീസ് ഓഫിസറായിട്ടുണ്ട്.പിന്നീട് ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും ബിഗ് ബ്രദറില്‍ സച്ചിദാനന്ദന്റെ സന്തതസഹചാരിയുടെ വേഷവും ചെയ്യാന്‍ പറ്റി.
ഒടുവിലിപ്പോള്‍ തരുണ്‍ മൂര്‍ത്തിയുടെ ഷാജിയായ്
ഷണ്മുഖനൊപ്പം വളയം പിടിക്കാന്‍!
കഴിഞ്ഞ വേനലില്‍,തുടരും സിനിമയുടെ ഷൂട്ടിനിടയില്‍ പരിക്ക് പറ്റിയ കാലുമായ്
'വെയിലില്‍ നനഞ്ഞും മഴയില്‍ പൊള്ളിയും' എന്ന എന്റെ പുസ്തകം കൊടുക്കാന്‍ വേച്ചു വേച്ച് മുറിയില്‍ ചെന്ന എന്നെ നോക്കിക്കൊണ്ട് സ്‌നേഹം നിറഞ്ഞ ശാസനയോടെ 'എന്താ ഇര്‍ഷാദേ ഇത്, ചെരുപ്പിടാതെയാണോ നടക്കുന്നതെന്ന്' പറഞ്ഞു സ്വന്തം ചെരിപ്പഴിച്ചു തന്നപ്പോഴും,പിറ്റേന്ന് അത്രയും ചേര്‍ന്നു നിന്ന് എണ്ണമറ്റ ഫോട്ടോസ് എടുത്തപ്പോഴും ലാലേട്ടന്റെ പിറന്നാള്‍ മധുരം വായില്‍ വെച്ചു തന്നപ്പോഴും ഞാനോര്‍ക്കുകയായിരുന്നു.
ഒക്കെയും ഒരേ വേനലില്‍.
ഒരേ പൊള്ളുന്ന ചൂടില്‍.
പക്ഷേ ഒരു മാറ്റമുണ്ട്.അന്ന് ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റിക്കൊണ്ട് മോഹന്‍ലാലിനെ ഒരുനോട്ടം കണ്ടെന്ന് വരുത്തിയ മെലിഞ്ഞുന്തിയ ചെറുക്കന്‍,പിന്നീടുള്ള ഓരോ കൂടികാഴ്ചയിലും കണ്ടത് ലാലേട്ടനെയാണ്.
എന്നിട്ടും,പണ്ട് നീറ്റുന്ന കാലുമായ് നോക്കി നിന്ന അതേ അതിശയം തന്നെ, എനിക്ക് മോഹന്‍ലാല്‍! ??
പ്രിയമുള്ളവരേ...
സിനിമ ശ്വസിച്ചും സിനിമയെ പ്രണയിച്ചും ഞങ്ങളിവിടെ തുടരാന്‍ തുടങ്ങിയിട്ട് നാളുകളായി...
നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് ഞങ്ങളെ ഇവിടെ നിലനിര്‍ത്തുന്നത്
നിങ്ങളുടെ ചേര്‍ത്തുപിടിക്കല്‍ 'തുടര്‍'ന്നാല്‍ ഞങ്ങളിവിടെ 'തുടരു'ക തന്നെ ചെയ്യും
സ്‌നേഹപൂര്‍വ്വം
ഇര്‍ഷാദ് അലി

Content Highlights: Actor Irshad Ali shares touching memories with Mohanlal, from their archetypal gathering to the `Thudarum`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article