ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ബോളിവുഡ് ഗായികയാണ് നേഹ കക്കര്‍. സ്‌റ്റേജ് ഷോകളിലും സജീവമാണ് അവര്‍. ഇക്കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ നടന്ന നേഹയുടെ ഒരു സ്‌റ്റേജ് ഷോയില്‍നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പരിപാടിയിൽ വൈകിയെത്തിയ ഗായിക കാണികളോട് മാപ്പുപറഞ്ഞതാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നേഹ കക്കർ.
'സത്യത്തിനായി കാത്തിരിക്കൂ. എന്നെ ഇത്രവേഗം വിലയിരുത്തിയതോർത്ത് നിങ്ങള്‍ പശ്ചാത്തപിക്കും.'- നേഹ കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഗായികയുടെ പ്രതികരണം. സംഭവത്തിൽ സഹോദരൻ ടോണി കക്കറും ഗായിക ട്വിങ്കിളും നേഹയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.ഒരു പരിപാടിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തിട്ട് അത് ചെയ്യാതിരുന്നാൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് ടോണി കക്കർ ചോദിച്ചു.
'ഞാന്‍ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് നിങ്ങളെ ക്ഷണിച്ചുവെന്നിരിക്കട്ടെ. അതുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളുടെയും ഉത്തരവാദിത്തവും ഏറ്റെടുത്തു. ഹോട്ടല്‍ ബുക്കിങ്, കാര്‍, വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ എല്ലാം. എന്നാല്‍ പരിപാടിക്കായി വന്നിറങ്ങിയപ്പോള്‍ ഒന്നും ബുക്ക് ചെയ്തിട്ടില്ലെന്ന് മനസിലാക്കുമ്പോഴുള്ള അവസ്ഥ ചിന്തിച്ചുനോക്കൂ. വിമാനത്താവളത്തില്‍ കാറില്ല, ഹോട്ടല്‍ ബുക്കിങ്ങോ ടിക്കറ്റുകളോ ഒന്നുമില്ല. ഈ സാഹചര്യത്തില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്.?' - ടോണി കുറിച്ചു.
സ്‌പോണ്‍സര്‍മാര്‍ പണവുമായി മുങ്ങിയിട്ടും നടി പരിപാടിയിൽ പങ്കെടുക്കാൻ സന്നദ്ധമായെന്നാണ് ഗായിക ട്വിങ്കിൾ അഗർവാൾ പറഞ്ഞത്. 'സ്‌പോണ്‍സര്‍മാര്‍ പണവുമായി കടന്നുകളഞ്ഞു. അതിനാൽ ഷോ റദ്ദാക്കലിന്റെ വക്കിലെത്തി. എന്നിട്ടും അവര്‍ എല്ലാവര്‍ക്കുമായി പരിപാടിക്കെത്തി. അതും മറ്റു ഡാന്‍സര്‍മാരൊന്നും ഇല്ലാതെ തന്നെ.' - ട്വിങ്കിള്‍ അഗര്‍വാള്‍ പറഞ്ഞു.
ഗായികയുടെ ടീം പരിപാടി റദ്ദാക്കാന്‍ തീരുമാനിച്ചെങ്കിലും നേഹ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. മൂന്നുമണിക്കൂര്‍ വൈകിയാണ് നേഹ കക്കർ പരിപാടിക്കെത്തിയത്. വൈകിയതിന് കാണികളോട് മാപ്പുപറയുകയും വേദിയില്‍നിന്ന് കരയുകയും ചെയ്തിരുന്നു.
കാണികളില്‍ ചിലര്‍ വൈകിയെത്തിയ ഗായികയെ പരിഹസിച്ചിരുന്നു. 'മടങ്ങിപ്പൊയ്‌ക്കോളൂ.. പോയി ഹോട്ടലില്‍ വിശ്രമിച്ചോളൂ' എന്നും, 'ഇത് ഇന്ത്യയല്ല ഓസ്‌ട്രേലിയയാണെന്നും' കാണികളില്‍ ചിലർ പറഞ്ഞു. 'അഭിനയം വളരെ നന്നായിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഐഡോള്‍ അല്ല..' എന്നിങ്ങനെയും കാണികളില്‍ ചിലര്‍ പരിഹസിച്ചു പറഞ്ഞു. അതേസമയം, നേഹയുടെ മാപ്പപേക്ഷ കാണികളില്‍ ഒരുവിഭാഗം കയ്യടിയോടെ സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്. കാത്തിരുന്നതിന് നന്ദിയുണ്ടെന്നും നല്ല പ്രകടനം നിങ്ങള്‍ക്കായി നല്‍കാമെന്നും പറയുന്നതിനിടെ നേഹ പലവട്ടം വിതുമ്പുന്നതും ദൃശ്യങ്ങളില്‍ കാണാം.
Content Highlights: neha kakkar effect performance australia controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·