'എന്നെ വീണ്ടും ഇവിടെ എത്തിച്ചത് പ്രവാസികളുടെ സ്‌നേഹം'; ഏഴ് വര്‍ഷത്തിന് ശേഷം കെ.എസ്. ചിത്ര ദുബായിൽ

4 months ago 5

ks-chithra

കെ.എസ്. ചിത്ര | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി

ദുബായ്: ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര ദുബായിലെത്തി. ഷാര്‍ജയിലെ സംഗീതപരിപാടിക്കായാണ് ഗായിക എത്തിയത്. ദുബായ്‌യോട് വല്ലാത്തൊരു അകല്‍ച്ചയിലായിരുന്നു താനെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചിത്ര പറഞ്ഞു.

ദുബായിലെത്തുക എന്നുപറഞ്ഞാല്‍ വലിയ എക്സൈറ്റ്മെന്റ് ആയിരുന്നു. എല്ലാ ഭാഷക്കാരും ഉണ്ടെങ്കിലും മലയാളികള്‍ കുറച്ച് കൂടുതലുള്ള സ്ഥലമാണല്ലോ ദുബായ്. മലയാളം അറിയാമെങ്കില്‍ ദുബായില്‍ ജീവിക്കാം. ഏത് ഷോപ്പില്‍ പോയാലും മലയാളികളുണ്ട്. അതുകൊണ്ടുതന്നെ ദുബായിലെത്തുക എന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. പക്ഷെ ജീവിതത്തിലെ ഏറ്റവും വലിയ മോശപ്പെട്ട കാര്യം നടന്നത് ഇവിടെയാണ്. അതുകൊണ്ടുതന്നെ ഇനി വരേണ്ട എന്നായിരുന്നു തീരുമാനമെന്നും ചിത്ര പറഞ്ഞു.

എന്നാല്‍ പ്രവാസി മലയാളികളുടെ സ്നേഹം മറക്കാനാവില്ല. അതാണ് വീണ്ടും സംഗീതപരിപാടിയുടെ ഭാഗമായി താന്‍ ഇങ്ങോട്ടെത്തിയത്. ഈ വരവിനെ രണ്ടുകൈയും നീട്ടി സ്വീകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ചിത്ര പറഞ്ഞു.

കെ.എസ് ചിത്ര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍. അഭി വെങ്ങര, സാം ദേവസി എന്നിവർ സമീപം (ചിത്രം: മുഷീര്‍ കൊടിയില്‍)

വലതുകൈ ബാന്‍ഡേജിട്ടതുകൊണ്ട് ശാരീരികമായി ചില അസ്വസ്ഥതകളുണ്ട്. ചെന്നൈ വിമാനത്താവളത്തില്‍വെച്ച് കുറച്ചുപേര്‍ ഒപ്പം സെല്‍ഫിയെടുക്കവെ ട്രോളികളില്‍ തട്ടി ബാലന്‍സ് തെറ്റി മറിഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് തോളെല്ല് തെന്നിപ്പോയെന്ന് അറിഞ്ഞത്. തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടിവന്നു. മൂന്ന് മാസം കൂടി കാത്തിരുന്നാല്‍ മാത്രമേ കൈ പഴയതുപോലെ പൊക്കാനാവുവെന്നും ഗായിക പറഞ്ഞു.

പകരംവെയ്ക്കാനില്ലാത്തെ മലയാളിയുടെ വാനമ്പാടിയായി മാറിയിട്ടും ഇത്രയക്ക് വിനയവും നഷ്‌കളങ്കതയും എന്തിനെന്ന ചോദ്യത്തിന് തന്റെ കുടുംബപശ്ചാത്തലം ചിത്ര വിശദീകരിച്ചു. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. വീട്ടില്‍ വളരെ ചിട്ടയോടുകൂടിയാണ് വളര്‍ന്നത്. 'അഹങ്കാരം വന്നുപോയാല്‍ നിന്റെ പതനമാണ്' എന്ന് അച്ഛനെപ്പോഴും പറയും. നമ്മള്‍ സ്വയം തിരുത്തിക്കൊണ്ടിരിക്കണം. ഈ ഓര്‍മ്മപ്പെടുത്തലുകള്‍ ഉള്ളിലുണ്ടാകാറുണ്ടെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.

ഇതുവരെ പാടിയ പാട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴും സംഗീത പരിശീലനം ഒഴിവാക്കാറില്ല. ആധുനിക ലോകത്തെ മാറ്റങ്ങളെ തള്ളിപ്പറയുന്നില്ല. എങ്കിലും കലാരംഗത്തെ എഐ സാന്നിധ്യം ഭയപ്പെടുത്തുന്നുണ്ടെന്നും ചിത്ര പറഞ്ഞു. സ്റ്റീഫന്‍ ദേവസ്സി, ഹരിശങ്കര്‍, ശ്രീരാഗ്, രാജേഷ് ചേര്‍ത്തല, അനാമിക തുടങ്ങിയവര്‍ അണിനിരക്കുന്ന സംഗീതപരിപാടിയിലേക്കാണ് ചിത്ര എത്തിയത്. ഇ-ലോഞ്ച് ഡയറക്ടര്‍ സാം ദേവസി, ഹേ ബ്രോ മീഡിയാ ഡയറക്ടര്‍മാരായ ഷിനോയ് സോമന്‍, അഭി വേങ്ങര, സല്‍ജിന്‍ കളപ്പുര, സിനിമാനിര്‍മ്മാതാവ് കണ്ണന്‍ രവി, തറണത്ത് റായ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: KS Chithra comes Dubai aft agelong spread of 7 years

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article