
സൂപ്പർ സുബ്ബരായനും ത്യാഗരാജനും. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
മനുഷ്യരുടെയും മൃഗങ്ങളുടെയും പച്ചമാംസം ഒന്നിച്ച് വെന്തുരുകിയതിന്റെ ഗന്ധമായിരുന്നു ഹേം നാഗ് പ്രൊഡഡക്ഷന്‍സിന്റെ കാളിക്ക്. രജനീകാന്തിനെ നായകനാക്കി തമിഴിലും തെലുങ്കിലും കാളി ചെയ്യുമ്പോള്‍ സംവിധായകന്‍ ഐ.വി. ശശിയുടെയെന്നപോലെ ത്യാഗരാജന്റെയും പ്രതീക്ഷകള്‍ ആകാശത്തോളം ഉയര്‍ന്നു. ഷൂട്ടിങ് തുടങ്ങുന്നതിനു മാസങ്ങള്‍ക്കു മുമ്പേ കാളിയിലെ ആക്ഷന്‍ സ്വീക്വന്‍സുകളെക്കുറിച്ച് ശശിയും ത്യാഗരാജനും ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. തമിഴിലെ പ്രശസ്ത സംവിധായകന്‍ മഹേന്ദ്രന്റെതായിരുന്നു തിരക്കഥ. പാംഗ്രൂവ് ഹോട്ടലില്‍ വെച്ച് ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഐ.വി. ശശി ഒരു കാര്യം മാത്രമേ ത്യാഗരാജനോട് ആവര്‍ത്തിച്ചു പറഞ്ഞുള്ളൂ:
'ക്ലൈമാക്സ് അങ്ങേയറ്റം പുതുമ നിറഞ്ഞതാവണം.'
അക്കാലത്ത് ഹോളിവുഡിലും ബോളിവുഡിലുമായി ആക്ഷന്‍ സിനിമകളുടെ ആവിഷ്‌കാരത്തില്‍ വന്ന വലിയ മാറ്റങ്ങള്‍ തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലുമൊക്കെ പുറത്തിറങ്ങിയ ആക്ഷന്‍ചിത്രങ്ങളിലും ദൃശ്യമായിരുന്നു. പക്ഷേ, കാളിക്ക് വേണ്ടിയൊരുക്കിയ ക്ലൈമാക്സ് രംഗം ത്യാഗരാജന്‍ വിവരിച്ചപ്പോള്‍ ഐ.വി. ശശി അദ്ഭുതപ്പെട്ടു. ഒരു ഭാഷാചിത്രത്തിലും അതുവരെ അങ്ങനെയൊരു ദൃശ്യം ശശി കണ്ടിട്ടില്ല. ചിത്രകാരന്‍ കൂടിയായ ശശി ആ സ്വീക്വന്‍സുകള്‍ അപ്പോള്‍ത്തന്നെ പാംഗ്രൂവിലിരുന്ന് വരച്ചു. ചിത്രത്തിലെ ഉപനായകവേഷം തമിഴില്‍ വിജയകുമാറും തെലുങ്കില്‍ ചിരഞ്ജീവിയുമാണ് ചെയ്തത്. രാജാറാം എന്ന വില്ലനെ ഇരുഭാഷകളിലും സത്യനാരായണയാണ് അവതരിപ്പിച്ചത്.
സ്റ്റണ്ട് മാസ്റ്റര്‍ ഡ്യൂപ്പ് ഇടാന്‍ പാടില്ലെന്ന യൂണിയന്‍ നിയമം കര്‍ശനമായശേഷം താരങ്ങള്‍ക്കുവേണ്ടി ഡ്യൂപ്പിടുന്നതില്‍നിന്ന് ത്യാഗരാജന്‍ പിന്മാറിയ കാലമായിരുന്നു അത്. സ്റ്റണ്ട് മാസ്റ്റര്‍മാര്‍ ഡ്യൂപ്പിട്ടാല്‍ ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ജോലി ഇല്ലാതാകും എന്ന സത്യം പല മാസ്റ്റര്‍മാരും മനസ്സിലാക്കാന്‍ പോലും തയ്യാറാവാത്ത കാലം. ത്യാഗരാജന്‍ ഡ്യൂപ്പിട്ടാലേ പ്രേംനസീറിനെ പോലെയുള്ളവര്‍ക്ക് തൃപ്തിയാകൂ എന്ന അവസ്ഥയുള്ളതുകൊണ്ട് ഡ്യൂപ്പായി പ്രവര്‍ത്തിക്കാതിരിക്കാന്‍ ത്യാഗരാജനു കഴിയുമായിരുന്നില്ല. ഡ്യൂപ്പിനുള്ള പ്രതിഫലം സ്വന്തംകൈയില്‍നിന്ന് കൊടുക്കുകയാണ് ത്യാഗരാജന്‍ ചെയ്തത്. കാളിയുടെ ചിത്രീകരണകാലമായപ്പോഴേക്കും നടന്മാര്‍ക്ക് ഡ്യൂപ്പിടുന്നതില്‍ നിന്ന് ത്യാഗരാജന്‍ പിന്‍മാറിക്കഴിഞ്ഞിരുന്നു.
താംബരത്തിനടുത്തുള്ള സിങ്കപെരുമാള്‍ കോവിലില്‍നിന്ന് പതിനഞ്ചു കിലോമീറ്റര്‍ അകലെ വലിയൊരു കൃഷിഭൂമിയായിരുന്നു കാളിയുടെ ക്ലൈമാക്സ് ഫൈറ്റിന്റെ ചിത്രീകരണത്തിനായി തിരഞ്ഞെടുത്തത്. ലൊക്കേഷന്‍ കാണാന്‍ ശശിയോടൊപ്പം ത്യാഗരാജനും പോയി. മുന്നൂറ് ഏക്കറിലധികം വരുന്ന കൃഷിയിടത്തിന്റെ ഒരു ഭാഗം മുഴുവനായും നീളമുള്ള പുല്ലുകള്‍ വളര്‍ന്ന് കാടുപിടിച്ചപോലെയായി മാറിക്കഴിഞ്ഞിരുന്നു. കുറേക്കാലമായി അവിടം പാമ്പുകളുടെ വിഹാരകേന്ദ്രമാണെന്ന് കര്‍ഷകര്‍ പറഞ്ഞു. പക്ഷേ, ശശിക്ക് സ്ഥലം നന്നായി ഇഷ്ടപ്പെട്ടു.
'മാസ്റ്റര്‍ നമുക്ക് ഇവിടെത്തന്നെ ഷൂട്ട് ചെയ്യാം.'
ശശിയുടെ അഭിപ്രായത്തോട് ത്യാഗരാജനും യോജിച്ചു.
പിറ്റേന്നു സന്ധ്യയ്ക്ക് ഫൈറ്റ് എടുക്കാമെന്നായിരുന്നു തീരുമാനം. പന്ത്രണ്ടു കുതിരകളെ ലൊക്കേഷനില്‍ എത്തിച്ചു. വില്ലനും സംഘവും വൃത്തത്തില്‍ കുതിരപ്പുറത്തു നില്‍ക്കും. മദ്ധ്യത്തില്‍ കുതിരപ്പുറത്തിരുന്ന് കൈയിലുള്ള തീപ്പന്തം വീശിയാണ് നായകന്റെ ഫൈറ്റ്. സംഘട്ടനം നടക്കുമ്പോള്‍ത്തന്നെ ഇരുപത്തിയഞ്ചു മീറ്റര്‍ അകലത്തില്‍ ചുറ്റുമായി ഉണങ്ങിയ പുല്ലിന് തീകൊടുക്കും. ഫൈറ്റിനിടയില്‍ നായകന്റെ കൈയിലുള്ള പന്തം നിലത്തുവീണ് പുല്ലിന് തീ പിടിക്കുന്നതായാണ് സിനിമയിലുള്ളത്. ആ തീക്കുണ്ഡത്തില്‍പ്പെട്ട് വില്ലനും സംഘവും കൊല്ലപ്പെടുന്നു. രജനീകാന്തിന്റെ ഡ്യൂപ്പ് സൂപ്പര്‍ സുബ്ബരായനു ചുറ്റും സത്യനാരായണയുടെ ഡ്യൂപ്പ് രാമറെഡ്ഡിയും സംഘവും അണിനിരന്നു.
മുകളിലും താഴെയുമായി മൂന്നു ക്യാമറകള്‍ വെച്ചാണ് ഫൈറ്റ് ചിത്രീകരിക്കുന്നത്. ത്യാഗരാജന്‍ പറയും മുമ്പേ ഐ.വി. ശശിയുടെ നിര്‍ദ്ദേശപ്രകാരം ചുറ്റും ഉണക്കപ്പുല്ലില്‍ പെേ്രടാള്‍ സ്േ്രപ ചെയ്തു. മുകളിലെ ക്യാമറയ്ക്കരികില്‍ നിന്നുകൊണ്ട് ശശി ധൃതി കൂട്ടുന്നുണ്ട്. 'പെേ്രടാള്‍ ഒഴിച്ചില്ലേ' എന്നൊക്കെ ഉച്ചത്തില്‍ വിളിച്ചു ചോദിക്കുന്നുമുണ്ട്. സംവിധാനസഹായി 'റെഡി സാര്‍...' എന്ന് പറയുമ്പോഴേക്കും ശശി 'ആക്ഷന്‍' പറഞ്ഞു കഴിഞ്ഞിരുന്നു. പുല്ലിനു തീ പിടിച്ചതോടെ അതിനകത്തുനിന്ന് പാമ്പുകള്‍ പുറത്തേക്കു വരാന്‍ തുടങ്ങി. നേരത്തേ കര്‍ഷകര്‍ പറഞ്ഞ കാര്യം ത്യാഗരാജന്‍ ഓര്‍ത്തുപോയ നിമിഷം. പെട്ടന്നുണ്ടായ കാറ്റിന്റെ ശക്തിയില്‍ രണ്ടാള്‍ പൊക്കത്തില്‍ തീ ആളിപ്പടരുന്നു. ചൂടേറ്റ് കുതിരകള്‍ തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങി. കുതിരപ്പുറത്തു നിന്ന് ഡ്യൂപ്പുകളില്‍ പലരും തെറിച്ചു വീണത് തീയിലേക്കാണ്. ചിലരുടെ കൈയും കാലുമൊടിഞ്ഞു. മൂന്നു കുതിരകള്‍ തീയില്‍പ്പെട്ട് കണ്ണും മുഖവുമെല്ലാം കത്തിക്കരിഞ്ഞു. മറ്റു കുതിരകളെല്ലാം എങ്ങോട്ടോ ഓടിപ്പോയി. ഡ്യൂപ്പുകളില്‍ എട്ടു പേരുടെ ശരീരത്തില്‍ പൊള്ളലേറ്റു. ശശിയും ക്യാമറമാന്‍ അശോക് കുമാറും മുകളിലായിരുന്നതുകൊണ്ട് രക്ഷപ്പെട്ടു. പെട്ടന്നാണ് സൂപ്പര്‍ സുബ്ബരായന്റെ ആര്‍ത്തനാദം:
'എന്റെ മുഖം പോയി!'

ത്യാഗരാജനും സംഘവും തീയണയ്ക്കാന്‍ കഠിനപരിശ്രമം നടത്തി. ഷൂട്ടിങ് സെറ്റില്‍ തീപിടിച്ച വിവരമറിഞ്ഞ് ഓടിയെത്തിയ കര്‍ഷകരുടെ പ്രയത്നം കൊണ്ടുകൂടിയാണ് ഒരു ഭാഗത്ത് തീയണച്ച് കുറെ ആളുകളെ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. മുഖം മുഴുവനും പൊള്ളിയ സുബ്ബരായനെയും പൊക്കിയെടുത്ത് ത്യാഗരാജന്‍ പുറത്തേക്കു വരുമ്പോള്‍ പരിസരം മുഴുവന്‍ ഇരുണ്ടുപോയിരുന്നു.
ചെളിനിറഞ്ഞ റോഡിലൊക്കെ മണ്ണ് കോരിയിട്ട് അപകടത്തില്‍പ്പെട്ടവരെ പെട്ടന്നുതന്നെ വിജയാ ഹോസ്പിറ്റലില്‍ എത്തിച്ചു. ബ്ലഡ്ബാങ്ക് ഇല്ലാത്തതിനാല്‍ ഡോ. ചെറിയാന്‍ പറഞ്ഞു:
'എത്രയും പെട്ടന്ന് റോയ്പ്പേട്ട ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകൂ...'
ഒരു മിനിറ്റ് പോലും വൈകാതെയാണ് റോയ്പ്പേട്ട ഹോസ്പിറ്റലില്‍ എത്തിയത്. പക്ഷേ, കൈയും കാലുമൊടിഞ്ഞ് ശരീരം മുഴുവന്‍ പൊള്ളലേറ്റ് വന്നത് മനുഷ്യരാണെന്ന ചിന്തപോലും ഡോക്ടര്‍മാര്‍ക്കോ ജീവനക്കാര്‍ക്കോ ഉണ്ടായില്ല. അത്യാഹിതവിഭാഗത്തിലെ ആര്‍ത്തനാദങ്ങള്‍ക്കിടയിലൂടെ ത്യാഗരാജന്‍ ഡോക്ടറുടെ മുന്‍പിലെത്തി.
'സാര്‍... രക്ഷിക്കണം. ഇതുവരെ ഒരു ട്രീറ്റ്മെന്റും കൊടുത്തിട്ടില്ല... പെട്ടന്ന് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഞങ്ങളുടെ സഹോദരങ്ങള്‍ മരിച്ചുപോകും സാര്‍..'
യാചിച്ചിട്ടുപോലും അവര്‍ തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു:
'വേഗം വീട്ടിലേക്ക് കൊണ്ടുപൊയ്ക്കോളൂ. ഏറിയാല്‍ രണ്ടോ മൂന്നോ മണിക്കൂര്‍. ആ സമയത്തിനുള്ളില്‍ ഇവരൊക്കെ മരിക്കും. കുടുംബത്തെ കണ്ട് മരിച്ചോട്ടെ. ഇവിടെ കിടത്തേണ്ട.'
ത്യാഗരാജന് ഒപ്പമുണ്ടായിരുന്നവര്‍ ഡോക്ടറെ അടിക്കാന്‍ കൈപൊക്കിയപ്പോള്‍ ത്യാഗരാജന്‍ തടഞ്ഞു.
'എടുക്കെടാ... എല്ലാവരെയും!'
ആജ്ഞാസ്വരത്തിലുള്ള വാക്കുകള്‍ കേട്ട്, അപകടത്തിനിരയായവരെ വീണ്ടും വാഹനത്തിലേക്കു കയറ്റി. ഡോക്ടര്‍ ചെറിയാന്റെ അടുത്തേക്കായിരുന്നു വീണ്ടും അവര്‍ പോയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ കിട്ടാത്ത സൗകര്യങ്ങള്‍ വലിയ പണച്ചെലവിലാണെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ ലഭിക്കുമെന്നായിരുന്നു കരുതിയത്. പക്ഷേ, ഡോ. ചെറിയാന്‍ നല്ലൊരു മനുഷ്യന്‍ കൂടിയായതുകൊണ്ടാണ് ത്യാഗരാജനും കൂട്ടരും പരിക്ക് പറ്റിയവരെയുംകൊണ്ട് വീണ്ടും വിജയാ ഹോസ്പിറ്റലിലേക്ക് തിരിച്ചത്. അപ്പോഴേക്കും വിവരങ്ങളറിഞ്ഞ് സ്റ്റണ്ട് യൂണിയനിലെ ഏറെപ്പേരും ഹോസ്പിറ്റലിന്റെ മുന്നിലെത്തിയിരുന്നു. ഡോക്ടര്‍ ചെറിയാന്‍ വീണ്ടും പറഞ്ഞു:
'ഇവിടെ ബ്ലഡ് ബാങ്ക് ഇല്ലെന്ന് ഞാന്‍ പറഞ്ഞതല്ലേ... വീണ്ടും ഇങ്ങോട്ടുതന്നെ കൊണ്ടുവന്നത്?'
'സാറ് ഞങ്ങള്‍ക്ക് ദൈവമാണ്. രക്ഷിക്കണം.'
അവിടെ വന്നുചേര്‍ന്ന സ്റ്റണ്ട് യൂണിയനില്‍പ്പെട്ട നൂറിലേറെ പേര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു:
'ഞങ്ങളുടെ ശരീരത്തില്‍നിന്ന് ആവശ്യമുള്ള രക്തമെടുത്തോളൂ സാര്‍...'
ആ കൂട്ടായ്മക്കു മുന്നില്‍ ഡോ. ചെറിയാന്‍ നമിച്ചുപോയി.
കാളിയുടെ ഷൂട്ടിങ്ങിനിടയില്‍ അപകടമുണ്ടായ വാര്‍ത്തയറിഞ്ഞ് രാത്രി തന്നെ എം.ജി.ആറും രാജനീകാന്തും ആശുപത്രിയിലെത്തി. തനിക്കുവേണ്ടി ഡ്യൂപ്പിട്ട സുബ്ബരായനും ഫൈറ്റര്‍മാരായ കാളിയും ഗംഗാധരനും അപകടനില തരണം ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കിയ രജനീകാന്ത് അവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി താന്‍ എന്തു സഹായം വേണമെങ്കിലും ചെയ്യാമെന്ന് ഉറപ്പുനല്‍കി. ഇന്ത്യയില്‍ കിട്ടാത്ത മരുന്നാണെങ്കില്‍ ഏതു രാജ്യത്തുനിന്നായാലും അതു വരുത്തിത്തരാമെന്ന് എം.ജി.ആറും പറഞ്ഞു. ആ വാക്കുകള്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്ക് വലിയ ധൈര്യമാണ് നല്‍കിയത്. തങ്ങള്‍ക്കുവേണ്ടി പറയാന്‍ മുഖ്യമന്ത്രിയും സൂപ്പര്‍താരവും ഉണ്ടായല്ലോ എന്നോര്‍ത്ത് അവര്‍ അഭിമാനിച്ചു.
ആ രാത്രി മുഴുവന്‍ വിജയാ ഹോസ്പിറ്റലിന്റെ മുന്നില്‍ തങ്ങളുടെ സഹോദരങ്ങള്‍ക്കുവേണ്ടി ഉറക്കമിളച്ച് അവര്‍ കാത്തിരുന്നു. സിനിമയ്ക്കുവേണ്ടി ചോര ചിന്തുന്ന ആ മനുഷ്യരുടെ അടുത്തേക്ക്, പതിവുപോലെ, സിനിമയില്‍നിന്ന് അധികമാരും എത്തിയില്ല. അടുത്ത ദിവസം ഉച്ചയോടെ സുബ്ബരായനും കാളിയും ഗംഗാധരനും ജീവിതത്തിലേക്ക് തിരിച്ചുവന്നെന്ന വാര്‍ത്ത അറിയുമ്പോള്‍ തലേന്നു രാത്രി വിജയാഹോസ്പിറ്റലിനു മുന്നില്‍ ഉറക്കമിളച്ചു നിന്ന ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഏറെപ്പേരും ഏതൊക്കെയോ ഷൂട്ടിങ് സെറ്റുകളില്‍ സിനിമയ്ക്കുവേണ്ടി ജീവന്‍ പണയം വെക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ടവരെ സാമ്പത്തികമായി സഹായിക്കാന്‍ സ്റ്റണ്ട് യൂണിയന്‍ മുന്നിലുണ്ടായിരുന്നു. എം.ജി.ആറും രജനീകാന്തും സാമ്പത്തികസഹായം നല്‍കി. ഇരുപതിനായിരം രൂപ ത്യാഗരാജന്റെ കൈയില്‍ ഏല്പിച്ചു രജനീകാന്ത് പറഞ്ഞു. 'മാസ്റ്റര്‍ അപകടത്തില്‍പ്പെട്ട പത്തുപേര്‍ക്ക് രണ്ടായിരം രൂപവെച്ച് കൊടുക്കണം.' അങ്ങനെയൊരനുഭവം ത്യാഗരാജന്റെ ജീവിതത്തില്‍ ആദ്യത്തേതായിരുന്നു. കാളിയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ചികിത്സയില്‍ കഴിയുന്ന ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകളെ കാണാന്‍ ജയനും എത്തി. പരിക്കു പറ്റിയവര്‍ക്ക് നല്‍കാനായി പതിനായിരം രൂപ സ്റ്റണ്ട് യൂണിയന്‍ ഭാരവാഹികളെ ജയന്‍ ഏല്പിച്ചു. ഏറെ മാസങ്ങള്‍ക്കുശേഷം കാളിയുടെ ചിത്രീകരണം പൂര്‍ത്തിയായി. മദ്രാസിലെ സത്യം തിയേറ്ററില്‍നിന്ന് കാളിക്കു കിട്ടിയ കലക്ഷനില്‍ നിന്ന് നല്ലൊരു തുക അപകടത്തില്‍പ്പെട്ടവര്‍ക്ക് നല്‍കി.
ആ സിനിമയെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം ത്യാഗരാജന്റെ മനസ്സില്‍ വേദനയാണ്. കണ്ണും മുഖവും കരിഞ്ഞുപോയ മൂന്നു കുതിരകള്‍ വെവ്വേറെ ഭാഗങ്ങളിലായി ചത്തുകിടന്നു. അഗ്നിയെ കീറിമുറിച്ച് ജീവനുംകൊണ്ട് ഓടിയ കുതിരകളില്‍ നാലെണ്ണത്തെ തിരിച്ചു കിട്ടി. ബാക്കി മൂന്നെണ്ണത്തിന് എന്തു സംഭവിച്ചുവെന്ന് പിന്നീട് അറിഞ്ഞതേയില്ല.
ദീര്‍ഘനാളത്തെ ചികിത്സ കഴിഞ്ഞ് സൂപ്പര്‍ സുബ്ബരായന്‍ വീണ്ടുമെത്തി. അയാളിലെ ധൈര്യം ഒട്ടും ചോര്‍ന്നുപോയിരുന്നില്ല. വീണ്ടും വീണ്ടും സുബ്ബരായന്‍ പോരാടിക്കൊണ്ടിരുന്നു. സിനിമയിലും ജീവിതത്തിലുമുള്ള ആ വീറ് സുബ്ബരായനെ സംഘട്ടനകലയിലെ മാസ്റ്ററാക്കി. സുബ്ബരായനൊഴികെ കാളിയുടെ അപകടത്തില്‍പ്പെട്ടവരാരും സിനിമയുടെ പരിസരങ്ങളിലേക്കുപോലും പിന്നീടു വന്നില്ല. ചോരവീഴാത്ത ഒരു ജീവിതം സ്വപ്നംകണ്ട് അവരൊക്കെ ഏതൊക്കെയോ ദേശങ്ങളിലേക്ക് പറന്നുപോയിട്ടുണ്ടാവും. കാളിക്കു വേണ്ടിയാണ് രാജനീകാന്തും ത്യാഗരാജനും ഒന്നിച്ചത്. പിന്നീട് അവര്‍ ഒരു ചിത്രത്തിലും ഒന്നിച്ചില്ല. രജനിയോടൊപ്പമുള്ള ആദ്യത്തെയും അവസാനത്തെയും സംഗമത്തിന്റെ ഓര്‍മ്മകൂടിയാണ് ത്യാഗാരാജന് കാളി.
(തുടരും)
Content Highlights: Rajinikanth Kali Stunt Accident Film Tragedy I.V. Sasi Thyagarajan Super Subbarayan M.G. R
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·