എന്റെ സഹോദരന് പണമില്ലാഞ്ഞിട്ടാണോ? ആവശ്യത്തിലധികമുണ്ട്, ചെലവാക്കാനാണ് പാടുപെടുന്നത്- ഗംഗൈ അമരന്‍

9 months ago 8

Gangai Amaren and Ilaiyaraja

​ഗം​ഗൈ അമരൻ, ഇളയരാജയ്ക്കൊപ്പം | ഫോട്ടോ: വി. രമേഷ് | മാതൃഭൂമി, ​Instagram

അജിത് നായകനായ ​ഗുഡ് ബാഡ് അ​ഗ്ലി എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ പകർപ്പവകാശ ലംഘനത്തിന് സം​ഗീത സംവിധായകൻ ഇളയരാജ അടുത്തിടെയാണ് നോട്ടീസയച്ചത്. ഇതിനുമുൻപും ഇളയരാജ മറ്റുപല ചിത്രങ്ങളുടെ നിർമാതാക്കൾക്കെതിരെയും നോട്ടീസയച്ചിരുന്നു. സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണോ ഇളയരാജ ഇങ്ങനെ ചെയ്യുന്നതെന്ന ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരനും ​ഗാനരചയിതാവുമായ ഗംഗൈ അമരൻ. ഈ വാദങ്ങളെ തള്ളിക്കളയുകയാണ് അദ്ദേഹം.

തങ്ങൾ സാമ്പത്തികമായി സുരക്ഷിതരാണെന്നും പണത്തിന് കുറവില്ലെന്നും ​ഗം​ഗൈ അമരൻ വ്യക്തമാക്കി. വാസ്തവത്തിൽ, തങ്ങൾക്ക് ആവശ്യത്തിലധികം പണമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്റെ സഹോദരൻ ഇളയരാജയ്ക്ക് പണത്തിന് കുറവുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് പണം ആവശ്യത്തിലധികമുണ്ട്. തങ്ങളുടെ കയ്യിലുള്ളത് ചെലവഴിക്കാൻ പോലും പാടുപെടുകയാണെന്നും ​ഗം​ഗൈ അമരൻ വ്യക്തമാക്കി.

തങ്ങൾ കഠിനാധ്വാനത്തിലൂടെയാണ് പണം സമ്പാദിച്ചതെന്നും അതിന്റെ പ്രയോജനം തങ്ങളുടെ കുട്ടികൾക്ക് ലഭിക്കണമെന്നും ​ഗം​ഗൈ അമരൻ പറഞ്ഞു. മറ്റുള്ളവരും സ്വന്തം നിലയിൽ വിജയിക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങൾ ആളുകളെ സഹായിക്കാറുണ്ടെന്നും എന്നാൽ അത് പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇളയരാജയുടെ നിയമപരമായ നോട്ടീസ് സാമ്പത്തിക നേട്ടത്തിന് വേണ്ടിയായിരുന്നില്ലെന്ന് ഗംഗൈ അമരൻ തുടർന്നുപറഞ്ഞു. അത് സർഗ്ഗാത്മകമായ ബഹുമാനത്തെയും അർഹമായ അംഗീകാരത്തെയും കുറിച്ചായിരുന്നു. ഇളയരാജയുടെ ക്ലാസിക് ഗാനങ്ങളോട് പ്രേക്ഷകർ ഇപ്പോഴും എത്ര പോസിറ്റീവായാണ് പ്രതികരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആളുകൾ ആ സൃഷ്ടികളെ അഭിനന്ദിക്കുന്നുണ്ടെങ്കിൽ, അതിനുള്ള അംഗീകാരം ഇളയരാജ അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

"എന്റെ സഹോദരൻ യുക്തിഹീനനല്ല. കലയെയും കലാകാരനെയും ആളുകൾ ബഹുമാനിക്കണമെന്ന് മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്," ​ഗം​ഗൈ അമരൻ പറഞ്ഞു.

അജിത് കുമാർ നായകനായ ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്റെ മൂന്ന് ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാണ് ഇളയരാജ ആരോപിച്ചത്. ഇത് പകർപ്പവകാശ ലംഘനവും ധാർമ്മികാവകാശ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരമായി 5 കോടി രൂപയും, ഔദ്യോഗികമായി ക്ഷമാപണം നടത്തണമെന്നും, അനുമതിയില്ലാതെ ഉപയോഗിച്ച ഗാനങ്ങൾ സിനിമയിൽ നിന്ന് ഉടനടി നീക്കം ചെയ്യണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Ilaiyaraaja`s Copyright Notice: Brother Gangai Amaren clarifies

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article