
1. ഗോപുകിരണും ഭാര്യ ആഷിൻ കിരണും 2. ആത്മസഹോയുടെ പോസ്റ്റർ (Photo: gopukiran fb)
നിര്‍മാതാക്കളുടെ സംഘടന പുറത്തുവിട്ട ഫെബ്രുവരിയിൽ റിലീസ് ചെയ്ത മലയാള സിനിമകളുടെ കണക്കില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സംവിധായകന്‍ ഗോപുകിരണ്‍ സദാശിവന്‍. ഗോപുകിരണ്‍ സംവിധാനം ചെയ്ത 'ആത്മസഹോ' എന്ന ചിത്രത്തിന് തിയേറ്ററില്‍ നിന്ന് 30000 രൂപ മാത്രം ഷെയര്‍ ലഭിച്ചുവെന്നാണ് നിര്‍മാതാക്കളുടെ സംഘടന പറഞ്ഞത്. എന്നാല്‍ ഇതുവരെ പിവിആറില്‍ നിന്ന് മാത്രം
7 ലക്ഷം രൂപയോളം കളക്ഷന്‍ സിനിമ നേടിയെന്നാണ് സംവിധായകന്‍ ഗോപുകിരണ്‍ വ്യക്തമാക്കിയത്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പടത്തിന് നല്ല ഷോ ടൈമിങ് പോലും കിട്ടിയിരുന്നില്ല
ഫെബ്രുവരി 28നാണ് ഞാന്‍ സംവിധാനം ചെയ്ത 'ആത്മസഹോ' എന്ന ചിത്രം റിലീസാവുന്നത്. ഭാര്യ ആഷിന്‍ കിരണാണ് ചിത്രം നിര്‍മിച്ചത്. വളരെയേറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഈ പടം തിയേറ്ററുകളിലെത്തിച്ചത്. പടത്തിന് നല്ല ഷോ ടൈമിങ് പോലും കിട്ടിയിരുന്നില്ല. എന്നിട്ടും ഞങ്ങളുടെ കുഞ്ഞുപടം പിടിച്ചുനിന്നു കയറി. വെറും മൗത്ത് പബ്ലിസിറ്റി കൊണ്ട് പടം കാണാന്‍ ആളുകളെത്തി തുടങ്ങി. അങ്ങനെ ഞങ്ങള്‍ സന്തോഷിച്ചിരിക്കുമ്പോഴാണ് ഇത്തരത്തിലൊരു കണക്ക് നിര്‍മാതാക്കളുടെ സംഘടന പുറത്ത് വിടുന്നത്.
കണക്കുകള്‍ തെറ്റ്
ആത്മ സഹോ എന്ന സിനിമക്ക് ലഭിച്ചുവെന്ന് പറയുന്ന കളക്ഷന്‍ റിപ്പോര്‍ട്ട് തെറ്റാണ്. അതുമല്ല സിനിമ ഇപ്പോള്‍ ഓടുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നാലാം വാരവും തെറ്റില്ലാതെ ഓടുന്ന പടത്തെ കുറിച്ച് ഇങ്ങനെ പറയുന്നത് ശരിയായ പ്രവണതയല്ല. ഞങ്ങളുടെ പക്കല്‍ ഈ സിനിമയെ കുറിച്ചുള്ള വ്യക്തമായ കണക്കുകളുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്ര ധൈര്യത്തില്‍ ഞാന്‍ സംസാരിക്കുന്നത്.
ഭാവി ബിസിനസിനെ ബാധിക്കും
28-ാം തീയതി റിലീസ് ചെയ്‌തെങ്കിലും നോമ്പ്, പരീക്ഷാക്കാലം അങ്ങനെ നിരവധി കാര്യങ്ങള്‍ കടന്നാണ് ഞങ്ങള്‍ മുന്നോട്ട് പോയിട്ടുള്ളത്. ഇത്തരത്തില്‍ അടിസ്ഥാന രഹിതമായുള്ള കണക്കുകള്‍ പുറത്തുവിടുന്നത് സിനിമയുടെ ഭാവി ബിസിനസിനെ കാര്യമായി ബാധിക്കും. പിവിആറില്‍ തന്നെ ചിത്രം നന്നായി പോവുന്നു. പിവിആറില്‍ മാത്രം തെറ്റില്ലാത്ത ലാഭം ലഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ പോലുള്ള ആപ്പുകളില്‍ മികച്ച റേറ്റിങ് ലഭിച്ചിട്ടുണ്ട്, അസോസിയേഷനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും എനിക്ക് അതിന് സാധിച്ചിട്ടില്ല.
പലരും മുന്നോട്ട് വരാന്‍ മടിക്കും
സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ എനിക്കുണ്ട്. എന്റെ ഈ ദുരനുഭവം അത്തരത്തില്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ പിന്നോട്ട് വലിക്കുന്നതാണ്.
ഗോപുകിരണ്‍ വിഷയത്തില്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
പ്രിയമുള്ളവരേ..
ഈ കഴിഞ്ഞ ഫെബ്രുവരി 28-)o തീയതി റിലീസ് ചെയ്ത ആത്മ സഹോ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഞാൻ എന്റെ ഭാര്യ ആഷിൻ കിരണാണ് ത്രിദേവ് പ്രൊഡക്ഷന്റെ ബാനറിൽ സിനിമ നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച കളക്ഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എനിക്ക് നിങ്ങളോട് സംവദിക്കേണ്ടി വന്നത്.അതിൽ രേഖപ്പെടുത്തിയതിൻപ്രകാരമുള്ള ആത്മ സഹോ എന്ന സിനിമക്ക് ലഭിച്ച കളക്ഷൻ റിപ്പോർട്ട് തെറ്റാണ് അതുമല്ല സിനിമ ഇപ്പോൾ ഓടുന്നില്ല എന്ന റിപ്പോർട്ടാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.. ആ ചാർട്ടുണ്ടാക്കിയവരോടും അത് പ്രചരിപ്പിച്ചമാദ്ധ്യമ പ്രവർത്തകരോടും ഒന്ന് ചോദിച്ചോട്ടേ.. നിങ്ങൾ കാര്യങ്ങൾ അന്വേഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷമാണോ വാർത്ത സംപ്രേക്ഷണം ചെയ്തത്.. റിപ്പോർട്ടിൻ പ്രകാരം ആത്മ സഹോ ഇപ്പോൾ നാലാം വാരത്തിലൂടെ പല തീയേറ്ററുകളിലും ഓടിക്കൊണ്ടിരിക്കുന്നു..പിന്നെങ്ങനെയാണ് നിങ്ങൾ പറഞ്ഞതുക മാത്രം ഞങ്ങൾക്ക് കിട്ടുന്നത് കളക്ഷനെത്രയാണ് കിട്ടിയതെന്ന് ഞങ്ങളുടെ കൈവശം തെളിവുകളുണ്ട്.. വ്യക്തത വരുത്താതെ
നിങ്ങൾ പ്രചരിപ്പിച്ച വ്യാജ സന്ദേശം.. ചിത്രത്തിന്റെ ഇനിയുള്ള യാത്രയേ നെഗറ്റീവായി ബാധിക്കില്ല എന്ന് നിങ്ങൾക്കാർക്കെങ്കിലും പറയാമോ.. അങ്ങനെ എന്തെങ്കിലും നഷ്ടം വന്നാൽ നിങ്ങളാരെങ്കിലും നികത്തിത്തരുമോ..
ഇങ്ങനെ നിങ്ങളൊക്കെ പ്രവർത്തിച്ചാൽ നാളെ പുതുമുഖ നിർമ്മാതാക്കൾ രംഗത്ത് വരുമോ
ഇതൊരു ചെറിയ സിനിമയാണ്.. സത്യം സത്യമായറിയിക്കൂ.. സന്തോഷം.. ഇല്ലാക്കഥ പ്രചരിപ്പിച്ച് ഞങ്ങളെയും ഈ ചിത്രത്തേയും ഇല്ലായ്മ ചെയ്യരുത്..
പുതിയ തലമുറയേ തളർത്തരുത്. കൂടാതെ ചാനൽ ചർച്ചകൾക്ക് വരുന്ന പഴയ cinema തിരക്കഥാകൃത്തുക്കൾ എന്ന് അവകാശപ്പെടുന്ന ആൾക്കാർ സംസാ രിക്കികക്കുന്നത്തിന് മുമ്പ് സത്യം മനസ്സിലാക്കി ബോധത്തോട് സംസാറിച്ചാൽ കൊള്ളാം.ഉദാഹരണമായി PVR lulu Trivandrum കഴിഞ ദിവസങ്ങളിൽ വന്ന കളക്ഷൻ റിപ്പോർട്ട് താഴെ അറ്റാച്ച് ചെയ്തിട്ടുണ്ട്.Now entered 4th week successfully running
Content Highlights: Director Disputes Film Collection Figures
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·