
ഗൗതം മേനോൻ | Photo: Mathrubhumi
തമിഴിലെ വിജയച്ചിത്രങ്ങളുടെ സംവിധായകനായ ഗൗതം വാസുദേവ് മേനോന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനംചെയ്ത സിനിമയാണ് 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്'. മമ്മൂട്ടി നായകനായ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനംചെയ്ത 'ബസൂക്ക' എന്ന ഗെയിം ത്രില്ലറില്‍ പ്രധാനവേഷത്തിലും ഗൗതം മേനോന്‍ എത്തി. ചിത്രത്തിന് ആകെയും ഗൗതം മേനോന്റെ അഭിനയത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ, 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സി'ന് കുറച്ചുകൂടി നല്ല പ്രമോഷന്‍ നല്‍കാമായിരുന്നുവെന്ന് അഭിപ്രായപ്പെടുകയാണ് സംവിധായകന്‍. 'ബസൂക്ക'യുടെ റിലീസിന് മുമ്പായി പേളി മാണിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
'കുറച്ചൂകൂടെ നന്നായി ചിത്രം പ്രമോട്ട് ചെയ്യാമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അധികം ആളുകള്‍ക്ക് ചിത്രത്തെക്കുറിച്ച് അറിയില്ലായിരുന്നു. ഞാന്‍ സംവിധാനംചെയ്ത മമ്മൂക്കയ്‌ക്കൊപ്പമുള്ള ചിത്രം എപ്പോഴാണ് ഇറങ്ങുക എന്ന് ഇപ്പോഴും ആളുകള്‍ ചോദിക്കുന്നുണ്ട്', ഗൗതം മേനോന്‍ പറഞ്ഞു.
'കഴിഞ്ഞദിവസം ഒരു മാധ്യമപ്രവര്‍ത്തകയുമായി അഭിമുഖമുണ്ടായിരുന്നു. രണ്ട് ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ടല്ലേ എന്ന് എന്നോട് അവര്‍ ചോദിച്ചു. ഒന്ന് വിക്രത്തിനൊപ്പം ധ്രുവ നക്ഷത്രം, രണ്ട് മമ്മൂട്ടിക്കൊപ്പം ഡൊമനിക്. ഇല്ല, ചിത്രം റിലീസ് ചെയ്തുകഴിഞ്ഞുവെന്ന് ഞാന്‍ പറഞ്ഞു. കേരളത്തില്‍പ്പോലും, തെക്കോട്ട് പോവുമ്പോള്‍ ഒരു ഹൈവേയ്ക്ക് സമീപം ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ ഒരാള്‍ എന്നോട് ചോദിച്ചു, എപ്പോഴാണ് നിങ്ങളുടെ ചിത്രം പുറത്തിറങ്ങുക എന്ന്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. സൂരജ് രാജന്‍, ഡോ. നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ചിത്രം കോമഡി ത്രില്ലറായിട്ടായിരുന്നു പറത്തിറങ്ങിയത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഡിറ്റക്ടീവുകളായി വേഷമിട്ടിരിക്കുന്ന മമ്മൂട്ടി, ഗോകുല്‍ സുരേഷ് എന്നിവര്‍ക്കൊപ്പം ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട്, ഷൈന്‍ ടോം ചാക്കോ, വാഫ ഖദീജ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
Content Highlights: Gautham Vasudev Menon astir Dominic and the Ladies' Purse
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·