അനിഷ് ജേക്കബ്
08 April 2025, 08:35 AM IST
എമ്പുരാൻ എംബാം ചെയ്യപ്പെട്ടുകഴിഞ്ഞു. കൊന്നതാണോ, കൊല്ലിച്ചതാണോ എന്ന സംശയം അവിടെനിൽക്കട്ടെ. സ്വതന്ത്ര ഇന്ത്യയിൽ പലവിധ താത്പര്യങ്ങളുടെപേരിൽ നിരോധിക്കപ്പെട്ട സിനിമകളുടെ എണ്ണം ഏതാണ്ട് 50 കടക്കും. സിനിമ നിർമിക്കാനും നിരോധിക്കാനും അധികം കാരണങ്ങൾ വേണമെന്നില്ലെന്നതാണ് അനുഭവം. രാഷ്ട്രീയംമുതൽ ധാർമികതവരെ അതിന് നിദാനമാകാം

എമ്പുരാന്റെ പോസ്റ്റർ | ഫോട്ടോ: Facebook
രാജ്യത്ത് ആദ്യമായി ഒരു സിനിമയ്ക്ക് ഒട്ടേറെ കട്ടുകൾ ഏപ്പെടുത്തിയത് 1955-ലായിരുന്നു. അതിന്റെ കാരണങ്ങൾ ഇന്നുകേട്ടാൽ എത്ര അപരിഷ്‌കൃതരാണ് നാമെന്നു തിരിച്ചറിയാം. ‘സമ്മർ ടൈം’ എന്ന വിദേശസിനിമയിൽ ഒരു അമേരിക്കൻ മധ്യവയസ്‌ക വിവാഹിതനായ ഒരു ഇറ്റലിക്കാരനുമായി അടുപ്പത്തിലാകുന്നതിന്റെ ധാർമികത നമുക്ക് പിടിച്ചില്ല. കുറെഭാഗങ്ങൾ കട്ടുചെയ്ത് അന്ന് സദാചാരം കാത്തു. അടിയന്തരാവസ്ഥ പ്രമേയമാക്കി നിർമിച്ച ‘ആനന്ദി’യും ‘കിസാ കുർസി കാ’യും നിരോധിക്കപ്പെട്ടില്ലെങ്കിൽ അത് അടിയന്തരാവസ്ഥയെക്കാളും വലിയ അദ്‌ഭുതമാകുമായിരുന്നു. സെൻസർ ബോർഡിന്റെ ഓഫീസിൽനിന്ന് കിസാ കുർസി കായുടെ മാസ്റ്റർ പ്രിന്റുകൾ എടുത്തുകൊണ്ടുപോയി കത്തിച്ച് സഞ്ജയ് ഗാന്ധി അതിന്റെ നിരോധനം ശാശ്വതമാക്കി. ജനതാ പാർട്ടി എംപിയായിരുന്ന അമൃത് നഹതയായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. ഈ കേസിൽ സഞ്ജയ് ഗാന്ധി ഒരുമാസം തിഹാർ ജയിലിൽ കിടന്നു. വാർത്താവിതരണ പ്രക്ഷേപണമന്ത്രി വി.സി. ശുക്ലയ്ക്കും തടവുകിട്ടി. ഇന്ദിരാഗാന്ധിയുടെ കാലത്ത് നിരോധിച്ച ‘ആനന്ദി’ പിന്നീട് മൊറാർജിയുടെകാലത്ത് തിയേറ്ററിലെത്തി. എന്തിന് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് 15 വർഷം തികയുന്ന ഘട്ടത്തിൽത്തന്നെ ഗോഡ്‌സെയുടെ മനഃശാസ്ത്രം അപഗ്രഥിക്കുന്ന സിനിമ പിടിക്കുന്നതായിരുന്നു അടുത്തപുരോഗമനം. സ്വാഭാവികമായും അത് നിരോധിക്കപ്പെട്ടു.
ഗുജറാത്തിലെ കലാപങ്ങളുടെപേരിൽ എത്രയോ ചിത്രങ്ങൾ എതിർപ്പുനേരിട്ടു. രാഹുൽ ദൊലാക്കിയയുടെ പർസാനിയയും നന്ദിതാ ദാസിന്റെ ഫിറാഖും പ്രദർശിപ്പിക്കാൻ ഗുജറാത്തിൽ തിയേറ്ററുകൾ കിട്ടിയില്ല. അവ നിരോധിക്കേണ്ട ബുദ്ധിമുട്ട് ഭരണാധികാരികൾക്കുണ്ടായില്ല, അണികൾക്ക് കൈകാര്യം ചെയ്യാനുള്ളതേ ഉണ്ടായിരുന്നുള്ളൂ. ഗുജറാത്ത് കലാപത്തിൽ മോദിജിയിലേക്ക് വിരൽചൂണ്ടുന്ന ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ബിബിസി ഡോക്യുമെന്ററിക്ക് കേന്ദ്രസർക്കാർതന്നെ തടയിട്ടു.
സത്യജിത് റായ് ബിബിസിക്കുവേണ്ടി ചെയ്ത ഒരു ഡോക്യുമെന്ററിവരെ ഇന്ത്യയിൽ നിരോധിക്കപ്പെട്ടതാണ് ചരിത്രത്തിലെ കൗതുകം. ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനുമുൻപ് സിക്കിമിനെക്കുറിച്ച് അദ്ദേഹമെടുത്ത ചിത്രത്തിൽ സ്വതന്ത്രരാജ്യമായിരുന്നു സിക്കിം. ചിത്രം പൂർത്തിയായപ്പോഴേക്കും ലയനം നടന്നു. ഒടുവിൽ സിക്കിമിലെ അവസാനരാജാവ് ത്വോംഡുപ് നാംഗ്വലിനായി ഒരു ഏകാംഗപ്രദർശനം നടത്തി പ്രിന്റ് മ്യൂസിയത്തിലേക്കയച്ചു.

പ്രചാരണത്തിനുള്ള ഒന്നാന്തരം മാധ്യമമാണ് സിനിമയെന്ന കണ്ടുപിടിത്തം ലോക ഏകാധിപതികളുടെ വഴികാട്ടി ഹിറ്റ്‌ലുറുടേതാണെന്നാണ് വെപ്പ്. ‘ട്രയംഫ് ഓഫ് ദി വിൽ’ എന്നപേരിൽ ഹിറ്റ്‌ലർ അനൗദ്യോഗിക നിർമാതാവായി പുറത്തിറക്കിയ ചിത്രം ജർമനിയുടെ പ്രതിച്ഛായാനിർമിതിക്കുവേണ്ടിയായിരുന്നു. പ്രതിച്ഛായാ നിർമിതിക്കും അപനിർമിതിക്കും യഥേഷ്ടം സിനിമ ഉപയോഗിക്കാം. സാംപിളുകളിൽ ചിലത്: ‘ബുദ്ധ ഇൻ എ ട്രാഫിക് ജാം’ എന്ന ചിത്രം മാവോയിസ്റ്റുകൾക്കായി സംസാരിക്കുന്ന അർബൻ നക്‌സലുകൾ അഴിമതിക്കാരാണെന്ന് ചിത്രീകരിക്കുന്നതായിരുന്നു. താഷ്‌കെന്റ് ഫയൽസിൽ മുൻപ്രധാനമന്ത്രി ലാൽ ബഹാദുർ ശാസ്ത്രിയുടെ മരണം സോഷ്യലിസ്റ്റ് ചേരിയുടെ വിശ്വാസ്യതയ്ക്ക് കോട്ടംതട്ടിച്ചു. മൻമോഹൻ സിങ്ങിനെക്കുറിച്ചുവന്ന ‘ദി ആക്‌സിഡന്റൽ പ്രൈംമിനിസ്റ്റർ’ തിരഞ്ഞെടുപ്പിനുമുൻപ് വന്നത് ആക്‌സിഡന്റലാകാൻ വഴിയില്ല. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസംതന്നെ സവർക്കറെക്കുറിച്ചുള്ള ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത് യാദൃച്ഛികമാണെന്നു കരുതുന്ന നിഷ്‌കളങ്കരുണ്ടാകുമോ? മുഗൾ അധിനിവേശത്തിനെതിരേ പോരാടിയ ഹൈന്ദവരാജാക്കന്മാരെക്കുറിച്ച് തുടർച്ചയായി സിനിമകൾവരുന്നതിൽ രാഷ്ട്രീയ അഭിപ്രായരൂപവത്‌കരണം കാണാം. റാണി പത്മാവതി അഫ്ഗാനിൽനിന്നുള്ള അലാവുദ്ദിൻ ഖിൽജിയെ നേരിട്ടതും ഝാൻസി റാണിയെക്കുറിച്ചുള്ള ‘മണികർണിക’യും ‘സമ്രാട്ട് പൃഥ്വിരാജു’മൊക്കെയായി പൊതുബോധനിർമാണം ഒരുവശത്ത് നടക്കുന്നു. മറുഭാഗത്ത് ‘കശ്മീർ ഫയൽസ’ും, ‘കേരള സ്റ്റോറി’യുമൊക്കെ അതിന്റേതായ രാഷ്ട്രീയദൗത്യം നിർവഹിക്കുന്നു. എമ്പുരാനെതിരേ സംഘപരിവാർ വാക്ശരങ്ങൾ പായിച്ചതല്ലാതെ പ്രത്യക്ഷസമരമുറകളൊന്നും പ്രയോഗിച്ചില്ല. പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ കത്തിക്കുമെന്ന ഭീഷണിയുമുണ്ടായില്ല. അംഗച്ഛേദം നടത്തുന്നതുവരെ പ്രദർശനം നിർത്തണമെന്നും ശഠിച്ചില്ല. പക്ഷേ, സിനിമ വെട്ടിമുറിക്കാൻ നിർമാതാവ് സ്വയം അപേക്ഷനൽകും. അതിനുള്ള വിദ്യകളിൽ ഒടിയനും വീഴും. ഇഡി ചിട്ടി ഓഫീസിൽ കയറിത്തുടങ്ങി, ശേഷം സ്‌ക്രീനിൽ.
എമ്പുരാനെ ഇങ്ങനെ കൊന്നതല്ലെങ്കിൽ ഷോക്ക് മാർക്കറ്റിങ്ങാകാം. അത് സായിപ്പിന്റെ ബുദ്ധിയിൽ വികസിച്ച ഒരു ശാഖയാണ്. '80-കളിൽ യുണൈറ്റഡ് കളേഴ്‌സ് ഓഫ് ബെനെറ്റൺ എന്ന കമ്പനി ആവിഷ്‌കരിച്ച് നടപ്പാക്കിയ മാർക്കറ്റിങ് രീതിയാണ്. മനുഷ്യനെ ഞെട്ടിക്കുന്ന പരസ്യങ്ങൾ ആവിഷ്‌കരിച്ച് ജനശ്രദ്ധനേടുന്നതാണ് തന്ത്രം. അടിമസമ്പ്രദായം കാണിക്കാൻ കറുത്തസ്ത്രീ ഒരു വെളുത്തകുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ചർച്ചയായി. ജീവിതത്തിലേക്ക് ഒരു ഗാനമെന്ന ആശയത്തിന് ഒരു വൈദികന്റെ ചുംബനത്തിനായി മുഖംചായ്ക്കുന്ന കന്യാസ്ത്രീയുടെ ചിത്രം കമ്പനി അവതരിപ്പിച്ചത് അക്കാലത്ത് ഷോക്കടിപ്പിക്കുന്നതായിരുന്നു. അതിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ടു. വിവാദമുണ്ടാക്കി എമ്പുരാനെ വിജയിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ ആ തന്ത്രത്തിൽ മറ്റൊരു സിനിമയ്ക്കുള്ള വൺലൈനുണ്ട്.
Content Highlights: India`s movie censorship history, from motivation panics to governmental suppression
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·