27 March 2025, 08:35 PM IST

ദീപക് ദേവ്, അലംകൃത പൃഥ്വിരാജിനും സുപ്രിയയ്ക്കുമൊപ്പം
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി അവതരിപ്പിച്ച ലൂസിഫറിന്റെ രണ്ടാംഭാഗം എമ്പുരാൻ ഇന്ന്(വ്യാഴം) പുറത്തിറങ്ങിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. 'എമ്പുരാനേ' എന്ന ഗാനത്തിനും ആരാധകരേറെയാണ്. ഇപ്പോഴിതാ ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്ന കുട്ടി പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോൻ ആണെന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ ദീപക് ദേവ്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടേയാണ് ദീപക് ദേവ് ഇക്കാര്യം പങ്കുവെച്ചത്. ചിത്രത്തിൽ ഇതാദ്യം വരുന്നത് ഒരുകുട്ടിയുടെ ശബ്ദത്തിലാണ്. അലംകൃതയാണ് ആ ഭാഗം പാടിയത്. പടത്തിന്റെ ക്രെഡിറ്റ്സിലും അത് വച്ചിട്ടുണ്ടെന്നും ദീപക് ദേവ് പറയുന്നു.
തുടക്കത്തിൽ ഒരു മുതിർന്ന സ്ത്രീയുടെ ശബ്ദമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചിത്രത്തിൽ കുട്ടിയുടെ കരച്ചിലിന്റെ ഭാഗമായതുകൊണ്ടാണ് കുട്ടിയുടെ ശബ്ദമാക്കാമെന്നും അലംകൃതയേക്കൊണ്ട് പാടിക്കാമെന്നും തീരുമാനിക്കുന്നതെന്ന് ദീപക് ദേവ് പറയുന്നു. ഇംഗ്ലീഷ് പാട്ടൊക്കെയാണ് മകൾ കൂടുതൽ കേൾക്കാറുള്ളതെന്നും ശ്രമിച്ചുനോക്കാമെന്നും പൃഥ്വി പറഞ്ഞു. എന്നാൽ ഇമോഷൻസുൾപ്പെടെ ഒറ്റപ്രാവശ്യം പറഞ്ഞുകൊടുത്തപ്പോൾ തന്നെ അഞ്ചുമിനിറ്റിനുള്ളിൽ അലംകൃത പാടിക്കഴിഞ്ഞു.ഇന്ദ്രജിത്തിന്റെ മകളായ പ്രാർഥനയും ചിത്രത്തിൽ പാടിയിട്ടുണ്ടെന്നും ദീപക് ദേവ് കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ചിത്രം കേരളത്തിലെ തീയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ 750 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനും പുറമേ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയ വന്‍താരനിരയും ചിത്രത്തിലുണ്ട്.
Content Highlights: Alankrita Menon Sings successful Empuran
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·