എമ്പുരാനേക്കാൾ നന്നായി ഗോധ്ര കാണിച്ച ചിത്രങ്ങളുണ്ട്, അവരാരും പിന്‍വലിച്ച് ഓടിയിട്ടില്ല-ഡോ.ബിജു

9 months ago 10

'സൈറ'യിലൂടെ 2005-ല്‍ സംവിധായകനായ ഡോ.ബിജു ചലച്ചിത്രരംഗത്ത് ഇരുപതു വര്‍ഷം തികയ്ക്കുകയാണ്. കലാമൂല്യവും സാമൂഹികപ്രതിബദ്ധതയും സമ്മേളിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഡോ.ബിജു സംസാരിക്കുന്നു

ആദ്യ സിനിമയായ 'സൈറ' മുതല്‍ അവസാനം റിലീസ് ചെയ്ത അ'ദര്‍ശ ജാലകങ്ങള്‍' വരെ മിക്കതിലും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതങ്ങളണ് താങ്കള്‍ പ്രമേയമാക്കിയിട്ടുള്ളത്

യാഥാര്‍ത്ഥ്യത്തോട് നിരക്കാത്ത അടിയും പിടിയും വൈലന്‍സും എനിക്കിഷ്ടമില്ല. സാധാരണജീവിതത്തില്‍ നിന്ന് മാറിയുള്ള ഒരു സിനിമ ചെയ്യണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, താല്പര്യവുമില്ല. നമ്മള്‍ കണ്ടിട്ടുള്ള ജീവിത പരിസരങ്ങള്‍, നമ്മുടെ ചുറ്റുവട്ടത്തുള്ള നമ്മള്‍ സാധാരണ ഇടപെടുന്ന ആള്‍ക്കാര്‍. സാധാരണക്കാരുടെയും അരികുജീവിതം നയിക്കുന്നവരുടെയും കഥ പറയുന്നത് വളരെ പ്രധാനമാണ്. അത്തരം സിനിമകള്‍ വളരെ കുറവാണ്. നമുക്ക് അറിയാവുന്നവരുടെ അവസ്ഥകള്‍, അനുഭവ പരിസരങ്ങള്‍- അത് കൂടുതല്‍ നന്നായി പറയാനാവും.

ഒരു കഥ അല്ലെങ്കില്‍ പ്രമേയം തിരഞ്ഞെടുക്കുന്ന രീതി

കൃത്യമായി പറയാന്‍ കഴിയില്ല. അത് വന്നു കയറുന്നതാണ്. ഒരു പ്രത്യേക പ്രമേയം സിനിമയാക്കണം എന്ന് കരുതി ചെയ്തത് 'വലിയ ചിറകുള്ള പക്ഷി' മാത്രമാണ്. മറ്റുള്ളവയൊക്കെ യാത്രകളിലോ വായനയിലോ മറ്റോ ചെറിയൊരു ആശയം പോലെ മനസ്സില്‍ വന്നവയാണ്.

കരിയറില്‍ ഏറ്റവും ബുദ്ധിമുട്ടിയ സിനിമ

ഒരുപക്ഷേ, 'വീട്ടിലേക്കുള്ള വഴി'യാകാം. അതില്‍ ഒരുപാട് യാത്ര ഉള്‍പ്പെട്ടിരുന്നു, നിരവധി സംസ്ഥാനങ്ങളിലൂടെ. കാലാവസ്ഥാപ്രശ്നങ്ങളും നേരിടണമായിരുന്നു. ലഡാക്കില്‍ മൈനസ് പതിനഞ്ചു ഡിഗ്രിയില്‍ ഷൂട്ട് ചെയ്തശേഷം നേരെ രാജസ്ഥാനിലേക്കാണ് പോയത്. കാലാവസ്ഥാമാറ്റം പ്രശ്നമായിരുന്നു. അതുപോലെ 'ആകാശത്തിന്റെ നിറം' ആന്‍ഡമാനില്‍ ഷൂട്ട് ചെയ്യാന്‍ കുറച്ചു ബുദ്ധിമുട്ടി. 'പെയിന്റിംഗ് ലൈഫ്' എന്ന ചിത്രം സിക്കിമിലാണ് ഷൂട്ട് ചെയ്തത്. അവിടത്തെ ഭൂപ്രകൃതിയും യാത്രയും ഒക്കെ വളരെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. 'കാടു പൂക്കുന്ന നേരം' പൂര്‍ണമായും കാട്ടിനുള്ളിലാണ് ചിത്രീകരിച്ചത്, ആനയും പുലിയും അടക്കമുള്ള വന്യമൃഗങ്ങള്‍ ഒക്കെ ഉള്ള സ്ഥലത്ത്. വളരെ റിസ്‌ക്കുള്ള ഷൂട്ടിംഗ് ആയിരുന്നു അവിടെ. 'വലിയ ചിറകുള്ള പക്ഷി'യുടെ കാനഡയിലെ ഷെഡ്യൂള്‍ ഷൂട്ട് ചെയ്തത് മൈനസ് 30 ഡിഗ്രിയില്‍ ആയിരുന്നു. അതുപോലെ പപ്പുവാ ന്യൂ ഗിനിയില്‍ ഷൂട്ട് ചെയ്ത സിനിമ തീരെ പരിചയമില്ലാത്ത ഭൂപ്രകൃതിയിലും സാംസ്‌കാരിക പരിസരത്തിലുമായിരുന്നു.

സിനിമയില്‍ നിന്ന് കിട്ടിയ ഏറ്റവും ആഹ്ളാദകരമായ അനുഭവം

നമ്മള്‍ പറയുന്ന വിഷയങ്ങള്‍ അതുമായി ബന്ധപ്പെട്ട ആള്‍ക്കാരിലേക്ക് എത്തുന്നു എന്ന് അറിയുന്നതാണ് ഏറ്റവും വലിയ സന്തോഷം. 'വലിയ ചിറകുള്ള പക്ഷികള്‍' ഇറങ്ങിയ സമയത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായിരുന്നു ജസ്റ്റിസ് സിറിയക് തോമസ്. അദ്ദേഹത്തെ എനിക്ക് മുന്‍പരിചയം ഇല്ല. ഡല്‍ഹിയില്‍ ഈ സിനിമയുടെ പ്രദര്‍ശനം കണ്ടശേഷം അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടാനും അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവിട്ടു. തുടര്‍ന്ന് ആ പ്രശ്നത്തില്‍ ഗുണകരമായ ഒരുപാട് ഇടപെടലുകള്‍ ഉണ്ടായി.

'കാടു പൂക്കുന്ന നേര'ത്തിന് നിലമ്പൂരില്‍ പ്രദര്‍ശനം ഉണ്ടായിരുന്നു. അവിടെയാണല്ലോ മാവോയിസ്റ്റ് വേട്ട നടന്നത്. വേട്ടയ്ക്ക് നിയോഗിക്കപ്പെട്ട റാപ്പിഡ് ആക്ഷന്‍ ഫോഴ്സില്‍ പെട്ട പോലീസുകാര്‍ അത് കണ്ടു. അവര്‍ പറഞ്ഞു അതില്‍ കാണിക്കുന്ന പല കാര്യങ്ങളും സത്യമാണ്. പക്ഷേ യൂണിഫോം ഇട്ടാല്‍ പറഞ്ഞത് അനുസരിച്ചല്ലേ പറ്റൂ, വേറെ നിവൃത്തിയില്ലല്ലോ എന്ന്. അവരെ മോശമായി ചിത്രീകരിക്കുന്ന സിനിമയായിട്ടല്ല അവര്‍ക്ക് തോന്നിയത് സിനിമയുടെ ശക്തിയാണത്.

'പേരറിയാത്തവര്‍' സിനിമക്കുശേഷം തിരുവനന്തപുരത്ത് ഒരു ഫ്ളാറ്റിലെ മാലിന്യസംസ്‌കരണ പ്ലാന്റ് ഉദ്ഘാടനതിന് അതിഥിയായി എന്നെ ക്ഷണിച്ചിരുന്നു. ഉദ്ഘാടകനായി മന്ത്രിയെയാണ് ആലോചിച്ചിരുന്നത്. സിനിമ വരുന്നത് പിന്നീടാണ്. തുടര്‍ന്ന് പത്തിരുപത്തിയഞ്ചു വര്‍ഷമായി ആ ഫ്ളാറ്റ് സമുച്ചയത്തിലെ മാലിന്യം എടുത്തു കൊണ്ടിരുന്ന ഒരു സ്ത്രീയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. അത് ആ സിനിമയുടെ ശക്തിയായിരുന്നു. ജനങ്ങളുടെ മനസ്സുകളില്‍ കുറച്ചുപേരുടെയെങ്കിലും മനസ്സില്‍ ഒരു മാറ്റം ഉണ്ടാക്കാനായി എന്നതിലാണ് ഏറ്റവും വലിയ സന്തോഷം.

താങ്കള്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു, 14 ചിത്രങ്ങളും. പുതിയ പ്രോജക്ട്.

പതിനഞ്ചാമത്തെ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പപ്പുവ ന്യൂ ഗിനി എന്ന രാജ്യത്ത്, അവിടുത്തെ ഭാഷയിലാണ് അത് ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ പേര് പപ്പാ ബുക്ക. ഇന്ത്യയും പപ്പുവ ന്യൂ ഗിനിയും ചേര്‍ന്നുകൊണ്ടുള്ള സംയുക്ത സംരംഭമാണ്. രണ്ടാം ലോക മഹായുദ്ധസമയത്ത് പാപ്പുവ ന്യൂ ഗിനിയിലെത്തിയ ഇന്ത്യന്‍ സൈനികരുടെ കഥയാണ്. അതില്‍ ഒരാള്‍ മലയാളിയാണ്. പ്രകാശ് ബാരെയാണ് ആ വേഷം ചെയ്യുന്നത്. മറ്റേത് ഒരു ബംഗാളി നടിയും. മറ്റുള്ളവരെല്ലാം അവിടത്തുകാരാണ്. അവിടുത്തെ ചരിത്രകാരന്മാരുടെ സഹായത്തോടെ ഞാന്‍ തന്നെയാണ് തിരക്കെഥ തയ്യാറാക്കിയിട്ടുള്ളത്. ഈ സിനിമ സംവിധാനം ചെയ്യാന്‍ എന്നെ തിരഞ്ഞെടുത്തത് വലിയൊരു ബഹുമതി ആയാണ് ഞാന്‍ കാണുന്നത്. ഇന്ത്യയില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകള്‍ ആയി രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ. മറ്റു ടെക്നീഷ്യന്‍സ് ഒക്കെ ഇന്ത്യയില്‍ നിന്നായിരുന്നു. അവിസ്മരണീയമായ അനുഭവമായിരുന്നു അവിടത്തെ ചലച്ചിത്ര നിര്‍മാണം. സിനിമ ഓഗസ്റ്റില്‍ പാപ്പുവ ന്യൂ ഗിനിയില്‍ റിലീസ് ചെയ്യും. ആദ്യപ്രദര്‍ശനത്തിന് അവിടത്തെ പ്രധാനമന്ത്രി എത്തും.

ജനപ്രിയസിനിമയുടെ വ്യാകരണത്തിനൊത്ത ചിത്രങ്ങളില്‍ ശ്രദ്ധ കുറവാണല്ലോ. കൂടുതല്‍ ജനങ്ങള്‍ സിനിമ കാണണമെന്ന് ആഗ്രഹിക്കുന്നില്ലേ? ശൈലി മാറ്റണമെന്ന് തോന്നിയിട്ടുണ്ടോ.

ഇല്ലില്ല. അതിപ്പോ ഒ.വി വിജയനെയും ആനന്ദിനെയും ഒക്കെ വായിക്കുന്നവരെക്കാള്‍ എത്രയോ മടങ്ങ് കൂടുതലായിരിക്കും സാധാരണ ആഴ്ചപ്പതിപ്പുകളില്‍ വരുന്ന കഥകള്‍ വായിക്കുന്നവര്‍. അതുകൊണ്ട് വിജയനും ആനന്ദും ശൈലി മാറ്റി കൂടുതല്‍ പേര്‍ വായിക്കുന്ന രീതിയില്‍ എഴുതണം എന്ന് അര്‍ത്ഥമില്ലല്ലോ. കൂടുതല്‍ പേര്‍ കാണുന്നു എന്നതല്ല കലയുടെ അളവുകോല്‍. അങ്ങനെയാണെങ്കില്‍ സോഫ്റ്റ് പോണ്‍ സിനിമ ഒരുപാട് പേര്‍ കാണുന്നില്ലേ? ഇത്തരം സിനിമകള്‍ ചില വിഷയങ്ങള്‍ സംസാരിക്കുകയും ചില ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചില ജീവിതങ്ങള്‍ കാണിക്കുകയും ആണ് ചെയ്യുന്നത്. അത് ആസ്വദിക്കാന്‍ കഴിയുന്നവര്‍, അതുമായി റിലേറ്റ് ചെയ്യാന്‍ കഴിയുന്നവര്‍ അത് കാണണം എന്നതാണ് കാര്യം, അല്ലാതെ എല്ലാ ആളുകളും കണ്ട് ഹിറ്റാക്കണം എന്നതല്ല. ഓരോ കലാരൂപത്തിനും അതിന്റേതായ കാണികളുണ്ട്. കൂടുതല്‍ പേര്‍ കാണുന്നതല്ല അതിന്റെ ഒരു മാനദണ്ഡം എന്ന് ഞാന്‍ വിചാരിക്കുന്നു.

സിനിമ വളരെ പണം മുടക്കുള്ള ഒരു വ്യവസായമാണ്. അടുപ്പിച്ച് സിനിമകള്‍ പരാജയപ്പെട്ടാല്‍ പ്രൊഡ്യൂസറെ കിട്ടാന്‍ ബുദ്ധിമുട്ടാവില്ലേ.

ഇത്തരം സിനിമകള്‍ ചെയ്യണം എന്ന് പറഞ്ഞു മുന്നോട്ടു വന്ന പ്രൊഡ്യൂസര്‍മാരാണ് എനിക്കുണ്ടായിട്ടുള്ളത്, വിനോദവ്യവസായത്തിന്റെ ഭാഗമായി പണമുണ്ടാക്കണം എന്ന് താല്പര്യപ്പെട്ടു വന്നവരല്ല. ഭൂരിഭാഗവും ഗൗരവമുള്ള സിനിമ ചെയ്യണം, അത്തരത്തിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യണം എന്ന് ആഗ്രഹിച്ചു വരുന്നവരാണ്. ഭാഗ്യവശാല്‍, എന്റെ പ്രൊഡ്യൂസര്‍മാര്‍ക്കൊന്നും അത്രയ്ക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ഇത്തരം സിനിമകള്‍ക്ക് മറ്റൊരു രീതിയിലുള്ള വിപണി നിലവിലുണ്ട്. അത് തീയേറ്ററുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. മറ്റു രാജ്യങ്ങളിലെ പ്രദര്‍ശനം, ചലച്ചിത്രമേളകള്‍ എന്നിങ്ങനെ ചെറിയതോതിലുള്ള വിപണന സാധ്യതകള്‍ ഉണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് പണമുണ്ടാക്കുന്ന സിനിമകളല്ല ഞാന്‍ എടുക്കുന്ന തരം സിനിമ, അവ കാലങ്ങളോളം നിലനില്‍ക്കുന്നവയാണ്. നിര്‍മാതാക്കള്‍ക്ക് ചിലപ്പോള്‍ അഞ്ചും പത്തും വര്‍ഷം കഴിഞ്ഞാലും പണം കിട്ടിക്കൊണ്ടിരിക്കും. പക്കാ കമേഴ്സ്യല്‍ പടം ചെയ്യാനായി എന്നെ സമീപിച്ച പ്രൊഡ്യൂസര്‍മാരെ സ്നേഹപൂര്‍വ്വം നിരുത്സാഹപ്പെടുത്തി അയക്കുകയാണ് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ഒരു 15 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടിയ മലയാളി ഫിലിം മേക്കര്‍ ഒരുപക്ഷേ, താങ്കളായിരിക്കും. അവാര്‍ഡുകളെ എങ്ങനെ കാണുന്നു.

അവാര്‍ഡുകള്‍ വലിയ പ്രചോദനമാണ്. കാരണം നമ്മുടെ സിനിമകള്‍ മത്സരിക്കുന്നത് ലോകോത്തര സംവിധായകരുമായിട്ടാണ്. അവാര്‍ഡ് നിര്‍ണയിക്കാന്‍ ജൂറികളായി വരുന്നത് ലോകത്തെ ഏറ്റവും മികച്ച സിനിമ പ്രവര്‍ത്തകരാണ്. 2019-ല്‍ ഷാങ്ഹായ് മേളയില്‍ എനിക്ക് ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരം കിട്ടുമ്പോള്‍ ജീവിച്ചിരിക്കുന്ന മാസ്റ്റര്‍മാരില്‍ ഒരാളായ തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ഗെ ചെയലാന്‍ ആയിരുന്നു ജൂറി അധ്യക്ഷന്‍. പുരസ്‌കാരങ്ങളുടെ പ്രസക്തി, അത് ആരാണ് നിശ്ചയിക്കുന്നത് എന്നതും കൂടി നോക്കിയിട്ടാണല്ലോ. അതിനാല്‍ ഈ പുരസ്‌കാരം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുപോലെ തന്നെയാണ് ദേശീയപുരസ്‌കാരങ്ങള്‍. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടുമ്പോള്‍ സയ്യിദ് മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍.

2013-ലെ ഐ.എഫ്.എഫ്.കെ സമയത്ത് അന്നത്തെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ തീയേറ്ററില്‍ ഓടാത്ത പടങ്ങളുടെ സംവിധായകന്റെ പ്രസക്തി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായി. തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു.

അത് രഞ്ജിത്തിന്റെ അജ്ഞതയായിട്ട് മാത്രമേ എനിക്ക് തോന്നുന്നുള്ളൂ. തീയേറ്ററില്‍ ഓടുന്നതാണ് സിനിമയുടെ പ്രസക്തിയെങ്കില്‍ കേരളത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും അരവിന്ദനും ഷാജി എന്‍. കരുണിനും ടി.വി ചന്ദ്രനുമൊന്നും പ്രസക്തിയില്ല, ലോക സിനിമയിലെ മാസ്റ്റര്‍മാര്‍ക്കും പ്രസക്തിയില്ല. ഗൊദാര്‍ദിന്റെയും ഹിച്ച്കോക്കിന്റെയും സിനിമകളൊന്നും തീയേറ്ററുകളില്‍ ആളുകളെ കുത്തിനിറക്കുന്നവ ആയിരുന്നില്ല. ഒന്നുകില്‍ രഞ്ജിത്തിന് ഇത്തരം കാര്യങ്ങള്‍ക്കുറിച്ച് ഒരു ധാരണയുമില്ല, അല്ലെങ്കില്‍ ആലോചനാശേഷിയില്ല. കുറസോവയെ ഒക്കെ നമ്മള്‍ അറിയുന്നത് ചലച്ചിത്രമേളകളില്‍ കണ്ടിട്ടാണ്, തീയേറ്ററുകളില്‍ നൂറുദിവസം ഓടിയത് കൊണ്ടല്ലല്ലോ.

ഇപ്പോഴത്തെ മലയാളം സിനിമ

പണ്ടുകാലം തൊട്ട് മലയാള സിനിമയില്‍ മൂന്നു ധാരകള്‍ ഉണ്ടായിരുന്നു. ആദ്യത്തേത് തികച്ചും മസാലപ്പടം. അതാണ് വ്യവസായത്തെ നിലനിര്‍ത്തുന്നത്. പിന്നെ, സമാന്തര സിനിമകള്‍ എന്ന് വിളിക്കപ്പെട്ട വിഭാഗം. കൂടാതെ ഭരതനും പത്മരാജനും പോലുള്ളവര്‍ അണിനിരന്ന മധ്യവര്‍ത്തി സിനിമയും. ഇപ്പോള്‍ അതൊക്കെ മാറി പ്രധാനമായും മാസ് മസാല സിനിമകള്‍ മാത്രമായി. മുഖ്യധാരയില്‍ തന്നെ വ്യത്യസ്തമായ സിനിമകളുണ്ടാകുന്നുണ്ട്. പക്ഷേ, അവയും വിനോദസിനിമകളാണ്. ആര്‍ട്ട് ഹൗസ് സിനിമകള്‍ വളരെ കുറഞ്ഞു. അതില്‍ രണ്ടാം തലമുറ, മൂന്നാം തലമുറ എന്നൊക്കെ പറയാവുന്ന സംവിധായകര്‍ വളരെ കുറഞ്ഞു. ആ സാംസ്‌കാരികധാര ഇല്ലാതായിപ്പോയതാണ് ഇന്ന് മലയാള സിനിമ നേരിടുന്ന വലിയൊരു പ്രശ്നം.

Dr Biju

ഡോ.ബിജു മകനൊപ്പം

പുതിയ തലമുറ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത് എന്നാണോ.

ഒരു സിനിമയില്‍ ശ്രദ്ധ കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ അവര്‍ കമേഴ്സ്യലിലേക്ക് ചുവടുമാറ്റുകയാണ്. സാമ്പത്തികമായ മെച്ചം തന്നെ ആകാം പ്രധാന കാരണം. ആര്‍ട്ട് ഹൗസ് സിനിമകള്‍ക്ക് നിലനില്‍ക്കാന്‍ പറ്റുന്ന സാഹചര്യം മലയാളത്തില്‍ ഇല്ലാത്തതും കാരണമാണ്. അത് നിര്‍മിക്കാനോ വിതരണം ചെയ്യാനോ സാറ്റലൈറ്റ്, ഒ.ടി.ടി അവകാശങ്ങള്‍ വില്‍ക്കാനോ സൗകര്യങ്ങള്‍ ഇല്ല. അത്തരത്തിലുള്ള സാംസ്‌കാരിക സാഹചര്യം നമുക്കില്ല.

സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം സമാന്തര സിനിമക്കാര്‍ക്ക് സഹായമല്ലേ.

അയ്യോ, അതൊക്കെ ചുമ്മാ കുഞ്ഞുകളിയാണ്. കൊച്ചു കുട്ടികള്‍ക്ക് കളിപ്പാട്ടം കൊടുത്തത് പോലെ. അവര്‍ക്ക് ഈ ഒ.ടി.ടി എന്താണെന്നോ എന്തിനാണെന്നോ ഒന്നും ഒരു ധാരണയുമില്ല. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഇന്ത്യയില്‍ ഒ.ടി.ടി ആദ്യം തുടങ്ങിയത് കേരളത്തിലാണ് എന്ന് പറയണം, അത്രേയുള്ളൂ. നമ്പര്‍ വണ്‍ എന്നു മേനി നടിക്കുന്നതിനപ്പുറം ഒരാള്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. അതില്‍ പടം കൊടുത്തിട്ടുള്ള ഒരാള്‍ക്കുപോലും 500 രൂപ പോലും കിട്ടിയിട്ടില്ല. പിന്നെന്തിനാണ് അങ്ങനെ ഒരു സര്‍ക്കാര്‍ ഒ.ടി.ടി?

മലയാളത്തിലെ സിനിമാ വ്യവസായത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ ഫലപ്രദമല്ലേ.

കേരള സര്‍ക്കാര്‍ അങ്ങനെ എന്തെങ്കിലും നടപടികള്‍ എടുക്കുന്നതായി എനിക്ക് തോന്നുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ തങ്ങളുടെ ഭാഷകളില്‍ അംഗീകരിക്കപ്പെടുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ സബ്സിഡിയും റിബേറ്റും പോലെ പലതരം സംവിധാനങ്ങള്‍ ഉണ്ട. ഇവിടെ ഒരു സബ്സിഡി സമ്പ്രദായം ഇല്ല. ദേശീയ അവാര്‍ഡ് കിട്ടിയാലും അന്താരാഷ്ട്ര അവാര്‍ഡ് കിട്ടിയാലും കേരളത്തില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. മറാത്തിയില്‍ ഒരു സിനിമയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയാലോ ഒരു പ്രധാന അന്താരാഷ്ട്രമേളയില്‍ തിരഞ്ഞെടുക്കപ്പെട്ടാലോ 40 ലക്ഷം രൂപ വരെ സബ്സിഡി കിട്ടും. ഇവിടെ ഒരു രൂപയുമില്ല. ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയുമില്ല. അവര്‍ പ്രോത്സാഹിപ്പിക്കുന്നത് കമേഴ്സ്യല്‍ സിനിമകളെയാണ്, അത്തരം സിനിമകള്‍ക്ക് അവാര്‍ഡ് കൊടുക്കുന്നു, കുടുംബസമേതം കണ്ടു പ്രോത്സാഹിപ്പിക്കുന്നു. അതേസമയം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന സിനിമകളെയും ചലച്ചിത്രകാരന്മാരെയും അവര്‍ക്ക് അറിയുക പോലുമില്ല. സിനിമയെ ഒരു സംസ്‌കാരം എന്ന നിലയില്‍ പ്രോത്സാഹിപ്പിക്കുന്ന എന്തെങ്കിലും സമീപനം കേരളത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല.

ശക്തവും രൂക്ഷവുമായ വാക്കുകളാണ് ഡോക്ടര്‍.

ഏതെങ്കിലും ഒരു സിനിമ കേരളത്തിലെ ചലച്ചിത്രമേളയില്‍ കാണിച്ചതു കൊണ്ട് ഏതെങ്കിലും അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. അവ തിരഞ്ഞെടുക്കപ്പെട്ടത് മറ്റുമേളകളില്‍ കാണിച്ചതിനു ശേഷമാണ്. 30 വര്‍ഷമായി കേരളത്തില്‍ നടക്കുന്ന ചലച്ചിത്രമേളകള്‍ കൊണ്ട് പിന്നെ എന്താണ് ഗുണം, ഇവിടെ തിരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്? കഴിഞ്ഞ 10, 15 വര്‍ഷത്തെ ചരിത്രമെടുത്തു നോക്കുക. ഇവിടെ അവാര്‍ഡ് കിട്ടിയ, ദേശീയ അവാര്‍ഡ് കിട്ടിയ സമാന്തര സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യാന്‍ പോലും പറ്റിയിട്ടില്ല. ആരും കണ്ടിട്ടില്ല. ഒരു സിനിമയും ഒരു ഒ.ടി.ടിയും എടുത്തിട്ടില്ല. പിന്നെന്തു സാംസ്‌കാരിക വളര്‍ച്ചയാണ് നമ്മള്‍ അവകാശപ്പെടുന്നത്? നിര്‍മാതാക്കളും സംവിധായകരും ഒക്കെ എന്തോ ഒരു എടുത്തുചാട്ടത്തിന് സിനിമ ചെയ്യുന്നു. പക്ഷേ അതൊരു ക്രിമിനല്‍ക്കുറ്റം പോലെയാണ് ഇവിടെ ആളുകള്‍ കാണുന്നത്. പത്തുപന്ത്രണ്ടു സംസ്ഥാനങ്ങളില്‍ ഇത്തരം സിനിമയ്ക്ക് നികുതിയിളവുകളും ഷൂട്ട് ചെയ്യുന്നതിനുള്ള ഇളവുകളും സബ്സിഡികളും ഒക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഞങ്ങള്‍ തന്നെ എത്ര റിപ്പോര്‍ട്ടുകള്‍ കൊടുത്തിരിക്കുന്നു? പക്ഷേ സിനിമകളില്‍ സാംസ്‌കാരികമായി നിക്ഷേപം നടത്തേണ്ടതാണ് എന്ന ധാരണ അവര്‍ക്കില്ല. ചലച്ചിത്രമേള എന്താണ് എന്തിനാണ് എന്ന ധാരണയൊന്നും ഇവിടത്തെ സര്‍ക്കാരിനില്ല, ചലച്ചിത്ര അക്കാദമിക്കില്ല. തൃശൂര്‍ പൂരം പോലെ നടത്താനുള്ള ഉത്സവമായാണ് അവര്‍ ചലച്ചിത്രമേളയെ കാണുന്നത്.

'എമ്പുരാന്‍' സിനിമയെപ്പറ്റി

ഇവര്‍ക്ക് അറിയുമോ എന്നെനിക്കറിയില്ല. ഗോധ്ര കലാപത്തെ ഇതിനെക്കാള്‍ മനോഹരമായി, ശക്തമായി ചിത്രീകരിച്ച സൃഷ്ടികള്‍ ഉണ്ടായിരുന്നു. ടിവി ചന്ദ്രന്‍, ലെനിന്‍ രാജേന്ദ്രനുമടക്കമുള്ള സംവിധായകരുടേത്. അത്തരം സൃഷ്ടികള്‍ ഉണ്ടായിരുന്നതായി ഇവര്‍ക്ക് അറിയാന്‍ സാധ്യതയില്ല. 'എമ്പുരാന്‍' വിവാദം കച്ചവടതന്ത്രത്തിന് അപ്പുറം ഒന്നുമല്ല. അതിനപ്പുറം ചര്‍ച്ച ചെയ്യാന്‍ അതില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഘടകം ഉള്ളതായി എനിക്ക് തോന്നുന്നില്ല. ആനന്ദ് പട്​വർധൻ അടക്കമുള്ള സംവിധായകരുടെ എത്രയെത്ര സിനിമകള്‍ വന്നു. വിഷയം ചര്‍ച്ച ചെയ്യപ്പെടണമെന്നും പൊതുസമൂഹത്തെ കാണിക്കണമെന്നുള്ള ഉറച്ച ബോധ്യത്തോടെയാണ് അവരതു ചെയ്തത്. അവര്‍ മാപ്പ് പറഞ്ഞിട്ടില്ല, സ്വമേധയാ പിന്‍വലിച്ച് ഓടിയിട്ടുമില്ല. ഈ സിനിമ അത്തരം ഒരു ബോധ്യത്തോടെ ഉള്ളതല്ല. കച്ചവടതന്ത്രം എന്നല്ലാതെ കലാപരമായ എന്തെങ്കിലും ചര്‍ച്ച ഇതില്‍ ആവശ്യമുണ്ടോ എന്നതില്‍ എനിക്ക് സംശയമുണ്ട്.

'എമ്പുരാനി'ല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമില്ല എന്നാണോ ഉദ്ദേശിച്ചത്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ സ്വാഭാവികമായും ആവിഷ്‌കരിക്കുന്നവര്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കണം. അവര്‍ തന്നെയാണ് സ്വമേധയാ ചിത്രത്തില്‍ മാറ്റംവരുത്തിയത്. അത്രയും ബോധ്യമേ അവര്‍ക്ക് അതിനെപ്പറ്റി ഉണ്ടായിരുന്നുള്ളൂ എന്നാണ് മനസ്സിലാക്കാന്‍. മുമ്പ് കമലഹാസന്റെ സിനിമയ്ക്ക് എതിരെ തീയേറ്റര്‍ കത്തിക്കലും മറ്റും ഉണ്ടായിട്ടുണ്ട്. ആമിര്‍ഖാന്‍ സിനിമകള്‍ക്ക് എതിരെ ഭീഷണി ഉണ്ടായിട്ടുണ്ട്. 'എമ്പുരാന്' കുറച്ച് എതിര്‍പ്പുണ്ടായി, ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ആള്‍ക്കാര് ശക്തിയായി എതിര്‍ത്തു എന്നല്ലാതെ പ്രത്യക്ഷമായ എന്തെങ്കിലും കലാപങ്ങളോ അക്രമങ്ങളോ ഭീഷണികളോ ഉണ്ടായതായി എനിക്കറിയില്ല. ഇവര്‍ സ്വമേധയാ മാറ്റത്തിന് തയ്യാറാവുകയായിരുന്നു. അതുകൊണ്ട് അതില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നുന്നില്ല. അതുപോലെ ഒരു കലാസൃഷ്ടി എന്താണ് മുന്നോട്ടുവെക്കുന്നത് എന്ന് ചോദ്യമുണ്ട്. അത് മാനവികതയാണോ, അതിനുവേണ്ടിയുള്ള രാഷ്ട്രീയമാണോ പറഞ്ഞിട്ടുള്ളത് എന്നതും പ്രധാനമാണ്. അതൊന്നുമല്ലാതെ കച്ചവടത്തിനുവേണ്ടി മാത്രം കാര്യങ്ങള്‍ ചെയ്യുകയും പിന്നീട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടുന്നതില്‍ വലിയ അര്‍ത്ഥമുണ്ടെന്ന് എനിക്കുതോന്നുന്നില്ല.

സിനിമ കണ്ടോ.

ഇല്ല, എനിക്ക് ഇത്തരം മാസ് മസാല പടങ്ങള്‍ ഇഷ്ടമല്ല. വയലന്‍സിനോട് താല്പര്യമില്ല. മനസ്സിലാക്കിയിടത്തോളം 'എമ്പുരാന്‍' മാസ് ഓഡിയന്‍സിന് വേണ്ടി ഉണ്ടാക്കിയ കമേഴ്സ്യല്‍ സിനിമയാണ്.

പൃഥ്വിരാജ് താങ്കളുടെ ഒന്നിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടല്ലോ. പൃഥ്വിരാജ് ഇന്നത്തെ നിലയിലേക്ക് വളരുമെന്ന് കരുതിയിരുന്നോ.

സംവിധാനത്തില്‍ വളരെ താല്പര്യമുള്ള ആളായിരുന്നു പൃഥ്വിരാജ്. സംവിധാനം സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ വളരെ ഉത്സാഹമുണ്ടായിരുന്നു. അഭിനയിക്കാനാണ് വന്നതെങ്കിലും എപ്പോഴും സംശയങ്ങള്‍ ചോദിക്കാനും കാര്യങ്ങള്‍ പഠിക്കാനും താല്പര്യമെടുക്കുന്ന ആളായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ പോലെ എപ്പോഴും കൂടെ നില്‍ക്കുകയും കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആള്‍. അഭിനേതാവായി വന്ന് അഭിനയിച്ച മാറിനില്‍ക്കുന്ന ആളല്ലായിരുന്നു.

'വീട്ടിലേക്കുള്ള വഴി' ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ സിനിമയുടെ അവകാശം അദ്ദേഹം വാങ്ങിയിരുന്നു. അത് ഹിന്ദിയില്‍ ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. സംവിധാനം ചെയ്യാന്‍ ഒരുപക്ഷേ പൃഥ്വിരാജ് ആദ്യം തിരഞ്ഞെടുത്ത തിരക്കഥ 'വീട്ടിലേക്കുള്ള വഴി'യുടേതായിരിക്കാം. പക്ഷേ പിന്നീട് ഈ തിരക്കഥയുമായി വളരെ സാമ്യമുള്ള സിനിമ ഹിന്ദിയില്‍ പുറത്തിറങ്ങി, 'ബജ്രംഗി ഭായിജാന്‍' എന്ന സല്‍മാന്‍ഖാന്‍ സിനിമ. തുടര്‍ന്ന് സിനിമ ഉപേക്ഷിക്കുകയായിരുന്നു.

ഇന്ന് ഇന്‍ഡസ്ട്രിയിലെ മറ്റു പലരെയും പോലെ സ്വന്തമായ പ്രൊഡക്ഷന് ഉദ്ദേശമുണ്ടോ.

ശമ്പളം കൊണ്ട് ജീവിച്ചു പോകുന്ന ആളാണ് ഞാന്‍. വീട്ടിലെ കാര്യങ്ങളും മകന്റെ പഠിത്തവും ഒക്കെ ശമ്പളം കൊണ്ടാണ് നടക്കുന്നത്. നിര്‍മാണത്തിലേക്ക് കടക്കാന്‍ ഒരുതരത്തിലുള്ള ശേഷിയുമില്ല.

സിനിമക്കാരനായി 20 വര്‍ഷം ആകുന്നു. ഇപ്പോഴും ഹോമിയോ ഡോക്ടര്‍ ആയിട്ട് ജോലി ചെയ്യുന്നത്

ലീവെടുത്തിട്ടാണ് സിനിമാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. അത് കഴിഞ്ഞാലുടനെ ജോലിക്ക് തിരിച്ചെത്തും. ഇപ്പോള്‍ പത്തനംതിട്ടയിലെ ജില്ല ഹോമിയോ മെഡിക്കല്‍ ഓഫീസറാണ്.

Read Entire Article