'എമ്പുരാന്‍ അവസാനിക്കുക മൂന്നാംഭാഗത്തിലേക്കുള്ള തുടര്‍ച്ചയില്‍;' ലൂസിഫറിനും ആവേശസ്വീകരണം

10 months ago 8

Empuraan

മഞ്ജുവാര്യർ, പൃഥ്വിരാജ് സുകുമാരൻ, മോഹൻലാൽ എന്നിവർക്കൊപ്പം ഗോകുലം ഗോപാലൻ | Photo: Special Arrangement

രാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽചിത്രം എമ്പുരാൻ തിയേറ്ററുകളിലേക്ക്‌. ആശീർവാദ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ് സംവിധാനംചെയ്ത ലൂസിഫർ സിനിമയുടെ തുടർച്ചയാണ് എമ്പുരാൻ. മോഹൻലാലിന്റെ താരമൂല്യം പരമാവധി പ്രയോജനപ്പെടുത്തിയെത്തിയ ലൂസിഫർ സമാനതകളില്ലാത്ത വിജയമാണ് സ്വന്തമാക്കിയത്. ലൂസിഫറിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ കഥാപാത്രങ്ങളുടെ ഭൂതകാലവും അവരുടെ പിന്നീടുള്ള യാത്രയും വിവരിക്കുന്ന സിനിമയാകും രണ്ടാംഭാഗമായെത്തുന്ന എമ്പുരാൻ.

ലൂസിഫറിലെ കേന്ദ്രകഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളിക്ക്‌ മറ്റൊരുപേരും മറ്റൊരുലോകവുമുണ്ടെന്ന് കാണിച്ചുകൊണ്ടാണ് ഒന്നാംഭാഗം അവസാനിക്കുന്നത്. രണ്ടാംഭാഗത്തിലേക്ക് കടക്കുമ്പോൾ ആ ലോകവും അവിടത്തെ ചെയ്തികളും പ്രേക്ഷനുമുന്നിൽ കൂടുതലായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. മൂന്ന് സിനിമകളായെത്തുന്ന സിനിമാസീരീസിന്റെ രണ്ടാംഭാഗമാണ് എമ്പുരാൻ.

ആദ്യസിനിമ ഒരുക്കുമ്പോൾ രണ്ടാംഭാഗത്തെക്കുറിച്ച് വിദൂരമായൊരു ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാൽ, കഥ പൂർണമാകാൻ ഖുറേഷി അബ്രാം ഒരു വരവുകൂടിവരുമെന്നും സംവിധായകൻ പൃഥ്വിരാജ് പറഞ്ഞു. ‘മുരളിഗോപിയിൽനിന്ന് കഥകേട്ടപ്പോൾത്തന്നെ, ഒരു സിനിമാദൈർഘ്യത്തിനുള്ളിൽ ഇത് പറഞ്ഞുതീർക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയിരുന്നു. ആദ്യഭാഗത്തിന് ലഭിച്ച സ്വീകാര്യതയാണ് രണ്ടാംഭാഗമൊരുക്കാൻ പ്രേരിപ്പിച്ചത്. എമ്പുരാൻ അവസാനിക്കുന്നത് മൂന്നാംഭാഗത്തിലേക്കുള്ള തുടർച്ചയിലാകും’ -പൃഥ്വിരാജ് വിശദീകരിച്ചു.

ലൂസിഫറിന്റെ അവസാനഭാഗത്തുവരുന്ന ഗാനത്തിൽ ഖുറേഷി അബ്രാമിനെ പരിചയപ്പെടുത്തുന്ന രംഗത്തിനകമ്പടിയായാണ് എമ്പുരാനേ... എന്ന ഗാനം വരുന്നത്. തിരക്കഥാകൃത്തുകൂടിയായ മുരളി ഗോപി രചിച്ച് ഉഷാ ഉതുപ്പ് പാടിയ ഗാനം പിന്നീട് സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. much than a King, little than a God എന്നതാണ് എമ്പുരാൻ എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്. സംവിധാനത്തിനുപുറമേ സൈദ് മസൂദിയെന്ന കഥാപാത്രമായി ഇത്തവണയും പൃഥ്വിരാജ് ചിത്രത്തിലുണ്ട്. ലോകത്തിലെ ഗോൾഡ് ആൻഡ്‌ ഡയമണ്ട്‌സ് ബിസിനസ് നിയന്ത്രിക്കുന്ന അണ്ടർവേൾഡ് മെഗാസിൻഡിക്കേറ്റ് ഖുറേഷി അബ്രാമിന്റെ ഹിറ്റ് ഗ്രൂപ്പ് തലവനാണ് സൈദ് മസൂദി. ലൂസിഫറിലൂടെ പ്രേക്ഷകർ പരിചയപ്പെട്ട സൈദിന്റെ ഭൂതകാലവും അയാളുടെ ജീവിതത്തിലേക്ക് എങ്ങനെ ഖുറേഷി അബ്രാം എത്തിച്ചേർന്നു എന്നതിനെല്ലാം ഉത്തരം രണ്ടാംഭാഗത്തിൽ കാണാം. പ്രിയദർശിനി രാംദാസിന്റെ സംഘർഷഭരിതമായ ജീവിതം അവതരിപ്പിക്കാൻകഴിഞ്ഞതിന്റെ ആഹ്ലാദമാണ് മഞ്ജുവാര്യർ പങ്കുവച്ചത്: ‘എന്തുവേണം എന്നതിനെക്കാൾ എന്തെല്ലാം വേണ്ട എന്ന് കൃത്യമായി അറിയാവുന്ന സംവിധായകനാണ് പൃഥ്വിരാജ്. വ്യക്തമായ ധാരണയിലൂടെയാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സംവിധായകന്റെ കൈയടക്കം ചിത്രത്തിലുടനീളം കാണാം’ -മഞ്ജു പറഞ്ഞു.

ലൂസിഫറിൽ കൈയടിനേടുന്ന രംഗങ്ങൾ ലഭിച്ചെങ്കിലും മോഹൻലാലിനൊപ്പം ഒന്നിച്ചൊരു രംഗത്തിലെത്താൻ ടൊവിനോയ്ക്ക് കഴിഞ്ഞിരുന്നില്ല. മോഹൻലാലിനൊപ്പം കോമ്പിനേഷൻ സീൻ ചെയ്യാൻ കഴിഞ്ഞുവെന്ന സന്തോഷമാണ് ടൊവിനോ തോമസ് പങ്കുവെച്ചത്. ഫാദർ നെടുമ്പള്ളിയായി സംവിധായകൻ ഫാസിലും മഹേഷ് വർമയായി സായികുമാറും ഗോവർധനനായി ഇന്ദ്രജിത്തും മേടയിൽ രാജനായി ശിവജിയും മന്ത്രി പീതാംബരനായി നന്ദുവും ലൂസിഫറിലെ തുടർച്ചയായെത്തുമ്പോൾ രാഷ്ട്രീയനേതാവിന്റെ വേഷത്തിൽ സുരാജ് വെഞ്ഞാറമൂടും ഐബി ഓഫീസറായി കിഷോർകുമാറും പ്രധാന്യമുള്ള വേഷത്തിലെത്തും. മലയാളത്തിനുപുറത്തുള്ള ഒട്ടേറെ താരങ്ങളും എമ്പുരാനിൽ അണിനിരക്കുന്നുണ്ട്.

2023-ൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ യുഎസ്, യുകെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, ഹൈദരാബാദ്, ഷിംല, കേരളം... എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം തിയേറ്ററുകളിലെത്തും. മാർച്ച് 27-ന് രാവിലെ ആറിന് ആദ്യ ഷോ ആരംഭിക്കും. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്‌ഷൻസ് എന്നിവർചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

നിർമാതാക്കൾക്കിടയിൽ നടന്ന തർക്കവും അതുണ്ടാക്കിയ വാർത്തയുമെല്ലാം ചിത്രത്തെ പ്രേക്ഷകരിലേക്ക്‌ കൂടുതലടുപ്പിച്ചിരിക്കുകയാണ്. മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ഓവർസീസ് റൈറ്റ്‌സ് തുകയാണ് എമ്പുരാൻ സ്വന്തമാക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിനകത്തും പുറത്തും ആഘോഷത്തോടെയാണ് ആദ്യപ്രദർശനം ഒരുങ്ങുന്നത്. റെക്കോഡ് സ്‌ക്രീനുകളിൽ ഫാൻസ് ഷോ നടക്കും. ഐ മാക്സിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. എമ്പുരാന്റെ റിലീസിനുമുന്നോടിയായി ഒരിക്കൽക്കൂടി തിയേറ്ററിലേക്കെത്തിയ (റീ-റിലീസ്) ലൂസിഫർ സിനിമയെയും ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

വിദേശരാജ്യങ്ങളിൽ അതതിടങ്ങളിലെ ഏറ്റവുംവലിയ കമ്പനികളാണ് എമ്പുരാൻ വിതരണത്തിനെടുത്തിരിക്കുന്നത്. കെജിഎഫും കാന്താരയും സലാറുമെല്ലാം നിർമിച്ച ഹോംബാലേ ഫിലിംസാണ് എമ്പുരാൻ കർണാടകത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. ദിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് ആന്ധ്ര-തെലങ്കാനയിലും അനിൽ തടാനി നേതൃത്വംനൽകുന്ന എഎ ഫിലിംസ് ഉത്തരേന്ത്യയിലും പ്രദർശനത്തിനെത്തിക്കും. സിനിമയുടെ ട്രെയിലർകണ്ട് ആവേശംകൊണ്ടവരുടെ കൂട്ടത്തിൽ തമിഴ് സൂപ്പർതാരം രജനീകാന്തുമുണ്ട്. ചെന്നൈയിലെ രജനിയുടെ വീട്ടിൽ പൃഥ്വിരാജ് നേരിട്ടെത്തിയാണ് രജനിക്കുമുന്നിൽ സിനിമയുടെ ട്രെയിലർ പ്രദർശിപ്പിച്ചത്.

ബജറ്റ് മുൻകൂട്ടി നിശ്ചയിച്ച് നിർമിച്ച സിനിമയല്ല എമ്പുരാനെന്നും ലാൽസാറിൽനിന്നും പ്രേക്ഷകർ കാണാനാഗ്രഹിക്കുന്ന കഥാപാത്രങ്ങൾ വരുമ്പോൾ ആ സിനിമകളുടെ നിർമാണം ആശീർവാദ് സിനിമാസ് ആഹ്ലാദത്തോടെ ഏറ്റെടുക്കുകയാണ് പതിവെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ദീപക് ദേവ് സംഗീതസംവിധാനം നിർവഹിച്ച എമ്പുരാന്റെ ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ് അഖിലേഷ് മോഹനുമാണ്. ചിത്രത്തിലെ ആക്‌ഷൻരംഗങ്ങൾക്ക് പിന്നിൽ സ്റ്റണ്ട്‌ മാസ്റ്റർ സിൽവയാണ്. സംവിധായകൻ നിർമൽ സഹദേവാണ് എമ്പുരാന്റെ ക്രിയേറ്റീവ് ഡയറക്ടർ.

Content Highlights: Empuraan, the highly anticipated sequel to Lucifer, starring Mohanlal hits theaters March 27th

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article