'എമ്പുരാന്‍' തരംഗം; നികുതി അടയ്ക്കാനും റേഷന്‍ വാങ്ങാനും സ്റ്റീഫന്‍ ഓര്‍മിപ്പിക്കും

9 months ago 6

വൈ. ഷെറിന്‍

27 March 2025, 09:33 AM IST

Empuran

സിനിമയുടെ പോസ്റ്ററിൽനിന്ന്‌, 'വസ്തുനികുതി കുടിശ്ശിക അടയ്ക്കണം' എന്ന അറിയിപ്പോടെ പ്രചരിക്കുന്ന, എമ്പുരാൻ രംഗങ്ങൾ അടങ്ങിയ വീഡിയോയുടെ സ്ക്രീൻഷോട്ട്.

പത്തനംതിട്ട: 'കര്‍ഷകനല്ലേ മാഡം. ഒന്നു കളപറിക്കാന്‍ ഇറങ്ങിയതാ' എന്നുപറഞ്ഞ സ്റ്റീഫന്‍ നെടുമ്പള്ളി രണ്ടാംവരവില്‍ ഓര്‍മിപ്പിക്കുന്നത് മറ്റുചില ഗൗരവമുള്ള കാര്യങ്ങള്‍. തദ്ദേശസ്ഥാപനങ്ങളിലെ അറിയിപ്പുകളാണ് എമ്പുരാന്‍ ട്രെയിലറിലേയും ലൂസിഫര്‍ സിനിമയിലേയും രംഗങ്ങളോട് കൂട്ടിച്ചേര്‍ത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

പ്രധാനമായും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ വസ്തുനികുതി മാര്‍ച്ച് 31-നകം അടയ്ക്കണം, റേഷന്‍ വാങ്ങാന്‍ മറക്കരുത് തുടങ്ങിയവയാണ് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ നിര്‍ദേശംപോലെ കാണിക്കുന്നത്. ഔദ്യോഗികമായി പുറത്തിറക്കിയ വീഡിയോ അല്ലെങ്കിലും ജീവനക്കാരും പൊതുജനങ്ങളുമൊക്കെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്യുന്നു.

'മാര്‍ച്ച് മാസം തീരാറായില്ലേ മാഡം പ്രോപ്പര്‍ട്ടി ടാക്‌സ് അടയ്ക്കാന്‍വേണ്ടി ഇറങ്ങിയതാ', 'എന്നെ അറിയാവുന്നവരോടൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട് മാര്‍ച്ച് 31-ന് മുമ്പ് കുടിശ്ശക തീര്‍ത്ത് വസ്തുനികുതി അടച്ചാല്‍ പിഴപ്പലിശ ഇല്ലെന്ന്, '31 വരെ അവധി ദിവസങ്ങളിലും നഗരസഭയിലെ റവന്യൂവിഭാഗം തുറന്നുപ്രവര്‍ത്തിക്കുന്നു' തുടങ്ങിയ അറിയിപ്പുകളാണ് മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണിക്കുന്നത്.

റേഷന്‍വിഹിതം 29-നുള്ളില്‍ വാങ്ങുക എന്ന അറിയിപ്പോടെയുള്ള വീഡിയോയും പ്രചരിക്കുന്നു. വീഡിയോയുടെ ഉറവിടം വ്യക്തമല്ല. ട്രെയിലറില്‍നിന്നും റീല്‍സില്‍നിന്നുമെടുത്ത ദൃശ്യങ്ങളാണ് വീഡിയോ രൂപത്തിലാക്കിയിരിക്കുന്നത്. റീല്‍സിലും ട്രോളുകളിലും മാത്രമല്ല, പൊതുജനങ്ങളെ ആകര്‍ഷിക്കുന്നതരത്തില്‍ ഉപകാരപ്രദമായ അറിയിപ്പുകള്‍ നല്‍കുന്നതിലും 'എമ്പുരാന്‍ എഫ്ക്ട്' ഉണ്ട്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത'എമ്പുരാന്‍'വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്.

Content Highlights: A viral video utilizing scenes from `Empuraan` reminds radical astir spot taxation payment

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article