.jpg?%24p=a7e64b5&f=16x10&w=852&q=0.8)
ജി. സുരേഷ് കുമാർ, പ്രതീകാത്മക ചിത്രം, കെ.ബി. ഗണേഷ് കുമാർ | Photo: Mathrubhumi, Facebook/ Aashirvad Cinemas
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാ'ന്റെ റിലീസ് തടയാന്‍ വേണ്ടിയായിരുന്നോ സിനിമാ നിര്‍മാതാക്കളുടെ സമരമെന്ന ചോദ്യവുമായി മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാര്‍. നിര്‍മാതാക്കളുടെ സംഘടനയിലെ ചിലര്‍ക്ക് ചിത്രത്തിന്റെ പ്രമേയം നേരത്തെ ചോര്‍ന്നുകിട്ടിയതായി സംശയമുണ്ട്. സിനിമ പുറത്തുവരുന്നത് തടയുക എന്ന ഉദ്ദേശത്തോടെയുള്ളതായിരുന്നോ സമരം എന്ന് ചിന്തിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എനിക്ക് തോന്നിയ ഒരുകാര്യം പറയാം. നിര്‍മാതാക്കളുടെ സംഘടനയിലെ ചില ആളുകള്‍ക്ക് തീം ചോര്‍ന്നുകിട്ടിയോ എന്ന് സംശയമുണ്ട്. അപ്പോള്‍ അവര്‍ പ്രതിനിധാനംചെയ്യുന്ന, അവര്‍ക്ക് വല്ലകാര്യവും സാധിക്കാനുള്ള രാഷ്ട്രീയപ്പാര്‍ട്ടിയുടെ മുന്നില്‍ മിടുക്കനാവാന്‍ വേണ്ടി, 'ഇത് തടയാന്‍ വന്നവനാണ് ഞാന്‍' എന്ന നടപടിയുണ്ടോയെന്ന് നമ്മള്‍ സംശയിക്കേണ്ടിയിരിക്കുന്നു', ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
'സിനിമയിലുള്ളവരെ എനിക്ക് അറിയുന്നതുപോലെ നിങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല. രാഷ്ട്രീയക്കാര്‍ ദീര്‍ഘമായി കാണുകയും ഒരുമുഴംമുമ്പേ എറിയുകയും ചെയ്യുന്നവരാണെന്ന് നമ്മള്‍ പറയും. പക്ഷേ, ഇത് അങ്ങനെയല്ല. ഒരുമുഴമല്ല, നൂറുമുഴം മുമ്പേ എറിയുന്നവര്‍ സിനിമയിലുണ്ട്', ഗണേഷ് കുമാര്‍ പറഞ്ഞു.
'സിനിമയിലുള്ള ആളുകള്‍ക്ക് കഥ മനസിലായി. അപ്പോള്‍ ഈ സിനിമ പുറത്തുവരാതിരിക്കാന്‍വേണ്ടിയുള്ള പരിപാടിയായിരുന്നു സിനിമാ സമരം എന്ന് ചിന്തിക്കണം. സമരം വെറുതെയാണ്, ഈ സമരം കുറച്ചുദിവസം കഴിയുമ്പോള്‍ ഉണ്ടാവില്ല, ഇത് എവിടെയും എത്തില്ല, ഫലപ്രാപ്തിയില്‍ എത്തില്ല എന്ന് നേരത്തേ ഞാന്‍ പറഞ്ഞിരുന്നു. ആര്‍ക്കെതിരെയാണ് സമരമെന്നും ഞാന്‍ ചോദിച്ചിരുന്നു. ഈ സിനിമയുടെ കഥ ആര്‍ക്കൊക്കെ അറിയാമായിരുന്നു? നമ്മള്‍ ടിക്കറ്റെടുത്ത് കേറിയപ്പോഴാണ് കണ്ടത്. ആ കഥ വരരുത് എന്ന ഉദ്ദേശത്തോടെ, തടയാന്‍വേണ്ടിയായിരുന്നു നിര്‍മാതാക്കളുടെ സംഘടനയുടെ സമരം?. അവര്‍ ആ സമരത്തില്‍ എന്താണ് നേടിയത്? മാധ്യമങ്ങളും നാട്ടുകാരും മണ്ടന്മാരാണോ? ഏത് നടന്റെ ശമ്പളം കുറച്ചു? അതായിരുന്നല്ലോ ഡിമാന്‍ഡ്. ഏത് സംവിധായകന്റെ ശമ്പളം കുറച്ചു?. ആ സമരംകൊണ്ട് എന്തുനേടി?', ഗണേഷ് കുമാര്‍ ചോദിച്ചു.
ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുന്നു, അത് പിന്‍വലിക്കുന്നു, ഖേദം പ്രകടിപ്പിക്കുന്നു. ഇതിനുവേണ്ടിയായിരുന്നു നിര്‍മാതാക്കളുടെ സംഘടന പ്രഖ്യാപിച്ച സമരമെന്നും അദ്ദേഹം ചോദിച്ചു.
പ്രദര്‍ശനം മൂന്നാം ആഴ്ചയിലേക്ക് കടന്ന 'എമ്പുരാന്‍' സാമ്പത്തികമായി വലിയ വിജയമായിരുന്നു. എന്നാല്‍, ചിത്രത്തിന്റെ ഉള്ളടക്കത്തിനെച്ചൊല്ലി വലിയ വിവാദമുണ്ടായി. സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദത്തിന് പിന്നാലെ ചിത്രം റീ എഡിറ്റ് ചെയ്തു.
എമ്പുരാന്റെ റിലീസിന് ആഴ്ചകള്‍ മുമ്പാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിര്‍മാതാക്കളുടെ സംഘടന സമരം പ്രഖ്യാപിച്ചത്. നിര്‍മാതാക്കള്‍ക്കുണ്ടാവുന്ന സാമ്പത്തിക ബാധ്യതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സമരം. സമരം പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ നിര്‍മാതാവും സംഘടനയുടെ ഭാരവാഹിയുമായ ജി. സുരേഷ് കുമാര്‍, എമ്പുരാന്റെ നിര്‍മാണച്ചെലവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിനെതിരെ ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെ എമ്പുരാന്റെ റിലീസ് ദിവസം സൂചനാ പണിമുടക്ക് നടത്താന്‍ സംഘടന നീക്കം നടത്തി. പിന്നാലെ, സാംസ്‌കാരികമന്ത്രി സജി ചെറിയാനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ സമരത്തില്‍നിന്ന് നിര്‍മാതാക്കള്‍ പിന്നോട്ടുപോവുകയായിരുന്നു.
Content Highlights: KB Ganesh Kumar suspects governmental motives down producers` onslaught that threatened Empuraan release
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·