എമ്പുരാന്‍ റീ എഡിറ്റിങ്ങിൽ തീരുമാനമായില്ല; നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയില്ല

9 months ago 7

കൊച്ചി: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചിത്രത്തിന്റെ റീ എഡിറ്റിങ്ങ് സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല. റീ എഡിറ്റിങ്ങ് ആവശ്യം ഉന്നയിച്ച് നിര്‍മാതാക്കള്‍ ഇതുവരെ സെന്‍സര്‍ ബോര്‍ഡില്‍ അപേക്ഷ നല്‍കിയിട്ടില്ല. ഓണ്‍ലൈന്‍ വഴിയാണ് നിര്‍മാതാക്കള്‍ റീ എഡിറ്റിങ്ങ് ആവശ്യം അറിയിക്കേണ്ടത്. എന്നാല്‍ ഇതുവരേയും സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ അപേക്ഷ ലഭിച്ചിട്ടില്ല.

റീ എഡിറ്റിങ്ങ് ആവശ്യമാണെങ്കില്‍ വോളണ്ടറി മോഡിഫിക്കേഷന്‍ എന്ന രീതിയാണ് സെന്‍സര്‍ ബോര്‍ഡില്‍ ഉള്ളത്. പോര്‍ട്ടല്‍ വഴി ലഭിക്കുന്ന നിര്‍മാതാക്കളുടെ അപേക്ഷയിലാണ് വോളണ്ടറി മോഡിഫിക്കേഷന്‍ സെന്‍സര്‍ ബോര്‍ഡ് പരിഗണിക്കുക. അപേക്ഷ ലഭിക്കുന്ന പക്ഷം സെന്‍സര്‍ ബോര്‍ഡ് ചിത്രം വീണ്ടും കണ്ട ശേഷമാകും ചിത്രത്തിന്റെ പുതിയ പതിപ്പ് തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക.

മാര്‍ച്ച് 27-നാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ എമ്പുരാന്‍ റിലീസിനെത്തുന്നത്. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തീപിടിക്കുന്നത്. വ്യാപക പ്രതിഷേധത്തിന് പിന്നാലെ എമ്പുരാനില്‍ സ്വന്തം നിലയില്‍ മാറ്റം വരുത്താന്‍ സെന്‍സര്‍ബോര്‍ഡിനെ നിര്‍മാതാക്കള്‍ സമീപിച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കലാപദൃശ്യങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമടക്കം 17 ഭാഗങ്ങളില്‍ മാറ്റം വരുത്തുകയും ചിലപരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്യുമെന്നും ഒപ്പം വില്ലന്റെ പേരും മാറ്റി തിങ്കളാഴ്ചയോടെയാണ് വോളന്ററി മോഡിഫിക്കേഷന്‍ പൂര്‍ത്തിയാവുമെന്നായിരുന്നു വാര്‍ത്ത.

സിനിമയ്‌ക്കെതിരേ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ ഉള്ളടക്കം ശ്രദ്ധിക്കുന്നതില്‍ ആര്‍.എസ്.എസ്. നോമിനികളായവര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു പലരുടെയും ആരോപണം. സ്ത്രീകള്‍ക്കെതിരായ അതിക്രമരംഗം, ദേശീയപതാകയെക്കുറിച്ചുള്ള പരാമര്‍ശം എന്നീ രണ്ട് ഭാഗങ്ങള്‍ക്ക് ഉള്‍പ്പെടുന്ന രണ്ട് മിനിറ്റ് മാത്രമാണ് മാറ്റാന്‍ നിര്‍ദേശമുണ്ടായിരുന്നത്. സംഘപരിവാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സെന്‍സര്‍ ബോര്‍ഡിലുണ്ടായിരുന്നു.

ഇതിനിടെ എമ്പുരാന്‍ കാണില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കെ ചിത്രം കാണുമെന്ന് നേരത്തെ അറിയിച്ചിരുന്ന രാജീവ് ചന്ദ്രശേഖര്‍ ഫെയിസ്ബുക്കിലൂടെയാണ് എമ്പുരാന്‍ താന്‍ കാണാത്തതിന്റെ കാരണമടക്കം വ്യക്തമാക്കി പോസ്റ്റ് പങ്കുവെച്ചത്.

Content Highlights: Empuraan films re-editing is yet to beryllium decided

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article