സ്വന്തം ലേഖിക
01 April 2025, 01:55 PM IST

മോഹൻലാലും പൃഥ്വിരാജും ചിത്രത്തിന്റെ പോസ്റ്ററിൽ | Photo: Instagram/aashirvadcine
കൊച്ചി: മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ എമ്പുരാന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയംഗം വി.വി. വിജീഷാണ് ഹര്‍ജി നല്‍കിയത്. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം, ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, ടീം എമ്പുരാന്‍, സംസ്ഥാന പോലീസ് മേധാവി എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തിന് കാരണമാകുന്ന സിനിമയുടെ പ്രദര്‍ശനം തടയണമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പൃഥ്വിരാജിനെതിരേയും ഹര്‍ജിയില്‍ വിമര്‍ശനമുണ്ട്. പൃഥ്വിരാജ് തുടര്‍ച്ചയായി തന്റെ സിനിമകളിലൂടെ കേന്ദ്രസര്‍ക്കാരിനെ അധിക്ഷേപിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
അതേസമയം എമ്പുരാന്റെ പുതിയ പതിപ്പില്‍ 24 വെട്ടെന്ന് റിപ്പോര്‍ട്ട്. പ്രധാന വില്ലന്റെ ബജ്‌റംഗി എന്ന പേര് ബല്‍ദേവ് എന്നാക്കുകയും എന്‍ഐഎയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്തതായി സെന്‍സര്‍ രേഖയില്‍ വ്യക്തമാക്കുന്നു. രണ്ടു മിനിട്ട് എട്ടു സെക്കന്റ് ഭാഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന സീനും സ്ത്രീകള്‍ക്കെതിരായ അതിക്രമസീനുകള്‍ മുഴുവനും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദും പിതാവുമായുള്ള സംഭാഷണത്തിലും ചില ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയുടെ പേരും ഐ.ആര്‍.എസ്. ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കി.
എമ്പുരാന്റെ റീ എഡിറ്റിങ് സമ്മര്‍ദ്ദം മൂലമല്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. ആരുടേയും ഭീഷണിയായി ഇതിനെ കാണരുത്. വേറെ ഒരാളുടെ സംസാരത്തില്‍നിന്നല്ല ഇത് ചെയ്തത്. ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്തു. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും മോഹന്‍ലാലിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും സിനിമയുടെ കഥയറിയാമെന്നും പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗം തീര്‍ച്ചായയുമുണ്ടാകുമെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: petition filed successful Kerala High Court against Empuraan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·