
പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും | ഫോട്ടോ: Facebook
മലയാള സിനിമയിൽ പുതിയ റെക്കോർഡുകൾ തീർത്ത് മുന്നേറുകയാണ് മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാൻ. സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പ്രമേയത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്കുമിടെ ചിത്രം 250 കോടി ആഗോള കളക്ഷനും 100 കോടി തിയേറ്റർ ഷെയറും നേടുകയും ഇൻഡസ്ട്രി ഹിറ്റുമായി മാറുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് ചർച്ചകൾക്കിടയാക്കിയിരിക്കുകയാണ്.
പൃഥ്വിരാജിനൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ആന്റണി പെരുമ്പാവൂർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഒരെണ്ണം പൃഥ്വിരാജുമായി സൗഹൃദം പങ്കുവെയ്ക്കുന്നതും രണ്ടാമത്തേത് പൃഥ്വിരാജിനെ ചുംബിക്കുന്നതുമാണ്. എല്ലാം ഓക്കെ അല്ലേ അണ്ണാ എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ചിത്രങ്ങൾ ഇതിനോടകംതന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
നേരത്തേ എമ്പുരാന്റെ ബജറ്റുമായി ബന്ധപ്പെട്ട് നിർമാതാവ് സുരേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്കിൽ നീണ്ട കുറിപ്പ് പങ്കുവെച്ചിരുന്നു. ഇത് പിന്നീട് അദ്ദേഹം നീക്കംചെയ്യുകയും ചെയ്തിരുന്നു. അന്ന് ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ച വാക്കുകളാണ് എല്ലാം ഓക്കെ അല്ലേ അണ്ണാ എന്നത്. ഈ വാക്കുകളാണ് ഇപ്പോൾ പൃഥ്വിരാജിനെ സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്തുകൊണ്ട് ആന്റണി പെരുമ്പാവൂർ ആവർത്തിച്ചിരിക്കുന്നത്.
പിന്നല്ല എന്നാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞത്. ലൂസിഫർ മൂന്നാം ഭാഗം ഉപേക്ഷിച്ചിട്ടില്ല എന്ന് സന്തോഷം തോന്നുന്നുവെന്നും L3 പ്രഖ്യാപനം ഉടനുണ്ടായാൽ പ്രേക്ഷകരും ഓക്കെ ആകുമെന്നുമെല്ലാമാണ് പോസ്റ്റിന് വന്ന പ്രതികരണങ്ങൾ.

കഴിഞ്ഞദിവസം പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചിരുന്നു. കടുവ, ജനഗണമന, ഗോൾഡ് എന്നീ ചിത്രങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ തേടിയായിരുന്നു നോട്ടീസ്. ഒരുമാസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. ഇതിന് തൊട്ടുപിന്നാലെ ഞായറാഴ്ച ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസയച്ചു. ലൂസിഫർ, മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഈ മാസം അവസാനത്തോടെ നോട്ടീസിന് മറുപടി നൽകണമെന്നാണ് ആന്റണി പെരുമ്പാവൂരിനോട് ഐ.ടി. ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യം നിലനിൽക്കേയാണ് ആന്റണി പെരുമ്പാവൂരിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ്.
Content Highlights: Antony Perumbavoor`s cryptic societal media station featuring Prithviraj Sukumaran sparks discussions
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·