എല്ലാത്തിനും കുറ്റം എനിക്ക്, സം​ഗീത രൂപകല്പനയെ മെച്ചപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ -എ.ആർ റഹ്മാൻ

9 months ago 6

Abhijeet and AR Rahman

അഭിജിത് ഭട്ടാചാര്യ, എ.ആർ റഹ്മാൻ | ഫോട്ടോ: Facebook, PTI

ലൈവ് മ്യൂസിക്കിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കുന്നുവെന്നും പാട്ടുകളിൽ അമിതമായി സാങ്കേതികവിദ്യയെ ഉപയോ​ഗിക്കുന്നുവെന്നുമുള്ള ​ഗായകൻ അഭിജിത് ഭട്ടാചാര്യയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി സം​ഗീതസംവിധായകൻ എ.ആർ റഹ്മാൻ. ലൈവായി സം​ഗീതോപകരണങ്ങൾ വായിക്കുന്ന കലാകാരന്മാരെ മാറ്റിസ്ഥാപിക്കുകയല്ല താൻ ചെയ്യുന്നതെന്നും സം​ഗീതം രൂപപ്പെടുത്തുന്ന പ്രക്രിയയെ മെച്ചപ്പെടുത്തുകയാണ് താൻ ചെയ്യുന്നതെന്നും റഹ്മാൻ വ്യക്തമാക്കി. സംഗീതജ്ഞരെ താൻ പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്നും സംഗീതത്തിലെ പുതിയ സൃഷ്ടിപരമായ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു ഉപകരണമായാണ് സാങ്കേതികവിദ്യയെ കാണുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

എല്ലാത്തിനും തന്നെ കുറ്റംപറയുന്നത് കൊള്ളാമെന്ന് എ.ആർ റഹ്മാൻ ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തനിക്കിപ്പോഴും അഭിജിത്തിനെ ഇഷ്ടമാണ്. അദ്ദേഹത്തിന് താൻ കേക്കുകൾ അയച്ചുകൊടുക്കുമായിരുന്നു. അഭിജിത്ത് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിൽ തെറ്റൊന്നുമില്ല. അടുത്തിടെ ദുബായിൽ 60 സ്ത്രീകളെ ഉൾപ്പെടുത്തി ഒരു ഓർക്കസ്ട്ര സ്ഥാപിച്ചു. അവർക്ക് എല്ലാ മാസവും ജോലി ലഭിക്കുന്നുണ്ട്. അവർക്ക് ഇൻഷുറൻസ്, ആരോഗ്യം, എല്ലാം ലഭിക്കുന്നുണ്ട്. ഞാൻ ചെയ്യുന്ന എല്ലാ സിനിമകളിലും, അത് ഛാവ ആയാലും പൊന്നിയിൻ സെൽവൻ ആയാലും, ഏകദേശം 200-300 സംഗീതജ്ഞർ ഉൾപ്പെടുന്നുണ്ട്. ചില ഗാനങ്ങളിൽ 100​​ൽ അധികം ആളുകൾ പ്രവർത്തിക്കുന്നു. താൻ അവരോടൊപ്പമുള്ള ഫോട്ടോകൾ പ്രദർശിപ്പിക്കുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യാറില്ല. അതിനാൽ ആരും ഇതിനെക്കുറിച്ച് അറിയുന്നില്ലെന്നും എ.ആർ റഹ്മാൻ വ്യക്തമാക്കി.

കമ്പ്യൂട്ടറുകൾ എന്നത് സവിശേഷമായ സിംഫണികൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള ഒരു ഉപകരണം മാത്രമാണെന്നും, അതുവഴി പുതിയ ശബ്ദങ്ങൾ പര്യവേക്ഷണം ചെയ്യാൻ തനിക്ക് കഴിയുമെന്നും റഹ്മാൻ വിശദീകരിച്ചു. ഒരു പ്രോജക്റ്റിനായി സംഗീതജ്ഞരെ നിയമിക്കുന്നത് എല്ലായ്പ്പോഴും സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരിയറിൽ ഉടനീളം എത്ര സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ടെന്ന് താൻ ഒപ്പം പ്രവർത്തിച്ച നിർമ്മാതാക്കൾക്ക് ഉറപ്പുനൽകാൻ കഴിയുമെന്നും റഹ്മാൻ പറഞ്ഞു.

1999-ൽ പുറത്തിറങ്ങിയ ദിൽ ഹി ദിൽ മേം എന്ന ചിത്രത്തിലാണ് എ.ആർ റഹ്മാനുവേണ്ടി അഭിജിത് ഭട്ടാചാര്യ ആദ്യമായും അവസാനമായും പാടിയത്. ഏ നസ്നീൻ സുനോ നാ ആയിരുന്നു ആ ​ഗാനം. ദേശീയ പുരസ്കാര ജേതാക്കളോടുപോലും റഹ്മാൻ ബഹുമാനം കാണിക്കുന്നില്ലെന്നാണ് കഴിഞ്ഞദിവസം അഭിജിത് വിമർശിച്ചത്. പ്രശസ്ത ഗായകരെയും, സംഗീതസംവിധായകരെയും, ഗാനരചയിതാക്കളെയും തന്റെ സ്റ്റുഡിയോയിൽ മണിക്കൂറുകളോളം കാത്തിരിക്കാൻ റഹ്മാൻ നിർബന്ധിക്കാറുണ്ടെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.

ഈ കലാകാരന്മാരിൽ പലർക്കും പത്മശ്രീ, പത്മഭൂഷൺ പോലുള്ള അഭിമാനകരമായ ഇന്ത്യൻ സിവിലിയൻ ബഹുമതികൾ ലഭിച്ചിട്ടുള്ളവരാണ് എന്നതാണ് തന്നെ ഏറ്റവും വിഷമിപ്പിച്ചത്. ദിൽ ഹി ദിൽ മേം എന്ന ചിത്രത്തിലെ ​ഗാനത്തിന്റെ റെക്കോർഡിങ് സെഷൻ കൈകാര്യം ചെയ്തത് റഹ്മാന്റെ സഹായി ആയിരുന്നു. താൻ സ്റ്റുഡിയോയിൽ പോയി പാടുകയും തിരിച്ചുപോരുകയും ചെയ്യുകയായിരുന്നെന്നും അഭിജിത് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോൾ എ.ആർ റഹ്മാൻ നൽകിയത്.

Content Highlights: A.R. Rahman refutes Abhijeet Bhattacharya`s claims of technological overuse and disrespect

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article