'എല്ലാവിഭവങ്ങളും കൂട്ടിയുള്ള ഊണ് കിട്ടുന്ന ഓണം; അച്ഛനൊപ്പം ഉണ്ണാനായുള്ള കാത്തിരിപ്പ്‌'

4 months ago 6

സായൂജ് സഞ്ജീവൻ

03 September 2025, 07:31 AM IST

Appunni Sasi

അപ്പുണ്ണി ശശി | Photo: Facebook/ Appunni Sasi Eranhikkal

നാടകപ്രവർത്തകനും നടനുമായ അപ്പുണ്ണി ശശിക്ക് ഓണമെന്നാൽ അച്ഛനൊപ്പം സദ്യയുണ്ണാനുള്ള കാത്തിരിപ്പാണ്. ചായക്കടക്കാരനായിരുന്ന അച്ഛൻ പുലർച്ചെ പോയാൽ രാത്രി വൈകിയാണ് എന്നും എത്തിയിരുന്നത്. ഓണനാളിൽമാത്രമാണ് അച്ഛനൊപ്പം സദ്യയുണ്ണാനും സമയം ചെലവഴിക്കാനും പറ്റിയിരുന്നത്. എങ്കിലും രാവിലെ മാവേലിവേഷം കെട്ടിയെത്തുന്ന ആൾക്കൊപ്പം നാടുചുറ്റാൻ പോയാൽ വീട്ടിൽ തിരിച്ചെത്തേണ്ട കാര്യം മറന്നുപോകും. സദ്യസമയം കഴിഞ്ഞും എത്താതിരുന്നതിൽ അച്ഛനും അമ്മയും പറഞ്ഞ വഴക്കും അപ്പുണ്ണി ശശിയുടെ ഓർമ്മയിൽ തെളിയുന്നുണ്ട്.

“കുട്ടിക്കാലത്തെ ഓണമാണ് മനസ്സിൽ കട്ടപിടിച്ചുനിൽക്കുന്നത്. ഒന്നുമില്ലാതിരുന്ന കാലത്ത് ഓണത്തിനാണ് എല്ലാ വിഭവങ്ങളും കൂട്ടിയുള്ള ഊണുണ്ടാവുക. അന്നൊക്കെ പുലർച്ചെ ഇരുട്ട് മായുന്ന സമയംനോക്കിയാണ് ഞങ്ങൾ കുട്ടികളെല്ലാവരും ചേർന്ന് പൂപറിക്കാൻ പോവുക. ആ യാത്രയിൽ പാടാൻ കുറേ പാട്ടുകൾ ഞങ്ങൾക്കുണ്ടായിരുന്നു. മറ്റാരും കാണാതെ ഓരോ വീട്ടുകാർ മുറ്റത്ത് സൂക്ഷിച്ചുവെച്ച പൂക്കളെല്ലാം ഞങ്ങളുടെ കുട്ടിസംഘം അടിച്ചെടുക്കും. വടിയിൽ ബ്ലേഡ് വെച്ച് മതിൽ വലിഞ്ഞുകേറിയാണ് പൂക്കൾ പറിച്ചിരുന്നത്. പിടിക്കപ്പെട്ടാൽ വീട്ടുകാരുടെ ചീത്തയുംകേട്ട് മതിലിൽനിന്ന് ചാടിയിറങ്ങി ഓടും. അതിനിടിയിൽ വീണു പരിക്കുമേൽക്കും. അക്കൂട്ടത്തിൽ ഇങ്ങനെ പൂക്കളൊപ്പിക്കുന്നതിൽ ഞാൻതന്നെയായിരുന്നു ഒരുപടി മുൻപിൽ.” -അപ്പുണ്ണി ശശി ഓർത്തെടുത്തു.

ഓണക്കാലത്ത് കിട്ടിയിരുന്ന പണമുപയോഗിച്ചാണ് സൈക്കിൾ ഓടിക്കാൻ പഠിച്ചത്. അങ്ങനെ ഓണദിവസംതന്നെ സൈക്കിളിൽനിന്ന് വീണ് പരിക്കേറ്റ് വീട്ടിൽനിന്ന് വഴക്ക് കിട്ടിയതും ഓർമ്മയിലുണ്ട്. “എനിക്കാദ്യം കേറണമെന്ന വാശിയോടെയാണ് ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ ഞങ്ങളുടെ കുട്ടിസംഘം ഉൗഞ്ഞാലൊരുക്കിയിരുന്നത്.” -അപ്പുണ്ണി ശശി പറഞ്ഞു.

നാടകത്തിലെത്തിയശേഷം ഓണത്തിന് വീട്ടിൽ നിൽക്കാൻ പറ്റാതെ നാടാകെ നടന്ന് നാടകം കളിച്ചു. സിനിമയിലെത്തിയശേഷം ഓണം സെറ്റിലായി. എങ്കിലും കാലങ്ങൾക്കുശേഷം ഇപ്പോൾ ഓണത്തിന് വീട്ടിൽ നിൽക്കുന്നതിൽ സന്തോഷമുണ്ടെന്ന് അപ്പുണ്ണി ശശി പറഞ്ഞു.

Content Highlights: Appunni Sasi reminisces astir his puerility Onam celebration

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article