എസ്പിബി മരിച്ചപ്പോൾ ഇളയരാജ പൊട്ടിക്കരഞ്ഞു, ആ കണ്ണീർ സ്വന്തം സുഹൃത്തിനുവേണ്ടിയായിരുന്നു -രജനീകാന്ത്

4 months ago 5

Rajinikanth SPB and Ilaiyaraja

രജനീകാന്ത്, എസ്.പി. ബാലസുബ്രഹ്മണ്യം, ഇളയരാജ | ഫോട്ടോ: വി. രമേഷ്, ആർക്കൈവ്സ് | മാതൃഭൂമി

സം​ഗീത സംവിധായകൻ ഇളയരാജയും അന്തരിച്ച ​ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യവുമായുള്ള സൗഹൃദത്തേക്കുറിച്ചും ഇടക്കാലത്ത് ഇരുവരും തമ്മിലുണ്ടായ പിണക്കത്തേക്കുറിച്ചും ഓർമിച്ച് നടൻ രജനീകാന്ത്. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മരണത്തിൽ ഇളയരാജ തകർന്നുപോയെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈയിൽ ഇളയരാജയുടെ അൻപതാം സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ​ഗാനങ്ങൾ വേദികളിൽ പാടുന്നതിനെതിരെ ഇളയരാജ എസ്.പി. ബാലസുബ്രഹ്മണ്യത്തിനെതിരെ കേസ് കൊടുത്തതാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ വീഴാൻ കാരണമായത്. റോയൽറ്റി നൽകാതെയാണ് തൻ്റെ ഗാനങ്ങൾ വേദികളിൽ അവതരിപ്പിക്കുന്നതെന്നായിരുന്നു ഇളയരാജ പരാതിയിൽ പറഞ്ഞിരുന്നത്. എസ്.പി.ബി. മരിക്കുന്നതിന് ഒരു വർഷം മുൻപ്, 2019-ലാണ് ഇരുവരും തങ്ങളുടെ പിണക്കം അവസാനിപ്പിച്ചത്. ഇതേക്കുറിച്ചാണ് രജനീകാന്ത് വേദിയിൽ സംസാരിച്ചത്.

"എസ്.പി. ബാലസുബ്രഹ്മണ്യം ഒരു സംഗീത പരിപാടിക്കായി അമേരിക്കയിലേക്ക് പോയി. സ്വാമി (ഇളയരാജ) പറഞ്ഞു, അവൻ എൻ്റെ പാട്ടുകളാണ് പാടുന്നത്; അവനത് ചെയ്യാൻ കഴിയില്ല, നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന്. ഇതിൽ വിഷമിച്ച എസ്.പി.ബി., ഇളയരാജയുടെ പാട്ടുകൾ പാടുന്നത് നിർത്താൻ തീരുമാനിച്ചു. നടൻ വിവേകിന്റെയും സ്.പി.ബി-യുടെയും സ്ഥാനം നികത്താൻ ആർക്കും കഴിയില്ല. കോവിഡ് ബാധിച്ച് എസ്.പി.ബി. മരിച്ചപ്പോൾ ഇളയരാജ പൊട്ടിക്കരഞ്ഞു. തൻ്റെ സഹോദരനോ, ഭാര്യക്കോ, മകൾക്കോ വേണ്ടി അദ്ദേഹം കണ്ണുനീർ പൊഴിച്ചില്ല. അദ്ദേഹത്തിൻ്റെ കണ്ണുനീർ തൻ്റെ സുഹൃത്തിനു വേണ്ടിയായിരുന്നു." രജനീകാന്തിന്റെ വാക്കുകൾ.

ജീവ രാജയ്യയാണ് ഇളയരാജയുടെ ഭാര്യ. ഇവർക്ക് കാർത്തിക് രാജ, ഭവതാരിണി, യുവൻ ശങ്കർ രാജ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. 2011 ഒക്ടോബറിൽ ജീവ അന്തരിച്ചു, മകളും ​ഗായികയുമായ ഭവതരിണി 2024 ജനുവരിയിൽ കാൻസർ ബാധിച്ച് മരിച്ചു. കാർത്തിക്കും യുവനും സംഗീതസംവിധായകർ കൂടിയാണ്.

തൻ്റെ ഗാനങ്ങളുടെ അവകാശങ്ങൾക്കായി ഇളയരാജ ഇപ്പോഴും പോരാട്ടം തുടരുകയാണ്. രജനികാന്തിൻ്റെ സുഹൃത്തായിരുന്നിട്ടും, അദ്ദേഹത്തിൻ്റെ പുതിയ ചിത്രമായ 'കൂലി'യുടെ പ്രൊമോഷണൽ ഗാനമായ 'കൂലി ഡിസ്കോ'യിൽ തൻ്റെ സംഗീതം ഉപയോഗിച്ചതിന് നിർമ്മാതാക്കളായ സൺ പിക്ചേഴ്സിന് അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചിരുന്നു. സമീപകാലത്ത്, തൻ്റെ ഗാനങ്ങൾ ഉപയോഗിച്ചതിന് 'മഞ്ഞുമ്മൽ ബോയ്സ്', 'ഗുഡ് ബാഡ് അഗ്ലി' എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കൾക്കും അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.

Content Highlights: Rajinikanth reveals Ilaiyaraaja`s heartbreak implicit SP Balasubrahmanyam`s death

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article