'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' കാഴ്ചയുടെ സമൃദ്ധിയില്‍ മുങ്ങിനിവരുന്ന മക്കോണ്ടൊ

9 months ago 6

ഫൊട്ടോഗ്രാഫിയുടെ ആദ്യരൂപമായ ഡഗുറോടൈപ്പിലെ രാസഫലകത്തില്‍ അദൃശ്യനായ ദൈവത്തിന്റെ ചിത്രം, അങ്ങനെയൊന്നുണ്ടെങ്കില്‍, പതിയേണ്ടതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന കുലപതിയായ ജോസ് അര്‍ക്കാഡിയൊ ബ്വെന്‍ഡിയ അതിനുവേണ്ടി പരിശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു. യന്ത്രസംവിധാനത്താല്‍ പ്രവര്‍ത്തിക്കുന്ന പിയാനോളയുടെ കട്ടകള്‍ തനിയെ ചലിക്കുന്നത് കാണുമ്പോളാണ് അതിനു പിറകില്‍ അദൃശ്യമായ കരങ്ങളുണ്ടെന്ന് ജോസ് അര്‍ക്കാഡിയൊ സംശയിക്കുന്നത്.

പിയാനോള, ബ്വെന്‍ഡിയ ഭവനത്തിലേക്ക് ഇറ്റലിയില്‍ നിന്നു വരുത്തിയതാണ്. യന്ത്രം കൂട്ടിക്കെട്ടി പ്രവര്‍ത്തിപ്പിക്കുവാന്‍ പിയട്രോ ക്രെസ്പി ഒപ്പം വരുന്നു, അവിടത്തെ പെണ്‍കുട്ടികളില്‍ ആകൃഷ്ടനാവുന്നു. റബേക്ക ക്രെസ്പിയെ ഉപേക്ഷിക്കുന്നു. അമരാന്തയാകട്ടെ തന്റെ വിവാഹാഭ്യര്‍ഥന നിരസിക്കുന്നു. അതിനു ശേഷം ദുഃഖത്തിലാണ്ടുപോയ പിയട്രോ ക്രെസ്പി, ആത്മഹത്യചെയ്യുവാന്‍ കൈഞരമ്പുകള്‍ മുറിക്കുമ്പോള്‍ ആ രക്തം തുള്ളിത്തുള്ളിയായി പിയാനോയുടെ കട്ടകള്‍ക്കുമേല്‍ പതിക്കുന്നു. അതിനു മുമ്പായി അമരാന്തയുടെ ജനലരികില്‍ നിന്ന് കേഴ്​വിക്കാരുടെ ഹൃദയങ്ങളെ അലിയിപ്പിച്ചുകെണ്ട് രാത്രിയില്‍ ക്രെസ്പി പാടുന്ന പാട്ട് തെരുവുകളിലൂടെ ഒഴുകിനീങ്ങുന്നു. ഒരേയൊരു ജനലില്‍ മാത്രമേ അപ്പോള്‍ വെളിച്ചം തെളിയാതുള്ളൂ. അത് അമരാന്തയുടേത്.

ഇങ്ങനെ ഗാബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് ചിലയിടത്ത് എഴുതിച്ചേര്‍ക്കുന്ന ഫലിതക്കാഴ്ചകളോടും ഒപ്പം അഗാധമായ ദുരന്തബോധത്തോടും അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലായ 'ഏകാന്തയുടെ നൂറു വര്‍ഷങ്ങള്‍'ക്ക് (1967), നെറ്റ്ഫ്ളിക്സിലെ വെബ് പരമ്പരയിലൂടെ ദൃശ്യരൂപം ( 2024 ) നല്‍കിയ രചയിതാക്കള്‍, സ്നേഹത്തോടെ കൂറുപുലര്‍ത്തുന്നു. ഇപ്പറഞ്ഞതിന് ഒരു തിരുത്തല്‍കൂടി വേണ്ടതുണ്ട്. ഈ സിനിമാ പരമ്പര സാഹിത്യത്തിന്റെ ഏടുകളില്‍ നിന്ന് പുറത്തുകടന്ന് സ്വന്തമായ ഇടത്ത് സ്വന്തം കാലില്‍ നില്‍ക്കുന്നു എന്നതാണത്. സാഹിത്യകൃതി അത്രമാത്രം ചിത്രവും ശബ്ദവുമായി ജീവസ്സോടെ സ്‌ക്രീനിലേക്ക് പരിവര്‍ത്തനപ്പെട്ടതു കൊണ്ട് ആ ശ്രമം ശരിക്കും വിജയിച്ചു എന്നു പറയണം. ദൃശ്യമാധ്യമത്തിന്റെ പരിമിതികള്‍ അംഗീകരിച്ചും അതിന്റെ സാധ്യതകള്‍ വിപുലീകരിച്ചും വരുത്തിയ വ്യതിയാനങ്ങള്‍ സ്വാഭാവികം. ക്രെസ്പിയുടെ കൈഞരമ്പുകളിലെ ചോര പിയാനോ കട്ടകളില്‍ വീഴുന്നത് മാര്‍ക്കേസ് ഭാവന ചെയ്തിട്ടുള്ളതല്ല, പാട്ടാകട്ടെ അങ്ങനെയുള്ളതാണു താനും. സാഹിത്യത്തെ ഇവ്വിധം ദൃശ്യമായി മാറ്റുന്നതില്‍ ചേരുവകള്‍ ഇങ്ങനെ പ്രയോഗിക്കുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.

100 years of solitude

ഏകാന്തതയുടെ നൂറ് വർഷം വെബ് സീരീസിൽ നിന്ന്

ഹാസ്യഭാവനയാണോ മുന്നിട്ടുനില്‍ക്കുന്നത് എന്ന് സംശയിക്കാവുന്ന വിധം അവിസ്മരണീയമാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് പറയുന്ന ഫലിതങ്ങള്‍. അതേസമയം 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍' അഗാധമായ ദുരന്തബോധത്തിന്റെ കനത്ത ഇരുളും പതിഞ്ഞു കിടക്കുന്നു. രാഷ്ട്രീയ സംഘര്‍ഷത്തില്‍ നിന്നു ജനിക്കുന്ന നീണ്ടു നീണ്ടു പോകുന്ന ആഭ്യന്തരയുദ്ധങ്ങള്‍, ലൈംഗിക ചോദനകള്‍ക്ക് നിയന്ത്രണങ്ങളൊന്നുമില്ലാതെ വിധേയരാവുന്ന മനുഷ്യര്‍, അധികാരത്തെ ഒരു ഭാഗത്ത് ചെറുക്കുമ്പോള്‍ തന്നെ അതെടുത്തുപയോഗിക്കാനുള്ള വാസന, തങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പുറംലോകത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് തന്നിഷ്ടത്തോടെ വഴങ്ങി ദുരന്തങ്ങളിലേക്ക് കണ്ണു തുറന്നുകൊണ്ട് നടന്നു ചെല്ലുന്ന മനുഷ്യരുടെ അവസ്ഥ, സ്വന്തം ജന്മത്തിന്റെ സന്നിഗ്ദ്ധതകള്‍ മൂലം അഗമ്യഗമനത്തിലേക്ക് വീഴുന്ന മനുഷ്യര്‍ ഇവ നോവലില്‍ നിന്ന് വേര്‍തിരിച്ചെടുക്കാവുന്ന ചില പ്രമേയങ്ങള്‍ മാത്രം. പുസ്തകത്തിന്റെ വെബ് സിരീസ് പതിപ്പില്‍ ചില വിശദാംശങ്ങളെ ഒന്നു തൊട്ടുകൊണ്ടും ചില സന്ദര്‍ഭങ്ങളെ നോവലിനെ അപേക്ഷിച്ച് പൊലിപ്പിച്ചു കൊണ്ടുമാണ് സംവിധായകരും രചയിതാക്കളും മുന്നേറുന്നത്. ജോസ് അര്‍ക്കാഡിയൊവിന്റെയും ഉര്‍സുല ഇഗ്വറാന്റെയും വിവാഹവും മക്കോണ്ടോ സ്ഥാപിക്കുന്നതും മുതല്‍ അര്‍ക്കാഡിയോവിന്റെ മരണവും അപ്പോഴേക്കും സൈനിക നേതാവായി മാറിക്കഴിഞ്ഞ കേണല്‍ അറീലിയാനോ ബ്വെന്‍ഡിയ (ക്ലോഡിയ കറ്റാനോ) മക്കോണ്ടോവിലെ സര്‍ക്കാര്‍ സൈന്യത്തെ ആക്രമിക്കാന്‍ ഒരുങ്ങും വരെക്കുമുള്ള എട്ടുഭാഗങ്ങള്‍, അഥവാ എപ്പിസോഡുകള്‍, കണ്ടുകഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ പ്രധാനപ്പെട്ട ഒന്നും തന്നെ വിട്ടുപോയിട്ടില്ല എന്ന വിചാരം അവശേഷിക്കുന്നു. അത് വലിയ നേട്ടമാണ്.

എപ്പിസോഡുകളായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്ന വെബ്സീരീസുകള്‍ പ്രേക്ഷകനുമായി നടത്തുന്ന കൊടുക്കല്‍ വാങ്ങലുകള്‍ സിനിമയെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കു പകരം ഏഴോ എട്ടോ മണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരുത്തണം വെബ്സിരീസുകള്‍ക്ക്. ചിലവ രണ്ടാമത്തെ സീസിണിലേക്ക് പോകുന്നു. സിനിമയെയൊ നാടകത്തെയൊ പോലെ ഈ പുതിയ ആവിഷ്‌ക്കാര രീതിയും അതിന്റെ സമ്പ്രദായങ്ങള്‍ക്കും കീഴ്വഴക്കള്‍ക്കും രുപം നല്‍കിയിരിക്കുന്നു. ഒരേയൊരു സംവിധായകന്റെ വീക്ഷണത്തിന് പകരം എപ്പിസോഡുകളുടെ കാഴ്ച ഒന്നിലധികം പേര്‍ ചേര്‍ന്ന് രൂപപ്പെടുത്തുന്നു. അതിന്റെ ലക്ഷ്യവും വിശാലമായ മാര്‍ഗവും ഒന്നായിരിക്കുമെന്നു മാത്രം.

100 years of solitude

നെറ്റ്ഫ്ളിക്​സ് വെബ് സീരീസിന്റെ ചിത്രീകരണം

'നൂറു വര്‍ഷങ്ങളുടെ' 1, 2, 3, 7, 8 എപ്പിസോഡുകള്‍ അലക്സ് ഗാര്‍സിയയും 4, 5, 6 എപ്പിസോഡുകള്‍ ലോറ മൗറോവും ചിത്രീകരിച്ചിരിക്കുന്നു. നോവലിന്റെ മറ്റേ പകുതി എട്ട് എപ്പിസോഡുകളായി പിന്നീട് വരുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. നറ്റാലിയ സാന്റയോടും കാമില ബ്രൂഗസിനോടുമോപ്പം മറ്റേഴുപേര്‍ കൂടി എഴുത്തില്‍ സഹകരിച്ചിരിക്കുന്നു. പിന്നണിയില്‍ പുരുഷന്മാരുടെ കുടെ സ്ത്രീകളും തുല്യനിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നു കാണാം. ദൃശ്യങ്ങള്‍ മനോഹരമായി പകര്‍ത്തിയത് പോളെ പെരേസും സരസ്വതി ഹെരേരയുമാണ്. സിനിമയോട് പ്രിയമുള്ള ആളായിരുന്നുവെങ്കിലും മാര്‍ക്കേസ് തന്റെ നോവല്‍, സിനിമയുടെ കാലപരിധിക്ക് വഴങ്ങുമോ എന്ന കാര്യത്തില്‍ സംശയാലുവായിരുന്നു. അദ്ദേഹത്തിന്റെ മക്കള്‍ ഗൊണ്‍സാലോ ഗാര്‍സിയ ബാര്‍ച്ചയും റോഡെറീഗോവും പരമ്പര ചിത്രീകരിക്കാന്‍ വെച്ച ഉപാധി അത് സമ്പൂര്‍ണമായും സ്പാനിഷ് ഭാഷയിലുള്ള ഒരു കൊളോംബിയന്‍ നിര്‍മിതി ആയിരിക്കണം എന്നതായിരുന്നു. സിനിമയുടെ മുന്നിലും പിന്നിലും നിന്ന കലാകാരന്മാര്‍ ഒട്ടുവളരെ പേര്‍ ആ നാട്ടുകാരാണ്. മക്കള്‍ അതിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരും. ഇനി സിരീസ് പരാജയപ്പെട്ടിരുന്നുവെങ്കില്‍ പോലും അത് കൊളോംബിയക്കാരാല്‍ ചിത്രീകരിക്കപ്പെടുന്നതു തന്നെയായിരുന്നു നല്ലത്. മാര്‍ക്കേസ് കുടുംബത്തിന്റെ മാത്രമല്ല, ആ നാട്ടുകാരുടെ ബൗദ്ധികസ്വത്ത് കൂടിയാണല്ലോ അത്.

1oo years of solitude

ഏകാന്തതയുടെ നൂറ് വർഷം പുസ്തകം

സിനിമയും സാഹിത്യവും വ്യത്യസ്തമായ കലാ ആവിഷ്‌ക്കാരങ്ങളാകയാല്‍, സാഹിത്യകൃതിയെ ദൃശ്യങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്നുണ്ടോ എന്നു നോക്കുന്നത് വൃഥാവിലാണ്. അതിന്റെ ആത്മാശം ചോര്‍ന്നുപോയിട്ടുണ്ടോ എന്ന് നോക്കുന്നതാവും നല്ലത്. ഈ പരമ്പരയില്‍ ഇത് ചോര്‍ന്നുപോയിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു തന്നെയാണുത്തരം.

കാലത്തെ മാര്‍ക്കേസ് തന്റെ കൃതിയില്‍ തിരിച്ചും മറിച്ചുമിടുന്നതു കാണാം. ''വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ്... '' എന്നു പറഞ്ഞുകൊണ്ടാണല്ലോ മാര്‍ക്കേസ് തുടങ്ങുന്നത്. കഥാഗതിയയുടെ ഗിയര്‍ മാറ്റേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ മാര്‍ക്കേസ് '' മെനി ഇയേഴ്സ് ലേറ്റര്‍...'' എന്ന് ഇടയ്ക്ക് ഉച്ചരിക്കുന്നു. മറ്റൊരു തവണ ''കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്...' എന്നും പറയുന്നുണ്ട്. കഥയുടെ വര്‍ത്തമാനകാലത്തില്‍ നിന്നാണ് ഭാവിയില്‍ നടക്കാനിരിക്കുന്ന ഒരു സംഗതിയെ നടന്നു കഴിഞ്ഞതായി അവതരിപ്പിക്കുന്നത്. വര്‍ത്തമാനകാല കഥാ സന്ദര്‍ഭത്തില്‍ ഭാവിയും ഭൂതവും ഉള്‍ക്കൊള്ളുന്നു. അതേസമയം നോവലില്‍ നിന്ന് കാലക്രമമനുസരിച്ച് നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ഒരു കഥയും കണ്ടെടുക്കാനാവുന്നു. സിനിമാരചയിതാക്കള്‍ ഇതിനെയാണ് അവലംബിക്കുന്നത്.

ഭൂപ്രകൃതിയിലും മനുഷ്യപ്രകൃതിയിലും കാലം കൊണ്ടുവരുന്ന മാറ്റങ്ങളുടെ ചിത്രീകരണം, ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള കൂടുമാറ്റം, കാഴ്ചയ്ക്ക് ഒരു പോറലുമേല്‍പ്പിക്കാതെ നിര്‍വഹിച്ചിരിക്കുന്നു. മക്കൊണ്ടോയുടെ നാലു മാതൃകകള്‍ ചിത്രീകരണത്തിന് വേണ്ടി ഒരുക്കിയതായി പറയുന്നു. കഥാപാത്രങ്ങള്‍ക്ക് പ്രായമേറുന്നതിനനുസരിച്ച് ആ ഭാഗത്തേക്ക് പുതിയ നടീനടന്മാരെ. എപ്പിസോഡുകളായി കഥ പറയുന്നതു കൊണ്ട്, ഉപയോഗപ്പെടുത്താന്‍ സിനിമയെ അപേക്ഷിച്ച് വെബ്സിരീസുകള്‍ക്ക് കൂടുതല്‍ സൗകര്യമുണ്ട് എന്നത് ശരി. കാണികള്‍ക്ക് തങ്ങള്‍ പരിചയപ്പെട്ട പ്രദേശവുമായും ആളുകളുമായും വേര്‍പിരിയുന്നതില്‍ ദുഃഖമുണ്ടാവരുത് എന്നേ നോക്കാനുള്ളൂ. രണ്ട് എപ്പിസോഡുകള്‍ കഴിഞ്ഞ് മൂന്നാമത്തേതിന്റെ നടുക്കുവെച്ച് ജോസ് അര്‍ക്കാഡിയൊ ബ്വെന്‍ഡിയയുടെ വേഷം മാര്‍ക്കോ ഗോണ്‍സാലസില്‍ നിന്ന് ഡിയഗോ വാസ്‌ക്വെസും ഉര്‍സുലയുടേത് സുസന മൊറാലിസില്‍ നിന്ന് മര്‍ലെയ്ഡ സോട്ടോവും അനായാസം ഏറ്റെടുക്കുന്നു. അവിടം മുതല്‍, ജീവചൈതന്യം തിളച്ചുമറിയുന്ന, പ്രകൃതിയില്‍ ജീവിക്കുന്ന ചെറുപ്പക്കാരായ ജോസ് അര്‍ക്കാഡിയോവും ഉര്‍സുലയും 'ബഹുമാന്യരായ' മധ്യവയസ്‌ക്കരായി പ്രത്യക്ഷപ്പെടുമ്പോള്‍ ആദ്യം ഒരു ഞെട്ടലും മനഃക്ലേശവുമുണ്ടാവുമെങ്കിലും ഏതാനും നിമിഷം മാത്രമേ അത് നീണ്ടുനില്‍ക്കൂ. ഈ കൂടുമാറ്റം തുന്നല്‍ പുറത്തുകാണും വിധമല്ല, ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് നെയ്തെടുത്തതു പോലെ സംഭവിക്കുന്നതിനാല്‍ ജോസ് അര്‍ക്കാഡിയൊവിന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളെയും ഉര്‍സുലയുടെ കാര്യപ്രാപ്തിയെയും പ്രായോഗികബുദ്ധിയെയും കാണികള്‍ സ്വീകരിക്കുന്നു. ലോകവുമായുള്ള ബന്ധം ക്രമേണ അറ്റുപോയി, ചെസ്റ്റ്നട്ട് മരത്തില്‍ സദാ ബന്ധിതനായി കഴിയുന്ന ജോസ് അര്‍ക്കാഡിയോവിന്റെ അവസ്ഥയില്‍ ഉര്‍സുലയെന്നതുപോലെ കാണികളും ഖേദിക്കുന്നു. മഞ്ഞും മഴയുമേറ്റ് ഒരാള്‍ വീട്ടുമുറ്റത്തെ മരത്തില്‍ ബന്ധനത്തില്‍ കഴിയുന്നത് എത്രമാത്രം സ്വാഭാവികമാണ് എന്ന് നമ്മെക്കൊണ്ട് വിശ്വസിപ്പിക്കുവാന്‍ മാര്‍ക്കേസിന് എങ്ങനെ സാധിക്കുന്നുവോ അത്രമാത്രം ദൃശ്യം ചമച്ചവര്‍ക്കും അത് സാധിക്കുന്നു. ടീസറില്‍ ഈ ദൃശ്യം കണ്ടപ്പോള്‍, 'ഡഗുറോടൈപ്പില്‍ പതിയാതെ പോയ ദൈവമേ ഇത് നന്നായി കലാശിക്കണേ' എന്ന്, ആശങ്ക കാരണം, പ്രാര്‍ഥിക്കാന്‍ തോന്നി. വായനക്കാര്‍ എന്നതു പോലെ കാണികളും ഈ അവസ്ഥയെ ചോദ്യം ചെയ്യുന്നില്ല. അതായത് ദൃശ്യം, നേരത്തെ ചൂണ്ടിക്കാണിച്ചതു പോലെ സ്വന്തം പാദങ്ങള്‍ ഉറപ്പിച്ചുകൊണ്ടു തന്നെ നില്‍ക്കുന്നു.

Gabriel Garcia Marquez

മാർക്കേസ്

ചില സന്ദര്‍ഭങ്ങള്‍ വിപുലീകരിക്കുന്നതിന് പഴുതുകളിട്ടുകൊണ്ട് ഇതിഹാസങ്ങള്‍ നമുക്കിടയില്‍ ജീവിക്കുന്നു. വെബ് സിരീസിലെ ഒരു വ്യതിയാനം അറീലിയാനോ ബ്വെന്‍ഡിയ ലിബറല്‍ ഭാഗത്തു ചേര്‍ന്ന് നടത്തുന്ന യുദ്ധങ്ങളെ എടുത്തുകാണിക്കുന്നു എന്നതാണ്. 19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ തുടങ്ങി 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലേക്ക് നീണ്ട ആഭ്യന്തര യുദ്ധപരമ്പര കൊളൊംബിയയെ വലച്ചിരുന്നു. മാര്‍ക്കേസിന്റെ മുത്തച്ഛന്‍ നിക്കൊളാസ് മാര്‍ക്കേസ് മെയ്ജ ലിബറല്‍ ഭാഗത്ത് പോരാടിയ ആളാണ്. മാര്‍ക്കേസ് തന്റെ രാഷ്ട്രീയമൂല്യങ്ങള്‍ സ്വാംശീകരിച്ചത് ഈ മുത്തച്ഛനില്‍ നിന്നാണെന്നു പറയുന്നു. ജിപ്സിയും ലോകവിജ്ഞനുമായ മെല്‍ക്കിയാഡിസും (ക്ലോഡിയൊ ബോര്‍ജ) ജോസ് അര്‍ക്കാഡിയോവും തമ്മിലുള്ള ദൃഢബന്ധത്തില്‍ സിരീസ് കൂടുതലായി ഊന്നുന്നുണ്ട്. ജോസ് അര്‍ക്കാഡിയോവിന്റെ അന്ത്യയാത്രയില്‍ മഞ്ഞപ്പുക്കള്‍ സ്വയം വര്‍ഷിച്ച് ഒരു പുഷ്പപാത തന്നെ തീര്‍ക്കുന്നിടത്ത് ദൃശ്യം എഴുത്തിനെ അതു പോലെ പിന്തുടരുന്നതായും കാണാം. ആളുകള്‍ പരസ്പരവും ഒപ്പം സമൃദ്ധമായ സസ്യജാലവും വളരെ ഇഴുകിക്കഴിയുന്ന അവസ്ഥയില്‍ നിന്ന് കുറെക്കൂടി തുറസ്സുകളും ഉറപ്പുളള കെട്ടിടങ്ങളും വന്നുകഴിഞ്ഞ ഒരു കാലത്തേക്ക് കാണികളെ അവരറിയാതെ നയിക്കുംവിധം ദൃശ്യങ്ങള്‍ വിന്യസിക്കപ്പെടുന്നു. ദൃഢബന്ധങ്ങളുടെ കെട്ടുകള്‍ പതുക്കെ അഴിയുന്നതും ലോകം വിശാലമാവുന്നതും ദൃശ്യതലത്തില്‍ തന്നെ അങ്ങനെ കാണികള്‍ക്ക് അനുഭവപ്പെടും.

khasakinte ithihasam

ദീപൻ ശിവരാമൻ സംവിധാനം ചെയ്ത ഖസാക്കിന്റെ ഇതിഹാസം നാടകത്തിൽ നിന്ന്. ഫോട്ടോ: അഖിൽ.ഇ.എസ് | മാതൃഭൂമി

എണ്ണ വിളക്കുകളുടെയും നെരിപ്പുകളുടെയും പന്തങ്ങളുടെയും വെളിച്ചവും പകല്‍വെളിച്ചവും ഇടകലര്‍ത്തി മറ്റൊരു ലോകമുണ്ടാക്കുന്നത് ആകര്‍ഷകമായ കാഴ്ചയാണ്. വാതിലുകള്‍ തുറക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന അകംകാഴ്ചയുടെയും ഉള്ളില്‍ നിന്ന് പുറത്തേക്ക് നോക്കുമ്പോഴുള്ള പുറംകാഴ്ചയുടെയും കലര്‍പ്പുകള്‍ ചിലപ്പോള്‍ ദൃശ്യങ്ങളുടെ ഒരു താളത്തിന് മനോഹരമായി വിരല്‍കൊട്ടുന്നതും കാണാം.

''സ്പാനിഷ് ആധിപത്യത്തില്‍ നിന്ന് ഞങ്ങള്‍ നേടിയ സ്വാതന്ത്ര്യത്തിന്, ഭ്രാന്തിന് എത്താന്‍ കഴിയാത്ത അകലത്തിലേക്ക് ഞങ്ങളെ കൊണ്ടുപോകാനായിട്ടില്ല.' നോബല്‍ പ്രൈസ് സ്വീകരിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ മാര്‍ക്കേസ് ഇങ്ങനെ പറയുന്നുണ്ട്. വാസ്തവം! പുസതകത്തിലെ വിവരണങ്ങള്‍ ആവശ്യമനുസരിച്ച് ദൃശ്യത്തിന് അകമ്പടിയായി ഉപയോഗിക്കുന്നതു കൊണ്ട് എഴുത്തുകാരന്റെ സാന്നിദ്ധ്യം സദാ പ്രത്യക്ഷമാണ്. അടുത്ത സീസണിലെ ബാക്കിയുള്ള എട്ട് എപ്പിസോഡുകള്‍, ആദ്യ സീസണില്‍ സൃഷ്ടിച്ച പ്രതീക്ഷകള്‍ നിറവേറ്റുമെന്നു തന്നെ കരുതുന്നു. ഇതുപോലെ 'ഖസാക്കിന്റെ ഇതിഹാസ' വും വെബ്സിരീസിന്റെ അന്തരീക്ഷത്തിന് വഴങ്ങേണ്ടതാണ്. ദീപന്‍ ശിവരാമന്‍ നാടകവേദിക്ക് അത് സ്വീകാര്യമാവും എന്ന് കാണിച്ചുതന്നതാണല്ലോ.

Content Highlights: One Hundred Years of Solitude Gabriel Garcia Marquez Netflix web bid reappraisal adaptation Macondo

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article