16 April 2025, 09:20 AM IST

ഹോം എലോൺ 2: ലോസ്റ്റ് ഇൻ ന്യൂ യോർക്ക് എന്ന ചിത്രത്തിൽ ഡൊണാൾഡ് ട്രംപ് | സ്ക്രീൻഗ്രാബ്
തന്റെ സിനിമയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അഭിനയിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഹോളിവുഡ് സംവിധായകൻ ക്രിസ് കൊളംബസ്. ക്രിസ് സംവിധാനം ചെയ്ത ഹോം എലോൺ 2: ലോസ്റ്റ് ഇൻ ന്യൂ യോർക്ക് എന്ന ചിത്രത്തിലാണ് ട്രംപ് അഭിനയിച്ചത്. ട്രംപിനെ സിനിമയിൽ ഉൾപ്പെടുത്തിയതിനെ ശാപം എന്നും കഷ്ടതയുണ്ടാക്കിയതെന്നുമാണ് ക്രിസ് വിശേഷിപ്പിച്ചത്.
സാൻ ഫ്രാൻസിസ്കോ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിലാണ് ക്രിസ് കൊളംബസ് ഇക്കാര്യം പറഞ്ഞത്. ഇതൊരു ശാപമായി മാറിയിരിക്കുന്നു. ഒരിക്കലും ഇല്ലാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന വസ്തുവായി മാറിയിരിക്കുന്നു. അത് ഇല്ലാതായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നും ക്രിസ് പറഞ്ഞു.
ഹോം എലോൺ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് 1992-ൽ പുറത്തിറങ്ങിയ ഹോം എലോൺ 2. ചിത്രത്തിൽ ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള രംഗത്തിലാണ് ട്രംപ് പ്രത്യക്ഷപ്പെട്ടത്. സിനിമയിലെ പ്രധാന കഥാപാത്രമായ മെക്കാളെ കൽക്കിൻസ് അവതരിപ്പിക്കുന്ന കെവിൻ ട്രംപിനോട് വഴി ചോദിക്കുന്നതും അതിന് അദ്ദേഹം മറുപടി നൽകുന്നതുമാണ് രംഗം. ഈ രംഗം പിന്നീട് മുറിച്ചുമാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെന്ന് ക്രിസ് പറഞ്ഞു. നാടുകടത്തപ്പെടുമോയെന്ന ഭയംകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായല്ല ക്രിസ് കൊളംബസ് ട്രംപിനെതിരെ പറയുന്നത്. 2023-ൽ ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ ട്രംപ് തന്റെ സിനിമയിലേക്ക് ഭീഷണിപ്പെടുത്തിക്കൊണ്ട് കടന്നുവന്നുവെന്ന് പറഞ്ഞിരുന്നു. അക്കാലത്ത് ട്രംപിന്റെ ഉടമസ്ഥതയിലായിരുന്ന പ്ലാസ ഹോട്ടലിൽ സിനിമ ചിത്രീകരിക്കണമെങ്കിൽ ട്രംപിനെ അതിഥി വേഷത്തിൽ അഭിനയിപ്പിക്കണമായിരുന്നെന്നും ക്രിസ് അവകാശപ്പെട്ടു.
സംവിധായകനെ തള്ളി അന്നുതന്നെ ട്രംപ് രംഗത്തെത്തിയിരുന്നു. തന്റെ വേഷം ആ സിനിമയുടെ വിജയത്തിന് കാരണമായെന്നാണ് ട്രംപ് പറഞ്ഞത്. തന്നെ ആവശ്യമില്ലെങ്കിൽ എന്തിനാണ് സിനിമയിൽ ഉൾപ്പെടുത്തിയതെന്നും ട്രംപ് ചോദിച്ചു. ഒരു നടനല്ലാത്ത വ്യക്തിയോട് അഭിനയിക്കണമെന്ന് ഒരിക്കലും താൻ യാചിക്കില്ലെന്ന് ക്രിസ് ഈ പ്രസ്താവനയോട് പ്രതികരിച്ചു.
Content Highlights: Chris Columbus Regrets Casting Trump successful Home Alone 2





English (US) ·