ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം മേഖലാ ചലച്ചിത്രോത്സവം കോഴിക്കോട്ടേക്ക് തിരിച്ചെത്തുന്നു

6 months ago 6

കോഴിക്കോട്: ഒടുവിൽ മേഖലാ ചലച്ചിത്രോത്സവം കോഴിക്കോട്ടേക്ക് തിരിച്ചെത്തുന്നു. ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് മേഖലാചലച്ചിത്രോത്സവം കോഴിക്കോട്ടേക്കെത്തുന്നത്. ഓഗസ്റ്റ് എട്ടുമുതൽ 11 വരെ കൈരളി, ശ്രീ, കോറണേഷൻ തിയേറ്ററുകളിലായി പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആർഐഎഫ്എഫ്‌കെ) നടത്താനാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തീരുമാനം.

2024 ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (ഐഎഫ്എഫ്‌കെ) പ്രദർശിപ്പിച്ച ചിത്രങ്ങളുൾപ്പെടെ അമ്പതിലേറെ സിനിമകൾ കോഴിക്കോട്ടെ മേളയിൽ ഉണ്ടാവും. ജനകീയപങ്കാളിത്തത്തോടെയാവും കോഴിക്കാടൻ മേളയുടെ സംഘാടനം. അതിനുവേണ്ടി 15-ന് വൈകീട്ട് അഞ്ചിന് മാനാഞ്ചിറയിലെ സ്പോർട്‌സ് കൗൺസിൽ ഹാളിൽ സംഘാടകസമിതി രൂപവത്കരണയോഗം ചേരും.

2018-ലാണ് കോഴിക്കോട്ട് അവസാനമായി മേഖലാ ചലച്ചിത്രോത്സവം നടന്നത്. അതിനുശേഷം, 2022-ൽ ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ വനിതാ ചലച്ചിത്രോത്സവം നടന്നു. തിയേറ്റർ സൗകര്യമില്ലെന്നു പറഞ്ഞാണ് ചലച്ചിത്രോത്സവവേദിയാകുന്നതിൽനിന്ന് കോഴിക്കോടിനെ ഒഴിവാക്കിക്കൊണ്ടിരുന്നത്. അത്രപോലും തിയേറ്ററുകളില്ലാത്ത മറ്റുനഗരങ്ങളിൽ പ്രാദേശിക മേളകൾ നടത്തിക്കൊണ്ടിരിക്കെയായിരുന്നു ഈ ന്യായീകരണം. തലശ്ശേരിയും തളിപ്പറമ്പുമൊക്കെ മേഖലാ ചലച്ചിത്രോത്സവത്തിന് വേദിയായിട്ടും കോഴിക്കോട് ഒഴിവാക്കപ്പെടുന്നതിൽ ആസ്വാദക പക്ഷത്തുനിന്ന് വലിയ പ്രതിഷേധമുയർന്നിരുന്നു.

കേരളത്തിന്റെ ചലച്ചിത്രോത്സവമായ ഐഎഫ്എഫ്‌കെ തുടങ്ങിയത് കോഴിക്കോട്ടാണ്; 1996-ൽ. സിനിമയുടെ ശതാബ്ദിവർഷമായിരുന്നു അത്. അക്കാര്യം പരിഗണിച്ച്, 100 സിനിമകൾ ഫെസ്റ്റിവലിന്റെ ഭാഗമായി അന്ന് കോഴിക്കോട് നഗരത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു. ഫിലിം സൊസൈറ്റികളുടെ സഹകരണവും സിനിമാ സ്നേഹികളുടെയും സിനിമാ പ്രവർത്തകരുടെയും പ്രാതിനിധ്യവുംകൊണ്ട് വൻവിജയമായിരുന്നു ആ മേള. ഐഎഫ്എഫ്‌കെയുടെ സ്ഥിരം വേദി പിന്നീട് തിരുവനന്തരമായി. കോഴിക്കോട്ട് മേഖലാ ചലച്ചിത്രോത്സവം പോലുമില്ലാതായതോടെ സിനിമാപ്രേമികൾക്ക് തിരുവനന്തപുരത്തുചെന്ന് സിനിമ കാണേണ്ട നിലയായി. ഇത് സാധാരണക്കാരായ പ്രേക്ഷകർക്ക് വലിയ ചെലവും ദുരിതവുമാണ് ഉണ്ടാക്കിയത്.

ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച് കോഴിക്കോട്ട് മേഖലാ ചലച്ചിത്രോത്സവം വേണമെന്ന ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. മാനാഞ്ചിറ ഫിലിം ഫെസ്റ്റിവൽ ഫോറവും ബാങ്ക് മെൻസ് ഫിലിം സൊസൈറ്റിയും ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനുവേണ്ടി രംഗത്തിറങ്ങിയിരുന്നു.

Content Highlights: determination movie festival returns to Kozhikode aft a 7-year gap

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article