
അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് | Photo: AFP, AP
ന്യൂഡല്‍ഹി: ചിത്രങ്ങള്‍ ദുരുപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് താരം അഭിഷേക് ബച്ചനും. ഐശ്വര്യ റായ്ക്ക് പിന്നാലെയാണ് അഭിഷേക് ബച്ചനും കോടതിയെ സമീപിച്ചത്. എഐ ഉപയോഗിച്ച് വ്യാജമായി ചിത്രങ്ങള്‍ നിര്‍മിച്ചുപ്രചരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഹര്‍ജി.
പൊതു- വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. തന്റെ ചിത്രങ്ങള്‍, രൂപസാദൃശ്യം, അശ്ലീല വീഡിയോകള്‍ എന്നിവയടക്കം പ്രദര്‍ശിപ്പിക്കുന്നതില്‍നിന്ന് വെബ്‌സൈറ്റുകളെ വിലക്കണമെന്നും നടന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് കോടതി ഏതാനും സംശയങ്ങള്‍ ഉന്നയിച്ചു. ഇതിന് മറുപടി നല്‍കാന്‍ കോടതി സമയം അനുവദിച്ചു. കേസ് വീണ്ടും ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന് പരിഗണിക്കും.
എഐ നിര്‍മിത വീഡിയോകള്‍, തന്റെ ഒപ്പോടുകൂടിയ വ്യാജ ചിത്രങ്ങള്‍, അശ്ലീല ഉള്ളടക്കങ്ങള്‍ എന്നിവ വ്യാപകമായി നിര്‍മിക്കുന്നുണ്ടെന്ന് അഭിഷേക് ബച്ചനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രവീണ്‍ ആനന്ദ് കോടതിയെ അറിയിച്ചു. അഭിഭാഷകരായ അമീത് നായിക്, മധു ഗഡോഡിയ, ധ്രുവ് ആനന്ദ് എന്നിവരും അഭിഷേക് ബച്ചനുവേണ്ടി കോടതിയില്‍ ഹാജരായി.
തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരേ ഐശ്വര്യ റായ് കഴിഞ്ഞദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നുമായിരുന്നു ആവശ്യം. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് ഐശ്വര്യയുടെ കേസും പരിഗണിക്കുന്നത്. തുടര്‍നടപടികള്‍ക്കായി കേസ് മാറ്റി.
ഒട്ടേറെ വെബ്സൈറ്റുകള്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും നിര്‍മിതബുദ്ധി ഉപയോഗിച്ച് മോര്‍ഫ്‌ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായും ഹര്‍ജിയില്‍ പറഞ്ഞു. ഡീപ്ഫേക്ക് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുകയാണെന്നും അനുമതിയില്ലാതെ നടിയുടെ ചിത്രം പതിപ്പിച്ച ടി-ഷര്‍ട്ടുകളും കപ്പുകളും വിറ്റ് ചിലര്‍ പണമുണ്ടാക്കുന്നെന്നും ഐശ്വര്യയുടെ അഭിഭാഷകന്‍ സന്ദീപ് സേത്തി ചൂണ്ടിക്കാട്ടി.
Content Highlights: After Aishwarya Rai, Abhishek Bachchan moves Delhi HC against morphed AI-generated videos
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·