വാക്കുകളുടെ സംഗീതം മലയാളികളെ മതിവരുവോളം കേള്‍പ്പിച്ച, അനുഭവിപ്പിച്ച എഴുത്തുകാരന് എങ്ങനെ സംഗീതത്തെ സ്‌നേഹിക്കാതിരിക്കാനാകും? ഒ വി വിജയനും ഉണ്ടാവില്ലേ ഒരു പ്രിയഗാനം?
'അങ്ങനെയൊന്നിനെ കുറിച്ച് ഏട്ടന്‍ പറഞ്ഞുകേട്ടിട്ടില്ല.''-അനിയത്തി ഒവി ഉഷയുടെ ഓര്‍മ്മ. 'എങ്കിലും ഭാര്‍ഗ്ഗവീനിലയത്തിലെ അറബിക്കടലൊരു മണവാളന്‍ ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഒരു പാട്ട് എന്ന് തോന്നിയിട്ടുണ്ട്. ആവര്‍ത്തിച്ചു കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു ആ ഗാനം. എനിക്കാകട്ടെ ഒരു പൊടിയ്ക്ക് ഇഷ്ടക്കൂടുതല്‍ അതേ സിനിമയിലെ താമസമെന്തേ വരുവാന്‍ എന്ന പാട്ടിനോടായിരുന്നു. ഭാസ്‌കരന്‍ മാസ്റ്ററുടെ രചനകളോടാണ് അന്നേ ആഭിമുഖ്യം. കേരളത്തിന്റെ പ്രകൃതിയും മലയാളത്തിന്റെ തനിമയും അറിയാതെ മനസ്സില്‍ വന്നു നിറയും ആ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍.. ഏട്ടനും ഇഷ്ടമായിരുന്നു മാഷിന്റെ പാട്ടുകള്‍- അപ്പം വേണം അടവേണം, കൊട്ടും ഞാന്‍ കേട്ടില്ല കുഴലും ഞാന്‍ കേട്ടില്ല....''
1960-കളുടെ അവസാനം വിജയന്‍ ഫിലിപ്‌സിന്റെ ഒരു റെക്കോര്‍ഡ് പ്ലേയര്‍ വീട്ടില്‍ വാങ്ങിക്കൊണ്ടുവന്നത് സഹോദരിയുടെ ഓര്‍മ്മയിലുണ്ട്. ആയിരം രൂപയാണ് അന്നതിന് വില. ഭാര്‍ഗവീനിലയം, തച്ചോളി ഒതേനന്‍ തുടങ്ങിയ സിനിമകളുടെ 78 ആര്‍പിഎം റെക്കോര്‍ഡുകള്‍ക്ക് പുറമെ മഞ്ഞണിപ്പൂനിലാവ്, സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ എന്നിങ്ങനെ അക്കാലത്തെ ഹിറ്റ് പാട്ടുകളുടെ ഒരു ഡിസ്‌കും ഉണ്ടായിരുന്നു ഒപ്പം കൊണ്ടുവന്ന ഗാനശേഖരത്തില്‍ എന്നാണ് ഓര്‍മ്മ. ബാക്കി മുഴുവന്‍ കര്‍ണാടക സംഗീത കൃതികളായിരുന്നു. മധുരൈ മണിഅയ്യര്‍, എം.എസ്.സുബ്ബുലക്ഷ്മി, ശെമ്മാങ്കുടി, ബാലമുരളികൃഷ്ണ, ലാല്‍ഗുഡി ജയറാം എന്നിവരുടെ ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍.
ഡല്‍ഹിയില്‍ രൂപ് നഗറിലാണ് അന്ന് വിജയന്‍ താമസം. ദിവസവും കാര്‍ട്ടൂണ്‍ വരയ്ക്കണം. എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി, ഫാര്‍ ഈസ്റ്റേണ്‍ എക്കണോമിക് റിവ്യൂ തുടങ്ങി പല പ്രസിദ്ധീകരണങ്ങള്‍ക്കും വരയ്ക്കുന്നുണ്ട് അക്കാലത്ത്. അതിനുള്ള തയ്യാറെടുപ്പ് പുലര്‍ച്ചെ തന്നെ തുടങ്ങും; നാല് ഇംഗ്ലീഷ് പത്രങ്ങള്‍ വായിച്ചുകൊണ്ട്. പിന്നെ കുളിച്ചു പ്രാതല്‍ കഴിച്ച് നേരെ കൊണോട്ട് പ്ലേസിലെ സ്റ്റുഡിയോയിലേക്ക്. കാര്‍ട്ടൂണ്‍ വരയ്ക്കാനായി വാടകക്കെടുത്ത സ്ഥലമാണത്. ഇടയ്ക്ക് പത്രപ്രവര്‍ത്തക സുഹൃത്തുക്കളുമായി ചര്‍ച്ചകളൊക്കെ ഉണ്ടാകും. ഇതിനിടെ പാട്ടുകേള്‍ക്കാന്‍ എവിടെ സമയം? ഇന്നത്തെ പോലെ ഏതുതരം സംഗീതവും വിരല്‍ത്തുമ്പില്‍ വന്നുനില്‍ക്കുന്ന കാലമല്ലല്ലോ. റെക്കോര്‍ഡ് പ്ലേയര്‍ പോലും ഒരു ആഡംബരമാണ്. എങ്കിലും സംഗീതത്തോട് വിരോധമൊന്നും ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. അധികം താല്പര്യം ശാസ്ത്രീയ സംഗീതത്തോടാണ് എന്നു മാത്രം. ആവര്‍ത്തിച്ചു കേള്‍ക്കാറുള്ളത് മധുരൈ മണി അയ്യരുടെ പാട്ടുകളും ടിആര്‍ മഹാലിംഗത്തിന്റെ പുല്ലാങ്കുഴലും. ബാലമുരളിയുടെ പിബരേ രാമരസം, നഗുമോമു ഒക്കെ ഇഷ്ടകൃതികള്‍.
'സംഗീതത്തെ കുറിച്ച് ഏട്ടന്‍ ഒന്നും കാര്യമായി സംസാരിച്ചു കേട്ടിട്ടില്ല. ഞങ്ങള്‍ക്കിടയില്‍ അത് സംബന്ധിച്ച ചര്‍ച്ചകളും ഉണ്ടായിട്ടില്ല. ഏട്ടന്റെ കൃതികളിലും അത്തരം പരാമര്‍ശങ്ങള്‍ ഉണ്ടോ എന്ന് സംശയം. എങ്കിലും സംഗീത സ്‌നേഹം എന്നും ഉള്ളില്‍ കൊണ്ടുനടന്നിരുന്നു അദ്ദേഹം എന്നുതന്നെയാണ് വിശ്വാസം''-അനിയത്തിയുടെ വാക്കുകള്‍.

വര്‍ഷങ്ങള്‍ക്ക് ശേഷം ബാലമുരളീകൃഷ്ണയുടെ ഒരു ഭജന്‍ കാസറ്റ് ഏട്ടന്‍ വീട്ടില്‍ വാങ്ങിക്കൊണ്ടുവന്നത് ഉഷ ഓര്‍ക്കുന്നു. 'മധുരം ഗായതി വനമാലി എന്ന കൃതി അദ്ദേഹം വളരെ ആസ്വദിച്ചു കേള്‍ക്കുന്നതിന്റെ ഓര്‍മ്മയുണ്ട്. കൃഷ്ണന്‍ കന്നുകാലികളെ മേച്ചുകൊണ്ട് യമുനാതീരത്തെ പച്ചപ്പുകളില്‍ ഓടക്കുഴലൂതുന്നതും പ്രകൃതി ആ നാദതരംഗങ്ങളില്‍ അഭിരമിക്കുന്നതും പക്ഷിമൃഗാദികള്‍ കാതോര്‍ക്കുന്നതുമൊക്കെ ഏട്ടന് പ്രചോദനമായി എന്നു വേണം കരുതാന്‍. കാരണം പരിസ്ഥിതി ഇതിവൃത്തമാക്കിയ തന്റെ അടുത്ത നോവലിന് ഏട്ടന്‍ 'മധുരം ഗായതി'' എന്നാണ് പേരിട്ടത്. സുകന്യ എന്ന പെണ്‍കുട്ടിയും ഒരു ആല്‍മരവും തമ്മിലുള്ള പ്രണയത്തിലൂടെ പ്രകൃതിയുടെ സചേതനത്വവും നാം പ്രകൃതിയുടെ ഭാഗമാണെന്ന ബോധത്തോടെ ജീവിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുകാട്ടുന്ന അപൂര്‍വ രചനയാണത്..''
മറ്റൊരിക്കല്‍, പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു മാധ്യമപ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും വേണ്ടി സംഘടിപ്പിച്ച ഒരു അനൗപചാരിക ചടങ്ങില്‍ വെച്ച് മഹേന്ദ്ര കപൂറിന്റെ പാട്ട് കേട്ട അനുഭവം ആവേശപൂര്‍വം ഏട്ടന്‍ വിവരിച്ചു കേട്ടിട്ടുണ്ട് ഉഷ. ഏ നീലെ ഗഗന്‍ കേ തലേ എന്ന ഹിറ്റ് ഗാനമാണ് മഹേന്ദ്ര കപൂര്‍ ആ വിരുന്നില്‍ ആലപിച്ചത് എന്നാണ് ഓര്‍മ്മ. 'എന്തൊരു സ്വരമാണ് അദ്ദേഹത്തിന്റേത്. അങ്ങനെ കേട്ടിരുന്നുപോകും.''- പരിപാടി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വിജയന്‍ പറഞ്ഞു. അത്രയും മതിപ്പോടെ മറ്റൊരു പിന്നണി ഗായകനെക്കുറിച്ചും സംസാരിച്ചു കേട്ടിട്ടില്ല. ലതാ മങ്കേഷ്‌കറുടെ ജ്യോതി കലശ് ചല്‍കെ ആണ് വിജയന്‍ ആസ്വദിച്ചിരുന്ന മറ്റൊരു ഹിന്ദി ഗാനം.
അനിയത്തി രചിച്ച സിനിമാഗാനങ്ങളെ കുറിച്ച് എന്തായിരുന്നു ഏട്ടന്റെ അഭിപ്രായം? -ഉഷയോടൊരു ചോദ്യം. ''കാര്യമായി ഒന്നും പറഞ്ഞു കേട്ടിട്ടില്ല. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന ചിത്രത്തിനു വേണ്ടി ആരുടെ മനസ്സിലെ ഗാനമായി എന്ന പാട്ടെഴുതുമ്പോള്‍ തീരെ ചെറുപ്പമാണല്ലോ എനിക്ക്. എന്തെങ്കിലും അഭിപ്രായം പറഞ്ഞതായി ഓര്‍മ്മയില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മഴ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയ ആരാദ്യം പറയും എന്ന കവിത കേള്‍ക്കാന്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സന്തോഷത്തോടെ കേട്ടിട്ടുമുണ്ട്; അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും..''
അവസാനനാളുകളിലെ ഒരു അഭിമുഖത്തില്‍ വിജയന്‍ പറഞ്ഞ വാക്കുകളാണ് ഓര്‍മ്മയില്‍: 'സംഗീതത്തോട് ഇഷ്ടം പണ്ടേയുണ്ട്. പക്ഷേ പഠിച്ചിട്ടൊന്നുമില്ല. വലിയ അറിവുമില്ല. കാതിന് ഇമ്പം തോന്നുന്ന പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും. അങ്ങനെ അടുത്ത കാലത്ത് സന്തോഷം തോന്നിയത് നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ എന്ന പാട്ട് കേട്ടപ്പോഴാണ്. ഭക്തനായതുകൊണ്ടൊന്നുമല്ല. എന്തോ ഒരു രസമുണ്ട് ആ പാട്ട് കേള്‍ക്കാന്‍...''
Content Highlights: ov-vijayan-music-preference
ABOUT THE AUTHOR
ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·