ഒന്നും കിട്ടിയില്ലല്ലോ; മകനെ 10 വർഷമായി വേട്ടയാടുന്നു, ഷൈൻ എവിടെയെന്ന് അറിയില്ലെന്ന് മാതാപിതാക്കൾ

9 months ago 9

മാതൃഭൂമി ന്യൂസ്

18 April 2025, 08:02 AM IST

Shine Tom Chacko

നടൻ ഷൈൻ ടോം ചാക്കോ | ഫോട്ടോ: Instagram

കൊച്ചി: ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോ എവിടെയെന്നറിയില്ലെന്ന് മാതാപിതാക്കൾ. ഷൈൻ ഇറങ്ങിയോടിയെന്ന് പറയുമ്പോഴും അദ്ദേഹം താമസിച്ചിരുന്ന മുറിയിൽനിന്ന് എന്തെങ്കിലും കണ്ടെത്താനായോ എന്നാണ് അവർ ചോദിക്കുന്നത്. പത്തുവർഷമായി ഷൈനിനേയും തങ്ങളേയും വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.

തന്റെ മകന്റെ കൈയിൽനിന്ന് വല്ലതും കിട്ടിയോ എന്ന് ഷൈനിന്റെ അമ്മ മറിയ കാർമൽ ചോദിച്ചു. പേടിച്ചിട്ടാണ് ഷൈൻ ഹോട്ടൽമുറിയിൽനിന്ന്‌ ഇറങ്ങിയോടിയത്. മകൻ എവിടെയാണെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.

ബുധനാഴ്ച പുലർച്ചെയാണ് ഷൈൻ ഹോട്ടലിൽ മുറിയെടുത്തത്. വൈകീട്ട് ഏഴുമണിയോടെ സുഹൃത്ത് മുർഷിദ് മുറിയിലെത്തി. രാത്രി 10.40-ഓടെയാണ് ഡാൻസാഫ് ടീം പരിശോധനയ്ക്കെത്തിയത്. ഷൈനിന്റെ പേരിലെടുത്ത മുറിയുടെ ബെൽ അടിച്ചപ്പോൾ തുറന്നത് മേക്കപ്പ്‌മാനായ മുർഷിദാണ്. അനന്തകൃഷ്ണൻ എന്നൊരാളും മുറിയിലുണ്ടായിരുന്നു. ഷൈൻ ഉണ്ടായിരുന്നുവെന്ന് ഇവർ സമ്മതിച്ചു. ലഹരിവസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഡോർ ലെൻസിലൂടെയാണ് പോലീസിന്റെ സാന്നിധ്യം ഷൈൻ മനസ്സിലാക്കിയതെന്ന് പോലീസ് പറയുന്നു. പുറത്തിറങ്ങിയ ഷൈൻ മോട്ടോർ സൈക്കിളിൽ പോയതായി പറയുന്നുവെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഫോൺ സ്വിച്ച്‌ ഓഫാണെന്നും ഷൈനിനെ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

പോലീസ്‌ ഷൈനിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മുറിയിൽ മറ്റാരെങ്കിലും വന്നിരുന്നോയെന്നും പരിശോധിക്കും. ഉച്ചയോടെ ഒരു യുവതി മുറിയിലെത്തിയതായും ഇവർ വൈകീട്ട് ഏഴുമണിക്കുമുൻപ്‌ മടങ്ങിയതായും പോലീസിന് വിവരംകിട്ടിയിട്ടുണ്ട്. അതിനുശേഷമാണ് മറ്റുരണ്ട് സുഹൃത്തുക്കളെത്തിയത്. മറ്റാരെങ്കിലും വന്നിരുന്നോയെന്നറിയാൻ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരുകയാണ്. മുറിയിലുണ്ടായിരുന്ന രണ്ടുപേരെയും ചോദ്യംചെയ്ത് പോലീസ് മടങ്ങി.

2015-ലെ കൊക്കെയ്ൻ കേസിൽ തെളിവില്ലെന്നുകണ്ട് ഷൈൻ ടോം ചാക്കോയെ കോടതി വെറുതേ വിട്ടത് അടുത്തിടെയാണ്. ആലപ്പുഴയിൽ യുവതിയെ കഞ്ചാവുമായി എക്സൈസ് പിടികൂടിയ കേസിലും ഷൈനിന്റെ പേര് ഉയർന്നിരുന്നു.

Content Highlights: Actor Shine Tom Chacko fled a Kochi edifice during a constabulary raid

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article