Authored by: ഋതു നായർ|Samayam Malayalam•4 Nov 2025, 7:55 am
ടോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ അമ്പതു കിലോ സ്വർണ്ണാഭരണങ്ങൾ ധരിച്ചു കൊണ്ട് അരങ്ങേറ്റം. വിജയപരാജയങ്ങൾ കലർന്ന ബോളിവുഡ് ഇൻഡസ്ട്രിയിൽ നിന്നും സോനാക്ഷി ടോളിവുഡിലേയ്ക്ക്
സോനാക്ഷി സിൻഹ(ഫോട്ടോസ്- Samayam Malayalam)വിജയപരാജയങ്ങൾ കലർന്ന ബോളിവുഡ് ഇൻഡസ്ട്രിയിൽ നിന്നും സോനാക്ഷി ടോളിവുഡിലേയ്ക്ക് ചുവടു മാറ്റുന്ന ചിത്രമാണ് ഈ മാസം ഏഴാം തിയതി റിലീസ് ചെയ്യുന്ന ജടാധര എന്ന തെലുഗു ചിത്രം. ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട രീതിയിലുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് ജയ്‌സ്വാളും, വെങ്കട്ട് കല്യാണുമാണ്. ഇരുപതു കോടി രൂപ ചെലവിൽ നിർമ്മിക്കപ്പെട്ടു എന്ന് റിപ്പോർട്ടുകൾ വന്നിരുന്ന ചിത്രത്തിന്റെ യഥാർത്ഥ ചെലവ് അമ്പതു കോടി രൂപയോളം ആണെന്ന ആരോപണവുമായി ചിത്രത്തിന്റെ ആറു നിർമാതാക്കളിൽ ഒരാൾ രംഗത്തു വന്നത്, വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു.
പതിനഞ്ചു വർഷങ്ങൾ പിന്നിടുന്ന തന്റെ കരിയറിൽ, ശാരീരികമായി കടുത്ത വെല്ലുവിളികൾ നേരിട്ട ചിത്രങ്ങളിൽ മുൻപന്തിയിലാണ് ഈ ചിത്രമെന്ന് ഒരു അഭിമുഖത്തിൽ സോനാക്ഷി പറഞ്ഞിരുന്നു. ഒരുങ്ങി സെറ്റിലേക്ക് പോകാൻ മൂന്ന് മണിക്കൂർ എടുക്കുമായിരുന്നു. സാരിയും അതിനടിയിൽ ഒരു ഹാർനെസും ധരിച്ചിരുന്നു. വസ്ത്രത്തിനു മേലെ 50 കിലോ ആഭരണങ്ങൾ ധരിക്കേണ്ടി വന്നുവെന്നും ആക്ഷൻ സീക്വൻസുകൾക്കിടയിൽ അനങ്ങാതിരിക്കാൻ അവ തുന്നിച്ചേർത്തതാണെന്നും സോനാക്ഷി പറഞ്ഞു.ഇത്രയധികം ഭാരം ധരിച്ചു കൊണ്ട് മണിക്കൂറുകൾ നിൽക്കേണ്ടി വന്നത് വേദനാജനകമായ അനുഭവമായിരുന്നു എന്ന് വെളിപ്പെടുത്തിയ സോനാക്ഷി സെറ്റിലെ ആളുകളുടെ സ്നേഹമാണ് ഈ ചിത്രം പൂർത്തീകരിക്കാനുള്ള കാരണം എന്നും വെളിപ്പെടുത്തി. ആദ്യമായി ടോളിവുഡ് ഇൻഡസ്ട്രിയിൽ എത്തിയോരാളെ പോലെയോ, അന്യനാട്ടുകാരിയെ പോലെയോ തനിക്കൊരിക്കലും അനുഭവപ്പെട്ടിരുന്നില്ല എന്നും, സെറ്റിലെ മുഴുവൻ ആളുകളും തനിക്ക് അളവില്ലാത്ത സ്നേഹമാണ് നൽകിയതെന്നും താരം പറഞ്ഞു.
സുധീർ ബാബു നായകനായി അഭിനയിക്കുന്ന ഈ ചിത്രം നവംബർ 7 ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ പ്രതിനായികാ വേഷത്തിലാണ് സോനാക്ഷി എത്തുന്നത്. ചിത്രത്തിലെ ഗാനങ്ങൾ മുൻപേ തന്നെ റിലീസ് ചെയ്തിരുന്നു. ഒരു ഗാനത്തിലെ താരത്തിന്റെ നൃത്തരംഗങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കും, ട്രോളുകൾക്കും വഴി വെച്ചതും ശ്രദ്ധേയമായിരുന്നു. ബോളിവുഡിൽ ലഭിക്കാതെ പോയ വിജയങ്ങൾക്ക് ടോളിവുഡ് പ്രവേശനം വഴിയാകുമോ എന്നാണ് സോനാക്ഷിയെ പോലെ ആരാധകരും ഉറ്റു നോക്കുന്നത്.





English (US) ·